ശബരിമല: പുലര്‍ച്ചെയും വൈകിട്ടും നട തുറക്കുമ്പോള്‍ വടക്കേനടയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോലീസ് കുഴയുന്നു. ഓരോ ദിവസവും പുതിയ പരിഷ്ക്കാരങ്ങളുമായി പോലീസ് എത്തുമെങ്കിലും അയ്യപ്പന്മാരുടെ തിക്കിലും തിരക്കിലും ഇതെല്ലാം പരാജയപ്പെടുന്നു. ഉച്ചപൂജയ്ക്ക് നട അടച്ച ശേഷം പതിനെട്ടാം പടി കയറുന്ന അയ്യപ്പന്മാരെയാണ് ദര്‍ശനത്തിനായി വടക്കേ നടയിലേക്ക് മാറ്റുന്നത്.
ഈ വരി പലപ്പോഴും നെയ്യ്അഭിഷേക വിശ്രമകേന്ദ്രവും പിന്നിട്ട് മാളികപ്പുറത്തുനിന്നും പുറത്തേക്ക് ഇറങ്ങുന്ന പടിക്കെട്ടുവരെ എത്തുന്നു. നെയ്യ് അഭിഷേക വിശ്രമ കേന്ദ്രത്തിലേക്ക് കയറുന്ന പടിക്കെട്ടു കഴിഞ്ഞാല്‍ പിന്നീട് വടം വലിച്ചു കെട്ടിയാണ് നിയന്ത്രിക്കുന്നത്. ഇതാണ് പരാജയപ്പെടുന്നത്.
നട തുറക്കുന്നതോടെ വരി നില്ക്കുന്ന അയ്യപ്പന്മാര്ക്കിടയിലേക്ക് മറ്റു ഭക്തര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതാണ് തിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം ബാരിക്കേഡിനു പുറത്ത് വരിതെറ്റിച്ച് അയ്യപ്പന്മാര് കൂട്ടം കൂടിയാണ് നില്‍ക്കുന്നത്. അയപ്പന്മാരെ കടത്തി വിടുമ്പോള്‍ കൂട്ടം കൂടി നില്ക്കുന്നവര് നെയ്യ് അഭിഷേക വിശ്രമ കേന്ദ്രത്തിലേക്കുള്ള പടിക്കെട്ടിലേക്ക് തള്ളികയറാന്‍ ശ്രമിക്കും. ഇതോടെ ഇവിടെ വലിയ തിക്കും തിരക്കുമാണ് ഉണ്ടാകുന്നത്.
ഇന്നലെ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍. രമേശ്കുമാര്‍ നേരിട്ടെത്തി നിയന്ത്രിച്ചെങ്കിലും തിരക്ക് ഒഴിവാക്കാന്‍ സാധിച്ചില്ല. തിരക്കിനിടയില്‍പ്പെട്ട് ശ്വാസം മുട്ടിയ കൊച്ചയ്യപ്പനെ പോലീസുകാര്‍ വളരെ ശ്രമകരമായിട്ടാണ് രക്ഷപെടുത്തിയത്. അവശനിലയിലായ കൊച്ചയ്യപ്പനെ പിന്നീട് വിശുദ്ധി സേനാംഗങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
കഴിഞ്ഞ വര്‍ഷം വടക്കേ നടയില്‍ ദര്‍ശനത്തിനായി നില്‍ക്കുന്നവര്‍ക്ക് ഇവിടെ ബാരിക്കേഡ് തീര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണ ഇത് പൂര്‍ണ്ണമായും പൊളിച്ചു നീക്കി. ഇതോടെയാണ് തിരക്ക് നിയന്ത്രണാധീതമായി മാറുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ഭക്തരെ എങ്ങിനെ നിയന്ത്രിക്കണമെന്ന് അറിയാതെ പോലീസ് കുഴയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: