കന്നഡ സാഹിത്യത്തില്‍ കോളിളക്കമുണ്ടാക്കിയ പത്മശ്രീ എസ്.എന്‍. ഭൈരപ്പയുടെ ആവരണ എന്ന നോവലിന് മലയാള പരിഭാഷ ആവരണം അടക്കം 12 പുസ്തക വിഷയങ്ങള്‍ നിറയുന്ന പുസ്തകങ്ങളുമായി കുരുക്ഷേത്ര പ്രകാശന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വേറിട്ട വായനാനുഭവം നിരത്തുകയാണ്.
ആവരണം എന്ന നോവല്‍ ഭൈരപ്പയെന്ന ശക്തനായ എഴുത്തുകാരന്റെ ചരിത്രപരവും സാമൂഹ്യപരവുമായ തെളിമയാര്‍ന്ന വീക്ഷണത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്ന നോവലാണ്.
നേര്‍രേഖകള്‍ എന്ന രചനയിലൂടെ അഡ്വ.വി.പദ്മനാഭന് ഒരു സാധാരണക്കാരന്റെ ജീവിത വിഹ്വലതകളും ആഹ്ലാദങ്ങളും പത്രാധിപര്‍ക്ക് കത്തുകളായി എഴുതിയതിന്റെ സമാഹരണമാണ്.
കേരളീയ അനുഷ്ഠാന കലകളുടെ ശാസ്ത്രീയതയും പഠനവും എത്ര ഗൗരവമേറിയതാണെന്ന് ഒരു കുടുംബം ഒന്നാകെ ആ സാംസ്കാരിക പൈതൃകത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ചിത്രസഹിതം അയ്യപ്പന് തീയാട്ടിനെ വിവരിക്കുന്ന പഠന ഗ്രന്ഥമാണ് പ്രൊഫ. മുളങ്കുന്നത്ത് കാവ് കൃഷ്ണന് നമ്പ്യാര്‍ രചിച്ച അഷ്ടദളം.
ശാസ്ത്രീയനൃത്തത്തിനും കഥകളിക്കും അപ്പുറം കേരളീയ നാട്യശൈലിക്ക് മിഴിവേകിയ കേരളനടനം എന്ന നൃത്തരൂപത്തിന്റെ വിശദമായ പഠനമാണ് ഗയത്രീ സുബ്രഹ്മണ്യവും സരിത അയ്യത്ത് മധുസൂദനനും രചിച്ച കേരള നടനം. പുണ്യപുരാണങ്ങളില്‍ ഭവിഷ്യപുരാണത്തിന്റെ വിശാലതയെ ചെറുകഥകളിലൂടെ ഭവിഷ്യപുരാണകഥകളായി പ്രശാന്തി ചൊവ്വര വിവരിക്കുന്നു.
നിരവധി കൃതികളിലൂടെ അയ്യപ്പചരിതം ആവേശം പകര്‍ന്ന മലയാളിക്ക് കാവ്യരീതിയില്‍ അനുഷ്ഠാന പരിചയം നടത്തുകയാണ് ശബരീശ സുപ്രഭാതം എന്ന രചനയിലൂടെ ഘോഷ് കാഞ്ഞിരമറ്റം. മലയാള ഗാനശാഖയില്‍ ഭക്തിയുടെ നിറവ് എത്രകണ്ട് ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുകയാണ് ഭക്തിഗീതിക എന്ന രചനയിലൂടെ പ്രശസ്ത ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം.
കലനെരിഞ്ഞ മനസ്സില്‍ ഊതിക്കാച്ചിയ ജീവിതാനുഭവമാണ് ആരതിയിലൂടെ അഴീക്കല്‍ മുരളി എന്ന കവി നിര്‍വഹിക്കുന്നത്. സ്വാഭാവിക മനസ്സിന്റെ നിറവാര്‍ന്ന ചിന്തകളെ തണല്‍മരങ്ങളെന്ന കാവ്യാനുഭവമാക്കിയിരിക്കുകയാണ് മനോജ് മാധവന്. നിത്യജീവിതത്തിലെ പ്രണയ സങ്കല്പങ്ങളുടെ വിവിധ വേഷപ്പകര്‍ച്ചകള്‍ ചെറുകഥകളിലൂടെ എസ്. സതീദേവി ഉഷമലരി എന്ന രചന നിര്‍വഹിച്ചിരിക്കുന്നു. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗീതാമൃതം നുകരാന്‍ ഗീതാപാഠം ഒരുക്കിയിരിക്കുകയാണ് പി.ആര്. സുദര്ശന് നായര്‍.
ഭാരതീയ ചരിതത്തിനും സമകാലിക നന്മയ്ക്കും എന്നും കടപ്പെട്ടിരിക്കുന്ന ഭാരത രത്നങ്ങളായ മഹാപ്രതിഭകളെ പരിചയപ്പെടുത്തുകയാണ് അനര്‍ഘങ്ങളായ ഭാരത രത്നങ്ങള്‍ എന്ന പേരില്‍ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍. 12 പുസ്തകങ്ങളിലൂടെ ചരിതവും അനുഷ്ഠാനത്തിന്റെ മര്‍മവും നൃത്ത ശാസ്ത്രീയതയും സാമാന്യ എഴുത്തിന്റെ രീതിയില്‍ നിന്ന് പത്രാധിപര്‍ക്കുള്ള കത്തിന്റെ തെളിമയും ഭക്തിയും കാവ്യവും പ്രണയവും വിഹ്വലതയും നിറയുന്ന നല്ല വായനാനുഭവം സമ്മാനിക്കുകയാണ് കുരുക്ഷേത്ര പ്രകാശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: