എരുമേലി: ചെറുവള്ളി തോട്ടത്തില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിവിധ യൂണിയനുകളില്‍പ്പെട്ട ഒന്‍പത് കണ്‍വീനര്‍മാരെ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. എന്‍.എസ് പ്രകാരന്‍, അരുണ്‍ പ്രകാശ്, കുഞ്ഞുമോന്‍ (ബി.എം. എസ്. ), കെ.എം സലിം (ഐ.എന്‍ .റ്റി.യു.സി), സമര സമിതി കണ്‍വീനര്‍ കൂടിയായ ഉത്തമന്‍ (സി.ഐ.റ്റി.യു), ഇ.ജി മോഹനന്‍ എ.ഐ റ്റി.യു.സി ),വിജയന്‍ പിള്ള (യു.റ്റി. യു.സി), സി.പി. മീരാന്‍ (കെ.പി.എല്‍.സി, വി.സി. കൃഷ്ണന്‍കുട്ടി (റ്റി.സി.റ്റി.റ്റി.യു) എന്നിവര്‍ക്കെതിരെയാണ് ഇന്നലെ 11.30 ഓടെ മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജന. മാനേജര്‍ ജെ.പി ഫിലിപ്പ് ഇറക്കിയ നോട്ടീസുമായി ജോലി സ്ഥലത്തെത്തി യെങ്കിലും തൊഴിലാളികള്‍ നോട്ടീസ് വാങ്ങാന്‍ തയ്യാറായില്ല. മെഡിക്കല്‍ സമരം, ബോണസ് ,ഹര്‍ത്താല്‍ , ധര്‍ണ്ണ എന്നീ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് യൂണിയന്‍ കണ്‍വീനര്‍മാരെ അന്വേഷണ വിധേയമായ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കരുതെന്നും നോട്ടീസ് പറയുന്നു. എന്നാല്‍ തങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സസ്‌പെന്‍ഷന്‍ നോട്ടീസെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ചെറുവള്ളി തോട്ടത്തിന്റെ മാനേജ്‌മെന്റിന്റ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെയുള്ള സമരം ബി.ജെ.പി. ഏറ്റെടുക്കുകയാണെന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്നലെ ജില്ല പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ചെറുവള്ളി തോട്ടത്തിലെ തൊഴിലാളി ദ്രോഹ നടപടിക്ക് പരിഹാരം കാണണമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് തൊഴിലാളികള്‍ നിവേദനവും നല്‍കിയിരുന്നു .
















