ജപ്തിചെയ്യാനെത്തിയ ബാങ്കധികൃതരെ തടയുന്നു.
തൃശൂര്‍: മൂന്നുലക്ഷം രൂപക്ക് സ്വകാര്യ പണമിടപാടുകാരന് പണയപ്പെടുത്തിയ വീടിന്റെ പേരില്‍ ഒരുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപക്ക് ജപ്തി നടപടി. തൃശൂര്‍ കോവിലകത്തുംപാടം കുന്നത്തുവളപ്പില്‍ കൊച്ചുണ്ണിയുടെ വീടാണ് സിറ്റി യൂണിയന്‍ബാങ്ക് ജപ്തി ചെയ്യാനെത്തിയത്. പട്ടികജാതിക്കാരനായ കൊച്ചുണ്ണിയുടെ മകന് ഗള്‍ഫില്‍ പോകാനായി 2008ല്‍ വീടും സ്ഥലവും അഞ്ചേരി കുരിശിങ്കല്‍ ഫെലിക്സ് മകന് സാംസണ് (45) പണയപ്പെടുത്തി മൂന്നുലക്ഷംരൂപ വാങ്ങിയിരുന്നു. കൊച്ചുണ്ണിയും മക്കളും അറിയാതെ സാംസണ് ഈ ആധാരം പണയം വെച്ച് ബാങ്കില്‍ നിന്ന് 70ലക്ഷം രൂപ വായ്പയെടുത്തു. ബാങ്കധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്നാണ് സൂചന.
മാസങ്ങള്‍ക്ക് മുമ്പ് ഒരുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കുമെന്നും കാണിച്ച് സിറ്റി യൂണിയന് ബാങ്ക് കൊച്ചുണ്ണിയുടെ മക്കള്‍ക്ക് നോട്ടീസയച്ചു. ഇതോടെയാണ് ചതി മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ റവന്യൂ-പോലീസ് അധികൃതര്‍ക്ക് പരാതി നല്കി. എന്നാല്‍ പരാതിയിന്മേല് നടപടിയുണ്ടാവുന്നതിന് മുമ്പ് ഇന്നലെ തിടുക്കത്തില്‍ ബാങ്കധികൃതര്‍ പോലീസുമായെത്തി ജപ്തിനടപടി ആരംഭിച്ചു. ഇതോടെ പൊതുപ്രവര്‍ത്തകരും നാട്ടുകാരും സംഭവമറിഞ്ഞ് രംഗത്തെത്തി നടപടികള്‍ തടഞ്ഞു.
ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, കോണ്‍ഗ്രസ് നേതാക്കളായ അനില്‍അക്കര എംഎല്‍എ, സുനില്‍ ലാലൂര്‍, എസ്സി/എസ്ടി ഏകോപനസഭാനേതാക്കളായ പി.ശശികുമാര്‍, കൃഷ്ണന്‍കുട്ടി പടിക്കാല, ബാലകൃഷ്ണന് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ആറ് സെന്റ് ഭൂമിയിലുള്ള പഴയവീട്ടില്‍ കൊച്ചുണ്ണിയുടെ ഏഴുമക്കളായ ഗൗരി, ഗീത, കൃഷ്ണന്,മീര, ഷിബു,ഷാര്‍മിള, ഷാബു എന്നിവരാണ് താമസം. ആറ് സെന്റ് സ്ഥലവും ഇടിഞ്ഞുവീഴാറായ കെട്ടിടവും ഈടായി സ്വീകരിച്ച് പലിശ ഇടപാടുകാരനായ സാംസണും 70ലക്ഷം രൂപ എങ്ങനെ വായ്പയെടുക്കാനായി എന്നത് ദുരൂഹതയായി തുടരുന്നു. സാംസണെതിരെയും ബാങ്ക് അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് സംഭവത്തില്‍ ഇടപെട്ടവര്‍ ആവശ്യപ്പെട്ടു. ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ജപ്തിനടപടി പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പോലീസില്‍ നല്കിയ പരാതികള്‍ അവഗണിക്കുകയായിരുന്നുവെന്ന് കൊച്ചുണ്ണിയുടെ മക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: