മൂന്നുതവണ മുഖ്യമന്ത്രിയായ ഇ.കെ.നായനാര്‍ പല പ്രധാനമന്ത്രിമാരുമായും അനുകരണീയമായ ബന്ധം പുലര്‍ത്തിയിരുന്നു. കൂടുതല്‍ പ്രാവശ്യം സന്ദര്‍ശിച്ചതും സംസാരിച്ചതും അടല്‍ ബിഹാരി വാജ്പേയിയുമായിട്ടാണ്. ആദ്യം കണ്ടപ്പോള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൊടുത്ത സമ്മാനം വ്യാസവിരചിതമായ ഭഗവദ്ഗീത.
ഗീത അനുസ്മരണം ചെയ്യുന്ന വാജ്പേയിക്ക് കമ്മ്യൂണിസം മെയ്യിലും മനസ്സിലും പേറി നടക്കുന്ന നായനാര്‍ നല്കിയ കൃതിയുമായി കാലദേശ ഭാഷാപരമായ വേര്‍തിരിവുകളല്ലാതെ ആത്യന്തികമായ സത്യവ്യതിയാനമൊന്നുമില്ലെന്നുകാണാം. രണ്ടിലും അംഗീകരിക്കപ്പെടുന്നത് ശത്രുസംഹാരവും അധികാരം കൈയടക്കലുമത്രേ. അതു പ്രയോഗിക്കപ്പെടുന്നതിലും രീതിയിലുമുള്ള വ്യത്യാസമേയുള്ളൂ. രണ്ടിലും കൊല്ലും കൊലയും ഇല്ലാതില്ലെന്നു സാരം. കുരുക്ഷേത്രത്തില്‍ നടന്നതു തന്നെ റഷ്യയിലും ചൈനയിലും നടന്നു. പോരാട്ടങ്ങള്‍ രക്തച്ചൊരിച്ചിലുകള്‍ എല്ലാം.
”വിധവാ നാന്തു നാരീണാം കാഗതി പുരുഷോത്തമാ,
അഹം, സന്യാസി രൂപേണ സ്വീകരോമി ധനഞ്ജയ!”
”ഭഗവാനേ, വിധവകളുടെ ഗതിയെന്താണ്? അര്‍ജ്ജുനാ ഞാന്‍ അവരെ സന്യാസീ രൂപത്തില്‍ സ്വീകരിക്കും.”
മുക്കുവത്തിയില്‍ പരാശര മഹര്‍ഷിക്കുണ്ടായ വ്യാസന്റെ സന്തതി പരമ്പരകളല്ലോ ഭാരതീയര്‍. തുടര്‍ന്ന് കാലദേശ മാറ്റങ്ങള്‍ക്കനുസരിച്ച് ഭാഷകളില്‍, ആചാര മര്യാദകളില്‍ മാറ്റം. ഹൈന്ദവ ക്രൈസ്തവ ബൗദ്ധ ജൈനമതകേന്ദ്രങ്ങളില്‍ ഇത് കാണാം. ശ്രീകൃഷ്ണന് 16,008 ഭാര്യമാരുണ്ടായിരുന്നുവത്രേ. ഒരുപക്ഷേ, കുരുക്ഷേത്രത്തില്‍ പുരുഷന്മാര് ഒരുപാടെണ്ണം ഒടുങ്ങിയതുകൊണ്ടുമാകണം. ബഹുഭാര്യാത്വം അന്ന് നിഷിദ്ധമായിരുന്നില്ല.
വാജ്പേയിയും നായനാരും കവികളായിരുന്നു. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ ദേശാഭിമാനോജ്ജ്വലമായ കവിത അദ്ദേഹം രചിക്കുകയുണ്ടായി.
”ഏക് നഹീ ദോ നഹീ കരോ ബീ സോം
സംജോതേ ഭാരത് കാ മസ്തക് നഹീ ചുക്കോംഗേ
അഗ്നിത് ബലി ദാനോംസേ ആര്‍ജിത് യഹ് സ്വാതന്ത്രതാ
അശ്രു, ശോക്, ശൗര്യാസേ സിന്ചിത് യഹ് സ്വതന്ത്രതാ
ത്യാഗ്, തേജ് തപ് ബല് സേ രക്ഷിത് യഹ് സ്വതന്ത്രതാ
ദുഃഖീ മനുജനാ കീ ഹിത് അര്പിത് യഹ് സ്വതന്ത്രതാ
———————————————
പര് തും ക്യാജാനോ ആസാദീ ക്യാ ഹോതാ
ഹേ തും ഹോം മുഫ്ത് മേം
മിലിനാ കീ മത് ഗൈ ചുകീ”
(ഒന്നല്ല രണ്ടല്ല ഇരുപതുകാരന് ആയാലും സ്വതന്ത്ര ഭാരതത്തിന്റെ തല കുനിയുകയില്ല.)
എണ്ണമറ്റ ജീവന് ബലിയര്‍പ്പിച്ചു നേടിയ സ്വാതന്ത്ര്യമാണ്
കണ്ണുനീര്, ശോകം, ശൗര്യം എന്നിവയാല്‍ നിറഞ്ഞതാണ് ഈ സ്വാതന്ത്ര്യം
ത്യാഗവും തപബലവും കൊണ്ട് രക്ഷിതമാണ് ഈ സ്വാതന്ത്ര്യം
ദുഃഖിതരായ മനുഷ്യര്‍ ആഗ്രഹിച്ചതാണ് ഈ സ്വാതന്ത്ര്യം
പക്ഷേ സ്വാതന്ത്ര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?
നിങ്ങള്‍ക്ക് അത് വെറുതേ ലഭിച്ചതല്ലേ, വിലകൊടുക്കാതെ)
സ്വാതന്ത്ര്യസമര കാലയളവില്‍ ഇ.കെ.നായനാരും വിദേശാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് കവിതകളെഴുതിയിട്ടുണ്ട്. അദ്ദേഹം പില്ക്കാലത്ത് അതു മതിയാക്കി, വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി മുഴുകി.
ഒരിക്കല്‍ വാജ്പേയി രണ്ടുമൂന്നു ദിവസം വിശ്രമാവധിയില് കേരളത്തില്‍ വന്നു, കോട്ടയം കുമരകത്ത്.
നായനാരും മന്ത്രിമാരും അദ്ദേഹത്തെ കണ്ട് കുശലാന്വേഷണം നടത്തി. ചീഫ് സെക്രട്ടറിയുള്‍പ്പെടെ ഒരു വലിയ സംഘം പ്രധാനമന്ത്രിയെ മുഖം കാണിക്കാനെത്തി. അവരുമായി അരമണിക്കൂറോളം വര്‍ത്തമാനം പറഞ്ഞ് ബോട്ടുയാത്രയ്ക്ക് പ്രധാനമന്ത്രി പുറത്തിറങ്ങി. ബോട്ടിലേക്കു പോകും വഴിയില്‍ എന്നെ കണ്ടപ്പോള്‍ ചോദ്യം.
Why didn’t you come to meet me??
(നിങ്ങളെന്താ അകത്തേക്ക് വരാത്തത്?) ഞാന്‍ തൊഴുതു.
ദല്‍ഹിയില്‍ വരുമ്പോഴെല്ലാം അങ്ങയെ കാണാറുണ്ടല്ലോ എന്നു ഞാന്‍.
സന്തോഷപൂര്‍വ്വം കൈകാണിച്ച് അദ്ദേഹം ബോട്ടിനടുത്തേക്ക് പോയി. അത് ഞാന്‍ ശ്രദ്ധിച്ചു. കാരണം ഓരോ ദിവസവും എത്രയോ പേരെ കാണുന്ന പ്രധാനമന്ത്രി മൂന്നോ നാലോ പ്രാവശ്യം മാത്രം കണ്ടിട്ടുള്ള എന്നെ തിരിച്ചറിയുന്നു.
അതങ്ങനെയാണ്. അധികാരം കൈകാര്യം ചെയ്യുന്നവരും അഹന്ത തലയ്ക്കുപിടിക്കാത്തവരുമായ രാഷ്ട്രീയ നേതാക്കളും അസാധാരണമായ ഓര്മ്മശക്തിയുള്ളവരത്രേ. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുമ്പോഴും പേരുവരെ ഓര്‍ക്കും. അത്തരക്കാര്‍ക്കാണ് ഏറെപ്പേരും വോട്ടുചെയ്യുക. അവരെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക. ചക്രവര്‍ത്തിമാരും രാജാക്കന്മാരും മറ്റും ഏറെക്കുറെ അങ്ങനെയായിരുന്നു. അക്ബര്‍ ചക്രവര്‍ത്തി മുപ്പതിനായിരം വരുന്ന കൊട്ടാരം സേവകരെ പേരെടുത്തു വിളിച്ചിരുന്നുവെന്നു ചരിത്രം. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെക്കുറിച്ച് അങ്ങനെ ശൂരനാടു കുഞ്ഞന്‍പിള്ള സാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഔചിത്യരഹിതമായ വാക്കുകള്‍ അവരില്‍ നിന്ന് ഉണ്ടാവുകയില്ല.
തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരത്തിന്റെ അമരക്കാരനും പ്രധാനമന്ത്രിയും, തിരു-കൊച്ചിയിലെയും കേരളത്തിലെയും മുഖ്യമന്ത്രിയും പഞ്ചാബ് ഗവര്‍ണറുമായിരുന്ന പട്ടം താണുപിള്ള തിരുവനന്തപുരത്തു നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു. എതിര് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എസ്.ഈശ്വരയ്യര്‍. പഴവങ്ങാടി മൈതാനത്ത് പ്രസംഗത്തിനിടെ പട്ടം പറഞ്ഞു: ‘ഇവിടെ എനിക്കെതിരായി ഏതോ ഒരു ഈശ്വരന് മത്സരിക്കുന്നുവെന്നുകേട്ടു. ആരാണിയാള്‍?’
തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായത്തിന് നേരെ നടന്ന കൂട്ട വെടിവെപ്പിന്റെ പശ്ചാത്തലവും കോട്ടയ്ക്കകത്തെ ബ്രാഹ്മണരുടെ ഒന്നടങ്കമുള്ള പ്രതിഷേധവും പട്ടത്തെ പൊട്ടിച്ചുകളഞ്ഞു. ഇക്കാലത്തെ ചില ചെറു രാഷ്ട്രീയ ജംബുകങ്ങള്‍ക്ക് എന്തുസംഭവിച്ചുകൂടാ?
ദശകങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച് ജനസമ്മതിയാര്ജ്ജിച്ച് പ്രായപൂര്‍ത്തിയായ ഉടനെ ലോക്സഭയിലെത്തിയ വാജ്പേയി കളിയും കാര്യവും കവിതയും കന്മഷമില്ലാത്ത വാക്കുകളുടെ തന്മയത്വത്തോടെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സാന്നിധ്യത്തില്‍ ചെയ്ത കന്നിപ്രസംഗം കേട്ട് അന്ന് നെഹ്റു പറഞ്ഞു: ഈ ചെറുപ്പക്കാരന് നാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും.
പറവൂര്‍ ടി.കെ.നാരായണപിള്ള, മന്നത്തുപത്മനാഭന്, എ.പി.ഉദയഭാനു, സി.കേശവന്, ടി.എം.വര്‍ഗീസ്, എ.കെ.ജി, കെ.കരുണാകരന്, ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, വി.എം.സുധീരന് ഇങ്ങനെ… ഇ.കെ.നായനാര്‍ എവിടെ ചെന്നാലും പേരുപരാമര്ശിക്കുമ്പോള്, ഇ.എം.എസ് ജീവചരിത്രകാരന്‍ എന്നറിയപ്പെട്ട അപ്പുക്കുട്ടന് വള്ളിക്കുന്നിനെ വള്ളിക്കുട്ടന്‍ അപ്പുക്കുന്ന് എന്നായിരിക്കും പരാമര്‍ശിക്കുക. പക്ഷേ, നായനാര്‍ എങ്ങനെ വിളിച്ചാലും ആള്ക്കാര്ക്കിഷ്ടമാണല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസിനകത്തേക്കു കയറിവന്ന ഒരു പത്രപ്രവര്‍ത്തകനെ കണ്ടപ്പോള്‍ എന്നോട് ‘ദേ, നിങ്ങള്‍ നോക്ക്, കള്ളന് വരുന്നു നോക്ക് കള്ളന്, കള്ളന്’! അതുകേട്ടുകൊണ്ട് ആ പത്രക്കാരന് തന്നെ ചിരിച്ചുകൊണ്ടുവന്നപ്പോള് ഇരിക്ക് കള്ളന്, എന്താ വന്നത്” എന്നായി. തുടര്‍ന്ന് വെടിപറച്ചിലായി. ദേഷ്യം വന്നാല്‍ ചിലരെ നിറുത്തി പൊരിക്കുന്നതുകണ്ട് ഞാന്‍ പോകാനൊരുങ്ങും. അപ്പോള്‍ ”നിങ്ങളും നില്ക്ക്” എന്നോടുപറയും. വാജ്പേയി തമാശകളൊന്നും പറഞ്ഞുകേട്ടിട്ടില്ല. അന്നതിന് സമയവും കുറവായിരുന്നല്ലോ.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംഭവിച്ചത് യാദൃച്ഛികമായാണ്. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്തപ്പോള്‍, തലേന്ന് വകുപ്പുമന്ത്രി രാഘവന് റൂമില്‍ വന്ന് മുഖ്യമന്ത്രിയോട് സംസാരിച്ചു. ആയിടക്ക് ഒരു വാര്‍ത്ത ചില പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു പട്ടികജാതിക്കാരനെ ആരോ ബലം പ്രയോഗിച്ചു മലം തീറ്റിച്ചുവെന്ന്. വാര്‍ത്ത പച്ചക്കള്ളമായിരുന്നുവെങ്കിലും സ്രഷ്ടാക്കള്‍ അതിന് രാജ്യ വ്യാപകമായ പോഷണം കൊടുത്തു. പ്രധാനമന്ത്രി വന്നു. യോഗമാരംഭിച്ചു കൃത്യം 10 ന്. ഒരു മണിക്ക് തീര്‍ക്കണം. അക്കാര്യത്തില്‍ നിഷ്ഠയുള്ളയാളാണ് രാജീവ്ഗാന്ധി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വകുപ്പ് മന്ത്രിമാരുടെയും കളിയായിരുന്നു ആ യോഗത്തില്‍. നായനാര്‍ വന്നപ്പോള്‍ തന്നെ ചിലര്‍ ‘നായനാര്‍ ആയാ ഹെ, നായനാര്‍ ആയാ ഹെ’ എന്ന് ഉച്ചത്തില്‍ ശബ്ദിച്ചു തുടങ്ങി. മറ്റ് സംസ്ഥാന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും വകുപ്പുമന്ത്രിമാരും സംസാരിച്ചുകൊണ്ടേയിരുന്നു. നായനാര്‍ മിണ്ടാതിരുന്നു.
രാജീവ്ഗാന്ധിക്ക് ഏതുയോഗവും കൃത്യസമയത്ത് തീര്‍ക്കണമെന്ന നിഷ്ഠയുണ്ട്. 10 മണിക്ക് തുടങ്ങിയ യോഗത്തില്‍ 12.30 നാണ് സംസാരിക്കുവാന്‍ കേരള മുഖ്യമന്ത്രിയെ വിളിക്കുന്നത്. നായനാര്‍ 5 മിനിട്ടു സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു. സംസാരം ചുരുക്കണം, ഒരു മണിക്ക് യോഗം നിര്‍ത്തേണ്ടതാണ്. മുഖ്യമന്ത്രി ചൂടായി; നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടംപോലെ സമയം കൊടുത്തു. കേരളത്തെ കുറ്റപ്പെടുത്താന്‍, എന്നെ ചീത്ത പറയാന്‍. ആരോപണങ്ങള്‍ക്കു ഞാന്‍ മറുപടി പറയേണ്ടേ? അതിന് സമയമില്ലെങ്കില്‍ ഞാന്‍ സംസാരിക്കുന്നേയില്ല.
നായനാര്‍ ഒരു വശത്തേക്ക് തിരിഞ്ഞ് ഒറ്റ ഇരിപ്പ്. പ്രധാനമന്ത്രിക്ക് വിഷമമായി. അദ്ദേഹം ‘മി. നായനാര്‍ പ്ലീസ് സ്പീക്ക്’ എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍, നായനാര്‍ കല്ലിന് കാറ്റു പിടിച്ചപോലെ ഒരേ ഇരിപ്പ് തന്നെ. രാഘവന് ഒന്നിനും ശക്തനാകാതെ മിണ്ടാതിരുന്നു. ഞാന്‍ രണ്ടുവരി പിന്നിലാണ്. ഇടയില്‍ എന്തെങ്കിലും പറയാനോ കുറിപ്പു കൊടുക്കാനോ പോലും കഴിയാതെ വിഷമിച്ചിരുന്നു. അപ്പോള്‍ രണ്ട് സീറ്റ് അപ്പുറത്തിരുന്ന കശ്മീര്‍ മുഖ്യമന്ത്രി ഷേക് അബ്ദുള്ള, നായനാരുടെ അടുത്തേക്ക് ചെന്നു. അവര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. ‘Nayanar, please speak’’എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു പ്രധാനമന്ത്രി. അബ്ദുള്ള ഇടപെട്ട് നായനാരെ ശാന്തനാക്കി. അദ്ദേഹം സംസാരിച്ചുനിര്ത്തിയപ്പോള് 12.50. പ്രധാനമന്ത്രി ഉടന്‍ തന്നെ 10 മിനിട്ടില്‍ എല്ലാവര്ക്കും മറുപടി പറഞ്ഞു. ഒന്നിച്ചു കൂടാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു ഒരു മണിക്ക് യോഗം അവസാനിപ്പിച്ചു.
മറ്റൊരു സന്ദര്‍ഭം നാളികേരത്തിന്റെ വിലയിടിവും രോഗബാധ മൂലമുള്ള മണ്ട ചീയലും അവയുടെ അകാലനാശവും കാരണം കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്ന് നിശ്ചയിച്ചു. സംഘം നിവേദനവുമായി ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. അവിടെ മറ്റൊരു ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഡസന്‍ പേരുള്ള ഡെലിഗേഷന് പുറത്ത് കാത്തിരിക്കെ എന്തോ പറഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ എം.എം.ലോറന്‍സും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കമായി. നിങ്ങളെപ്പോലൊരു എല്‍ഡിഎഫ് കണ്‍വീനറെ ഞാനും കണ്ടിട്ടില്ലെന്നു നായനാര്‍. അപ്പോഴേക്കും പ്രധാനമന്ത്രി ഫ്രീയായി.
നിവേദക സംഘം പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി എല്ലാവരോടും പറഞ്ഞു. രാജീവ്ഗാന്ധി ഒരബദ്ധം പറഞ്ഞിട്ടുണ്ട്. അത് ജനങ്ങളറിഞ്ഞാല്‍ അദ്ദേഹത്തിന് നമ്മുടെ നാട്ടിലെ കര്‍ഷകരെക്കുറിച്ചും കാര്‍ഷിക വിളകളെക്കുറിച്ചും ഒരു ധാരണയുമില്ലെന്ന് കരുതില്ലേ. അതുകൊണ്ട് അക്കാര്യം ആരും മിണ്ടണ്ട. രോഗം ബാധിച്ച വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞ് പുതിയവ നട്ടുവളര്‍ത്തിയാല്‍ പോരേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അദ്ദേഹമുണ്ടോ അറിയുന്നു വളവും വെള്ളവുമുണ്ടെങ്കില്‍ ഒരു വര്‍ഷം മുതല്‍ 50 വര്‍ഷത്തിനപ്പുറം ഫലസമൃദ്ധി തരുന്ന മരമാണ് നാളികേരവൃക്ഷമെന്ന്. ഒരിക്കല്‍ വെട്ടിക്കളഞ്ഞാല്‍ പിന്നെ പൂത്തു കായ വരുമ്പോഴേക്കും കേരള കര്‍ഷകര്‍ പട്ടിണിയിലാകുമെന്നും അത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ തീരാതളര്ച്ചയാകുമെന്നും.
ലോറന്‍സുമായി വഴക്കു കൂടിയെങ്കിലും അതെത്രയോ നൈമിഷികമായിരുന്നു! ദല്‍ഹിയില്‍ നിന്ന് മടങ്ങിവന്ന ശേഷം നായനാര്‍ ഗള്‍ഫിലേക്ക് പോകും മുന്‍പ് ലോറന്‍സ്, മുഖ്യമന്ത്രിയെ ഒരുകാര്യം ഓര്‍മ്മിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ മകളും മരുമകനും കുവൈറ്റിലാണ്. അവരുടെ ഒരു പ്രശ്നം അംബാസഡറുമായി മുഖ്യമന്ത്രി സംസാരിക്കണം. അംബാസഡറുമൊത്തുള്ള യാത്രക്കിടയില്‍ ഞാന്‍ കാര്യം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. പ്രതികരണം. ”പിന്നെ, ലോറന്‍സ് നമ്മുടെ ഒരു പ്രധാന നേതാവല്ലേ? തീര്‍ച്ചയായും പറയണം”. അദ്ദേഹം അങ്ങനെ ചെയ്തു. വിവരം പറഞ്ഞപ്പോള്‍ ലോറന്‍സ്: അതാണ് നായനാര്‍. ആ മനുഷ്യന് ആരോടും വെറുപ്പും വൈരാഗ്യവുമില്ല.”
രാജീവ് കൊല്ലപ്പെട്ടുവെന്നറിഞ്ഞത് രാത്രി 11 മണിയോടെ. മുഖ്യമന്ത്രി കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ഉറക്കമായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്നു എന്നെ ആദ്യം വിവരമറിയിച്ചത്. ഞാന്‍ ഡിജിപിയെ വിളിച്ച് ക്രമസമാധാനം സംബന്ധിച്ച് കരുതല്‍ നടപടിയെടുക്കുന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഉറങ്ങുമ്പോള്‍ മുഖ്യമന്ത്രിയെ ഉണര്‍ത്താന്‍ ആരും ധൈര്യപ്പെടുകയില്ല. എങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞാന്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. ഉടന്‍ തന്നെ തലസ്ഥാനത്തെത്തണമെന്ന് ഓര്‍മ്മിപ്പിച്ചു. അദ്ദേഹം തിരുവനന്തപുരത്തെത്തി കാര്യങ്ങള്‍ അവലോകനം ചെയ്തു. കോണ്‍ഗ്രസുകാര്‍ സംസ്ഥാനമാകെ പ്രചരണം നടത്തിയത്, വധത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരാണെന്നായിരുന്നു. അതിന് വ്യാപകമായ ദുഷ്ഫലമുണ്ടായി. അമിതമായ ആത്മവിശ്വാസം കൊണ്ടോ ആര്‍ക്കോ മുഖ്യമന്ത്രിയാകാനുള്ള തിടുക്കം കൊണ്ടോ മന്ത്രിസഭയുടെ കാലാവധി തീരും മുന്‍പ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട് തീയതി നിശ്ചയിച്ചു കഴിഞ്ഞിരുന്നു. രാജീവിന്റെ ക്രൂരമരണത്തിന്റെ പ്രഹരം അനര്‍ഹമായി ഭരണകക്ഷിയെ ബാധിച്ചു. ഇടതുപക്ഷം തോറ്റു.
1987 ല്‍ നായനാര്‍ വീണ്ടും മുഖ്യമന്ത്രി. ഓഫീസില്‍ വന്ന് എല്ലാവരെയും കണ്ട് ഒരു മണിക്ക് വീട്ടിലേക്ക് പോയി. വൈകിട്ട് പാര്‍ട്ടി ഓഫീസിലേക്കും. പിറ്റേന്നുരാവിലെ 9 ന് ഓഫീസില്‍ നിന്ന് ഉച്ചക്ക് വീട്ടിലേക്ക് പോകുംമുന്‍പ് എന്നെ വിളിച്ചു. ഇവിടെ വച്ചിരുന്ന ഫോട്ടോകള്‍ ആരെടുത്തുമാറ്റി? ഞാനത് ശ്രദ്ധിച്ചിരുന്നില്ല. നെഹ്റുവിന്റെ പടമുണ്ട്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും ഇല്ല. നായനാര്‍ ഗൗരവത്തോടെ പറഞ്ഞു. രാവിലെ ഞാന്‍ വരുമ്പോള്‍ ആ ഫോട്ടോകള്‍ അവിടെ ഉണ്ടായിരിക്കണം. അവര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ടു സംസാരിച്ചിട്ടുള്ളതാണ്. ആ ഫോട്ടോകള്‍ അവിടെവേണം. അന്നുരാത്രിയില്‍ തന്നെ ആ ചിത്രങ്ങള്‍ അവിടെ പുനഃപ്രതിഷ്ഠിതമായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നദിവസം തന്നെ അടിയന്തരാവസ്ഥയില്‍ പാര്‍ട്ടിയെ ദ്രോഹിച്ച പ്രധാനമന്ത്രിയുടെയും പുത്രന്റെയും ചിത്രങ്ങള്‍ അവിടെ വയ്ക്കരുതെന്ന് സെക്രട്ടേറിയറ്റില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിയമിതരായ ഉത്താനബുദ്ധികളായ ചില സംഘടനാ നേതാക്കള്‍ തങ്ങളുടെ തീരുമാനം നടപ്പാക്കുകയായിരുന്നു. അത് തട്ടിക്കളയുകയും അവര്‍ക്കു താക്കീത് നല്‍കുകയും ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നരസിംഹറാവുവിനെ കാണുമ്പോള്‍ രണ്ടുപേരും തമാശകള്‍ പറയും. ഇരുവരുടെയും പൊതുസ്വത്തായി പ്രമേഹത്തിന് ഉലുവാ ചികിത്സ നല്ലതാണെന്ന് പറഞ്ഞ് ഒരിക്കല്‍ കുറേ അയച്ചുകൊടുത്തു. നെഹ്റു കഴിഞ്ഞാല്‍ ഏതുവിഷയത്തിലും പാണ്ഡിത്യം ആര്‍ജ്ജിച്ച പ്രധാനമന്ത്രിയായിരുന്നു റാവു. സംഭാഷണത്തിലും പ്രസംഗങ്ങളിലും അത് സ്പഷ്ടമായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരമുണ്ടായില്ലെന്ന് നായനാര്‍ ഒരിക്കല്‍ പറയുകയുണ്ടായി. അല്ലെങ്കില്‍ തന്നെ ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രിയായ മറ്റൊരാള്‍ക്കും അധികം നാള് ആ പദവിയില്‍ ഇരിക്കാന്‍ കഴിഞ്ഞില്ലല്ലോ.
നായനാര്‍ അടുപ്പത്തോടെ പെരുമാറിയിരുന്ന പ്രധാനമന്ത്രിയായിരുന്നു വി.പി.സിംഗ്. ചിലപ്പോള്‍ ഏയ് മിസ്റ്റര്‍ വി.പി. എന്നുവിളിക്കും. നീതിമാനും സത്യസന്ധനും നാട്യങ്ങളില്ലാത്ത നേതാവുമായിരുന്നു അദ്ദേഹം. നായനാര്‍ ദല്‍ഹിയില്‍ ചെന്നപ്പോള്‍ മന്ത്രി കെ.പി.ഉണ്ണികൃഷ്ണനെ വിളിക്കണം, പിറ്റേന്ന് രാവിലെ പ്രധാനമന്ത്രിയെ കാണാന്‍ സമയം നിശ്ചയിക്കണം എന്ന് എന്നോട് പറഞ്ഞു. അദ്ദേഹം കുളിച്ചുറെഡിയാകുന്നതേയുള്ളൂ. വൈകിട്ട് 4 മണി. കെ.പി. ഉറങ്ങുന്നത് വെളുപ്പിന് 5 മണിക്കാണ്. ഉണരുന്നത് വൈകിയും. ഒന്നാംതരം ജേര്‍ണലിസ്റ്റ് പാരമ്പര്യമുള്ള, രാപകലുകളെ തിരിച്ചിട്ടു പ്രവര്‍ത്തിക്കുന്നയാള്‍. കുളിക്കുകയാണെന്നുപറഞ്ഞപ്പോള് എന്നാല്‍ കുറേ വൈകിയിട്ട് വീണ്ടും വിളിക്ക്, ദേഹം മുഴുവന്‍ വെള്ളം വീഴണമെങ്കില്‍ തന്നെ അരമണിക്കൂര്‍ വേണ്ടി വരുമല്ലോ എന്നു കമന്റും.
രാത്രി 11 മണിക്ക് തിരിച്ചുവിളിച്ചപ്പോള്‍ അടുത്ത ദിവസം രാവിലെ 8 മണിക്ക് പ്രധാനമന്ത്രിയെ കാണാം, പ്രാതല്‍ കഴിക്കാന്‍ എത്തണമെന്നും അതോടൊപ്പം ചര്ച്ചയാകാമെനനും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി രാവിലെ 8 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ ഹാജര്‍. അദ്ദേഹം മുഖ്യമന്ത്രിക്ക് കൊടുത്ത 12 പേജുള്ള നിവേദനം മറിച്ചുനോക്കി. ഒരുപാടുകാര്യമുണ്ടല്ലോ എന്ന് സൂചിപ്പിച്ചു. അത് മേശപ്പുറത്ത് വച്ചു. അപ്പോള്‍ അതിന്റെ സംക്ഷിപ്തം 12 പോയിന്റുകളായി രണ്ടുപുറങ്ങളില്‍ കുറിച്ചിരുന്നതു കൈയില്‍ കൊടുത്തു. ചുരുക്കിയത് നന്നായി എന്നുപറഞ്ഞ് അത് നോക്കി.
അരമണിക്കൂര്‍ ചര്‍ച്ച കഴിഞ്ഞപ്പോള്‍ അതാ വരുന്നു കെ.പി.ഉണ്ണികൃഷ്ണന്. പിന്നെ പ്രാതല്‍. അതിനിടെ യുപി പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. അവരവിടെ അഴിമതിയുടെ കാര്യത്തിലാണ് സഹകരിക്കുന്നത്.
പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളുമായി നായനാര്‍ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു.
ഒരിക്കല്‍ ചിലകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെയും ജ്യോതി ബസുവിനെയും നായനാരെയും ഒന്നിച്ചുക്ഷണിച്ചിരിക്കുകയാണ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അവര്‍ ഒത്തുകൂടി. സമകാല രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു വിഷയം. ഞാന്‍ കാത്തിരുന്നു.
ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ നായനാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യം എടുത്തിട്ടു. ഇപ്പോഴത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് എത്ര അകലത്തിലാണ് നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ട് വരുക? പ്രധാനമന്ത്രിയുടെ ചോദ്യം. 90 കിലോമീറ്റര്‍ എന്ന് നായനാര്‍. അപ്പോള്‍ ഗുജ്റാള്‍ ജ്യോതി ബസുവിനു നേരെ തിരിഞ്ഞുപറഞ്ഞു. കോംറേഡ് ജ്യോതി, കോംറേഡ് നായനാര്‍ പറയുന്നു. ഇപ്പോഴുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് 90 കിലോമീറ്ററിനുള്ളില്‍ മറ്റൊന്ന് വേണമെന്ന്. എന്നിട്ട് നായനാരോട് ‘Com: Nayanar, you are such a nice fellow that I will sanction it. അതിനെ തുടര്‍ന്നാണ് കണ്ണൂര്‍ എയര്‍ പോര്‍ട്ട് അനുവദിക്കുന്നത്. ഗുജ്റാള്‍ മാറി, നായനാര്‍ പോയി. മഹാരഥന്മാര് പലരും വന്നു. അതിന്നും പിച്ചവയ്ക്കുന്നതേയുള്ളൂ. കൈക്കൂലിയിലും കൈയിട്ടു വാരലിലും ആര്‍ക്കു മുന്‍കൈ വേണമെന്നതില്‍ തര്ക്കമുണ്ടത്രേ. ഒട്ടൊക്കെ കട്ടുമുടിക്കുമെങ്കിലും കാര്യപ്രാപ്തിക്കു കുറവില്ലാത്ത ഒരാള്‍ കൊച്ചിയില്‍ തലപ്പത്തുവന്നത് കൊണ്ട് അതിങ്ങനെ പറന്നുപോകുന്നു. അതിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ അധികം ഇടപെടാറില്ല. എന്നാല്‍ കണ്ണൂര്‍ വിമാനം കിടക്കും കടലാസില്‍ കാലമേറെ.
ബസുവിന് വേണം ആനയമ്പാരി അകമ്പടി
ഇന്ത്യയില്‍ അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരില് അനുപമമായ ലാളിത്യവും കാര്യശേഷിയും എന്നും പുലര്‍ത്തിപ്പോന്ന ത്രിപുര മുഖ്യമന്ത്രി നൃപന് ചക്രവര്‍ത്തി ബന്ധപ്പെട്ടവര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. അധികാരത്തിലിരിക്കേ ക്ലിഫ് ഹൗസിന്റെ പത്തിലൊന്നു വലിപ്പമുള്ള വീട്. പാചകം ചെയ്യാന്‍ ഒരു ജോലിക്കാരി. തീര്‍ന്നു സ്റ്റാഫ്. ജനങ്ങള്‍ മുഴുവന്‍ സ്നേഹിക്കുന്ന നൃപന് എന്തിന് പാറാവ്? രാപകല്‍ ഏതുനേരവും ആര്‍ക്കും അദ്ദേഹത്തെ ചെന്നുകാണാമായിരുന്നു.
നൃപനെ കാണാന്‍ നായനാര്‍ ഒരിക്കല്‍ അവിടെ പോയി. വര്‍ത്തമാനമെല്ലാം കഴിഞ്ഞ് അത്താഴത്തിന് നൃപന് തന്നെ ആഹാരം വിളമ്പിത്തന്നു. ഇടയ്ക്ക് ഞങ്ങളോട് കൊള്ളാമോ എന്ന് ചോദിക്കും. കേരളത്തിലെ കാര്യങ്ങള്‍ അന്വേഷിക്കും.
കൊല്‍ക്കത്തയില്‍ വച്ച് പലതവണ ഞങ്ങള്‍ കണ്ടിട്ടുണ്ട് കോട്ടും പാന്റ്സും ഒന്നും ഇല്ലാതെ ഉത്തരേന്ത്യയിലെ സാധാരണക്കാരന്റെ വേഷത്തില്‍ തന്നെയാണ് എവിടെയും. കണ്ടാല്‍ കുശലം ചോദിക്കും ഭക്ഷണം കഴിച്ചോ എന്നും-
അദ്ദേഹത്തെ എന്തിനോ വേണ്ടി, അല്ല ജ്യോതി ബസുവിന്റെ മകന്റെ വന്‍കിട ബിസിനസ് താല്പര്യങ്ങളെ നൃപന് വിമര്‍ശിച്ചതിന്റെ പേരില്‍, ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റി. പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറ്റി. ഒടുവില്‍ പുറത്താക്കി, മരണത്തിന് ഏതാനും നാള് മുന്‍പ് തിരിച്ചെടുത്തു. കേരളത്തിലും അങ്ങനെ ചിലര്‍ക്കെല്ലാം ശാപമോക്ഷം കൊടുത്തിട്ടുണ്ടല്ലോ. പുത്തലത്തു നാരായണന്, പി.വി.കുഞ്ഞിക്കണ്ണന് ഇങ്ങനെ. പി.വി. (ഇടയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ വന്നിരിക്കുമായിരുന്നു. അപ്പോള്‍ കേരളപ്പിറവിക്ക് മുമ്പ് കോട്ടയ്ക്കകത്തു ചെന്ന് ഒരണയ്ക്ക് പത്മനാഭസ്വാമിക്ഷേത്രത്തിലെ ചോറു (കട്ടച്ചോറു) കഴിച്ച് വിശപ്പടക്കിയ കഥകള്‍ പറയുമായിരുന്നു. അങ്ങനെ പാര്‍ട്ടി ചരിത്രത്തിന്റെ പുറംതാളുകളില്‍ പോലും പരാമര്ശിക്കപ്പെടാതെ ആയുസ്സും വപുസ്സും ഒടുക്കിയ എത്ര സഖാക്കള്‍.
ബംഗാളിന്റെ ഏതു രംഗത്തുമുള്ള ഔദ്ധത്യവും ഔന്നത്യവും വിളംബരം ചെയ്യുന്നതാണ് ജ്യോതിബസുവിന്റേത്. ബംഗാളികള്‍ക്ക് ഏറെക്കാലമായി ഇന്ത്യയെന്നാല്‍ ബംഗാള്‍, ടഗോറിന്റെ ‘നയാ ബാബൂസ് ഓഫ് ടാന്ജോര്’ ലണ്ടന്റെ സംസ്കാരം അവിടെ കുറേനാള്‍ കഴിച്ചുകൂട്ടിയ ജ്യോതിബസുവിന്റെ കരളിലും കാണാം. ദീര്‍ഘകാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് ഓഫീസില്‍ പോകുമ്പോള്‍ മുമ്പിലും പിന്പിലും കാറുകള്‍ പോകുമ്പോലെ തന്നെയാണ് കല്‍ക്കത്തയില്‍ ജ്യോതിയുടെയും ഓഫീസ് എഴുന്നള്ളത്ത്. 22 കാറുകള്‍ മുന്നിലും പിന്നിലും. അപ്പോള്‍ ആ റോഡില്‍ മറ്റാരും പാടില്ല. ഒരു കമ്യൂണിസ്റ്റ് ജനകീയന്‍ വേണോ അത്രയേറെ സെക്യൂരിറ്റി സന്നാഹം? പക്ഷേ അദ്ദേഹം എവിടെ ചെന്നാലും ആനയമ്പാരി അകമ്പടി വേണം.
കേരളത്തില്‍ വരുമ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടു മുതല്‍ തുടങ്ങും. ഔദ്യോഗിക പ്രോട്ടോക്കാള്‍ കൂടാതെ ഗസ്റ്റ്ഹൗസ് വരെ ഒന്നുരണ്ടു സംസ്ഥാന മന്ത്രിമാര്‍ കൂടിയുണ്ടാവും. എവിടെപോയാലും സുഖസൗകര്യങ്ങള്‍ നോക്കാന്‍ ഒരു മന്ത്രി കൂടെയുണ്ടാവും. ഇവിടെ നിന്ന് നായനാരും അച്യുതാനന്ദനും ടി.കെ.രാമകൃഷ്ണനും മറ്റും കൊല്‍ക്കത്തയില്‍ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി ഫീസില്‍ നിന്ന് എത്തുക ഒരു പ്യൂണ്‍ സഖാവായിരിക്കും (മുന്‍കാലങ്ങളില്‍ പാര്‍ട്ടി പരിപാടി വകയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ വീട്ടിലോ, അയല്പക്കത്തോ ചെല്ലുന്നയാള്‍ പറയുക, ആ തണ്ടാന്‍ സഖാവിനോട് ഇന്നുവൈകിട്ട് ഓഫീസില്‍ എത്തണമെന്നായിരുന്നു. അല്ലെങ്കില്‍ ആ നാടാര്‍ സഖാവിനോട്, ബാര്‍ബര്‍ സഖാവിനോട് എന്നൊക്കെ). അങ്ങനെ ആലിമുദ്ദീന്‍ സ്ട്രീറ്റില്‍ നിന്നെത്തുന്നയാള്‍ ഏര്‍പ്പെടുത്തുന്ന ഏതെങ്കിലും ഹോട്ടലിലായിരിക്കും താമസ സൗകര്യം.
നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലില്‍ വാസസൗകര്യം കൊടുക്കും. എന്നാല്‍ സഖാവ് അവിടെ ഭക്ഷണത്തിനുണ്ടാവില്ല. അത് കേരളത്തില്‍ നിന്നവിടെയെത്തി തൊഴിലെടുത്തു ജീവിക്കുന്ന പാര്‍ട്ടി സഖാവായ വിജയന്റെ പാര്‍ക് സ്ട്രീറ്റിലെ 78/ബി വീട്ടിലാണ്. അവിടെ വിജയനും കുടുംബവും ഒരുക്കുന്ന ചോറും (രാത്രിയില്‍ കഞ്ഞി) മീനും കഴിക്കും. തിരിച്ച് ഞങ്ങള്‍ ഹോട്ടലിലേക്ക് പോകും. രാവിലെ ഭക്ഷണം വിജയന് ഹട്ടലിലെത്തിക്കും.
ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായപ്പോഴും അകമ്പടി കാറുകള്‍ ഒരുഡസണ്‍ മുമ്പില്‍. അത്രയും പിന്നില്‍. അദ്ദേഹം ഓഫീസില്‍ പോകുമ്പോഴും തിരിച്ചെഴുന്നള്ളുമ്പോഴും ആ വഴിയരികില്‍ മറ്റൊരു കാറും വണ്ടിയും പാടില്ല. ടാക്സിക്കാര്‍ മണിക്കൂറുകളോളം കാത്തുകിടക്കും. ചിലര്‍ ഉച്ചത്തില്‍ ശപിക്കും. അവരെ പോലീസ് പൊക്കും.
ആ സ്റ്റൈല്‍ മാറിയത് മമതാ ബാനര്‍ജി വന്നപ്പോഴാണ്. അവര്‍ മറ്റു വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് പിന്നാലെ ചെറിയൊരു കാറിന്റെ മുന്‍ സീറ്റില്‍ ഡ്രൈവറുടെ ഇടതുഭാഗത്തിരിക്കും. ഒരംഗ രക്ഷകന് പിന്നില്‍ ഒറ്റയ്ക്കും. കൂലിപ്പണിക്കാരുടെ വേഷത്തില്‍ വന്ന ആ വംഗപുത്രി ജനതയുടെ ഗംഗാദേവിയും ആരാധനാമൂര്‍ത്തിയുമായി. പാര്‍ട്ടി ഓഫീസുകളല്ല, സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാവിലെ 10 മണിക്ക് എത്തേണ്ടവര്‍ 11 മണിക്ക് വരും. ഹാജര്‍ വച്ചിട്ട് കാപ്പി കുടിക്കാന്‍ പോകും. 11.30 ന് വരും. 12.30 ന് ഊണുകഴിഞ്ഞ് രണ്ടു മണിക്ക് തിരിച്ചെത്തും. നാലു മണിക്ക് വീട്ടിലേക്ക് ബസു പിടിക്കും. ഭരണം ഒരുവഴിക്ക് പോകും. ആ സമ്പ്രദായം പാടേമാറി. മമത തന്നോട് തീര്‍ത്തും മമത്വമില്ലാതെ ഭരണം നടത്തി. ജനജീവിതത്തിലാളിപ്പടര്ന്ന തീജ്ജ്വാലയിലേക്ക് കരുണയുടെ നീലമേഘങ്ങള്‍ വര്‍ഷിച്ചു; ആശ്വാസത്തോടെ. അവര്‍ അവരുടെയെല്ലാം സോദരിയായി, അമ്മയായി, അതുകണ്ടുപഠിക്കാന് അലിമുദ്ദീന്‍ സ്ട്രീറ്റിന് അനേക ദശകങ്ങള്‍ വേണ്ടിവരും ഇനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: