അരീക്കോട്: പൂര്‍വ്വികരുടെ കാലം മുതല്‍ കൈവശം വെച്ചുപോരുന്നതും എല്ലാവിധ രേഖകളുമുള്ളതായ ഭൂമി ക്വാറി മാഫിയ തട്ടിയെടുത്തതായി പരാതി. കാവനൂര്‍ ഇരുവേറ്റി ആലുങ്ങല്പറമ്പില് അനിമോനാണ് ക്വാറി മാഫിയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാഫിയകളുടെ ഭീഷണിമൂലം സ്വന്തം സ്ഥലത്ത് പ്രവേശിക്കാനാവുന്നില്ലെന്നും താനും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും അനിമോന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനിമോന്റെ അമ്മയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള 46.38 സെന്റ് സ്ഥലമാണ് സമീപവാസിയും ക്രഷര്‍ ഉടമയുമായ കോലത്തുംതൊടി വീരാന്‍കുട്ടി ഹാജിയും മക്കളും കയ്യേറിയിരിക്കുന്നത്. 2007ല്‍ അമ്മയുടെ അച്ഛനും പിന്നീട് 2010ല്‍ അമ്മയും മരിച്ചതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അനിമോന്റെയും സഹോദരിമാരുടെയും പേരില്‍ ലഭിച്ചതാണ്. 1998ല്‍ കാവനൂര്‍ പഞ്ചായത്ത് അനുവദിച്ച വീടും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.
ക്രഷര്‍ യൂണിറ്റിന് ഇവരുടെ താമസം അസൗകര്യമാണെന്നും അതുകൊണ്ട് ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം കുടുംബത്തോടെ കൊന്നുകളയുമെന്നുമാണ് ഭീഷണി. ഭീഷണി വര്‍ധിച്ചപ്പോള്‍ അരീക്കോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും മാഫിയ പണം വാരിയെറിഞ്ഞ് എല്ലാം ഒതുക്കിതീര്‍ത്തു.
2011ല്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മാഫിയ അപ്പലെറ്റ് അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കേസ് തള്ളികളഞ്ഞു. ഈ ഉത്തരവിന്റെ പകര്‍പ്പിനായി ലാന്‍ഡ് ബോര്‍ഡില്‍ ബന്ധപ്പെട്ടപ്പോള്‍ സമയമായില്ലെന്നാണ് മറുപടി ലഭിച്ചത്. വീണ്ടും വിവരാവകാശപരമായി നീങ്ങിയപ്പോള്‍ ലഭിച്ചപ്പോള്‍ കിട്ടിയ മറുപടി ഫയല്‍ കാണാനില്ലെന്നാണ്.
മാഫിയകള്‍ സ്വന്തം ഭൂമിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് മൂലം വലിയ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്കി നീതിക്കായി കാത്തിരിക്കുകയാണ് അനിമോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: