കുമളി: എഐഡിഎംകെ നേതാവ് ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുവാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വക ഗജപൂജയും ആനയൂട്ടും കുമളിയില്‍ നടന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുത്തത്. തേക്കടിക്കു സമീപത്തെ സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ ഇന്നലെ രാവിലെയാണ് പൂജ ചടങ്ങുകള്‍ നടന്നത്.
3 ആനകളെ അണിനിരത്തി ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകളും പ്രാര്‍ത്ഥനകളും നടത്തിയ ശേഷം വിവിധ തരം പഴങ്ങളും ചോറും പ്രവര്‍ത്തകര്‍ ആനകള്‍ക്ക് നല്‍കി. എഐഡിഎംകെ തേനി ജില്ലാ ഘടകം സംഘടിപ്പിച്ച പരിപാടിക്ക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികള്‍ നേതൃത്വം നല്‍കി. തങ്ങളുടെ പ്രിയ നേതാവിന്റെ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ നന്ദി സൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഇടുക്കി ജില്ലാ സെക്രെട്ടറി വി സുബുറോയല്‍ പറഞ്ഞു. ഏറ്റവും വേഗത്തില്‍ അധികാര സ്ഥാനത്ത് തിരിച്ചെത്താന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് ഗജപൂജ നടത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
















