ചക്രവാളത്തിനപ്പുറത്തേക്ക് നീളുന്ന അലകടല്‍. അതിനിടയില്‍ സൂചിക്കുത്തുപോലെ ആയിരത്തില്‍ പരം ദ്വീപുകള്‍. എല്ലാ ദ്വീപിലും കൂടി നാലുലക്ഷം പ്രജകള്‍. മീന്‍പിടുത്തവും വിനോദ സഞ്ചാരവുമൊക്കെയായി സംതൃപ്തിയോടെ കാലം കഴിക്കുന്ന മനുഷ്യര്‍. പക്ഷെ, എല്ലാ രാത്രികളിലും അവരെത്തേടി ഒരു ദുസ്വപ്നമെത്തും- നേരം പുലരും മുമ്പേ തങ്ങളുടെ നാട് കടലെടുത്തുപോയെന്ന സ്വപ്നം. വിനോദസഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന മാലദ്വീപ് വാസികളുടെ മാത്രം ഗതികേടാണിത്!.
ലോകത്ത് ഏറ്റവും താഴ്ന്ന പരന്ന ഭൂമിയെന്നാണ് പലരും മാലദ്വീപിനെ വിളിക്കാറ്. സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് മൂന്നടി ഉയരം. കുന്നും മലയും തമ്മില്‍ കണികാണാന്‍ പോലുമില്ല. കയറിയൊളിക്കാന്‍ ബഹുനില മന്ദിരങ്ങളും തുച്ഛം. ഈ ദ്വീപസമൂഹത്തിന് ചുറ്റും കടല്‍ നിരപ്പ്മെ ല്ലെ മെല്ലെ ഉയരുകയാണ്. ഒപ്പം ദ്വീപുവാസികളുടെ ആധിയും.
അതാണ് ലോകചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രത്തെ ആഴക്കടലിനടിയില്‍ മന്ത്രിസഭാ യോഗം ചേരാന്‍ പ്രേരിപ്പിച്ചത്. മാലദ്വീപിന്റെ രാഷ്ട്രത്തലവനും മന്ത്രിമാരും അന്നൊരിക്കല്‍ ഭാരതമഹാസമുദ്രത്തിലെ അലമാലകള്‍ക്കിടയിലേക്ക് മുങ്ങാം കുഴിയിട്ടു. ഒപ്പം അവരുടെ അംഗരക്ഷകരും മുങ്ങള്‍ വിദഗ്ധരും. അവര്‍ ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തി. തീരുമാനങ്ങള്‍ സ്ലേറ്റില്‍ കുറിച്ചു. അന്നത്തെ മന്ത്രിസഭായോഗത്തിന്റെ മുഖ്യതീരുമാനം സമസ്ത ലോകരാഷ്ട്രങ്ങളോടുമുള്ള ഒരു ദയാഹര്‍ജിയായിരുന്നു. ആഗോള താപനം തടയുക, ആസന്നമായ കൊടും പ്രളയത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കുക.
ലക്ഷേപലക്ഷം പവിഴപ്പുറ്റുകളുടെ മേലാണ് മാലദ്വീപുകള്‍ രൂപം കൊണ്ടിരിക്കുന്നത്. കടലും കായലും പവിഴപ്പുറ്റുകളുമൊക്കെ സമ്മേളിക്കുന്ന ഒരുതരം സമുദ്ര ജൈവ വൈവിധ്യമാണ് ഈ ദ്വീപിലെ ജീവിതത്തിന്റെ ആധാരം. അവിടുത്തെ ജൈവവൈവിധ്യമാണ് 71 ശതമാനം ജനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതും. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ 89 ശതമാനവും കയറ്റുമതി വരുമാനത്തിന്റെ 98 ശതമാനവും നല്‍കുന്നതും ഇതേ ജൈവവൈവിധ്യം തന്നെ. പക്ഷെ അവയെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. സമുദ്രമുയരുമ്പോള്, കൊടുങ്കാറ്റും പേമാരിയും ആവര്ത്തിച്ചാവര്ത്തിച്ചാഞ്ഞടിക്കുമ്പോള്, കുടിവെള്ളം കിട്ടാക്കനിയാകുമ്പോള്‍ കയറ്റുമതിയുടെ കരുത്തായ ട്യൂണാ മത്സ്യം ഇല്ലാതെവരുമ്പോള്‍… കണ്മുന്നിലെ അപകടം കൈവെള്ളയിലെന്ന പോലെ അറിയുകയാണീ ദ്വീപുവാസികള്‍. ഇതിനൊക്കെ കാരണം ആഗോളതാപനം എന്ന മഹാവിപത്താണെന്ന് നേരിട്ടനുഭവിച്ചറിയുകയാണവര്.
ആഗോള താപനം എന്നാല്‍ ഭൂമിയുടെ അന്തരീക്ഷം ആകെ ചൂടുപിടിക്കുന്ന അവസ്ഥ. ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടികളിലെ ചൂട് അനുനിമിഷം കുതിച്ചുവരികയാണ്. വ്യാവസായിക പുരോഗതിയുടെ മറപിടിച്ച് അന്തരീക്ഷത്തിലേക്കെത്തുന്ന കണക്കില്ലാത്തത്ര വ്യാവസായിക രാസമാലിന്യങ്ങള്‍ ഒരുവശത്ത്. ഒപ്പം റഫ്രിജറേറ്ററുകളിലും മണംപകരുന്ന സ്പ്രേകളിലുമൊക്കെ വിവേകശൂന്യമായി ഉപയോഗിക്കുന്ന ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ വാതകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി എല്ലാം കൂടിച്ചേര്‍ന്ന് ഭൂമണ്ഡലത്തെയാകെ പൊതിഞ്ഞ് ഒരു ഹരിതഗൃഹം ആക്കിത്തീര്‍ത്തിരിക്കുന്നു. ഭൂമണ്ഡലത്തിലേക്ക് കടന്നുവരുന്ന സൗരതാപമത്രയും മടങ്ങിപ്പോകാതെ ഇവിടെ കുടുക്കിയിടുകയാണ് ഈ മലിനവാതകങ്ങള്‍. ഫലം ഭൂഗോളം വല്ലാതെ ചൂടാകുന്നു.
ഭൂഗോളത്തില്‍ താപമേറുമ്പോള്‍ കടല്‍വെള്ളത്തിന്റെ ഊഷ്മാവും ഉയരും. അത് കടല്‍ ജലത്തിന്റെ വികാസത്തിനാണ് വഴി വയ്ക്കുക. അതിനൊപ്പം ധ്രുവപ്രദേശത്ത് കോടാനുകോടി വര്‍ഷങ്ങളായി ഉറങ്ങുന്ന പടുകൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. ഹിമാനികള്‍ പലതും ഉരുകിയൊലിച്ച് കടലില്‍ വിലയം പ്രാപിച്ചിരിക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നതിന് മറ്റുകാരണങ്ങള്‍ വേണ്ടല്ലോ?. കടലില്‍ ചൂടുകൂടിയാല്‍ അമ്ലക്ഷാര തുലനാവസ്ഥ തകിടം മറിയും. കടല്‍ ജൈവവൈവിധ്യത്തിന്റെ കേദാര ഭൂമിയായ പവിഴപ്പുറ്റുകള്‍ ജീവനില്ലാതെ മുടിയും. ജീവജാലങ്ങളുടെ ജീവിത ചര്യയിലും ദേശാന്തരഗമനത്തിലും പ്രത്യുത്പാദനത്തിലുമൊക്കെ വന്‍മാറ്റങ്ങള്‍ വരും. അതോടെ ദ്വീപുരാഷ്ട്രങ്ങളുടെ ജീവിതം വഴിമുട്ടും. മത്സ്യബന്ധനവും വിനോദസഞ്ചാരവുമൊക്കെ തകരും. ആ അവസ്ഥ ആദ്യമായി ബാധിക്കുന്നത് മാലദ്വീപുകളെ.
1950 നുശേഷം മാലദ്വീപുകള്ക്കുചുറ്റുമുള്ള 0.03-00-03.06 ഇ്ഞ്ച് വീതം ഓരോ വര്‍ഷവും ഉയരുകയാണ്. പ്രകൃതി ദുരന്തങ്ങളും വര്‍ധിച്ചുവരുന്നു. പേമാരിയും കൊടുങ്കാറ്റും പ്രളയവും കുടിവെള്ളക്ഷാമവും ഒക്കെ. ദ്വീപിലെ പ്രധാന കുടിവെള്ള സ്രോതസ് കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമുണ്ടാക്കുന്ന ഫാക്ടറികളാണ്. ഒരിക്കല്‍ അന്നാട്ടിലെ ജലശുദ്ധീകരണത്തിന്റെ മുഖ്യയൂണിറ്റില് പൊട്ടിത്തെറിയുണ്ടായപ്പോള്‍ ഇന്ത്യയില്‍ നിന്ന് കപ്പലില്‍ വെള്ളം കൊണ്ടുവന്നാണ് ദ്വീപുനിവാസികളുടെ വെള്ളംകുടി മുട്ടാതെ രക്ഷിച്ചത്. തീരസംരക്ഷണത്തിനും മഴവെള്ള സംരക്ഷണത്തിനും കുടിനീര് സ്രോതസ്സുകളുടെ സംരക്ഷണത്തിനുമൊക്കെ വേണ്ടി ദ്വീപ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പെരുകുന്ന കടല്‍ ജലത്തിന് മുന്നില്‍ പരാജയപ്പെടുന്നു.
ആശങ്കയാണ് അന്നാട്ടിലെമ്പാടും. തങ്ങളുടെ വീട്ടുമുറ്റത്തെ പഞ്ചാരമണല്‍ തീരവും പൂച്ചെട്ടികള്‍ നിറഞ്ഞ ഉദ്യാനവും വിശുദ്ധമായ തെരുവുകളുമൊക്കെ കടലെടുക്കുമെന്ന ആശങ്ക.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് കടലില്‍ മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യരുടെ ദുരവസ്ഥ മലിനവാതകങ്ങള്‍ പുറംതള്ളിയും വിറ്റും തടിച്ചുകൊഴുക്കുന്ന സമ്പന്നരാജ്യങ്ങളുടെ മനസാക്ഷിയെ തരിമ്പും സ്വാധീനിച്ചില്ല. 2100-ാം ആണ്ടോടെ കടല്‍ നിരപ്പ് ഒന്നരയിലേറെ ഉയരുമെന്നും അതോടെ ദ്വീപുകളില്‍ 77 ശതമാനവും കടലിനടിയിലാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവര്‍ നിസംഗതയോടെ കേട്ടിരുന്നു. ഈ ആപത്ത് മുന്നില്‍ കണ്ട് 2008 ല്‍ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദ് തന്റെ നാട്ടുകാര്‍ക്കായി ഓസ്ട്രേലിയയില്‍ കുറേയേറെ ഭൂമി വാങ്ങി കരുതല്‍ ശേഖരമുണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനത്തിന്റെ മഷിയുണങ്ങും മുമ്പേ നഷീദ് അധികാരഭ്രഷ്ടനാകുന്നത് കഥയുടെ പിന്നാമ്പുറം. മാലദ്വീപിന്റെ മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറയുന്നത് ഇങ്ങനെ:’ പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ അതിന്റെ അര്‍ത്ഥമിതാണ്; ഞങ്ങളുടെ രാജ്യത്തിന്റെ മരണം.’
ആഗോളതാപനം നിയന്ത്രിക്കാനായി ദിനംപ്രതിയെന്നോണം ആഗോളകരാറുകളുണ്ടാകുന്നു. സമിതികളും ഉപസനമിതികളും കര്‍മപദ്ധതികളും രൂപീകരിക്കുന്നു. ചിലര്‍ ഒപ്പുവയ്ക്കുന്നു. അവര്‍ തന്നെ വ്യവസ്ഥകള്‍ അട്ടിമറിക്കുന്നു. അന്തരീക്ഷത്തിലേക്ക് കാര്‍ബണും മീഥേനും ക്ലോറിനും ഫ്ളൂറിനുമൊക്കെ ചീറ്റിത്തെറിക്കുകയാണ്. പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും പറന്നുകളിക്കുകയാണ്. അതിനുത്തരവാദികള്‍ കുത്തകമുതലാളികളും സാമ്രാജ്യത്തശക്തികളുമാണെന്ന് നാം അറിയണം. നമുക്കും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ട്. ആഗോളതാപനത്തിന് വഴിതുറക്കുന്ന ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും നാം ഒരുകാര്യം ഓര്‍ക്കുക- നാം ജീവിക്കുന്ന നമ്മുടെ ജീവമണ്ഡലത്തെയാണ് നാം നശിപ്പിക്കുന്നത്. അതിലൂടെ നമ്മുടെ ലക്ഷോപലക്ഷം സഹജീവികളുടെ നാശത്തിനാണ് നാം കൂട്ടുനില്‍ക്കുന്നത്. നാളെ അത് നമ്മേയും വെറുതെ വിടില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: