ഫിദല്‍ കാസ്ട്രോ മറ്റൊരു കമ്യൂണിസ്റ്റ് നേതാവും സ്വന്തമാക്കിയിട്ടില്ലാത്തത്ര വിശേഷണങ്ങള്‍ നേടിയാണ് വിടവാങ്ങിയിരിക്കുന്നത്. കാസ്ട്രോയുടെ ജീവിതത്തിന് നൈര്‍മല്യം കുറവായിരുന്നു. അരാധകരെ സൃഷ്ടിച്ച കാസ്ട്രോയെ വെറുത്തവരും അനവധിയായിരുന്നു. സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം നയിച്ച ജീവിതത്തിന്റെ പൂര്‍ണരൂപം ഇരുണ്ടതാണ്.
വെട്ടിയൊതുക്കാത്ത താടിരോമങ്ങളും ഒലിവ് നിറമുള്ള കുപ്പായങ്ങളും പട്ടാള ബൂട്ടും ധരിച്ചെത്തുന്ന കാസ്ട്രോ ശൈലിയില്‍ ആകൃഷ്ടരായവര്‍ക്ക് ആ മാസ്മരിക വലയത്തില്‍ നിന്ന് പുറത്തുകടക്കുക അസാധ്യമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ആ പ്രതിച്ഛായ. ദാരിദ്രത്തില്‍ കഴിയുന്ന ക്യൂബന്‍ ജനത ഒരുവശത്ത്, മറുഭാഗത്ത് അവരുടെ പ്രിയ നേതാവ് ആര്‍ഭാട ജീവിതത്തിലും. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, കാസ്ട്രോയ്ക്കൊപ്പം 17 വര്‍ഷം അംഗരക്ഷകനായിരുന്ന ജുവാന്‍ റെയ്നാള്‍ഡോ സാന്‍ചെസ്. ദയാരഹിതനായ, അനേകം വെപ്പാട്ടികളുള്ള, അത്യാര്‍ത്തിയുള്ള കാസ്ട്രോയെയാണ് ‘ദ ഡബിള്‍ ലൈഫ് ഓഫ് ഫിദല്‍ കാസ്ട്രോ’ എന്ന പുസ്തകത്തിലൂടെ സാന്‍ചെസ് വരച്ചിടുന്നത്.
ജനമധ്യത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും, അവരില്‍ നിന്നൊരകലം പാലിച്ചിരുന്ന കാസ്ട്രോയുടെ യഥാര്‍ത്ഥ വാസം എവിടെയായിരുന്നുവെന്ന് പലര്‍ക്കും അറിവില്ലായിരുന്നു. അനേകം സ്ത്രീകള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കിയ കാസ്ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡയാസ് ബലാര്‍തായിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ഫിദല്‍ ജൂനിയര്‍ (ഫിഡെലിറ്റോ). നതാലിയ റവ്യൂല്‍റ്റയായിരുന്നു മറ്റൊരു കാമുകി. ഹവാനയിലെ സുന്ദരികളായ സ്ത്രീകളില്‍ ഒരുവളായിരുന്നു നതാലിയ. അമ്പതുകളുടെ മധ്യത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ആദ്യ ഭാര്യയെ മറന്ന കാസ്ട്രോ നതാലിയയുടെ കാമുകനായി. ഈ രഹസ്യബന്ധം നതാലിയക്ക് നല്‍കിയത് ഒരു മകളെയാണ്, അലീന. പില്ക്കാലത്ത് ഫിദലിന്റെ ഏറ്റവും വലിയ വിമര്‍ശകയും ഈ മകളായിരുന്നു. തന്റെ പേരിനൊപ്പം അച്ഛന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ അവള് ഇഷ്ടപ്പെട്ടിരുന്നില്ല. തന്റേടിയായ ആ പെണ്‍കുട്ടിയെ കുറിച്ച് കാസ്ട്രോയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ പറയുന്നതിങ്ങനെയാണ്: ‘1980 കളില്‍ അവളൊരു സുന്ദരിയായ മോഡല്‍ ആയിത്തീര്‍ന്നിരുന്നു. ഒരു ദിവസം ഞാന്‍ ഫിദലിന്റെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍, അയാളുടെ സഹായി ഒരു ക്യൂബന്‍ മാഗസിന്റെ കോപ്പിയുമായി വന്നു. അതിന്റെ രണ്ടാം പേജ് മുഴുവന്‍, ഒരു പായ് വഞ്ചിക്ക് മുകളില്‍ ബിക്കിനി ധരിച്ച് നില്ക്കുന്ന അലീനയുടെ ചിത്രമായിരുന്നു. ഹവാന ക്ലബ് റമ്മിന്റെ പരസ്യമായിരുന്നു അത്’.
ഈ പരസ്യം കണ്ടയുടനെ ഫിദല്‍ അലീനയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അലീനയെത്തി. ഇരുവരും തമ്മിലുണ്ടായ വാദപ്രതിവാദം മുറി മുഴുവന്‍ പ്രതിധ്വനിച്ചു. ”എല്ലാവര്ക്കും അറിയാം നീ എന്റെ മകളാണെന്ന്. ഒരു ബിക്കിനി ധരിച്ച് പരസ്യത്തിനായി പോസ് ചെയ്യുന്നത് എത്രമാത്രം അനുചിതമാണ്”. ഫിദലിന്റെ വാക്കുകള്‍ സീലിയ ഓര്‍ത്തെടുക്കുന്നു.
അലീനക്ക് പിന്നാലെ ഫിദലിന്റെ ചാരന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മകള്‍ ക്യൂബ വിടാനൊരുങ്ങുന്നുവെന്ന് മനസ്സിലാക്കി. ഒരുവിധത്തിലും അവള് ക്യൂബ വിടരുതെന്ന് അന്നത്തെ അംഗരക്ഷാ തലവന്‍ ആയിരുന്ന കേണല്‍ ജോസ് ദെല്‍ഗാദോയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. എന്നാല്‍ രണ്ട് മാസം കഴിഞ്ഞ് അലീന വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ക്യൂബ വിട്ടു. ഈ സംഭവം കാസ്ട്രോയുടെ ക്രോധം ഇരട്ടിയാക്കി. അന്നയാള്‍ രോഷം കൊണ്ട് ഭ്രാന്തനെപ്പോലെ കാണപ്പെട്ടു.
‘യോഗ്യതയില്ലാത്ത വിഡ്ഢികള്‍’, അയാള്‍ ആക്രോശിച്ചു. ‘ആരാണ് ഇതിന് ഉത്തരവാദിയെന്നറിയണം. ഞാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയണം’, ഫിദല്‍ നിര്‍ദ്ദേശിച്ചു.
കാസ്ട്രോയ്ക്ക് സ്ത്രീകളോടുള്ള താല്പര്യം ക്യൂബന്‍ ജനതക്കിടയില്‍ പാട്ടാണ്. അദ്ദേഹത്തോടൊപ്പം ശയിച്ച സ്ത്രീകളുടെ എണ്ണം 35,000 വരെയുണ്ടെന്നാണ് കണക്ക്. 2009 ല്‍, മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷ്, അഭിമുഖത്തില്‍ ഫിദലിനോട് എത്ര കുട്ടികള്‍ ഉണ്ടെന്ന് ചോദിച്ചിരുന്നു. അതൊരു വംശം വരും എന്നായിരുന്നു മറുപടി. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലായിരുന്നു കാസ്ട്രോയ്ക്ക്. സ്വകാര്യ ജീവിതം, പ്രശസ്തിക്കോ, രാഷ്ട്രീയത്തിനോ വേണ്ടി ഉപകരണമാക്കരുത് എന്നായിരുന്നു ന്യായം.
കാസ്ട്രോ യുവതികളെ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരുന്നു. അമേരിക്ക, ജര്‍മന്‍, ഇറ്റലി സ്വദേശിനികളും ഇതില്‍പ്പെടും.
1959 ല്‍ അധികാരം പിടിച്ചെടുത്ത് അധികം വൈകാതെ തന്നെ മരീറ്റ ലോറന്‍സ് എന്ന ജര്‍മന്‍ യുവതിയുമായി പ്രണയത്തിലായി. സിഐഎ വാടകയ്ക്കെടുത്തതായിരുന്നു മരീറ്റയെ. ഫിദലിനെ ഏതുവിധേനയും വകവരുത്തുകയെന്നതായിരുന്നു യുഎസ് ലക്ഷ്യം. വിഷം നല്കി അയാളെ ഇല്ലാതാക്കുക എന്ന ചുമതലയായിരുന്നു മരീറ്റയെ ആദ്യം ഏല്‍പ്പിച്ചത്. 30 സെക്കന്റുകള്‍ക്കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വിഷഗുളികകളുമായാണ് അവള് കാസ്ട്രോയെ കാണാന്‍ എത്തുന്നത്. പരിചയപ്പെട്ട് ഏറെ കഴിയും മുന്നേ അയാള്‍ മരീറ്റയോട് ചോദിച്ചു, ‘നീ എന്നെ കൊല്ലാന്‍ വന്നതാണോ’? അതിന് അവള് മറുപടി നല്‍കിയത് അയാളെ കാണാന്‍ വന്നതാണ് എന്നാണ്. പിന്നെ ചോദിച്ചത് നീ സിഐഎയ്ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് എന്നത്രെ. വാസ്തവത്തില്‍ അല്ല, ഞാന്‍ എനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന മറുപടി മരീറ്റയും നല്കി. നിനക്കെന്നല്ല, ആര്‍ക്കും എന്നെ കൊല്ലാന്‍ സാധിക്കില്ലെന്ന ഫിദലിന്റെ മറുപടിയില്‍ അവളുടെ ആത്മവിശ്വാസം നഷ്ടമായി.
ചാള്‍സ് ശോഭ്രാജിന്റെ അഭിഭാഷക അയാളുടെ കാമുകിയായ പോലെ, കൊല്ലാന്‍ വന്നവള്‍ കാമുകിയായി. വിടര്‍ന്ന കണ്ണുകളുള്ള ആ പത്തൊമ്പതുകാരിയെ കണ്ടമാത്രയില്‍ തന്നെ ഫിദലിന് ഇഷ്ടം തോന്നി. ക്യൂബയിലെ ഹബാന ഹില്‍ട്ടണായിരുന്നു അവരുടെ സമാഗമസ്ഥലം. ഏഴുമാസമാണ് അവള് അയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ആരേയും വശീകരിക്കുന്ന ഫിദലിനെക്കുറിച്ച് മരീറ്റ പറയുന്നത് ഇങ്ങനെ-തൊട്ടടുത്ത് നിന്ന്, കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാവും ഫിദല്‍ സംസാരിക്കുക. എന്നാല്‍ കാസ്ട്രോയുടെ മേല്‍ വിപ്ലവ നായിക സീലിയയ്ക്ക് ഉണ്ടായിരുന്ന ആധിപത്യവും അയാള്‍ക്ക് മറ്റ് സ്ത്രീകളോടുണ്ടായിന്ന അടുപ്പവും മരീറ്റ-ഫിദല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. അപ്പോഴേക്കും മരീറ്റ ഗര്‍ഭിണിയായിരുന്നു. ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുന്നേ വഴുതി വീണതിനെ തുടര്‍ന്ന് അവള് ആശുപത്രിയിലായി. കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ഇഞ്ചക്ഷന് നല്കി. ബോധം തെളിഞ്ഞപ്പോഴേക്കും ഫിദലിന്റെ ശത്രുക്കള്‍ കുഞ്ഞിനെ കൊന്നു. എന്താണ് സംഭവിച്ചത് എന്ന് അവള്‍ക്ക് ധാരണയില്ലായിരുന്നു. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പല അപവാദങ്ങളും കേള്‍ക്കേണ്ടി വന്നുവെങ്കിലും കാസ്ട്രോയുടെ പ്രതികരണം അവളെ അയാള്‍ക്കെതിരെ തിരിച്ചു.
കാസ്ട്രോയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ സാന്‍ചെസായിരുന്നു. മുപ്പതിലേറെ വര്‍ഷം അവര്‍ കാസ്ട്രോയ്ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയും സീലിയയായിരുന്നു. 1980 ല്‍ ക്യാന്‍സര്‍ ബാധിതയായി മരിക്കും വരെ കാസ്ട്രോയുടെ എല്ലാമായിരുന്നു സീലിയ. ക്യൂബന്‍ വിപ്ലവത്തില്‍ സീലിയ വഹിച്ച പങ്ക് ചെറുതല്ല. 1956 ലാണ് സീലിയ മെക്സികോയില്‍ നിന്ന് ക്യൂബയിലെത്തുന്നത്. കാസ്ട്രോയ്ക്കൊപ്പം ഗറില്ല യുദ്ധങ്ങളില്‍ സീലിയയും സജീവ പങ്കാളിയായി.
1959 ല്‍ കാസ്ട്രോ അധികാരത്തിലെത്തിയപ്പോള്‍ നിഴല്‍പോലെ സീലിയ ഉണ്ടായിരുന്നു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്. ക്യൂബന്‍ ജനതയുടെ ആരാധനാബിംബങ്ങളില്‍ ഒരാളാണ് സീലിയയും. ഇരുവരും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമായി ഗാഢമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച സീലിയയാണ് ഗറില്ലകളുമായി മെക്സിക്കോയില്‍ നിന്ന് ക്യൂബയിലേക്ക് തിരിച്ച ‘ഗ്രാന്മ’ ബോട്ട് ഏത് തീരത്ത് അടുപ്പിക്കണം എന്ന് തീരുമാനമെടുത്തതത്രെ. അവര്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും സീലിയയാണ്. ബാറ്റിസ്റ്റ ഭരണകൂടം ഏറെ ഭയപ്പെട്ടിരുന്നു ആ പെണ്‍കരുത്തിനെ. അവളെ പിടികൂടിയാല്‍ ക്യൂബയിലെ വിപ്ലവ പ്രസ്ഥാനം ശിഥിലമാകുമെന്ന് അവര്‍ കരുതി.
കാസട്രോയ്ക്കും വിപ്ലവാദര്‍ശങ്ങള്‍ക്കും വേണ്ടി സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്. ഗൗരിയമ്മയെപ്പോലെ അവര്‍ വിവാഹിതയായിരുന്നില്ല. അവര്‍ക്ക് മറ്റാരുമായെങ്കിലും പ്രണയം ഉണ്ടായിരുന്നോ എന്നതിന് തെളിവുകളും ഇല്ല. കാസ്ട്രോയുടെ സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് സീലിയ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കരീബിയന്‍ രാജ്യത്തുടനീളം കാസ്ട്രോയ്ക്ക് 20 ആഡംബര വസതികള്‍, ഇതില്‍ സ്വന്തമായൊരു ദ്വീപും ഉള്‍പ്പെടുന്നു. ഇവിടേക്ക് എത്തിച്ചേരുന്നതിനായുള്ള ഉല്ലാസ ബോട്ട് അലങ്കരിച്ചിരിക്കുന്നതാവട്ടെ അങ്കോളയില്‍ നിന്ന് ഇറക്കുമതി ചെയ്ത സവിശേഷമായ മര ഉരുപ്പടികള്‍ കൊണ്ടായിരുന്നുവെന്ന് സീലിയ എഴുതിയിരുന്നു.
കാസ്ട്രോയുടെ ജീവിതത്തിലൂടെ വന്നും പോയും ഇരുന്ന സ്ത്രീജിവിതങ്ങള്‍ എത്രയെന്ന് നിശ്ചയമില്ല.അഞ്ച് സ്ത്രീകളിലായി പതിനൊന്ന് മക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. സ്ത്രീലമ്പടനായിരുന്ന കാസ്ട്രോയ്ക്ക് അതിലേറെ മക്കളുണ്ടാകാന്‍ സാധ്യതയേറെയാണ്. 1962 നും 74 നും ഇടയ്ക്കാണ് ഡാലിയ സോട്ടോ ദെല്‍വാലേയുമായുള്ള ബന്ധത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ ഉണ്ടായത്. 1980 ല്‍ ഇവരെ കാസ്ട്രോ രഹസ്യമായി വിവാഹം കഴിച്ചു.
മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷിന്റെ അന്വേഷണങ്ങള്‍ നീളുന്നത് കാസ്ട്രോയുടെ രഹസ്യബന്ധങ്ങളിലേക്കാണ്. 1956 ല്‍ മൂന്ന് സ്ത്രീകളിലായി മുന്ന് സന്താനങ്ങള്‍ കാസ്ട്രോയ്ക്കുണ്ടായെന്നാണ് കണ്ടെത്തല്‍. ഇതിലൊരാളാണ് പഞ്ചിത പുപോ.മറ്റൊരാളാണ് ജോര്‍ജ് എയ്ഞ്ചല്‍. മരിയ ലബോര്‍ഡാണ് ജോര്‍ജിന്റെ അമ്മ. സിറോയാണ് മറ്റൊരാള്‍. ഈ പുത്രനെക്കുറിച്ച് ആനിനോട് വെളിപ്പെടുത്തിയതാവട്ടെ സീലിയയും. ഇയാളുടെ അമ്മയാരെന്നത് ഇപ്പോഴും രഹസ്യം. കാസ്ട്രോയുടെ മക്കളില്‍ ആദ്യ ഭാര്യയില്‍ പിറന്ന ഫിഡെലിറ്റോയ്ക്കാണ് കൂടുതല്‍ സ്വീകാര്യതയുള്ളത്.
സ്വേച്ഛാധിപതിയായ കാസ്ട്രോ
എതിര്‍ക്കുന്നവരെ ഉല്മൂലനം ചെയ്യുകയെന്നതായിരുന്നു കാസ്ട്രോയുടേയും രീതി. കാസ്ട്രോയുടെ ക്യൂബ അടിച്ചമര്‍ത്തപ്പെട്ടവരുടേതായിരുന്നു. ക്യൂബയെ സോവിയറ്റ് യൂണിയന്റെ കോളനിയായി മാറ്റാന്‍ ശ്രമിക്കുകയും ഒരാണവായുധ യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്ത കാസ്ട്രോ, സാധ്യമാകുന്നയിടങ്ങളിലെല്ലാം ഭീകരത വളര്‍ത്താന്‍ സഹായം നല്കിയ സ്വേച്ഛാധിപതിയായിരുന്നു. ക്യൂബയില്‍ നിന്ന് നിരവധി പേരെ കാണാതാകുന്നതിനും ആയിരക്കണക്കിനാളുകളുടെ വധശിക്ഷയ്ക്കും കാരണക്കാരന്‍. ക്യൂബന്‍ ജനതയില്‍ 20 ശതമാനത്തോളം പേരെ നാടുകടക്കാന്‍ നിര്‍ബന്ധിതരാക്കി. ആയിരക്കണക്കിനാളുകള്‍ കാസ്ട്രോയുടെ ഏകാധിപത്യത്തിന് കീഴില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ കടലില്‍ മരണത്തിന് കീഴടങ്ങി.
എല്ലാ സ്വത്തുക്കളുടേയും അവകാശം തനിക്കാണെന്ന് പ്രഖ്യാപിച്ച കാസ്ട്രോയുടെ ഭരണം ജനങ്ങളെ കൂടുതല്‍ ദരിദ്രരാക്കി. ഭക്ഷ്യ ഉത്പാദനം കുറഞ്ഞു. സ്വകാര്യ സംരംഭങ്ങള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും ക്യൂബയില്‍ ഇടമുണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗക്കാരേയും ക്യൂബയില്‍ നിന്ന് തുടച്ചുനീക്കി. ക്യൂബന്‍ ജനത അടിമകള്‍ക്ക് തുല്യരായി. അഭിപ്രായ സ്വാതന്ത്ര്യത്തെ, സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെ, മാധ്യമ സ്വാതന്ത്ര്യത്തെ, മത സ്വാതന്ത്ര്യത്തെ എല്ലാം നിരോധിച്ചു. ഇതിനൊരു അയവ് വന്നത് 1960 കളിലാണ്. എന്നാല്‍ 1976 ല്‍ ക്യൂബന്‍ ഭരണഘടനയില്‍ ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി ക്യൂബ നിരീശ്വരവാദികളുടെ രാജ്യമാണെങ്കിലും വിപ്ലവത്തിന് വേണ്ടി ആരുടെയെങ്കിലും മതവിശ്വാസത്തെ നിന്ദിക്കുന്നത് ശിക്ഷാര്‍ഹമാണെന്നതായിരുന്നു ആ വ്യവസ്ഥ.
പതിറ്റാണ്ടുകളോളം ക്യൂബന്‍ ഭരണാധികാരിയായിരുന്ന കാസ്ട്രോയ്ക്ക് 2000ത്തിന്റെ തുടക്കത്തിലാണ് മങ്ങലേറ്റത്. കാസ്ട്രോ യുഗത്തിന്റെ അന്ത്യത്തിന് അന്ന് തുടക്കം കുറിച്ചു. എങ്കിലും തോല്ക്കാന് മനസ്സില്ലാത്ത പോരാളിയായിരുന്നു. തന്നിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചുനിര്‍ത്തുന്ന മാസ്മരിക പ്രഭാവം അപ്പോഴേക്കും നഷ്ടമായിത്തുടങ്ങി. അനാരോഗ്യത്തെ തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന കാസ്ട്രോ, മാധ്യമങ്ങളിലൂടെ ലേഖനങ്ങളെഴുതി ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തി. കാസ്ട്രോ വിടവാങ്ങി എന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചു.
634 വധശ്രമങ്ങളില്‍ നിന്ന് രക്ഷപെട്ട തന്നെ അത്രവേഗം മരണം കൂട്ടിക്കൊണ്ടുപോകില്ല എന്ന ഉറപ്പോടെ, അപ്പോഴൊക്കെ അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നേതാവ് മരിച്ചിട്ടില്ല എന്ന് ആരാധകര്‍ ആശ്വസിക്കുമ്പോഴും വാക്കുകള്‍ ഇടറി, ശരീരം വിറകൊള്ളുന്ന വയസ്സനായിത്തുടങ്ങിയെന്ന് ജനം തിരിച്ചറിഞ്ഞു. കഴിഞ്ഞുപോയ കാലത്തെ പ്രതാപം തിരിച്ചുപിടിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കിയ കാസ്ട്രോ, ഭരണം സഹോദരന് റൗള്‍ കാസ്ട്രോയ്ക്ക് കൈമാറി. സ്വയം കെട്ടിയുയര്‍ത്തിയ പ്രതിച്ഛായക്കുള്ളില്‍ നിറഞ്ഞുനിന്ന കാസ്ട്രോയുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് സാന്തിയാഗോയില് എത്തും. ഇനി അത്, ചാരം മൂടിയ ഓര്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: