കോഴിക്കോട്: ആതിര എന്ന ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യയ്‌ക്ക്ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിയുക്ത ഡിസിസി പ്രസിഡന്റ് ടി. സിദ്ധിഖ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിണറായി ഭരണത്തില്‍ ദളിത് വേട്ട നടക്കുകയാണ്. സദാചാര പോലീസിംഗ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പോലീസ് അപരാധം ചെയ്തുവെന്നതിന്റെ തെളിവാണ് ഭരണകൂടത്തിന്റെ മൗനം. വടക്കേ ഇന്ത്യയില്‍ ദളിത് പീഡനം നടക്കുന്നുവെന്ന് മുതലക്കണ്ണീരൊഴുക്കുന്ന സിപിഎമ്മിന്റെ ഇരട്ടമുഖമാണ് തെളിയുന്നത്
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സ്‌ക്കൂട്ടര്‍ പഠിക്കുന്നതിനിടെ ആതിരയെയും ഒരു കൂട്ടുകാരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആതിരക്കൊപ്പം ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയായിരുന്നു കൂട്ടുകാരി. പകല്‍ ഡ്യൂട്ടിയുള്ളതിനാലാണ് റോഡില്‍ തിരക്കൊഴിഞ്ഞ സമയത്ത് അവര്‍ വണ്ടി പഠിച്ചതെന്നാണ് അറിയുന്നത്. സഹപ്രവര്‍ത്തകയുടെ സ്‌കൂട്ടറായിരുന്നു ഇവര്‍ പഠിക്കാനായി ഉപയോഗിച്ചിരുന്നത്. ആതിരയുടെ സഹോദരിയും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.
രണ്ട് പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും പിണറായി ഭരണത്തില്‍ പൊലീസ് നിഷേധിക്കുകയാണ്. കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അവര്‍ നിയമലംഘനം നടത്തിയെങ്കില്‍ എന്തുകൊണ്ട് കേസെടുത്തില്ല. ഇവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു വനിത പൊലീസ് ഉണ്ടായിരുന്നില്ല. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. ആതിരയുടെ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനും പട്ടികജാതിപട്ടിക വര്‍ഗ കമ്മിഷനും കോണ്‍ഗ്രസ് പരാതി നല്‍കും. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു. കെ പി ബാബു, കെ വി സുബ്രഹ്മണ്യന്‍, അരവിന്ദാക്ഷന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















