നാടകരംഗത്തും ചിത്രഛായാ മേഖലകളിലും അങ്കംവെട്ടി ജയിച്ച അനുഭവസമ്പത്തിന്റെ ആത്മബലവുമായിട്ടായിരുന്നു പി.ജെ. ചെറിയാന്റെ ചലച്ചിത്ര പ്രവേശം. കലാപ്രവര്‍ത്തനം അദ്ദേഹത്തിന് ആരാധനാസമമായ വൃത്തിയായിരുന്നു. പെണ്‍കുട്ടികളടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ നാടകകൂട്ടായ്മയില്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് കറുത്ത നിഴലിന്റെ നേര്‍ത്ത തരിപോലും പതിയാതെ സന്മാര്‍ഗനിഷ്ഠമായ കര്മ്മപാതയിലൂടെയാണ് അദ്ദേഹം തന്റെ അന്നോളമുള്ള ദൂരം പിന്നിട്ടത്. ചലച്ചിത്ര രംഗത്തും അതില്നിന്നൊരപവാദം അനുവദിക്കുവാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.
‘പ്രഹ്ളാദ’ കഴിഞ്ഞ് നീണ്ട കാലയളവിനുശേഷമാണ് ഒരു മലയാള ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. വേണ്ടവിധം ഗൃഹപാഠം ചെയ്ത് മുന്നൊരുക്കത്തോടെ തന്നെയായിരുന്നു ‘നിര്‍മ്മല’യുടെ തുടക്കം. ‘എന്റെ കലാജീവിതം’ എന്ന ആത്മകഥയില്‍ ചെറിയാന് മാസ്റ്റര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
”…പല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉപദേശവും പ്രേരണയും സഹായ വാഗ്ദാനവും ഊര്‍ജസ്വലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രചോദനം എനിക്കു നല്കി. അങ്ങനെയാണ് 1945 അവസാനത്തില്‍ ‘കേരള ടാക്കീസ് ലിമിറ്റഡ്’ എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കൊച്ചി രാജകുടുംബത്തിലെ പല പ്രമുഖാംഗങ്ങള്‍, നേത്യാരമ്മമാര്, എറണാകുളം മെത്രാപ്പോലീത്താ തിരുമേനി മുതലായ ഉന്നതനിലയിലുള്ള പലരും ഈ കമ്പനിയില്‍ ഓഹരികള്‍ എടുത്തിരുന്നു. റാവുസാഹിബ് ഷെവലിയര്‍ സി.പി. ലോനപ്പന് ഇസ്മയില്‍ ഹാജി ഇസ്സ സേട്ടു (‘ചെമ്മീന്‍’ നിര്‍മ്മിച്ച കണ്മണി ബാബുവിന്റെ പിതാവ്), എ.എന്‍. പത്മനാഭ ഷേണായ് (കൊച്ചിയിലെ ഇന്നത്തെ ഷേണായ്, പത്മ, ശ്രീധര്‍ തിയേറ്ററുകളുടെ സ്ഥാപകന്‍), ഡോ. ഉസ്മാന് ഖാന്, സി.എ. ഔസേഫ്, പി.വി. കുര്യന്, ഡോ. എഫ്രേം മാമ്പിള്ളി, മുഹമ്മദ് കാസിം അബ്ദുള്‍ സത്താര്‍ സേട്ട്, എന്റെ (ചെറിയാന് മാസ്റ്ററുടെ) ജാമാതാവ് കൊച്ചുവറീത്, ഞാന്‍ (ചെറിയാന് മാസ്റ്റര്‍) എന്നിവരായിരുന്നു ഈ കമ്പനിയുടെ ആദ്യ ഡയറക്ടര്‍മാര്‍.
ഇങ്ങനെയൊരു കമ്പനിയെപ്പറ്റി പൊതുജനങ്ങള്‍ക്കു എത്രമാത്രം പ്രതീക്ഷയുണ്ടായിരുന്നുവെന്ന് രണ്ടുമൂന്നു മാസത്തിനകം ഏതാണ്ട് ഒരു ലക്ഷത്തിലധികം രൂപ (1945 ല്‍) ഓഹരി വിറ്റ് പിരിച്ചെടുക്കുവാന്‍ സാധിച്ചുവെന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം….”
അന്നത്തെ മലയാള ചലച്ചിത്രാവസ്ഥയെക്കുറിച്ചുള്ള കഥാപുരുഷന്റെ നിരീക്ഷണം ശ്രദ്ധേയമാണ്:
”….മലയാളികളായ സാങ്കേതിക വിദഗ്ധന്മാരുടെ അഭാവം നിമിത്തം ശരിക്ക് കേരളീയ സംസ്കാരം പ്രതിഫലിക്കുന്ന ചിത്രങ്ങളുണ്ടാവുക ദുഷ്ക്കരമായിരുന്നു. തമിഴരായ സാങ്കേതിക വിദഗ്ധരുടെ സ്വാധീനം മൂലം മുന്‍ ചിത്രങ്ങളില്‍ കേരളീയ കലയും സംസ്കാരവും ഞെരുങ്ങി ശ്വാസംമുട്ടിയിരുന്നു. സഭ്യേതരങ്ങളായ ശൃംഗാര രംഗങ്ങള്‍ തിരുകിക്കയറ്റിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെടുമെന്ന ധാരണ എങ്ങനെയോ നിര്‍മ്മാതാക്കളുടെ ചിന്തയെ ഗ്രസിച്ചിരുന്നു….”
”….തന്മൂലം മാതാപിതാക്കളോടൊപ്പമിരുന്നു മക്കള്‍ക്കോ, സഹോദരന്മാരോടൊപ്പമിരുന്നു സഹോദരിക്കോ കാണാന്‍ പറ്റിയവയായിരുന്നില്ല അന്നത്തെ ചിത്രങ്ങള്‍. ഇന്നത്തെപ്പോലെ കര്‍ശനമായ സെന്‍സറിംഗ് അന്നില്ലാതിരുന്നതും ഇതിനൊരു കാരണമാകാം. സിനിമാചിത്രങ്ങളുടെ ഈ ധാര്‍മ്മികാധപതനം മൂലം സിനിമയില്‍ അഭിനയിക്കുന്നതുതന്നെ കുലീനര്‍ക്കു പറ്റിയതല്ലെന്നായിരുന്നു അന്നു പരക്കെയുണ്ടായിരുന്ന ധാരണ. ഇതുനിമിത്തം നാലാംതരക്കാരായ അഭിനേതാക്കളുടെ കൂത്തരങ്ങുകളായിത്തീര്ന്നു പല ചിത്രങ്ങളും….
”…ഇതിനെല്ലാം ഒരു പൊളിച്ചെഴുത്തു നടത്തേണ്ടത് സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കുതന്നെ അത്യന്താപേക്ഷിതമായിരുന്നു. ഈ വിഷയത്തില്‍ എന്റെ വീതം ഞാന്‍ നിര്‍വ്വഹിക്കണമെന്നും നല്ല ചിത്രങ്ങള്‍ ഒരുവിധത്തിലും പരാജയമാകില്ലെന്ന് തെളിയിച്ചു കൊടുക്കണമെന്നും എനിക്കൊരു വാശി തോന്നി. അതിലേക്കു മലയാളം അറിയാവുന്ന സാങ്കേതിക വിദഗ്ധന്മാരെത്തന്നെ കഴിയുന്നതും കണ്ടുപിടിക്കുവാനായിരുന്നു എന്റെ ശ്രമം.
പാലക്കാട്ടുകാരനായ പി.വി. കൃഷ്ണയ്യര്‍ ‘നിര്‍മ്മല’യുടെ സംവിധായകനായി വരുന്നതങ്ങനെയാണ്. തൃശൂര്‍ സ്വദേശിയായ ഇ.ഐ. വാര്യരായിരുന്നു സംഗീതസംവിധായകന്. ഏറെ പ്രശസ്തനല്ലെങ്കിലും അറിയപ്പെട്ടുവരുന്ന ഒരെഴുത്തുകാരനായിരുന്നു ജേക്കബ് മൂഞ്ഞപ്പിള്ളി. പാര്‍ലമെന്റംഗമായിരുന്ന മാധ്യമവിചാരകന് ഡോ. സെബാസ്റ്റിയന് പോള്‍ ഇദ്ദേഹത്തിന്റെ സഹോദരപുത്രനാണ്.
ജേക്കബ് മൂഞ്ഞപ്പിള്ളിയുടെ ‘നീലസാരി’ എന്ന നോവലാണ് സിനിമയ്ക്കാധാരമായി തിരഞ്ഞെടുത്തത്. തിരക്കഥ എന്നത് അന്നു വിഭാവനത്തിലില്ല. കഥയെ കൊച്ചുകൊച്ചു രംഗങ്ങളായുള്ള നാടകമായി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ചിട്ടപ്പെടുത്തിയശേഷം നാടകമട്ടത്തില്‍ തന്നെ സംഭാഷണമെഴുതുകയായിരുന്നു പതിവ്. അവ്വിധം ‘നിര്‍മ്മല’യ്ക്കു സംഭാഷണമെഴുതാന്‍ നിയോഗിക്കപ്പെട്ടത് അന്നേറെ അറിയപ്പെട്ടിരുന്ന പുത്തേഴത്ത് രാമന് മേനോനാണ്. കൊച്ചിരാജ്യത്തെ ചീഫ് സെക്രട്ടറികൂടിയായിരുന്നു അദ്ദേഹം. മഹാകവി ജി. ശങ്കരക്കുറപ്പാണ് ‘നിര്‍മ്മല’ക്കുവേണ്ടി പാട്ടുകള്‍ എഴുതിയത്. പന്ത്രണ്ട് പാട്ടുകളുണ്ടായിരുന്നുവത്രെ.
സഹസംഗീതസംവിധായക തലത്തില്‍ പി.എസ്. ദിവാകറും ഇ.ഐ. വാര്യരോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് രേഖപ്പെടുത്തിയിട്ടുള്ളത്. സി. രാമചന്ദ്ര, ജെ.ജി. വിജയന് എന്നിവരായിരുന്നുവത്രെ സഹായികള്‍. ജി. രംഗരാജന്റേതായിരുന്നുവത്രെ ഛായാഗ്രഹണം. ചിത്രസംയോജനം ബാലു കൈയ്യാളി. മാണിക്യം എസ്. പത്മനാഭന്, കെ.ബി.എസ്. മണി, രാജന് എന്നിവരുമുണ്ടായിരുന്നു അണിയറയില്‍.
ചെറിയാന് മാസ്റ്റരുടെ നാടകസംഘത്തിലുണ്ടായിരുന്ന അന്തപ്പന് മാസ്റ്റരും എസ്.ജെ. ദേവും (രാജന് പി. ദേവിന്റെ പിതാവ്) ചെറിയാന് മാസ്റ്റരുടെ മൂത്തപുത്രന് ജോസഫ് ചെറിയാന്, മകള്‍ അച്ചാമ്മ ജോസഫ്, ചേര്‍ത്തല വാസുദേവക്കുറുപ്പ്, എന്‍. ഭാസ്കരന്‍നായര്‍, കമലമ്മ, കുട്ടിയമ്മ, രാധ, ത്രേസ്യാമ്മ, വിമലമ്മ, ഗ്രേസി, ഗൗരി ശാന്തി, മാത്തപ്പന്, രാഘവന്, എന്‍.ആര്. പഞ്ചനാഥന്‍, പി.ജെ. വര്‍ക്കി തുടങ്ങിയവരുമായിരുന്നു അഭിനേതാക്കള്‍. ഇവരില്‍ ഏതാണ്ടു മിക്കവരും തന്നെ ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. നാടകാഭിനയ പരിചയം പലര്‍ക്കുമുണ്ടായിരുന്നു.
ഇന്നത്തെ രീതിയില്‍ നോക്കുമ്പോള്‍ ഏറെ പഴമ തോന്നാം ‘നിര്‍മ്മല’യുടെ കഥയില്‍. മുഹൂര്‍ത്തങ്ങള്‍ അധികവും അധിഭാവുകത്വമാര്ന്നവയായിരുന്നു. കഥ സംഭവബഹുലമാക്കുക എന്നതിലായിരുന്നു ശ്രദ്ധ. ധീവരസമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയാണ് നിര്‍മ്മല. അച്ഛന് ശങ്കരന് വല വീശി കൊണ്ടുവരുന്ന മീന്‍ വീടുവീടാന്തരം കൊണ്ടുനടന്ന് വിറ്റ് അവള് ഉപജീവനം നടത്തിപ്പോന്നു. അച്ഛന് മരിച്ചതോടെ മീന്‍വില്‍പ്പന നിര്‍ത്തി അവള് വീടിന് മുമ്പിലൊരു പലഹാരക്കട തുടങ്ങി. നിര്‍മ്മലയുടെ സഹോദരി വിമല ഒരു സുന്ദരിക്കോതയായിരുന്നു.
അണിഞ്ഞൊരുങ്ങി നടക്കുന്നതിലായിരുന്നു ഭ്രമം. അതിനിടയില്‍ പൂവാലന്മാരുടെ ശല്യം ഇരുസഹോദരിമാരും നേരിട്ടു. ഒരു ജൗളിക്കടയില് കണ്ട പ്രത്യേക സാരി മോഹിച്ച് അതേക്കുറിച്ച് സ്വപ്നം കണ്ടു നടന്ന് വിമല ഒരു ഓടയില്‍ വീഴുന്നു. രോഗാവസ്ഥയില്‍ പനി മൂര്‍ഛിച്ച അവള് പറയുന്ന പിച്ചും പേയും അധികവും മോഹിച്ച സാരിയെ ചുറ്റിപ്പറ്റിയാണ്. അതില്‍ ചങ്കുലഞ്ഞ നിര്‍മ്മല വരുംവരായ്കകളെക്കുറിച്ചോര്‍ക്കാതെ കടയില്‍നിന്ന് ആ സാരി വിമലക്കുവേണ്ടി മോഷ്ടിക്കുന്നു. കടയുടമസ്ഥന് അതു കാണുന്നു. നിര്‍മ്മലയെ പോലീസിലേല്‍പ്പിക്കുന്നു. ഒരു മാസം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അവളോട് അലിവു തോന്നിയ പോലീസ് ഇന്‍സ്പെക്ടര്‍ രഘു നിര്‍മ്മലക്ക് ആ സാരി വാങ്ങി സമ്മാനിക്കുന്നു. അതുമായി അവള് വീട്ടിലെത്തുമ്പോള്‍ വിമല മരിച്ചിരുന്നു! രഘുവിനോടു നിര്‍മ്മലക്കു കടപ്പാട്. അവളോടയാള്‍ക്ക് അനുകമ്പ! അയല്പക്കത്തെ മിസ് രായന്റെ മകളെ പാട്ടുപഠിപ്പിക്കുന്ന ജോലി നിര്‍മ്മലക്ക് ലഭിക്കുന്നു. മിസ്. രായന്റെ പുത്രനും നാവികോദ്യോഗസ്ഥനുമായ ബാലന് നിര്‍മ്മലയില്‍ താല്പര്യം തോന്നുന്നു എന്നു മനസ്സിലാക്കിയ മിസ്. രായന് ഒരു ധനികപുത്രിയെക്കൊണ്ട് ബാലനെ വിവാഹം കഴിപ്പിക്കുന്നു. ഇതിനിടയില്‍ നിര്‍മ്മല തന്നില്നിന്നകന്നുപോകുന്നതില് രഘു ഖിന്നനാകുന്നു. അതു മനസ്സിലാക്കുന്ന ബാലന് മുന്‍കൈയെടുത്ത് രഘുവിനെയും നിര്‍മ്മലയെയും ഒന്നിപ്പിക്കുന്നു. കല്യാണം, മംഗളം, ശുഭം!
നായികാപ്രധാനമാണ് ചിത്രം. ആദ്യന്തം നിറഞ്ഞു പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് നിര്‍മ്മലയുടേത്. മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കളെ തീരുമാനിച്ചു. നിര്‍മ്മലയായി അഭിനയിക്കുവാന്‍ പറ്റിയ നടിയെ തേടി പി.ജെ. ചെറിയാനും പി.വി. കൃഷ്ണയ്യരും ഒരുപാടലഞ്ഞു. പലരേയും കണ്ടു. ഫോട്ടോ എടുത്തു. പരീക്ഷിച്ചുനോക്കി. കൃഷ്ണയ്യര്‍ക്കു തൃപ്തിപ്പെട്ടില്ല. നായികക്ക് പറ്റിയ ഒരാളെ കൃത്യമായി കണ്ടെത്താതെ ഈ കഥയുമായി മുമ്പോട്ടു പോകാനാവില്ല എന്ന സന്നിഗ്ദാവസ്ഥ. എന്തുവേണമെന്നറിയാതെ നിര്‍മ്മാതാവും സംവിധായകനും വിഷണ്ണരായിരിക്കുമ്പോള്‍ യാദൃച്ഛികമായി ജോസഫ് ചെറിയാന്റെ ഭാര്യ ബേബിയുടെ ഫോട്ടോ കാണുവാനിടയായി. അതയാളുടെ മനസ്സില്‍ പതിഞ്ഞു. ആളിനെ നേരില്‍ കാണുകപോലും ചെയ്യാതെ കൃഷ്ണയ്യര്‍ തല്‍ക്ഷണം ഉറപ്പിച്ചു പറഞ്ഞു.
”ഇതു തന്നെയാണ് ഞാന്‍ മനസ്സില്‍ തേടി നടന്ന മുഖം. ‘നിര്‍മ്മല’യാകാന്‍ ഇവര്‍ മതി. ഇവര്‍ തന്നെ മതി!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: