കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇ.എന്‍.ടി വിഭാഗത്തിലെ നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാത്തോളജിയുടെയും പൊള്ളലേറ്റവര്‍ക്കായുള്ള ബേണ്‍സ് ഐസിയുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വകുപ്പുകളുടെയും പോരായ്‌മകള്‍ പരിഹരിച്ച് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഓരോ ഘടകവും ശ്രദ്ധിച്ച് ലഭ്യമാക്കാവുന്ന സഹായ പദ്ധതികള്‍ നടപ്പിലാക്കും.
ജനിച്ചയുടന്‍ കുഞ്ഞുങ്ങളുടെ ശ്രവണശേഷി പരിശോധിച്ച് നേരത്തേ തന്നെ കോക്ലിയാന്‍ ഇംപ്ലാന്‍േറഷനുള്ള സൗകര്യം ഒരുക്കും. ജനിച്ച് 18 മാസത്തിനുള്ളില്‍ കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം. കുട്ടികളുടെ ശ്രവണ സഹായി ഉപകരണങ്ങളുടെ കാലാവധി നീട്ടാന്‍ സംവിധാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം മറ്റു മെഡിക്കല്‍ കോളജുകളില്‍ പടിപടിയായി ലഭ്യമാക്കും. അമ്പതിലേറെ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ശ്രവണ ശേഷി പരിശോധനയ്‌ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഉപഹാര സമര്‍പ്പണവും രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖ പ്രകാശനവും ബോണ്‍ ആങ്കേഡ് ശ്രവണ സഹായി വിതരണവും മന്ത്രി നിര്‍വഹിച്ചു.
1.18 കോടി ചെലവിട്ട് ഒരുക്കിയ, പൊള്ളലേറ്റവര്‍ക്കുള്ള ബേണ്‍ ഐ.സി.യുവില്‍ ഒരേ സമയം നാല് പുരുഷന്‍മാര്‍ക്കും നാല് സ്ത്രീകള്‍ക്കും പരിചരണം നല്‍കാനാവും.
ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷെറീന വിജയന്‍, ഡോ.രാജേഷ്.എസ് (സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗം), മാതൃ ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. എം.കെ. മോഹന്‍കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍ സ്വാഗതവും ഇഎന്‍ടി വകുപ്പ് മേധാവി ഡോ. മുരളീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയക്ക് വിധേയരായ കുരുന്നുകള്‍ കലാപരിപാടി അവതരിപ്പിച്ചു.
















