പത്തനംതിട്ട: ആറന്മുളയില് വള്ളംകളി നടക്കുന്ന സ്ഥലത്തെ മണ്‍പുറ്റ് നീക്കം ചെയ്യുന്നതിന് ശാശ്വത പരിഹാരം വേണമെന്നും വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങണമെന്നും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
മണ്‍പുറ്റ് നീക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് പഠനം നടത്തണം. ഡിസംബറില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകണമെന്ന് ജലവിഭവ മന്ത്രി മാത്യുടി.തോമസ്, എം.എല്‍.എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ശബരിമല തീര്‍ഥാടനം നടക്കുന്ന സാഹചര്യത്തില്‍ കുന്നാറില്‍ ജലം കുറഞ്ഞാല്‍ സന്നിധാനത്ത് ആവശ്യമായ ജലം ശരംകുത്തിയില്‍ നിന്ന് എത്തിക്കാന്‍ ജലവിഭവ വകുപ്പിന് സാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട കളക്ടറേറ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം, പത്തനംതിട്ട നഗരസഭ, റവന്യു വകുപ്പ് എന്നിവര്‍ സംയുക്ത പരിശോധന നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പാലങ്ങളുടെ വിശദ പദ്ധതി രൂപരേഖ പൊതുമരാമത്ത് നിരത്തുവിഭാഗം ഉടന്‍ തയാറാക്കി സമര്‍പ്പിക്കണമെന്ന് രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. തടിയൂര്‍ ഇടക്കാട് മാര്‍ക്കറ്റ്-ടി.കെ റോഡ് തകര്‍ന്നു കിടക്കുകയാണെന്നും പ്രധാനമന്ത്രി സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നന്നാക്കുന്നതിന് ജില്ലാ വികസന സമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു.
വന്യമൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിന് ചെക്ക് ഡാമുകളില്‍ നിന്ന് ചെളി നീക്കം ചെയ്യാനും പുതിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കാനും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി റാന്നി, കോന്നി ഡി.എഫ്.ഒമാര്‍ അറിയിച്ചു.
ചിറ്റാര്‍-നീലിപ്ലാവ് റോഡില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് കെ.എസ്.ഇ.ബി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. റാന്നി വൈക്കം യു.പി സ്കൂളിന്റെ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതിക്കായി നല്കിയ എസ്റ്റിമേറ്റില്‍ ഇലക്ട്രിക്കല്‍ പണികള്‍ക്കുള്ള തുക കൂടി ഉള്‍പ്പെടുത്തിയതായി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
കവിയൂര്‍-ചങ്ങനാശേരി റോഡിലെ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പരുമല നടപ്പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതായും യോഗത്തെ അറിയിച്ചു. എ.ഡി.എം അനു എസ്.നായര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കമലാസനന്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: