സംഘത്തിന്റെ അഖിലഭാരതീയ സേവാ പ്രമുഖ് ആയിരുന്ന മാനനീയ സൂര്യനാരായണറാവു എന്ന സ്വയംസേവകരൊക്കെ സ്നേഹാദരപൂര്‍വം വിളിച്ചുവന്ന സുരുജി നമ്മെ വിട്ടുപോയി എന്ന വിവരത്തിന് എസ്എംഎസ് സന്ദേശം ലഭിച്ചപ്പോള്‍ ആ മഹാത്മാവിനെക്കുറിച്ച് ഒട്ടേറെ ഓര്‍മകള്‍ മനസ്സിലൂടെ കടന്നുപോയി. സുരുജിയെപ്പോലുള്ള പുണ്യാത്മാക്കള്‍ അപൂര്‍വമായേ ഉണ്ടാകൂ. ദക്ഷിണ ഭാരതത്തിലെ സംഘചരിത്രത്തില് അപ്രതിമമായ സ്ഥാനം അങ്കനം ചെയ്തിട്ടാണദ്ദേഹം കടന്നുപോയത്. ആ മേഖലയില്‍ സംഘാഭിമുഖ്യത്തില്‍ നടന്നുവരുന്ന ലക്ഷാവധി പ്രകല്പങ്ങളുടെയും സ്ഥാപനങ്ങളുടെയും അന്തര്‍ധാരയായി അദ്ദേഹത്തിന്റെ തപസ്സ് ഉണ്ട്. മുക്കാല്‍ നൂറ്റാണ്ടു നീണ്ട ആ സേവന സപര്യയുടെ ഭൗതിക സമാപ്തി മാത്രമാണ് കഴിഞ്ഞയാഴ്ച സംഭവിച്ചത്.
അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മദിരാശി (ചെന്നൈ)യിലെ വിവേകാനന്ദ കോളേജില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ പ്രഥമ വര്‍ഷ ശിക്ഷണം നേടാന്‍ പോയപ്പോഴായിരുന്നു ആ അദ്ഭുത മനുഷ്യനുമായി പരിചയപ്പെടാന്‍ അവസരമുണ്ടായത്. ദക്ഷിണ ഭാരതത്തിലെ നാലു സംസ്ഥാനങ്ങളിലെ സ്വയംസേവകര്ക്കുവേണ്ടിയുള്ള ശിബിരമായിരുന്നു അത്. പിന്നീട് അഖിലഭാരതീയ തലത്തില്‍ പ്രശസ്തരായ യാദവറാവു ജോഷി, ജഗന്നാഥ റാവു ജോഷി, ബാപ്പുറാവു മോഘേ, ഹേ.വേ.ശേഷാദ്രി, ഹരിയേട്ടന്, ഭാസ്കര്‍ റാവു മുതലായവരെല്ലാം ശിബിരത്തില്‍ വിവിധ വിഷയങ്ങളുടെ മാര്‍ഗദര്‍ശനത്തിനുണ്ടായിരുന്നു. ഹരിയേട്ടനും, സുരുജിയും, ഭാസ്കര്‍ റാവുവും ശാരീരിക വിഭാഗത്തിലായിരുന്നു. ഭാസ്കര്‍ റാവു ഏതാണ്ട് സഹമുഖ്യശിക്ഷകനെപ്പോലെ പ്രവര്‍ത്തിച്ച അനികിനി പ്രമുഖും, രാം സാഠേ മറ്റൊരു അനികിനി പ്രമുഖം ആയിരുന്നു. അദ്ദേഹം പിന്നീട് ഇതിഹാസ സങ്കലന സമിതിയുടെ പ്രമുഖനായി.
ഏറ്റവും ഉയരമുള്ള ആള് സുരുജിയും ഇല്ലാത്തത് ഹരിയേട്ടനുമായിരുന്നതിനാല് അവര്‍ അടുത്തുനില്‍ക്കുന്നതിന്റെ സൗന്ദര്യം കോണ്ട്രാസ്റ്റിന്റെതായിരുന്നു. അന്നു സുരുജിയുടെ രണ്ടനുജന്മാര് കൂടി ശിബിരത്തിലുണ്ടായിരുന്നു. നരഹരിറാവു ശിക്ഷകനായും ശിവു ശിക്ഷാര്ത്ഥിയായും. അവരുടെ കുടുംബത്തിലെ സഹോദരങ്ങളെല്ലാം മൈസൂറിലെ സംഘത്തിന്റെ നെടുംതൂണുകളായിത്തീര്ന്നു. സുരുജി പ്രചാരകനെന്ന നിലയ്ക്കും മറ്റുള്ളവര്‍ അന്യ ക്ഷേത്രങ്ങളുടെ ചുമതലകളുമായും. നരഹരി അധ്യാപക മണ്ഡലത്തില്‍ നിന്ന് നിയമസഭാ കൗണ്‍സില്‍ അംഗമെന്ന നിലയ്ക്കു ശ്രദ്ധേയനായി.
സംഘസ്ഥാനില്‍ സുരുജി ഏറെ ശ്രദ്ധേയനായിരുന്നു. മുഴങ്ങുന്ന സ്വരത്തില്‍ നല്കുന്ന ആജ്ഞകളും അവ നടപ്പാക്കുന്നതിലെ സ്നേഹവും നര്‍മ്മവും നിറഞ്ഞ വാക്കുകളും ഫലപ്രദമായിരുന്നു. അന്ന് ചെന്നൈയിലെ കുപ്പുസ്വാമി എന്ന ശിക്ഷാര്ത്ഥിക്കു ശാരീരികില്‍ ശസ്ത്രങ്ങളുടെ ശിക്ഷണം വളരെ ക്ലേശകരമായിരുന്നു. ദണ്ഡയായാലും ശൂലമോ ഖഡ്ഗമോ വേത്ര ചര്‍മമോ എന്തായാലും അദ്ദേഹത്തിന് വഴങ്ങുന്ന പ്രശ്നമേയില്ല. അതേസമയം ചെന്നൈയില്‍ ഏറെ ആദരിക്കപ്പെടുന്ന മധ്യവയസ്ക സ്വയംസേവകനുമായിരുന്നു കുപ്പുസ്വാമി. ഗണയിലെ എല്ലാവരെയും മണ്ഡലയില്‍ നിര്‍ത്തി ഓരോ ആളേയും കൊണ്ട് ഓരോ പ്രയോഗം പ്രദര്‍ശിപ്പിച്ചു തെറ്റുതിരുത്തുകയായിരുന്നു സുരുജി. ഖഡ്ഗം ഓരോ സ്ഥിതിയിലും എങ്ങനെ പിടിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളിലെ ഉദാഹരണങ്ങള്‍ കാട്ടി അദ്ദേഹം വിശദീകരിക്കുമായിരുന്നു. കുപ്പുസ്വാമിയുടെ ഊഴമായപ്പോള്‍ സുരുജി അദ്ദേഹത്തെ യോഗ്യമായ നിലയില്‍ നിര്‍ത്തി ഛേദ് എന്ന പ്രയോഗം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. കുപ്പു സ്വാമി കുഴഞ്ഞുമറിഞ്ഞ് എന്തോ ചെയ്യുന്നതിനിടയില്‍ സുരുജി അദ്ദേഹത്തെ വീണ്ടും നേരേ നിര്‍ത്തി ”ദേഖോ ഹമാരാ വീര്‍ കൈസാ വാര് ലേത്താഹെ” എന്നുപറഞ്ഞു കൊണ്ട് വീണ്ടും പ്രോത്സാഹിപ്പിച്ചു; ഒരു വിധം ശരിയാക്കിയെടുത്തു.
അക്ഷരാര്‍ത്ഥത്തില്‍ ആ ശിബിരത്തിലെ ‘ടവറിങ് പേഴ്സണാലിറ്റി’ ആറേകാലടി പൊക്കക്കാരനായ സുരുജി തന്നെയായിരുന്നു. സാധാരണ സംഭാഷണങ്ങളിലും പൊതുവേദികളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ആത്മവിശ്വാസം നല്കുന്നവയും, വിനയം തുളുമ്പുന്നവയുമായിരുന്നു. 1969 ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ കര്‍ണാടക മഹാസമ്മേളനം സംഘടിപ്പിച്ചതിന്റെ ചുമതല സുരുജിയ്ക്കും സഹോദരന് നരഹരിറാവുവിനും ചേര്‍ന്നായിരുന്നു. ഭാരതത്തിലെ ചില ധാര്മികാചാര്യവൃന്ദവും പങ്കെടുത്ത ആ മഹാസമ്മേളനം, പുരാണപ്രതിപാദിതമായ നൈമിശാരണ്യത്തില്‍ 88000 ആചാര്യന്മാര് സമ്മേളിച്ചു നടത്തിവന്ന ധര്മസത്രങ്ങള് പോലെ പ്രാധാന്യമുള്ളതായി. എല്ലാ ധര്മാചാര്യന്മാരെയും തുല്യ സ്ഥാനങ്ങളില്‍ ഉപവിഷ്ടരാക്കി ഹിന്ദു സമാജത്തിന് യുഗാനുകൂലമായ പരിവര്‍ത്തനം നല്കി, അതിന്റെ ശാശ്വതമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ പരമ പൂജനീയ ഗുരുജി വഹിച്ച പങ്ക് സാക്ഷാല്‍ ശ്രീകൃഷ്ണന് മഹാഭാരതത്തില്‍ വഹിച്ച പങ്കിന് സദൃശമായിരുന്നു. ”ഹിന്ദവഃ സോദരസര്വേ” ന ഹിന്ദു പതിതോ ഭവേത്” എന്നീ അടയാളവാക്യങ്ങള്‍ പേജാവര്‍ സ്വാമി വിശ്വേശ തീര്‍ത്ഥ അവിടെ നല്‍കുകയും മഹാ സദസ് ഒന്നടങ്കം ഓങ്കാര ധ്വനിയോടെ അതംഗീകരിക്കുകയും ചെയ്തു. ആ സമ്മേളനത്തിന്റെ സൂത്രധാരത്വം വഹിച്ച സുരുജിയുടെ സന്ദര്‍ഭോചിതമായ വാക്കുകളും ഇടപെടലുകളും മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.
അദ്ദേഹം തമിഴ്നാടിന്റെ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയവും ഉത്തരഭാരത, ഹിന്ദി വിരുദ്ധമനോഭാവവും കൊടികുത്തി വാഴുന്ന കാലത്തു സംഘപ്രവര്‍ത്തനം ഏറ്റവും വൈഷമ്യം നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരക പ്രവര്‍ത്തനങ്ങള്‍ക്കായി ഏകനാഥജി നടത്തിയ വിപുലമായ സമ്പര്‍ക്കവും സുരുജിയുടെ പ്രവര്‍ത്തനവുമാണ് അവിടത്തെ അന്തരീക്ഷത്തില്‍ പുരോഗതി കൈവരുത്തിയതെന്നു പറയാം.
ഏതാനും ചില വ്യക്തിപരമായ അനുഭവങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിതമാവുമെന്നു വിചാരിക്കുന്നു. മാനനീയ ശേഷാദ്രിജിയുടെ വിഷന്‍ ഇന്‍ ആക്ഷന്‍ എന്ന സംഘത്തെക്കുറിച്ചുള്ള ഗ്രന്ഥവും ട്രാജിക് സ്റ്റോറി ഓഫ് പാര്‍ട്ടിഷന്‍ എന്ന ഭാരത വിഭജന ചരിത്രവും മലയാളത്തിലാക്കാന്‍ എനിക്കവസരം ലഭിച്ചിരുന്നു. ”സങ്കല്പം കര്‍മപഥത്തില്‍” ”വിഭജനത്തിന്റെ ദുഃഖ കഥ” എന്ന പേരുകളില്‍ അവ കുരുക്ഷേത്ര പ്രസിദ്ധീകരിച്ചു. സോവ്യറ്റ് യൂണിയന്റെയും യൂറോപ്യന്‍ കമ്യൂണിസത്തിന്റെയും തകര്‍ച്ചയും തിരോധാനവും സംബന്ധിച്ച് ഒരു പുസ്തകം തയ്യാറാക്കാന്‍ ക്ഷേത്രീയ പ്രചാരക് കൃഷ്ണപ്പാജിയുടെ ആഗ്രഹമനുസരിച്ച് ഡിക്ലൈന്‍ ഓഫ് കമ്യൂണിസം എന്ന പുസ്തകം തയ്യാറാക്കി അയച്ചുകൊടുത്തു. അതു ”അവസാന ദത്ത കമ്യൂണിസം” എന്ന് കന്നഡത്തില്‍ രാഷ്ട്രോത്ഥാന സാഹിത്യ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഒരു ബൈഠക്കില്‍ കണ്ടപ്പോള്‍ സുരുജി കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ ചരിത്രം തയ്യാറാക്കാമോ എന്നന്വേഷിച്ചിരുന്നു.
ഹരിയേട്ടനും, വേണുവേട്ടനുമായിരിക്കും സ്വന്തം അനുഭവങ്ങള്‍കൊണ്ട് അതിന് യോഗ്യരും അര്‍ഹതയുള്ളവരും എന്ന് അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തത്. എന്നാല്‍ കേരളത്തിന്റെ ഹൈന്ദവ നവോത്ഥാനത്തിന്റെ സ്വാഭാവികമായ പിന്തുടര്ച്ച സംഘത്തിലൂടെയാണെന്നും അത് ബഹുമുഖമായി തുടരുകയാണെന്നും വിശദീകരിക്കുന്നതിന് ഒരു പുസ്തകം തയ്യാറാക്കണമെന്ന ആഗ്രഹം ഉണ്ടാകുകയും ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍’ എന്ന പുസ്തകം തയ്യാറാക്കാന്‍ അതിടയാക്കുകയും ചെയ്തു. കേസരി വാരികയും ജന്മഭൂമിയും അരവിന്ദ പഠനകേന്ദ്രവും രാമന്‍പിള്ളയും അതിന് സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
വിവേകാനന്ദ സ്വാമികളുടെ നൂറ്റമ്പതാം ജയന്തിക്കാലത്ത്, അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങളും ഡോക്ടര്‍ജിയുടേയും ഗുരുജിയുടെയും ഭാഷണങ്ങളും മറ്റും സമാഹരിച്ച് സുരുജി ഒരു പുസ്തകം തയ്യാറാക്കിയിരുന്നു. അതു മലയാളത്തിലാക്കാനുള്ള ചുമതല എനിക്ക് കിട്ടി.
1992 ല്‍ ആറന്മുളയിലെ പരിപാടി കഴിഞ്ഞു മടങ്ങവേ സുരുജി കാര്‍ അപകടത്തില്‍പെട്ട് ഇടുപ്പെല്ലുതകര്‍ന്ന്, എറണാകുളത്തെ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ആയിടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിനായി അടല്‍ജി കൊച്ചിയിലെത്തി. ഐലന്റിലെ കാസിനോ ഹോട്ടലില്‍ ചെന്ന് സദാനന്ദ പ്രഭുവുമൊത്ത് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സുരുജിയുടെ സ്ഥിതി അറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ അടല്‍ജി അദ്ദേഹത്തെ കാണാന്‍ പുറപ്പെടണമെന്നായി. മെഡിക്കല്‍ ട്രസ്റ്റില്‍ ആസന്നനായി കഴിയുന്ന ബി.ജെ.പി. ഉപാധ്യക്ഷന്‍ വി.എ.റഹിമാനെയും കൂടി കാണണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ കാര്യാലയത്തില്‍ വിവരമറിയിച്ചു.
ഇന്നത്തേതുപോലെ സെക്യൂരിറ്റി പ്രശ്നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ യാത്രയ്ക്ക് പ്രയാസമുണ്ടായിരുന്നില്ല. യാത്രക്കിടയില്‍ തങ്ങളുടെ തൃതീയവര്‍ഷ ശിക്ഷണം ഒരുമിച്ചായിരുന്നുവെന്നും ഒരേ വര്‍ഷമാണ് പ്രചാരകന്മാരായതെന്നും അടല്‍ജി പറഞ്ഞു. സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും സൂപ്രണ്ടിനും അദ്ദേഹത്തെ മാലയിടുന്നതിനും മറ്റുമായിരുന്നു തിടുക്കം. സുരുജിക്കടുത്തേക്ക് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ആനയിച്ചു. അടല്‍ജി അടുത്തെത്തിയപ്പോള്‍ ഇരുകൈകളും ഉയര്‍ത്തി ആശ്ലേഷിക്കുകയും അവരുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. ”അടല്‍ജി ദേഖിയേ മേരി ക്യാ ഹാല് ഹോഗയാ” എന്ന് സുരുജി ഗദ്ഗദത്തോടെ പറഞ്ഞു. ഡോക്ടര്‍മാര്‍ രോഗവിവരം അദ്ദേഹത്തെ ധരിപ്പിക്കുകയും ഇനിയും അദ്ദേഹത്തിന് നടക്കാന്‍ പ്രയാസമാവും എന്നറിയിക്കുകയും ചെയ്തു.
ഏതു സാധാരണക്കാരനെയും തളര്‍ത്തിക്കളയുന്ന ആ അവസ്ഥയിലും സുരുജി ആത്മവിശ്വാസവും കര്‍തൃശേഷിയും കൈവിട്ടില്ല. വാക്കറിന്റെ സഹായത്തോടെ സഞ്ചരിച്ചു പുതിയ ചുമതലകള്‍ ഏറ്റെടുത്തു. കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരതക്കിരയായ അസംഖ്യം സ്വയംസേവകരോടും കുടുംബങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സംവേദനക്ഷമത അപാരമായിരുന്നു. തലശ്ശേരിയില്‍ പുതിയ കാര്യാലയം നിര്‍മിച്ച ഗൃഹപ്രവേശം നടന്നപ്പോള്‍ അവിടെയെത്താന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. അവിടത്തെ ബലിദാനികളുടെ ഗ്യാലറി അനാവരണം ചെയ്തു. അവരുടെ കുടുംബാംഗങ്ങളെ പരിചയപ്പെട്ട് അനുഗ്രഹിച്ചു. ഞാനും കുടുംബസഹിതം അവിടെ എത്തിയിരുന്നു.
അവിടത്തെ തിരക്കില്‍ പെട്ടു ബുദ്ധിമുട്ടാതിരിക്കാന്‍ ഒരു സ്വയംസേവകനെ വിട്ട് വിളിപ്പിച്ച്, അദ്ദേഹം വിശ്രമിച്ച മുറിയില്‍ തന്നെ എനിക്കും ഇരിപ്പിടം നല്കി.
അഖിലഭാരതീയ തലത്തില്‍ നടന്നുവരുന്ന ലക്ഷത്തിലേറെ സേവാകൃത്യങ്ങളുടെ പ്രചോദനമായി പ്രവര്‍ത്തിച്ചുവന്ന അത്യസാധാരണ വ്യക്തിത്വമായിരുന്നു സുരുജിയുടേത്. തുല്യതയില്ലാത്ത സേവനഗോപുരം. സൂര്യനമസ്കാരം മന്ത്രസഹിതം ചെയ്യാന്‍ പഠിച്ചപ്പോള്‍ അവസാനത്തെ മന്ത്രം ഓം ശ്രീ സവിതൃ സൂര്യനാരായണായ നമഃ എന്നാണ്. അതാദ്യം ചെയ്തപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് സുരുജിയുടെ രൂപമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: