നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ആധുനിക സംവിധാനങ്ങളോടെ കൂടുതല്‍ ഹൈടെക്കാകുന്നു. സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളിലും വയര്‍ലെസ് സംവിധാനം സജമാവുകയാണ്. നൂറിലധികം ഫോറസ്റ്റ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കേരളത്തിലെ ഉള്‍വനങ്ങളില്‍ മിക്കയിടങ്ങളും നിലവിലുള്ള മൊബൈല്‍ സേവനദാതാക്കളുടെ റേഞ്ച് പരിധിയില്‍ വരാറില്ല. ഇതിനാല്‍ തന്നെ വാര്‍ത്താവിനിമയം പലപ്പോഴും വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടി ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരമാവധി ഒരുക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ പഴയ വാഹനങ്ങള്‍ പിന്‍വലിക്കും. പകരം ഡിഎഫ്ഒമാര്‍ക്ക് വയര്‍ലെസ് സംവിധാനത്തോടു കൂടിയ പുതിയ മോഡല്‍ ഇന്നോവ കാറാണ് നല്‍കുന്നത്. റേഞ്ച് ഓഫീസര്‍മാര്‍ക്ക് മഹീന്ദ്രയുടെ താര് ബ്രാന്‍ഡിലുള്ള ജീപ്പാണ് നല്‍കുന്നത്. ഇതിലും വയര്‍ലെസ് സംവിധാനമൊരുക്കിയിട്ടുണ്ട്. രണ്ട് ഇന്നോവയും, ഒരു താര് വാഹനവും നിലമ്പൂരിലെത്തി. ഇന്നോവ കാറുകള്‍ നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിഎഫ്ഒമാര്‍ക്ക് കൈമാറി. കരുളായി റേഞ്ച് ഓഫീസര്‍ക്കാണ് താര് ജീപ്പ് നല്‍കിയത്. കേരളത്തിലെ വനം വകുപ്പിന്റെ പഴയ വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. അതേ സമയം ഉള്‍വനങ്ങളിലെ ഔട്ട് പോസ്റ്റുകളിലെ രാത്രി കാവലുകള്‍ പുന:സ്ഥാപിക്കും.
ജനുവരി രണ്ടാംവാരത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ വട്ടിക്കല്ല്, പൂളക്കപ്പാറ ഔട്ട് പോസ്റ്റുകളില്‍ പത്ത് വീതം സായുധ പോലീസിന്റെ സുരക്ഷയുണ്ടാവും. കൂടാതെ ഇവിടെ ഡ്യൂട്ടിയിലുള്ള വനപാലകര്‍ക്ക് തോക്ക് നല്‍കും. ഈ ഔട്ട് പോസ്റ്റുകളില്‍ വയര്‍ലെസ് സംവിധാനമടക്കം വാര്‍ത്താവിനിമയ ഉപകരണങ്ങളും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: