ഒന്നാംക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ മണക്കാട്ട് എന്‍എസ്എസ് മലയാളം പള്ളിക്കൂടത്തില്‍ ഒരുമിച്ചുപഠിച്ച സുഹൃത്തിന്റെ വസതിയില്‍ പോയി അദ്ദേഹവുമായി ഒട്ടേറെ ഓര്‍മകള്‍ അയവിറക്കാന്‍ രണ്ടാഴ്ചമുന്പ് അവസരമുണ്ടായി. ആ മഹദ് വ്യക്തി ഭാരതമെങ്ങും ഏതാണ്ട് ഒരു ശതാബ്ദമായി പ്രസിദ്ധിയാര്‍ജിച്ച തൊടുപുഴയിലെ ധന്വന്തരി വൈദ്യശാലയുടെ ഇന്നത്തെ തലവന്‍ ഡോ.സി.എന്‍. നമ്പൂതിരിയാണ്. അദ്ദേഹത്തിന്റെ പിതാവ് വൈദ്യന് സി.എന്‍. നമ്പൂതിരിയായിരുന്നു ആ വൈദ്യശാലയുടെ സ്ഥാപകന്‍. മലബാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ആയുര്‍വേദത്തിന് പ്രചാരണം നല്കിയതുപോലെ തിരുവിതാംകൂറില്‍ അത് സൃഷ്ടിച്ചത് ധന്വന്തരി വൈദ്യശാലയും സി.എന്‍. നമ്പൂതിരിയുമായിരുന്നു.
എന്റെ ബാല്യത്തില്‍ത്തന്നെ 1940-50 കാലത്ത് ഞങ്ങളുടെ മണക്കാട്ട് ഗ്രാമത്തിലെ ഓരോ വീട്ടിലും ധന്വന്തരിയില് ജോലിക്കാരായി ആരെങ്കിലുമുണ്ടായിരുന്നു. ഗ്രാമത്തിന്റെയും തൊടുപുഴ പട്ടണത്തിന്റെയും സമ്പദ്വ്യവസ്ഥയെ നിയന്ത്രിച്ചതും, ആ ദാരിദ്ര്യക്കാലത്ത് പല വീടുകളിലും തീ പുകഞ്ഞതും പട്ടിണിയില്ലാതിരുന്നതും വൈദ്യശാലയിലെ ജോലികൊണ്ടായിരുന്നു. കുറിച്ചിത്താനത്തെ മഠം ശ്രീധരന് നമ്പൂതിരിയുടെ ശിഷ്യനായിരുന്നു സംസ്കൃത പണ്ഡിതനായിരുന്ന നീലകണ്ഠന് നമ്പൂതിരി. ഗുരുനാഥന്റെ അനുഗ്രഹത്തോടെ അദ്ദേഹം ആരംഭിച്ച ധന്വന്തരി വൈദ്യശാലയ്ക്ക് അതിവേഗം ധാരാളം ശാഖകളുണ്ടായി.
എന്റെ അമ്മാവന് അദ്ദേഹത്തില്‍നിന്ന് സംസ്കൃതം പഠിക്കുകയും പിന്നീട് ടൈപ്പിസ്റ്റും, വൈദ്യന്റെ വിശ്വസ്തനായ മാനേജരെപ്പോലെ പ്രവര്‍ത്തിച്ച ആളുമായി. തിരുവിതാംകൂറിലെ എല്ലാ പട്ടണങ്ങളിലും ബ്രാഞ്ചുകള്‍ തുറക്കുകയും അവിടെ തൊടുപുഴക്കാര്‍ മാനേജര്‍മാരായി നിയമിക്കപ്പെടുകയും ചെയ്തിരുന്നു. പ്രൈമറി ക്ലാസുകളില്‍ പഠിച്ചിരുന്ന എന്നെപ്പോലെയുള്ളവര്‍ ധന്വന്തരി വൈദ്യശാലയുടെ പരസ്യവാചകങ്ങളും ബ്രാഞ്ചുകളുടെ പേരും തെറ്റാതെ പറയുന്നതിനു മത്സരിച്ചിരുന്നു. സഹ്യാദ്രി സാനുക്കളില്‍ വളരുന്ന ദിവ്യമൂലികകളുടെ സാരാംശത്തെ സമാഹരിച്ചു, കസ്തൂരി, അഷ്ടവര്‍ഗങ്ങള്‍ മുതലായ മേല്‍ മരുന്നുകള്‍ ചേര്‍ത്തും വിശിഷ്ട രീതിയില്‍ തയ്യാര്‍ ചെയ്യപ്പെട്ട ഞങ്ങളുടെ ച്യവനപ്രാശം (അല്ലെങ്കില്‍ ദശമൂലാരിഷ്ടം) എന്നൊക്കെപ്പറയും.
വൈദ്യശാലയില്‍ ജോലിക്കാരായ ചെറുപ്പക്കാര്‍ നാട്ടിന്‍പുറങ്ങളിലെ പറമ്പുകളില്‍ സമൃദ്ധമായ കുറുന്തോട്ടിയും മറ്റു ചെടികളും പറിച്ചു കൊണ്ടുപോകുന്നത് സാധാരണയായിരുന്നു. നാട്ടിലെല്ലാം അതുമൂലം അറിയാതെ ആയുര്‍വേദ അന്തരീക്ഷവും സംസ്കാരവും വളര്‍ന്നുവന്നു. അതിനിടെ വൈദ്യന് തന്റെ പുരാതനമായ ചൊവ്വേലി മനയില്‍ നിന്ന് തൊടുപുഴ ടൗണിന്റെ മധ്യത്തില്‍ വാങ്ങിയ സ്ഥലത്തു ധന്വന്തരീ സദനം എന്ന പേരില്‍ മന കഴിപ്പിച്ചു. ഇന്നും തൊടുപുഴയിലെ വീടുകളില്‍ അതിനെ വെല്ലുന്ന മനോഹരവും വിശാലവുമായ വേറെ വീടില്ലെന്ന് നിസ്സംശയം പറയാം. അക്കാലത്ത് വലിയ ആഘോഷത്തോടെയായിരുന്നു ഗൃഹപ്രവേശം. അന്ന് മംഗള പത്രങ്ങളുടെ കാലമായിരുന്നു. നാട്ടിലെ എല്ലാ മലയാളം മുന്ഷിമാരും ഒറ്റശ്ലോക കവികളാകുന്ന കാലം.
സി.എന്‍.നമ്പൂതിരിയെക്കുറിച്ചും ശ്ലോകങ്ങളുണ്ടായി.
ധന്വന്തരീയഭിധയാര്ന്നൊരു വൈദ്യശാല
മന്നിങ്കലൊക്കെ വികസിച്ചു വളര്‍ന്നിടുന്നു
മന്വന്തരം സുലഭനിര്മലമായ് ഭവിപ്പാന്
ധന്വന്തരീപരമമൂര്ത്തിയനുഗ്രഹിക്ക.
എന്നൊരു ശ്ലോകം.
അവിടത്തെ വൈദ്യന്റെ സഹായികളെയും ആശംസകര്‍ വെറുതെ വിട്ടില്ല.
ശങ്കര്‍ നായര്‍ സമ്മന്യന്
സങ്കടാപഹനാര്ക്കുമേ
ശങ്കരന് ശര്വനെന്നാളം
ശങ്കരന്നുതുകേണമേ.
എന്നായിരുന്നു എന്റെ അമ്മാവന് കിട്ടിയ ശ്ലോകം.
വൈദ്യന് കോഴിക്കോട്ടും പാലക്കാട്ടും തൃശ്ശിവപേരൂരും എറണാകുളത്തും മദിരാശിയിലും ശാഖകള്‍ തുടങ്ങിയതോടെ തിരുവിതാംകൂറിന് പുറത്തേക്കും പ്രശസ്തനായി. ഹിന്ദുവിലും ഇന്ത്യന്‍ എക്സ്പ്രസിലും മെയിലിലും പതിവായി പരസ്യങ്ങള്‍ വന്നുതുടങ്ങി. ആദ്യകാല പരസ്യങ്ങളില്‍ കുടുമയുള്ള നമ്പൂതിരിയായിരുന്നെങ്കില്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ കോട്ടുംടൈയുമായുള്ള ചിത്രം കണ്ട് ഞങ്ങള്‍ അതിശയിച്ചുപോയി.
മകന് എന്റെ പ്രൈമറി ക്ലാസിലെ സഹപാഠിയായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം കഴിഞ്ഞു സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള വിദ്യാലയ പരിഷ്കാരങ്ങളുടെ ഫലമായി അദ്ദേഹം ഒരു ക്ലാസ് താഴെയായി. കോളജ് കാലത്ത് ഞങ്ങള്‍ തിരുവനന്തപുരത്തു വെവ്വേറെ കോളേജുകളിലായി. ഡിഗ്രി കഴിഞ്ഞ് ഞാന്‍ പ്രചാരകനായി. അദ്ദേഹം ആയുര്‍വേദ കോളേജില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ വൈദ്യശാലാ ബ്രാഞ്ചില്‍ വച്ചും അദ്ദേഹത്തിന്റെ വസതിയില്‍ വച്ചും ഞങ്ങള്‍ കാണാറുണ്ടായിരുന്നു.
പ്രചാരകനെന്ന നിലയ്ക്ക് പോയ സ്ഥലങ്ങളിലൊക്കെ ധന്വന്തരിയുടെ ബ്രാഞ്ചില്‍ പോയാല്‍ സ്വന്തം ഗ്രാമക്കാരന്‍ അവിടെയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മദിരാശിയില്‍ പ്രഥമവര്‍ഷ ശിക്ഷണത്തിന് പോയപ്പോള്‍ അവിടെ തമ്പുചെട്ടി സ്ട്രീറ്റിലെ ബ്രാഞ്ചില്‍ പോയി. മാനേജര്‍ അമ്മാവന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരുമിച്ചു താമസിക്കാന്‍ ക്ഷണിച്ചെങ്കിലും ഞാന്‍ ശിബിരസ്ഥാനമായ വിവേകാനന്ദ കോളജിലേക്ക് പോയി. കേരള സംസ്ഥാന രൂപീകരണത്തോടെ മലബാറിലെ വലുതും ചെറുതുമായ സ്ഥലങ്ങളിലൊക്കെ ശാഖകളും ഏജന്‍സികളും വന്നു. പലരും അടുത്ത ബന്ധുക്കളുമായിരുന്നു. കണ്ണൂരില്‍ പ്രചാരകനായിരിക്കെ അവിടെയെത്തിയ ദാമോദരന്‍ നായര്‍, അവിടത്തെ പൊതുജീവിതത്തില്‍ തന്റെതായ സ്ഥാനം നേടി. അദ്ദേഹത്തിന്റെ മകന് സന്തോഷും ഇന്ന് അവിടത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് ദാമോദരന്‍ നായര്‍ ജനസംഘര്‍ഷസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയേറിയ നിശ്ശബ്ദ സേവനം നടത്തി, അവിടത്തെ പരിവാര്‍ പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.
എന്റെ സഹപാഠിയായിരുന്ന ഡോ.സി.എന്‍. നമ്പൂതിരിക്ക് ആദ്യകാലത്ത് ധന്വന്തരി വൈദ്യശാലയില്‍ തന്റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1968 കാലത്താണെന്ന് തോന്നുന്നു, ഒരു പാര്‍ലമെന്റ് സമിതി ആയുര്‍വേദത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് കേരളത്തിലെത്തിയിരുന്നു. അതിലെ ജനസംഘാംഗം ഡോ. ഭായി മഹാവീര്‍ നിര്‍ദ്ദേശിച്ചതിന് പ്രകാരം കോട്ടക്കലെ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. രാജഗോപാലിനെ കാണാന്‍ പോയി. സംസാരത്തിനിടെ അദ്ദേഹവും സി.എന്‍. നമ്പൂതിരിയും സഹപാഠികളാണെന്നും ഉടന്‍ തന്നെ സംയോജിത എംബിബിഎസിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നുണ്ടെന്നും അറിയിച്ചു. പിന്നീട് മെഡിക്കല്‍ കോളജില്‍ ചെന്നു രണ്ടുപേരെയും ഒരുമിച്ചുകണ്ടു സംസാരിക്കാനുമിടയായി.
നാട്ടിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിവന്ന ആ സ്ഥാപനത്തിനെതിരായി കമ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിവന്ന വിനാശകരമായ സമരപരിപാടികള്‍ വലിയ തിരുമേനിയെയും ആ സ്ഥാപനത്തെയും ഒട്ടേറെ വിഷമിപ്പിച്ചു. എല്ലാവരെയും വിശ്വസിച്ചിരുന്ന ശുദ്ധഗതിക്കാരനായിരുന്ന വൈദ്യന് സ്വന്തം മക്കളടക്കം ആരെയും വിശ്വസിക്കാത്തവിധത്തിലായി.
ആയുര്‍വേദ ശാസ്ത്രത്തിന്റെ കാലാനുസൃതമായ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ട ഗവേഷണങ്ങളും മറ്റും നടത്തി ആ രംഗത്തെ അഗ്രഗാമിയാകാനുള്ള വമ്പിച്ച അവസരം അതിന് നഷ്ടമായി.സര്‍ക്കാര്‍ സേവന വിമുക്തനായി ഡോ. സി.എന്‍. നമ്പൂതിരി സ്വഗൃഹത്തില്‍ സ്ഥിരതാമസമായശേഷം അത് പുതിയ പാതയില്‍ നീങ്ങിത്തുടങ്ങി. പലവിധ അസുഖങ്ങളും മൂലം കഷ്ടതയനുഭവിച്ചിരുന്ന എന്റെ സുഹൃത്ത് സമഗ്ര ചികിത്സാര്‍ത്ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ അന്വേഷിച്ചപ്പോള്‍ തൊടുപുഴയില്‍ത്തന്നെ ധന്വന്തരിയിലെ ഡോ.സി.എന്‍.നമ്പൂതിരിയെ സമീപിച്ചാല്‍ മതിയെന്ന് അറിയിച്ചതായി മനസ്സിലാക്കുന്നു.
അദ്ദേഹത്തിന്റെയും അനുജന്മാരുടെയും മക്കള്‍ ആയുര്‍വേദ ചികിത്സയ്ക്കും മാനേജ്മെന്റിനും ആവശ്യമായ അക്കാദമിക യോഗ്യതകള്‍ നേടി അത് ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
വ്യക്തിപരവും പൊതുവായുള്ളതുമായ ഒട്ടേറെക്കാര്യങ്ങള്‍ സംസാരിച്ചു ഓര്‍മകള്‍ പുതുക്കി പിരിഞ്ഞു. കേള്‍വി ശക്തി കുറഞ്ഞുവരുന്നതിന്റെ പ്രയാസത്തിലാണദ്ദേഹം. എന്നാലും സംഭാഷണപ്രിയതയ്ക്ക് കുറവില്ലതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: