കോഴിക്കോട്: കോംട്രസ്റ്റ് സമരത്തില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ശക്തമാകുന്നതിനിടയില്‍ ഭിന്നിപ്പ് സിപിഎമ്മിനുള്ളിലേക്കും. കോംട്രസ്റ്റ് ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ സിപിഎം അനുഭാവികളായ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. സംയുക്ത തൊഴിലാളി കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ നിന്ന് സിഐടിയു മാറി നില്‍ക്കുമ്പോഴാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് നടക്കുന്ന സംയുക്തസംഗമത്തില്‍ പങ്കെടുക്കുന്നത്.
2012 ല്‍ ജൂണില്‍ നിയമസഭ കോംട്രസറ്റ് ഏറ്റെടുക്കാനുള്ള ബില്‍ ഐകകണ്‌ഠ്യേന പാസ്സാക്കിയിരുന്നു. സംസ്ഥാന പുരാവസ്തു വകുപ്പാകട്ടെ കോംട്രസ്റ്റ് അതേപടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ക്കും തുടക്കം കുറിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് കോംട്രസ്റ്റ് മാനേജ്‌മെന്റും ഭൂമാഫിയയും ഭൂമി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയത്. ഇതിനെതിരെ ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ് തുടങ്ങിയ യൂണിയനുകള്‍ സമരത്തില്‍ ആണെങ്കിലും സിഐടിയു വിട്ടു നില്‍ക്കുന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. സിപിഎം നേതാക്കളടങ്ങുന്ന സൊസൈറ്റി ഭൂമി വാങ്ങിച്ചതും വിവാദമായി. സിപിഎമ്മിനുള്ളില്‍ ഇത് കടുത്ത ഭിന്നിപ്പാണ് സൃഷ്ടിച്ചത്. കോംട്രസ്റ്റ് ഭൂമി മുറിച്ചുവില്‍ക്കുന്ന ഭൂമാഫിയക്ക് ഒരു വിഭാഗം സിപിഎം നേതാക്കള്‍ പിന്തുണ നല്‍കുകയാണെന്ന ആരോപണമുയര്‍ന്നു. ഇതിനിടയിലാണ് പുരോഗമന കലാ സാഹിത്യ സംഘത്തില്‍ സജീവമായ ഒരു വിഭാഗം ഇന്ന് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കുന്നത്. മുന്‍ കൗണ്‍സിലര്‍ ജാനമ്മ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിലാണ് ഈ വിഭാഗം സാംസ്‌കാരിക സദസ്സില്‍ പങ്കെടുക്കുന്നത്. സിപിഎം വേദികളില്‍ സ്ഥിരസാന്നിദ്ധ്യമായ പ്രമുഖരും ഇതില്‍ അണിചേരും. കോംട്രസ്റ്റ് ഭൂമി പ്രശ്‌നം സിപിഎമ്മില്‍ കൂടുതല്‍ വിവാദം സൃഷ്ടിക്കുകയാണ്.
















