കൈലാസ മാമലമേല്‍ നിന്നേ…
കാലകേശി മറുത വന്നേ
ഇല്ലീക്കല്‍ കൊടുമുടിമേല്‍ നിന്നേ
ഈശാന്തന്‍ മറുത വന്നേ …
കത്തിച്ചുവച്ച ചൂട്ടുകറ്റകള്‍ക്ക് മുന്നില്‍ പടയണി കെട്ടിയാടുകയാണ്. തെക്കന്‍ കേരളത്തിലെ ഗ്രാമീണ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന അനുഷ്ഠാന കലാരൂപമാണ് പടയണി. മധ്യതിരുവിതാംകൂറിലെ ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുവരുന്ന പടയണിയെ സ്വജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കലാകാരന്മാരും നിരവധി.
കടമ്മനിട്ടയും പടയണിയും
പടയണിയെ തൊട്ടറിഞ്ഞ ബാല്യമാണ് കടമ്മനിട്ട വാസുദേവന്‍ പിള്ളയുടേത്. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ഗ്രാമത്തില്‍ ജനിച്ചുവെന്നത് ആ പരമ്പരാഗത കലാരൂപത്തെ ആഴത്തില്‍ അറിയുന്നതിന് സഹായിച്ചു.
”പടയണിയെന്ന് കേട്ടാല്‍ ഹരമായിരുന്നു. രാവിലെ തന്നെ അമ്പലമുറ്റത്തെത്തും. പിന്നെ ഓട്ടമായി ചാട്ടമായി. അത്താഴമുണ്ണാന്‍ അമ്മ വന്ന് വിളിച്ചാലും പോവില്ല. പടയണി കണ്ടിട്ടുവരാം എന്നാവും മറുപടി. ഏഴരനാഴികയിരുട്ടിയിട്ട് തുടങ്ങുന്ന പടയണിയും കാത്ത് ഓടിച്ചാടി നടക്കും”. പടയണിയെക്കുറിച്ച് പറയുമ്പോള്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ വാക്കുകളില്‍ ഓര്‍മ്മകളുടെ തിരയിളക്കം.
ഇരുട്ടിന്റെ അല്ലെങ്കില്‍ തിന്മയുടെ മേല്‍ പ്രകാശം/നന്മ ആധിപത്യം പുലര്‍ത്തുന്ന കലാരൂപമാണ് പടയണി. ആ പടയണിക്ക് വേണ്ടിയാണ് കടമ്മനിട്ട തന്റെ ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ളത്. മാതാപിതാക്കളുടെ കുടുംബങ്ങള്‍ പടയണി കലാകാരന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായിരുന്നു. ആ അന്തരീക്ഷം കടമ്മനിട്ട വാസുദേവന്‍ പിള്ളയേയും പടയണിയിലേക്ക് ആകര്‍ഷിച്ചു. കടമ്മനിട്ട രാമന്‍കുട്ടിയാശാന്റെ അടുത്തു നിന്ന് പടയണി പഠിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിലേക്ക് പടയണിയെ കൊണ്ടുചെന്നെത്തിച്ചു. പടയണിയെക്കുറിച്ച് മാത്രം നാലോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗ്രാമവലയവും ക്ഷേത്രസങ്കേതവും അനാദിയായ വംശസ്മൃതികളും മാത്രമല്ല പടേണി സംസ്കാരത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളതെന്ന് ഈ കൃതികള്‍ വ്യക്തമാക്കുന്നു.
ഏതൊരു കലാരൂപത്തിനുമുള്ളതുപോലെ പടയണിയുടെ പിറവിക്ക് പിന്നിലുമുണ്ട് ഐതിഹ്യം. അത് കാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദാരികനെ നിഗ്രഹിച്ച ശേഷം കലിപൂണ്ട് കൈലാസത്തിലേക്ക് തിരിച്ച കാളിയുടെ കോപം ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം പരമശിവനും ദേവഗണങ്ങളും ആലോചിച്ചു. കമുകിന് പാളയില്‍ വിവിധ വര്‍ണക്കൂട്ടുകള്‍ കൊണ്ട് കോലങ്ങള്‍ വരച്ചുചേര്‍ത്തു. ഈ പാള സ്വന്തം ശരീരത്തോട് ചേര്‍ത്തുവച്ച് കാളിയുടെ മുന്നില്‍ തുള്ളാന്‍ തുടങ്ങി. മുരുകനാണ് ഇപ്രകാരം തുള്ളിയതെന്നാണ് ഐതിഹ്യം. ഈ കോലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച കാളിയുടെ കോപം ക്രമേണ അടങ്ങിയത്രെ.
കാലാന്തരത്തില്‍ നന്മയെ കൊതിച്ച നാട്ടുക്കൂട്ടങ്ങള്‍, കരദേവതയായ കാളിയെ ചൂട്ടുവെച്ച്, പച്ചത്തപ്പ് കൊട്ടി വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി. ദേവീപ്രീതിക്കുവേണ്ടി. കരനാഥന്മാരുടെ തണലില്‍ പടയണി അനുഷ്ഠാനകലാരൂപമായി മാറി. സജീവമായ ജനപങ്കാളിത്തമാണ് പടയണിയുടെ പ്രത്യേകതയെന്ന് കടമ്മനിട്ട പറയുന്നു.
പടയണിയില്‍ ജീവ, അടന്ത എന്നിങ്ങനെയുള്ള പേരുകളൊഴിച്ചാല്‍ താളവട്ടത്തിന്റെ പായ്ത്താരിയിലുപയോഗിക്കുന്ന അക്ഷരങ്ങള്ക്കൊണ്ടാണ് പല താളങ്ങളും അറിയപ്പെടുന്നത്. തപ്പ്, തകില്, മദ്ദളം, കൈമണി എന്നിവയാണ് ഉപയോഗിക്കുന്നത്. പടയണി അതിന്റെ സമഗ്രരൂപത്തില്‍ ഒരു ഇതിഹാസ നാടകമാണെന്നാണ് കടമ്മനിട്ടയുടെ അഭിപ്രായം. നാടകത്തിന്റെ ആന്തരിക ഭാവങ്ങളെ ഉത്തേജിപ്പിക്കുന്ന ഉപാധികളായി കാവ്യ-ചിത്ര-ചമയ-ചലന- അഭിനയ-ദീപ വിതാനങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. വിളവെടുപ്പിനും വിളവിറക്കിനുമിടയിലുള്ള വേളയിലാണ് പടയണി അവതരിപ്പിക്കപ്പെടുന്നത്. ആദികേരളത്തിന്റെ ബോധതലങ്ങളില്‍ ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന ഈ കലാരൂപം ഇന്ന് ശോചനീയാവസ്ഥയിലാണെന്ന് കടമ്മനിട്ട വാസുദേവന്‍ പിള്ള പറയുന്നു. വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇന്ന് പടയണി മുടക്കം കൂടാതെ നടക്കാറുള്ളത്. എങ്കിലും പടയണിയെ കൂടുതല്‍ അറിയാനുള്ള യാത്രയിലാണ് കടമ്മനിട്ട.
പടയണി ജീവതാളമാക്കിയ സുരേഷ് കുമാര്‍
ക്ഷേത്രങ്ങളില്‍ ഒതുങ്ങിനിന്ന പടയണിയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ച കലാകാരനാണ് ഓതറ സുരേഷ് കുമാര്‍. ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയില്‍ വര്‍ഷങ്ങളായി പടയണി അവതരിപ്പിച്ചുവരുന്നു. 28 ദിവസം നീണ്ടുനില്‍ക്കുന്ന പടയണി ചടങ്ങുകളാണ് സാധാരണയായി കണ്ടുവരുന്നത്.
കുംഭമാസത്തിലെ തിരുവാതിരക്ക് കൊടി കയറി മീനത്തിലെ തിരുവാതിരക്ക് വലിയ കോലത്തോടുകൂടി പടയണി അവസാനിക്കുന്ന സമ്പ്രദായമാണ് പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലുള്ളത്.
നാനാജാതി മതസ്ഥരേയും പടയണിയെപ്പറ്റി അറിയിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ‘കൊട്ടികൂവിളി’ എന്ന ചടങ്ങ് അരങ്ങേറി, പിന്നീടുള്ള പത്തുദിവസം കൊണ്ടാണ് കോലം തുള്ളി അവസാനിക്കുന്നതെന്ന് സുരേഷ് പറയുന്നു. ഗണപതി, മറുത, സുന്ദരയക്ഷി, അന്തരയക്ഷി, അരക്കിയക്ഷി, കാലയക്ഷി, മായയക്ഷി, പിശാച്, മാടന്, പക്ഷി, കാലന്, കുതിര, നായ്, കാഞ്ഞിരമാല, ഭൈരവി, രക്തചാമുണ്ഡി തുടങ്ങിയ കോലങ്ങളാണ് പ്രധാനമായും താളമേളങ്ങള്‍ക്കൊപ്പം ഉറഞ്ഞുതുള്ളുന്നത്. ഗ്രാമത്തെ കാത്തരുളുന്ന ദേവിയോടുള്ള ഭക്തി ഊട്ടിയുറപ്പിക്കുകയാണ് ഓരോ പടയണി കോലവും.
നൂറ്റൊന്ന് പാളകളാണ് ഭൈരവി കോലത്തിന് ഉപയോഗിക്കുന്നത്. ആയിരത്തൊന്ന് പാളകളിലുള്ള വലിയ ഭൈരവിക്കോലം പുതുക്കുളങ്ങരയിലെ മാത്രം പ്രത്യേകതയാണ്. 41 ദിവസത്തെ വ്രതശുദ്ധിയോടെ ദേവിയുടെ മുന്നില്‍ ഉറഞ്ഞുതുള്ളുമ്പോഴാണ് സുരേഷിന്റെ മനസ്സിനും തൃപ്തി.
കോലമെഴുതും സത്യന്
പടയണിയെപ്പറ്റി പറയുമ്പോള്‍ അതിനുവേണ്ടിയുള്ള കോലമെഴുത്തിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. കോലമെഴുത്തില്‍ പാരമ്പര്യമായി കിട്ടിയ കഴിവ് കൈവിടാതെ സൂക്ഷിക്കുകയാണ് സത്യന്.ടി എന്ന കലാകാരന്. കോലം എഴുത്തുകലാകാരന്മാര്ക്ക് തതുല്യ പദവി ലഭിക്കുന്നില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെയാണ് കോലമെഴുത്ത്. മറ്റുകലകളെപ്പോലെ കാലേകൂട്ടി തയ്യാറാക്കിയിട്ടുള്ള ചമയങ്ങള്‍ പടയണിക്കില്ല. കറുപ്പ്, മഞ്ഞ, ചുവപ്പ്, വെള്ള, പച്ച എന്നീ അഞ്ചുനിറങ്ങള്ക്കൊണ്ട് പുറം ചെത്തിമിനുക്കിയ പച്ചപ്പാളയിലാണ് കോലങ്ങളെഴുതുന്നത്. എള്ള്, ചിരട്ടക്കരി, മാവില വാട്ടിക്കരിച്ച് അരിച്ചെടുത്ത കറുപ്പ്, ‘മഞ്ഞച്ചണ’ ഇടിച്ചുപിഴിഞ്ഞ മഞ്ഞയും, ചെങ്കല്ലുരച്ച് ചുവപ്പും പുറം ചെത്തിയ പാളകൊണ്ട് പച്ച നിറവും ഉണ്ടാക്കിയെടുക്കുകയാണ് പതിവെന്ന് സത്യന് പറയുന്നു.
കുരുത്തോലയുടെ മടല് കീറിയെടുത്ത് അഗ്രം ചതച്ചാണ് ചായക്കോലുകള്‍ ഉണ്ടാക്കുന്നത്. പലതര കോലങ്ങള്‍ക്ക് ആവശ്യമായ പാളകള്‍ പച്ചീര്ക്കില് കൊണ്ടാണ് തയ്ച്ചുണ്ടാക്കുന്നത്. പാളയിലെ ജലാംശം നിറങ്ങളെ വലിച്ചെടുക്കുന്നതുകൊണ്ടാണ് ഇതില്‍ വരയ്ക്കുന്ന കോലങ്ങള്‍ മങ്ങാതെയും മായാതെയും നിലനില്‍ക്കുന്നത്. പ്രകൃതിയുമായി ഏറ്റവും അടുത്ത് നില്ക്കുന്ന കലാരൂപമാണ് പടയണിയെന്നാണ് സത്യന്റെ അഭിപ്രായം. തെക്കന്‍, വടക്കന്‍ ചിട്ടകള്‍ കോലമെഴുത്തിനും ബാധകമാണ്. ഓര്‍മ്മവെച്ചനാള്‍ മുതല്‍ പരിശീലിക്കുന്ന ഈ കലയെ അതിസമര്‍ത്ഥമായി പ്രയോഗിക്കുകയാണ് സത്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: