പി.വി. കൃഷ്ണയ്യര്‍
മദ്രാസ് മൂവിടോണ്‍
129, മന്താകിനി അമ്മന്‍കോവില്‍ സ്ട്രീറ്റ്
മൈലാപ്പൂര്, മദ്രാസ്
ജനുവരി 8, 1973
”ഞാന്‍ ആദ്യമായി ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ക്യാമറ വിഭാഗത്തില്‍ ചെന്ന് കുറേശെ പഠിച്ചുകൊണ്ടിരുന്നു. പിന്നെ കോലാപ്പൂര്‍ സിനിടോണില് ചേരാനായി ഒരു വലിയ ആഫീസര്‍ (എഡിഇ ടു മഹാരാജ ഓഫ് കോലാപൂര്‍) എന്നെ സഹായിച്ചു. അദ്ദേഹവുമായി എന്റെ ജ്യേഷ്ഠന് പി.വി. നീലകണ്ഠനു നല്ല പരിചയമുണ്ടായിരുന്നു. എന്റെ ജ്യേഷ്ഠന് അപ്പോള്‍ കോലാപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ക്ലാര്‍ക്കായി ജോലിചെയ്തുകൊണ്ടിരുന്നു. കോലാപ്പൂര്‍ സിനിടോണില് വി.ബി. ജോഷി എന്ന സുപ്രസിദ്ധ ക്യാമറാമാന്റെ ശിഷ്യനായാണ് ഞാന്‍ ചേര്‍ന്നത്. അദ്ദേഹത്തെ എന്റെ ഗുരുവായിട്ടാണ് ഇന്നും ഞാന്‍ കരുതുന്നത്. അദ്ദേഹം ‘സോംഗ് ഓഫ് ലൈഫ്’ എന്ന ഹിന്ദി പിക്ചറിന്റെ ഛായാഗ്രാഹകന്‍ ആയിരുന്നു. ആ പടത്തിന്റെ ഡയറക്ടര്‍ പ്രസിദ്ധനായ ബംഗാള്‍ ട്രിയോ എന്നവരില്‍ അട്ടോര്ത്തി ആയിരുന്നു. ഡയറക്ടര്‍ അട്ടോര്ത്തി. വില്ലന്‍ ഹാഫിസ്ജി, മ്യൂസിക് ഡയറക്ടര്‍ ബാലി എന്നിവരാണ് ബംഗാള്‍ ത്രയം.
അപ്പോള്‍ അവിടെ ‘ദ്രൗപതി വസ്ത്രാപഹരണം’ എന്ന തെലുങ്കു സിനിമ എടുക്കുവാന്‍ തുടങ്ങി. ഡയറക്ടര്‍ എച്ച്.വി. ബാബു, എച്ച്.എം റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ സംവിധാനം ചെയ്തു. വി.ബി. ജോഷിയുടെ ഒന്നാമത്തെ അസിസ്റ്റന്റ് ആയിരുന്ന ശിന്ഡെയായിരുന്നു ക്യാമാറാമാന്. അതിനാല്‍ ഞാനും ആ ചിത്രത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്നു.
അവിടെ മാറാത്തി, ഹിന്ദി ഭാഷകളില്‍ ‘ഗംഗാവതരണ്‍’ എന്ന സിനിമ എടുത്തുകൊണ്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സംവിധായകന്, ആദ്യത്തെ ക്യാമറാമാന്, ആദ്യത്തെ നിര്‍മാതാവുമായ ദാദാസാഹിബ് ഫാല്‍ക്കെ ആയിരുന്നു സംവിധായകന്. ആ പടത്തില്‍ വളരെ ട്രിക്ക് ഷോട്ട്സ് ഉണ്ടായിരുന്നു. എനിക്ക് ട്രിക്ക് ഷോട്ട് പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ ജോഷി, അദ്ദേഹത്തിന്റെ അനുവാദത്തോടെ ആ ഗ്രൂപ്പില്‍ ജോലിചെയ്യാന്‍ തുടങ്ങി. അതോടുകൂടി ധാരാളം പുസ്തകങ്ങളും വായിക്കാന്‍ സൗകര്യം കിട്ടി. ഒരു ദിവസം ഒരു ട്രിക്ക്ഷോട്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ എടുത്തുകൊണ്ടിരുന്നു. ആ ഷോട്ടിനെ വേറെ വിധത്തില്‍ കുറെ എളുപ്പത്തില്‍ എടുക്കാമല്ലോ എന്ന് എനിക്കു തോന്നി. പക്ഷെ അപ്പോള്‍ അതു പറയാന്‍ എനിക്കു ധൈര്യമുണ്ടായിരുന്നില്ല. അതിനാല്‍ പിറ്റേദിവസം രാവിലെ ദാദാസാഹിബ് അദ്ദേഹത്തെ ചെന്നു കണ്ടു. എന്റെ അഭിപ്രായം പറഞ്ഞു. അദ്ദേഹം വളരെ സന്തോഷിച്ചു. എന്തുകൊണ്ട് ഇന്നലെത്തന്നെ എന്നോടു പറഞ്ഞില്ല എന്ന് ചോദിച്ചു. അതിനുള്ള കാരണങ്ങള്‍ ഞാന്‍ വിശദമായി പറഞ്ഞു. ഞാന്‍ ഭാവിയില്‍ നല്ല ക്യാമറാമാന് ആവുമെന്നു അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ആ സംഭവം ഞാന്‍ മറക്കുകയില്ല.*
അക്കാലത്ത് ആ സ്റ്റുഡിയോയില്‍ ‘ആനന്തവികടന്’ എന്ന തമിഴ് പത്രികവന്നുകൊണ്ടിരുന്നു. അതില്‍നിന്ന് സേലത്ത് ‘മോഡേണ്‍ തീയേറ്റേര്‍സ്’ എന്ന സ്റ്റുഡിയോ തുടങ്ങുന്നതായി അറിഞ്ഞു. ആ കമ്പനിയിലേക്കു ഞാന്‍ അപേക്ഷ അയച്ചു. ടി.ആര്. സുന്ദരവും ജര്‍മ്മന്‍ ക്യാമറാമാന് ബോഡോവും ബോംബേക്കു പോകുന്ന സമയത്ത് അവരെ പൂനെ ജംഗ്ഷനില്‍ ചെന്നു കാണണമെന്നും, അവരുടെ കൂടെ ഞാന്‍ ബോംബെക്ക് പോകണമെന്നും പറഞ്ഞു എനിക്കു കത്തുവന്നു. ഞാന്‍ അവരെ പൂനയില്‍ ചെന്നു കണ്ടു. അവരുടെകൂടെ ബോംബെക്ക് പോവുകയും ചെയ്തു. അവരുടെ ചോദ്യങ്ങള്‍ക്കു തക്കതായ മറുപടി ഞാന്‍ പറഞ്ഞതിനാല്‍, എന്നെ ബോഡോവിന്റെ അസിസ്റ്റന്റായി എടുക്കാമെന്നു പറഞ്ഞു. അവര്‍ സേലത്തേക്കു പോയതിനുശേഷം എനിക്കു അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കോലാപ്പൂരിലേക്കു വന്നു. അപ്പോള്‍ എച്ച്.എം. റെഡ്ഡി, സ്റ്റുഡിയോവില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു. അദ്ദേഹമാണ് എന്റെ രാജി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അനുഗ്രഹവും പരിപൂര്‍ണമായി എനിക്കു കിട്ടി. ജോഷി, ദാദാസാഹെബ് ഫാല്‍ക്കെ മറ്റുള്ള എല്ലാവരോടും യാത്രപറഞ്ഞു. അവരുടേയും അനുഗ്രഹത്തോടെ 1936 ജൂലൈ മാസത്തില്‍ സേലം മോഡേണ്‍ തിയ്യേറ്റേഴ്സില്‍ അസിസ്റ്റന്റ് ക്യാമറാമാനായി.
മോഡേണ്‍ തിയേറ്റേഴ്സിന്റെ ആദ്യത്തെ തമിഴ് പടം ‘സതി അഹല്യ’ ആയിരുന്നു. അതില്‍തന്നെ എനിക്ക് സ്വതന്ത്രമായി ചെയ്യാനുള്ള അവസരം ക്യാമറ വിഭാഗത്തില്‍ തന്നിരുന്നു. ബോഡോ എനിക്ക് അത്രമാത്രം സ്വാതന്ത്ര്യം തന്നിരുന്നു. ഞാന്‍ ആദ്യമായി, മുഴുവനുമായി ക്യാമറാമാന് ആയി ജോലി ചെയ്തത് ‘ബാലന്’ എന്ന മലയാള സിനിമയിലാണ്. അതിന്റെ സംവിധായകന് എസ്. നൊട്ടാണി ആയിരുന്നു. അതിനാല്‍ റിഹേഴ്സല്‍ മുതല്‍ എല്ലാറ്റിലും പങ്കുകൊള്ളാന്‍ ടി.ആര്. സുന്ദരം എന്നെ അനുവദിച്ചു. വി. മുതുകുളം രാഘവന്‍പിള്ളയായിരുന്നു സംഭാഷണം എഴുതിയത്.
സതി അഹല്യ, പത്മജ്യോതി, ബാലന്, മായാമായവന്, തായു മാനവര്‍, മാണിക്കവാചകര്‍, ഹരിഹരമായ, ചന്തണത്തേവന്, പുരന്തരദാസ്, നാമദേവര്‍, ഉത്തമപുത്രന് (പി.യു. ചിന്നപ്പ, എന്‍.എസ്. കൃഷ്ണന്, ബാലയ്യ, എം.വി. രാജമ്മ മുതലായവര്‍ അഭിനയിച്ച ചിത്രം), ഭക്തഗൗരി എന്നീ ചിത്രങ്ങളില്‍ ഞാന്‍ ക്യാമറാമാന് ആയിരുന്നു. ഉത്തമപുത്രനില് പി.യു. ചിന്നപ്പ ഡബിള്‍റോളിലാണ് അഭിനയിച്ചത്. ദക്ഷിണേന്ത്യയില്‍ ആദ്യത്തെ ഡബിള്‍റോള്‍ പടം അതുതന്നെയാണ്. പല ചിത്രങ്ങളിലും വളരെ നല്ല വിധത്തില്‍ ‘മാറ്റി ഷാട്ട്സ്’ (ങമേേലല ടവീെേ) ഞാന്‍ എടുത്തിരുന്നു. വളരെയധികം എടുത്തത് ‘ഉത്തമപുത്രനി’ല്‍ ആയിരുന്നു. ഞാന്‍ മോഡേണ്‍ തിയേറ്ററില്‍ ചീഫ് ക്യാമറാമാന് എന്ന നിലക്കുയര്ന്നു. 1940 ല്‍ ഞാന്‍ മോഡേണ്‍ തിയേറ്റര്‍ വിട്ടു. മദ്രാസ് പ്രഗതി പിക്ചേഴ്സില്‍ ചേര്‍ന്നു. യാതൊരുവിധത്തിലും ഞാനും ടി.ആര്. സുന്ദരവും പിണങ്ങിയിരുന്നില്ല. എന്റെ ഏറ്റവും നല്ല ചങ്ങാതിമാരായ എം.പി. സുബ്രഹ്മണ്യനും പി.എന്‍. രാമനും മദിരാശിയിലാണ് താമസം. അവരോടുകൂടി കുറെക്കാലം ഇരിക്കണമെന്ന മോഹത്തിലാണ് ഞാന്‍ സേലത്തില്‍ നിന്ന് മദിരാശിയിലേക്കു വന്നത്.
പ്രഗതി പിക്ചേഴ്സ് എന്ന സ്റ്റുഡിയോ നടത്തിയവര്‍ മുഖ്യമായി മൂന്നുപേര്‍, മൂന്നു ചെറുപ്പക്കാര്‍, എ.വി. മെയ്യപ്പചെട്ടിയാര്, സുബ്ബയ്യ ചെട്ടിയാര്‍, ശിവന് ചെട്ടിയാര്‍ എന്നിവരായിരുന്നു. അവിടെ ഞാന്‍ ആദ്യമായി ക്യാമറാമാന് ആയി ജോലിചെയ്തത് തമിഴില്‍ ‘സഭാപതി’ എന്ന സിനിമയിലായിരുന്നു. കന്നടത്തില്‍ ‘വസന്തസേന’; തമിഴില്‍ ‘തിരുവള്ളുവര്‍’, ‘എന്റെ മനവി’ (ങ്യ ണശളല) എന്നീ മൂന്നു ചിത്രങ്ങളില്‍ ഞാനും ക്യാമറാമാന് ആയിരുന്നു. പക്ഷെ അവ മുഴുവനും ഞാന്‍ എടുത്തതല്ല.
1942 ല്‍ കുടിയൊഴിപ്പിക്കല്‍ സമയത്ത് എനിക്കു പകുതി ശമ്പളം തന്നു നാട്ടിലേക്കയച്ചു. വിവരം അറിഞ്ഞ ടി.ആര്. സുന്ദരം എനിക്കു കമ്പി അടിച്ചു. ഉടനെ തന്നെ അദ്ദേഹത്തെ ചെന്നു കാണാന്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ ഉടന്‍തന്നെ സേലത്തേക്കു പോയി. അദ്ദേഹം മോഡേണ്‍ തിയേറ്ററില്‍ തമിഴില്‍ ‘മനോന്മണി’ എന്ന പടം ആരംഭിച്ചിരുന്നു. അതില്‍ ക്യാമറാമാനായി ജോലിചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ മെയ്യപ്പ ചെട്ടിയാരെ കാരക്കുടിയില്‍ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ സമ്മതവും വാങ്ങി, മോഡേണ്‍ തീയേറ്ററില്‍ ചേര്‍ന്നു. മെയ്യപ്പ ചെട്ടിയാര്‍ തന്ന പകുതി ശമ്പളം ഞാന്‍ വാങ്ങിയില്ല. മദ്രാസില്‍ പ്രഗതി പിക്ചേഴ്സ് തുറന്നതും ഞാന്‍ തിരിച്ചുവരണമെന്നു പറഞ്ഞത് ഞാന്‍ സമ്മതിച്ചു. ആ വിവരം ടി.ആര്. സുന്ദരത്തോടു പറഞ്ഞപ്പോള്‍ അദ്ദേഹം പെട്ടെന്നു ചിരിച്ചു.
ഇനി മദ്രാസിലേക്കു ജനങ്ങള്‍ വളരെക്കാലം കഴിഞ്ഞേ പോകുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ നില അതായിരുന്നല്ലോ. ഏകദേശം 6 മാസത്തിനുള്ളില്‍ അത്രയും വലിയ പടം ടി.ആര്. സുന്ദരം എടുത്തു. പ്രഗതി പിക്ചേഴ്സ് മദ്രാസില്‍ വീണ്ടും ആരംഭിച്ചു. എനിക്കു കത്തും വന്നു. ഞാന്‍ ടി.ആര്. സുന്ദരത്തിന്റെ അനുവാദത്തോടെ വീണ്ടും പ്രഗതിയില്‍ വന്നുചേര്‍ന്നു. എനിക്ക് ടി.ആര്. സുന്ദരം, ഞാന്‍ പ്രഗതിയില്‍ വാങ്ങിയ ശമ്പളത്തേക്കാള്‍ കൂടുതലായിട്ടാണ് തന്നത്. അതിനെ ഉപേക്ഷിച്ച് പഴയ ശമ്പളത്തിനുതന്നെ വീണ്ടും പ്രഗതിയില്‍ ചേര്‍ന്നു. എനിക്കു പ്രഗതിയുമായി കരാര്‍ ഉണ്ടായിരുന്നില്ല. പക്ഷെ പറഞ്ഞ വാക്ക് അനുസരിച്ചു. മെയ്യപ്പ ചെട്ടിയാര്‍ വിളിച്ചപ്പോള്‍ ഞാന്‍ തിരിച്ചുവന്നു ചേര്‍ന്നു എന്നു മാത്രം. മദ്രാസിലുള്ള എന്റെ ചങ്ങാതിമാരെ വിട്ടുപിരിയരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു.
അപ്പോള്‍ പ്രഗതിയില്‍ ഞാന്‍ മാത്രമായിരുന്നു ക്യാമറാമാന്. ആദ്യമായി എടുത്തത് കന്നട ‘ഹരിശ്ചന്ദ്ര’ ആയിരുന്നു. അതു വമ്പിച്ച വിജയമായിരുന്നു. ആ പടം തമിഴിലേക്കു ഡബ്ബ് ചെയ്തു. അതാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബ്ബിങ് പടം. പിന്നെ ‘രാജയോഗം’ എന്ന പടം ആരംഭിച്ചു. ത്യാഗരാജ ഭാഗവതര്‍, വസുന്ധരാദേവി, എന്‍.എസ്. കൃഷ്ണന്, ടി.എ. മധുരം മുതലായവരാണ് താരങ്ങള്‍. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരുന്നപ്പോഴാണ് ‘ലക്ഷ്മികാന്തന്‍’ കൊല നടന്നത്. അതില്‍ ത്യാഗരാജ ഭാഗവതരെയും എന്‍.എസ്. കൃഷ്ണനെയും അറസ്റ്റ്ചെയ്തു.
അതിനാല്‍ ആ പടം നിന്നുപോയി. ഉടനെതന്നെ ടി.ആര്. മഹാലിംഗം, കുമാരി രുഗ്മിണി എന്നിവരെ താരങ്ങളാക്കി തമിഴില്‍ ‘ശ്രീ വള്ളി’ എടുത്തു. അതു വളരെ വിജയമായിരുന്നു. അതിനുശേഷം അധികം താമസിയാതെതന്നെ പ്രഗതി പിക്ചേഴ്സ് വിറ്റു. വാങ്ങിയവര്‍ എന്നോട് തുടര്‍ന്നും ക്യാമറാമാന് ആയി ജോലി ചെയ്യണമെന്നു ആവശ്യപ്പെട്ടു. മെയ്യപ്പ ചെട്ടിയാര്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. അതേ സമയം ടി.ആര്. സുന്ദരം ‘സുലോചന’ എന്ന തമിഴ് ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ തീരുമാനിച്ചു. എന്നെ ആ പടം സംവിധാനം ചെയ്യാന്‍ വിളിച്ചു. ആദ്യത്തെ സംവിധായക അവസരമായതിനാലും അദ്ദേഹത്തോട് എനിക്കുണ്ടായിരുന്ന അഭിമാനത്താലും ഞാന്‍ വീണ്ടും സേലത്തേക്കു ചെന്നു.
പ്രഗതി പിക്ചേഴ്സില്‍ ഞാന്‍ രാമബ്രഹ്മം സംവിധാനം ചെയ്ത ‘പന്തുലമ്മ’എന്ന തെലുങ്കു പടവും ‘നാരദനാരദി’ എന്ന തെലുങ്കുചിത്രത്തിലും ക്യാമറാമാന് ആയിരുന്നു.
സേലത്ത് ‘ഗണപതി പിക്ചേഴ്സ്’ എന്ന കമ്പനിയാണ് ‘സുലോചന’ എന്ന പടം എടുത്തത്. ആ സമയത്താണ് കേരളത്തില്‍ ‘കേരള ടാക്കീസ്’ എന്ന കമ്പനി ആരംഭിച്ചത്. പി.ജെ. ചെറിയാന് സേലത്തേക്കു വന്ന്, അവര്‍ എടുക്കുന്ന മലയാളം പടം ഞാന്‍ സംവിധാനം ചെയ്യണമെന്നാവശ്യപ്പെട്ടു. അതു എന്റെ ഒന്നാമത്തെ മലയാളം പടം സംവിധാനമാണ്. ആ സിനിമയില്‍ എല്ലാവരുംതന്നെയും പുതിയവരായിരുന്നു. നല്ല പടം ആയിരുന്നു എന്നാണ് അഭിപ്രായം എന്ന് ഞാന്‍ കേട്ടു.
അതില്‍ പിന്നെ മോഡേണ്‍ തിയേറ്റേഴ്സ് എടുത്ത തമിഴ് ചിത്രമായ ‘ആദിത്യന്കനവി’ല്‍ ഞാന്‍ ടി.ആര്. സുന്ദരത്തോടുകൂടി അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആ പടത്തിന്റെ റിലീസിന് പിന്നെ ഞാന്‍ വീണ്ടും മദ്രാസിലേക്കു വന്നു.കെ.വി. കോശി സാറും അസോസിയേറ്റ് പിക്ചേഴ്സ് വാസുസാറും (ടി.ഇ. വാസുദേവന്‍) ഒരു മലയാളം പടം എടുക്കണമെന്ന ഉദ്ദേശത്തോടുകൂടി എന്നെ മദ്രാസില്‍ വന്നു കണ്ടു. ആ പടം ആലപ്പുഴയിലുള്ള ‘ഉദയാ സ്റ്റുഡിയോ’യില്‍ എടുക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഉദയാ സ്റ്റുഡിയോ കണ്ടതിനുശേഷം അതു തീരുമാനിക്കാമെന്ന് പറഞ്ഞ് ഞാന്‍ അവരോടുകൂടി ആലപ്പുഴക്ക് പോയി.
ഉദയായുടെ ‘വെള്ളിനക്ഷത്രം’ എന്ന പടത്തിനുശേഷം അടുത്തത് എടുക്കാന്‍ തുടങ്ങാത്ത സമയമായിരുന്നു. ആ സ്റ്റുഡിയോയിലുള്ള മിക്ക ടെക്നീഷ്യന്മാരും എന്റെ കൂടെ സേലം മോഡേണ്‍ തിയറ്റേഴ്സില്‍ ജോലി ചെയ്തിട്ടുള്ളവരായിരുന്നു. ഞാന്‍ നല്ല പടം എടുത്തുതരാമെന്നു കോശി സാറിനോടു പറഞ്ഞു. പക്ഷേ ആ പടം മദിരാശിയില്‍ എടുക്കുന്ന പടത്തോട് താരതമ്യപ്പെടുത്തി നോക്കരുതെന്നു പറഞ്ഞു. ഉദയായില്‍ മദ്രാസിലുള്ള സ്റ്റുഡിയോകളിലെ അത്ര സൗകര്യങ്ങളില്ലാത്തതാണ് കാരണം. അങ്ങനെ ഉദയായില്‍ കെ.കെ. പ്രൊഡക്ഷന്‍സിന്റെ** ഒന്നാമത്തെ മലയാള ചിത്രമായ ‘നല്ല തങ്ക’ എടുത്തു. അത് ഞാന്‍ സംവിധാനം ചെയ്തു. അതില്‍ ഞാന്‍ ക്യാമറാമാനായും ജോലി ചെയ്യണമെന്നു അവര്‍ പറഞ്ഞു. പക്ഷേ ഒരു ക്യാമറാമാനു കിട്ടുന്ന ജോലിയെ തടുക്കരുതെന്നു കരുതി അതിനു സമ്മതം കൊടുത്തില്ല. ആദ്യത്തെ രണ്ട് ദിവസങ്ങള്‍ മാത്രം ക്യാമറാമാനായും ജോലിചെയ്തു. പിന്നെ ഷണ്മുഖം എന്ന ക്യാമറാമാനെ ഏര്‍പ്പാടുചെയ്തു. നല്ല തങ്ക നല്ല വിജയമായിരുന്നു. അതില്‍ മാത്തപ്പന്, മുതുകുളം എന്നിവരൊഴികെ മറ്റെല്ലാവരും സിനിമക്ക് പുതിയവരായിരുന്നു. കുമാരി വെള്ളിനക്ഷത്രത്തില്‍ ഒരു ചെറിയ റോള്‍ ചെയ്തിരുന്നു.
പിന്നെ ഞാന്‍ സ്വന്തമായി മലയാളത്തില്‍ ‘ഹരിശ്ചന്ദ്രന്’ എടുക്കണമെന്ന് നിശ്ചയിച്ച് എല്ലാ ഏര്‍പ്പാടുകളും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ എറണാകുളത്ത് താമസിക്കുമ്പോള്‍ ഒരു ദിവസം ഉടനെതന്നെ മദ്രാസിലേക്കു ചെന്നു. എ.വി. മെയ്യപ്പ ചെട്ടിയാരെ കാണണമെന്ന് ട്രങ്ക്കോള്‍ വന്നു. അന്നുതന്നെ ഞാന്‍ മദിരാശിക്കു പോയി. മെയ്യപ്പച്ചെട്ടിയാര്‍ മദിരാശിയില്‍ എ.വി.എം സ്റ്റുഡിയോ ആരംഭിച്ചിരുന്നു. അവരുടെ ‘വാഴ്ക്കൈ’ എന്ന തമിഴ് ചിത്രം റിലീസായിരുന്നു.
വള്ളി പ്രൊഡക്ഷന്‍സ് എന്ന കമ്പനി എടുക്കുന്ന തമിഴ് ചിത്രം ഞാന്‍ സംവിധാനം ചെയ്യണമെന്നും അതോടുകൂടി ക്യാമറാമാനായി ഇരിക്കണമെന്നും പറഞ്ഞു. മെയ്യപ്പ ചെട്ടിയാര്‍ പറഞ്ഞതനുസരിച്ച് ആ കമ്പനിയില്‍ ഞാന്‍ ചേര്‍ന്നു. ഞാന്‍ എടുക്കണമെന്ന് ഉദ്ദേശിച്ച ‘ഹരിശ്ചന്ദ്ര’ മലയാളം അങ്ങനെ നിന്നുപോയി. ടി.ആര്. മഹാലിംഗം, ബാലയ്യ, വരലക്ഷ്മി, മാധുരിദേവി മുതലായവരായിരുന്നു താരങ്ങള്‍. ചിത്രത്തിന്റെ പേര്: ‘വേലൈക്കാരന്’. ആ പടം എടുക്കുവാന്‍ ഏകദേശം രണ്ട് ആണ്ടുകളായി. ഞാന്‍ അതില്‍ ക്യാമറാമാനായും സംവിധായകനായും ജോലിചെയ്തു. അതേസമയം സംഗീത പിക്ചേഴ്സ് എന്ന കമ്പനിക്കാര് ജൂപിറ്റര്‍ പിക്ചേഴ്സുമായി കൂട്ടുചേര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റുഡിയോ തമിഴില്‍ ‘ജമീന്താര്‍’ എന്ന പടം ആരംഭിച്ചു. ആ പടവും ഞാന്‍ സംവിധാനം ചെയ്തു.
അതില്‍ പിന്നെ പി.ജെ. ചെറിയാനും (ഞാറക്കല്‍) സംഗീതസംവിധായകന് വി.ജി. രാമനാഥനും ഞാനും ചേര്‍ന്ന് കെ.ആര്.കെ പ്രൊഡക്ഷന്‍സ് എന്ന കമ്പനി തുടങ്ങി. അതില്‍ ‘കനവ്’ എന്ന തമിഴ് സിനിമയെടുത്തു. പടം തുടങ്ങി കുറെ കഴിഞ്ഞതും ഞങ്ങള്‍ രാമനാഥനെ പിരിച്ചയച്ചു. ചെറിയാനും ഞാനും മാത്രമായി കമ്പനി നടത്തി.*** അതില്‍ നായിക ലളിത (ലളിത, പത്മിനി, രാഗിണിമാരിലെ) ആയിരുന്നു. വി.കെ. രാമസ്വാമിയായിരുന്നു നായകന്. ആ പടം റിലീസ് ആയതിനുശേഷം ചെറിയാന് ദേഹസുഖമില്ലെന്നു പറഞ്ഞ് നാട്ടിലേക്കു പോയി. കുറെ കാത്തിരുന്നു നോക്കി. അദ്ദേഹം വരുന്ന ലക്ഷണമില്ലാത്തതിനാല്‍ ഞാന്‍ സ്വന്തമായി ‘മദ്രാസ് മൂവിടോണ്‍’ എന്ന കമ്പനി 1955 ല്‍ തുടങ്ങി. അതില്‍ തമിഴില്‍ ‘നല്ല തങ്കാള്’ എന്ന പടം എടുത്തു. മദ്രാസ് ഫിലിം സെന്റര്‍ ആയിരുന്നു സ്റ്റുഡിയോ. അവര്‍ക്കും ചില ഏരിയാസ് കൊടുത്തിരുന്നു. ‘ഗംഗാവതരണ്‍’ എന്ന പടത്തിന്റെ ക്യാമറാമാനായിരുന്ന കര്ണ്ണാടകി ആയിരുന്നു അതിന്റെ ക്യമറാമാന്‍. കോലാപ്പൂരില്‍ ഞാന്‍ അദ്ദേഹത്തിന്റെ യൂണിറ്റില്‍ ജോലിചെയ്തിരുന്നു.
നല്ല തങ്കാള് റിലീസിനുശേഷം ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റ് പടം എടുക്കണമെന്നു കരുതി ‘സ്വസ്തിക് ഫിലിംസ്’ എന്ന കമ്പനി ആരംഭിച്ചു. അതില്‍ എം.ജി. ചക്രപാണി, എം.ജി. രാമചന്ദ്രന്, കവിഞ്ജര്‍ കണ്ണദാസന്, ഞാന്‍ എന്നീ നാലുപേരായിരുന്നു പങ്കാളികള്‍. അതില്‍ ‘ഭവാനി’ എന്ന തമിഴ് പടം ആരംഭിച്ചു. വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നു. അതില്‍ താരങ്ങള്‍ എം.ജി. രാമചന്ദ്രന്, എസ്.എസ്. രാജേന്ദ്രന്, പി.എസ്. വീരപ്പ, ടി.എസ്. ദുരരാജ്, അഞ്ജലിദേവി, ബി.എസ്. സരോജ മുതലായവരായിരുന്നു. ഞാന്‍ ആരംഭത്തില്‍ ക്യാമറാമാനായി ജോലി ചെയ്യുവാന്‍ തുടങ്ങി. പക്ഷെ എനിക്ക് ഓഫീസ്, പ്രൊഡക്ഷന്‍ തുടങ്ങിയ ജോലികളും ഉണ്ടായിരുന്നതിനാല്‍ ക്യമറാമാനായി ജോലി ചെയ്യുവാന്‍ സമയം കിട്ടിയിരുന്നില്ല. അതിനാല്‍ ഷണ്മുഖത്തെ ക്യാമറാമാനാക്കി. മസ്താന് ആയിരുന്നു സംവിധായകന്.**** പല കാരണങ്ങള്‍ കൊണ്ടും ആ പ്രൊഡക്ഷന്‍ അവസാനിച്ചില്ല. ഞാനും കണ്ണദാസനും പിരിയേണ്ടതായും വന്നു. എന്റെ ജീവിതത്തില്‍ അഞ്ചു കൊല്ലം അങ്ങനെ കൊഴിഞ്ഞുപോയി!
അപ്പോള്‍ ഇന്ത്യാ-ചൈന യുദ്ധം തുടങ്ങി. കണ്ണദാസന് നാഷണല്‍ മൂവീസ് എന്ന കമ്പനി ആരംഭിച്ചു. അതില്‍ എന്നെ കോ-പ്രൊഡ്യൂസര്‍ ആക്കി. അതില്‍ എടുത്ത ചിത്രം: തമിഴില്‍ ‘രക്തത്തിലകം’. താരങ്ങള്‍: ശിവാജി ഗണേശന്, നാഗേഷ്, സാവിത്രി, മനോരമ മുതലായവര്‍ ആയിരുന്നു. സംവിധായകന് ദാദാ മിരാസി. അതൊരു മനോഹര സിനിമയായിരുന്നു.
രക്തത്തിലകം റിലീസ് ആയതില്‍ പിന്നെ എം.ജി. രാമചന്ദ്രന് എന്നെ സത്യ സ്റ്റുഡിയോയില്‍ ടെക്നിക്കല്‍ അഡൈ്വസറായി എടുത്തു. അതോടുകൂടി സത്യരാജ പ്രൊഡക്ഷനില്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജായും എനിക്ക് അദ്ദേഹം ജോലി തന്നു. ആ കമ്പനിയില്‍ ‘അരശകൗള’ എന്ന തമിഴ് പടം എടുത്തു. അതില്‍ എംജിആര്‍, മനോഹര്‍, നമ്പിയാര്, അശോകന്, വീരപ്പ, നാഗേഷ്, ബി. സരോജാദേവി, ജയലളിത, ചന്ദ്രകാന്താ മുതലായവര്‍ അഭിനയിച്ചു.
സംവിധായകന്: എം.ജി. ചക്രപാണി. ക്യാമറാമാന്: ഷണ്മുഖം. സ്റ്റുഡിയോ: സത്യം. ആ പടം റിലീസായതില്‍ പിന്നെ കുറെ മാസങ്ങള്‍ കഴിഞ്ഞ് എന്നെ സ്റ്റുഡിയോയില്‍നിന്ന് പിരിച്ചു. അതില്‍ പിന്നെ രണ്ട് കമ്പനികളില്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജായി ജോലിചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലുള്ള സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ധാരാളം അനുഭവവും നേടിയിട്ടുണ്ട്. ക്യാമറാമാന്, സംവിധായകന്, പ്രൊഡ്യൂസര്‍, ടെക്നിക്കല്‍ അഡൈ്വസര്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് എന്നീ പല നിലകളിലും ജോലി ചെയ്തിട്ടുണ്ട്. എന്റെ അഭിപ്രായം ടെക്നീഷ്യന്‍സ്, തുടര്‍ന്ന് സ്ഥിരമായി അതില്‍ത്തന്നെ ജോലി ചെയ്യുന്നതാണ് നല്ലതെന്നതാണ്. ഞാന്‍ വീണ്ടും ജോലിക്കു പോകണമോ അല്ലാത്തപക്ഷം പടം എടുക്കുവാന്‍ ആരംഭിക്കണമോ എന്നു തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ജോലി കിട്ടുന്നപക്ഷം അതാണ് നല്ലതെന്ന് കരുതുന്നു. എന്റെ ജീവന് ഉള്ളിടത്തോളം സിനിമയില്‍ത്തന്നെ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.”
* ഇക്കാര്യം മുന്‍പൊരു ലക്കത്തില്‍ ഹൃസ്വമായി സൂചിപ്പിച്ചിരുന്നു. സിംഹമുഖത്തുതന്നെ പൂര്‍ണ്ണചിത്രം ലഭിയ്ക്കട്ടെ എന്നു കരുതി അതേപടി നല്കുന്നു.
** കെ.കെ പ്രൊഡക്ഷന്സില് കെ.വി. കോശിയുടെ പങ്കാളി എം. കുഞ്ചാക്കോ ആയിരുന്നു. ടി.ഇ. വാസുദേവന്‍ ആയിരുന്നില്ല.
*** പി.ജെ. ചെറിയാന് രണ്ടാമത്തെ ചലച്ചിത്രശ്രമത്തെക്കുറിച്ച് മുന്‍പു പരാമര്ശിച്ചിട്ടുള്ളതോര്ക്കുക.
**** ഇദ്ദേഹം മലയാളത്തിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: