പരപ്പനങ്ങാടി: പഞ്ചായത്ത്-നഗരസഭാതല കേരളോത്സവങ്ങള്‍ പ്രഹസനമാകുന്നതായി യുവജന സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരാതി.
തദ്ദേശ സ്ഥാപനങ്ങള്‍ ധൃതി പിടിച്ച് തട്ടികൂട്ടുന്ന കേരളോല്സവങ്ങളില് പ്രതിഭകളുടെ പങ്കാളിത്തം കുറയുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തില്‍ കേരളോല്‍സവം സംബന്ധിച്ച പ്രാഥമിക യോഗം നടന്നത്. ഈ യോഗം നഗരസഭയിലെ യുവജന സന്നദ്ധ സംഘടനകളെയും ക്ലബുകളെയും അറിയിച്ചില്ലെന്ന പരാതിയുമുണ്ട്. കലാ-കായിക പ്രതിഭകള്‍ക്ക് മാറ്റുരക്കാനായി സര്‍ക്കാര്‍തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന കേരളോല്‍സവങ്ങള്‍ പലതും പഞ്ചായത്ത് മീറ്റിംഗ് ഹാളിലും മിനി ഓഡിറ്റോറിയങ്ങളിലും വെച്ചാണ് നടത്തുന്നത്.
മിക്ക സ്ഥലങ്ങളിലും മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആളില്ലാത്ത അവസ്ഥ. ഗ്രാമ-ഉല്‍സവങ്ങളായി മാറേണ്ട കേരളോല്‍സവങ്ങള്‍ കടലാസുകളില്‍ മാത്രം നടത്തി കടമ കഴിക്കുന്ന സമീപനത്തിനെതിരെ വിവിധ യുവജന സംഘടനാ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഡിസംബര്‍ ഏഴിനകം പഞ്ചായത്ത്-നഗരസഭാതല കേരളോല്‍സവങ്ങള്‍ നടത്തണമെന്നാണ് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നത്.
തുടര്‍ന്ന് ബ്ലോക്ക് – ജില്ലാതല മല്‍സരങ്ങള്‍ നടക്കും. ജനകീയമാകേണ്ടുന്ന കേരളോല്‍സവങ്ങള്‍ പ്രഹസന ഉല്സവങ്ങളാകുന്നതില് പൊതുജന പ്രതിഷേധവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: