പുതുക്കാട് : തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ ലോറിയില്‍ കടത്തുന്ന സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രി കൈകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ എഴുപതോളം പേരെ കുത്തിനിറച്ച് സേലത്ത് നിന്ന് അങ്കമാലിയിലേക്ക് വന്നിരുന്ന ലോറി പിടികൂടിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇത്തരത്തില്‍ ലോറിയില്‍ തൊഴിലാളികളെ കൊണ്ടുവരുന്നത് പതിവാണെന്ന സംശയത്തിലാണ് പോലീസ്. യാതൊരു വിധ രേഖകള്‍ ഇല്ലാതെയാണ് തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിപെടുന്നത്.ചരക്ക് ലോറികളില്‍ തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുവരുന്നതിനു പിന്നില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയവും പോലീസിനുണ്ട്. അമിത യാത്രാകൂലി കൊടുക്കാന്‍ കഴിയാതെയാണ് തൊഴിലാളികള്‍ ചരക്ക് ലോറികളെ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ടുവരുന്ന ലോറികള്‍ സംസ്ഥാനതിര്ത്തിയിലുള്ള ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താതെയാണ് കടത്തിവിടുന്നത്.സ്ത്രീകളും, കുട്ടികളും വീട്ടു സാധനങ്ങളുമായി ഒരു ലോറിയില്‍ നൂറോളം പേരാണ് തിങ്ങിനിറഞ്ഞ് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്. അധികാരികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ലോറിയില്‍ പതുങ്ങിയിരുന്നാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്.
ദിവസകൂലിക്കായി പണിയെടുക്കാന്‍ സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനായി സ്പോണ്‍സര്‍മാര്‍ ചമഞ്ഞ് എത്തുന്നവരും നിരവധിയാണ്.തമിഴ്നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്ന കൂലിയുടെ മൂന്നിരട്ടി കിട്ടുന്നതാണ് ഇവര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കാറാന്‍ കാരണം. തിരിച്ചറിയല്‍ രേഖ പോലുമില്ലാതെ എത്തുന്ന തൊഴിലാളികള്‍ പോലീസിന് തലവേദനയായിരിക്കുകയാണ്. ചരക്കു ലോറിയില്‍ തൊഴിലാളികളെ എത്തിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘങ്ങളായാണ് തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ തമ്പടിക്കുന്ന സംഘങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളുമാണ് ഉയര്‍ത്തുന്നത്. പെര്‍മിറ്റ് ദുര്‍വിനിയോഗം ചെയ്താണ് ലോറി ജീവനക്കാര്‍ തൊഴിലാളികളെ കടത്തുന്നത്. ഇത്തരത്തില്‍ കേരളത്തിലെത്തുന്ന തൊഴിലാളികള്‍ താമസ സൗകര്യവും ഭക്ഷണവുമില്ലാതെ പീടികതിണ്ണയില്‍ അഭയം തേടേണ്ട സ്ഥിതിയാണ്. മാടുകളെ കൊണ്ടുവരുന്നതു പോലെ മനുഷ്യക്കടത്ത് നടത്തുന്ന സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: