ഇത്രത്തോളം ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന മറ്റൊരു ക്ഷേത്രം അമ്പലപ്പുഴ ക്ഷേത്രമല്ലാതെ മറ്റൊന്നുണ്ടോ എന്ന കാര്യം സംശയമാണ്. ദേവനാരായണ പരമ്പരയിലെ രാജാക്കന്മാര് എല്ലാം ദേവനുമായി ബന്ധപ്പെട്ട ഓരോ ചടങ്ങുകളും വളരെ കൃത്യമായും നിഷ്ഠയായും ചിട്ടയായും നടത്തിവന്നിരുന്നു എന്നതിന്റെ തെളിവാണ് ക്ഷേത്രചടങ്ങുകള്‍ക്ക് ആവശ്യമായുള്ള വകകള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു എന്നത്. ക്ഷേത്രത്തിന്റെ നിത്യനിദാനത്തിനാവശ്യമായ നെല്ല് കൃഷി ചെയ്തെടുക്കുന്നതിനുള്ള പുഞ്ചനിലങ്ങളും, ക്ഷേത്രത്തിനകത്തും പുറത്തുമായി നടക്കുന്ന പള്ളിപ്പാന, വിജയബലി പോലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ആവശ്യമായ ചടങ്ങുകള്‍, തിരുവുത്സവം, മുളയറ ഭഗവതിയുടെ എഴുന്നള്ളത്ത് എന്നിവ ആചാരമായി നടത്തുന്നതിനുള്ള സ്ഥലങ്ങളും ക്ഷേത്രത്തിന്റെ പേരില്‍തന്നെ രാജാക്കന്മാര് പ്രത്യേകം നീക്കിയിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും തെക്കേ നടയിലും പടിഞ്ഞാറെ നടയിലും വടക്കേ നടയിലും ആചാരാനുഷ്ഠാനങ്ങള്‍ക്കായി വസ്തുക്കള്‍ ഇനം തിരിച്ച് ക്ഷേത്രം വക വസ്തുക്കള്‍ ആയിത്തന്നെ നീക്കിയിട്ടിട്ടുള്ളത് പഴയ രേഖകളില്‍ കാണാം.
ഉത്സവകാലത്ത് കൊടിയേറ്റിന് തലേനാള്‍ വെടിക്കെട്ട് പരിശോധനയ്ക്കായി പോകുന്ന പുത്തന്‍കുളത്തിന്റെ കരയിലെ വസ്തുക്കളും ഒന്‍പതാം ഉത്സവനാളിലെ ചരിത്രപ്രസിദ്ധമായ നാടകശാല സദ്യയ്ക്കുശേഷം ഭക്തജനങ്ങള്‍ക്ക് വഞ്ചിപ്പാട്ട് പാടി രാജാവിനെ ദര്‍ശിച്ച് പണക്കിഴിയും പഴക്കുലയും സ്വീകരിക്കുവാന്‍ ദേഹശുദ്ധി വരുത്തുന്നതിനും ചെമ്പകശ്ശേരിയിലെ മുപ്പതിനായിരം കുടുംബങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കുളിച്ചു തൊഴുന്നതിനായി ഉപയോഗിച്ചിരുന്ന പുത്തന്‍ കുളവും ക്ഷേത്രഭൂമിയായി തന്നെ അളന്നുതിരിച്ചിട്ടിരുന്നു. പത്താമുദയനാളില്‍ മുളയറ ഭഗവതിയുടെ ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന എതിരേല്‍പ്പ് മഹോത്സവത്തിന് പടിഞ്ഞേറെ നടയില്‍ പനച്ചുവട് തറയും (ഇപ്പോഴത്തെ ആല്‍ത്തറ) പുത്തന്‍കുളം വരെയുള്ള റോഡും ക്ഷേത്രം വക വസ്തുക്കളായാണ് മഹാരാജാവ് നീക്കിയിട്ടത്.
ആറാട്ടു തിരികെ വരുമ്പോള്‍ പുത്തന്‍കുളത്തിന്റെ കരയില്‍ മന്ത്രിമാരായിരുന്ന പാറയില്‍ മേനോന്റെയും മണക്കാട്ടംപള്ളി മേനോന്റെയും നേതൃത്വത്തില്‍ നല്‍കിയിരുന്ന ആറാട്ടു സ്വീകരണത്തിന് ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണക്കുടയും വെള്ളിക്കുടകളും ദേവന്റെ വക വസ്തുവില്‍ക്കൂടിതന്നെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യണമെന്ന് രാജാവ് വ്യവസ്ഥ ചെയ്തിരുന്നതായി രേഖകളില്‍ കാണാം. ഈ ആചാരങ്ങള്‍ ഏതാണ്ട് എല്ലാംതന്നെ ഇന്നും മുറതെറ്റാതെ ഇവിടെ നടന്നുവരുന്നു. പുത്തന്‍കുളത്തിന്റെ കരയിലെ സ്വീകരണത്തിനുശേഷം സ്വര്‍ണക്കുടയും വെള്ളിക്കുടകളും തിരികെ ക്ഷേത്രഭണ്ഡാരത്തില്‍ സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കിയെങ്കില്‍ മാത്രമേ എഴുന്നള്ളത്ത് കുളത്തിന്റെ കരയില്‍നിന്ന് നീങ്ങാവൂ എന്ന് എഴുന്നള്ളത്തിന്റെ ചുമതലക്കാരനായ ക്ഷേത്രം കോയ്മസ്ഥാനിക്ക് രാജാവ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എഴുന്നള്ളത്ത് വ്യവസ്ഥകളില്‍ വ്യക്തമാക്കിയിരിക്കുന്നത് കാണാം.
പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന പള്ളിപ്പാന ചടങ്ങുകളിലെ മുഖ്യചടങ്ങുകളില്‍ ഒന്നായ ദിക്കു ബലിക്ക് നാല് സെന്റ് സ്ഥലം വീതം ക്ഷേത്രത്തിന്റെ നാല് അതിരുകളില്‍ (കോലപ്പിള്ളി, വെള്ളാഞ്ഞിലി, മൂലയില്‍ വാടക്കുഴി) ക്ഷേത്രഭൂമിയായി അളന്നുതിരിച്ച് ഇടുകയും, ആ സ്ഥലങ്ങളിലേക്ക് വരുന്നതിനും പോകുന്നതിനുമുള്ള വഴികള്‍ ക്ഷേത്രം വക വസ്തുവായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ആരുടെയും തടസ്സം കൂടാതെ ക്ഷേത്രം വക വഴിയിലൂടെ സഞ്ചരിച്ച് ആചാരങ്ങളുടെ ഭാഗമായ ചടങ്ങുകള്‍ നടക്കണമെന്ന് രാജാക്കന്മാര് ചിന്തിച്ചിരിക്കാം. പച്ചോലയില്‍ കെട്ടി കട്ടിലില്‍ വരിഞ്ഞുമുറുക്കി വേലന്മാരെയും എടുത്ത് ബലി കൊടുക്കുന്നതിനായി നാല് ദിക്കുകളിലേക്കും പോകുന്നതിനും, അടവിയുമായി ഉറഞ്ഞുതുള്ളിവരുന്ന വേലന്മാര്ക്ക് വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടാകരുതെന്നുമുള്ള ദീര്‍ഘവീക്ഷണമാകാം വസ്തുവകകളും വഴികളും ക്ഷേത്രഭൂമിയായി തന്നെ അളന്നുതിരിച്ചിടുവാന്‍ രാജാവിനെ പ്രേരിപ്പിച്ചത്. 144 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കുന്ന വിജയബലി ചടങ്ങുകളില്‍ ക്ഷേത്രത്തിന് വെളിയില്‍ നാല് ദിക്കുകളില്‍ മരപ്പാണി കൊട്ടി മുപ്പത്തിമുക്കോടി ദേവഗണങ്ങളെയും ബലി സ്വീകരിക്കുന്നതിന് ക്ഷണിക്കുന്ന ചടങ്ങും ആചാരത്തിന്റെ ഭാഗമായി ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നുണ്ട്.
മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴ്പ്പെടുത്തി തിരുവിതാംകൂര്‍ രാജവംശത്തോടു ചേര്‍ത്തശേഷവും ക്ഷേത്രവസ്തുക്കള്‍ അതുപോലെ തന്നെ നിലനിര്‍ത്തിയിരുന്നു. വസ്തുവകകള്‍ അളന്നുതിരിച്ച് കൈവശക്കാരുടെ പേരില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടുകൂടി വസ്തുവകകള്‍ നിലം, പുരയിടം എന്നിങ്ങനെ വേര്‍തിരിക്കുകയും സര്‍വേ നമ്പര്‍ നല്കി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ പട്ടയം പിടിച്ച് സെറ്റില്‍മെന്റ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു. ക്ഷേത്രവസ്തുക്കള്‍, പണ്ടാരവക പാട്ടവസ്തുക്കളോ പുറമ്പോക്ക് വസ്തുക്കളോ ആയി മാറി. പണ്ടാരവക പാട്ടം, സര്‍ക്കാര്‍, ദേവസ്വം പാട്ടം, കണ്ടുകൃഷി പാട്ടം, ബ്രഹ്മസ്വം/ഒറ്റിപ്പാട്ടം, കരമൊഴിവ് വസ്തുക്കള്‍ എന്നിങ്ങനെ തിരിച്ചപ്പോള്‍ ക്ഷേത്രവസ്തുക്കള്‍ എല്ലാം പുറമ്പോക്ക് വസ്തുക്കളായി.
കൊല്ലവര്‍ഷം 1082 ല്‍ (1906) തിരുവിതാംകോട്ട് സംസ്ഥാനത്ത് ആക്ടിങ് സെറ്റില്‍മെന്റ് ദിവാന് പേഷ്കാര്‍ എസ്. പത്മനാഭ അയ്യര്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്ഷേത്രംവക ഭൂമികള്‍ പുറമ്പോക്ക് വസ്തുക്കളായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. 1103 ല്‍ (1927) ക്ഷേത്രം വക ഭൂമികള്‍ റവന്യൂ വകുപ്പില്‍നിന്ന് വേര്‍തിരിച്ച് ദേവസ്വം ഭൂമിയായി മാറ്റുകയും ആവശ്യമായ തിരുത്തലുകള്‍ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ 231 ല്‍ 235 വരെയുള്ള സര്‍വെ നമ്പരില്‍പ്പെട്ട വിവിധ സബ്ഡിവിഷനുകളിലായി പന്ത്രണ്ട് ഏക്കര്‍ 90 സെന്റ് സ്ഥലം ക്ഷേത്രം വക വസ്തുക്കളായി തിരിച്ച് നല്‍കിയതില്‍ ക്ഷേത്രം നല്കുന്ന എട്ട് ഏക്കര്‍ 20 സെന്റ് സ്ഥലവും സര്‍പ്പക്കാവും പശുക്കൂടും റോഡുകളും ഇടവഴികളും കുളവും ദിക്കുബലി നടത്തുന്നതിനുള്ള സ്ഥലവും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ക്ഷേത്ര ഭരണം നടത്തിയിരുന്ന കാലത്ത് ഈ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനും തൂപ്പുജോലിക്കുമായി പുറംതൂപ്പ് ലാവണം, നന്ദാവനം വാച്ചര്‍, ഗോശാല വാച്ചര്‍ തുടങ്ങിയ ലാവണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നും ക്ഷേത്രത്തിന്റെ അധീനതയിലുള്ള പടിഞ്ഞാറേ നടയിലെ റോഡ് തൂത്തുവൃത്തിയാക്കുന്നത് അമ്പലപ്പുഴ ദേവസ്വത്തിലെ പുറംതൂപ്പ് ലാവണത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ്.
ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1968 ല്‍ അമ്പലപ്പുഴ തകഴി റോഡിനായി ദേവസം വക വസ്തുക്കളില്‍ നിന്ന് 37 സെന്റ് സ്ഥലം പൊന്നുംവിലയ്ക്ക് എടുത്തതായും, പശുക്കൂടിന്റെ വടക്കുഭാഗത്ത് പള്ളിപ്പാന ചടങ്ങുകളിലെ പുറക്കളത്തില്‍ ഗുരുതിക്കുള്ള നാല് സെന്റ് സ്ഥലം ഒഴിച്ച് ബാക്കി സ്ഥലം ജനകീയ കവി ആയിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ സ്മാരകം നിര്‍മിക്കുന്നതിനായി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: