കൊട്ടാരക്കര: പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകളെ പിക്കപ്പ് വാന്‍ ഇടിച്ചു. ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. കോട്ടാത്തല പണയില്‍ കുറവന്‍ചിറ തെക്കടത്ത് വീട്ടില്‍ പരേതനായ അശോകന്‍ ഉണ്ണിത്താന്റെ ഭാര്യ ലതികകുമാരി(48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പണയില്‍ എള്ളുവിള ശ്രീശൈലം മിലികൃഷ്ണനെ(35) സാരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാഗ്യശ്രീയില്‍ മിനി(44), കുറവന്‍ചിറ ഗീതാലയത്തില്‍ ഗീതാമണി(38) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനോടെ പുത്തൂര്‍- കൊട്ടാരക്കര റോഡില്‍ പണയില്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സ്ഥിരമായി പ്രഭാതനടത്തത്തിന് പോകുന്ന സ്ത്രീകള്‍ അവണൂര്‍ വരെ നടന്ന് തിരികെ വരുമ്പോഴാണ് അമിത വേഗതയില്‍ പാല്‍കയറ്റി വന്ന പിക്കപ്പ്‌വാന്‍ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലതികകുമാരി സമീപത്തെ തോട്ടിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ലതികാകുമാരിയെ വഴിയാത്രക്കാരും സമീപവാസികളും ചേര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെ നിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനുശേഷം നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ പിന്നീട് ശൂരനാട് പോലീസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അഖില്‍നാഥാണ് മരിച്ച ലതികയുടെ മകന്‍. ആര്‍ച്ച മരുമകളാണ്. കൊട്ടാരക്കര പോലീസ് കേസെടുത്തു.
















