ദാമിനിക്ക് ഇരുകൈകളുമില്ല. പക്ഷെ, അവള് അതിമനോഹരമായി ചിത്രം വരയ്ക്കും കാല്‍വിരലുകള്‍ കൊണ്ട്. വിജയം കാല്കീഴിലാണെന്നതില് ദാമിനിയുടെ കാര്യത്തില്‍ തെല്ലും സംശയമില്ല. കൈകള്‍ ഉപയോഗിച്ച് ചെയ്യേണ്ടതെല്ലാം ചെയ്യുവാന്‍ ദാമിനിക്ക് കാല്‍വിരലുകള്‍ ധാരാളം. തനിക്ക് ചുറ്റും വൈകല്യമേതുമില്ലാതെ നടക്കുന്നവര്‍ക്കിടയില്‍ നിന്ന് വയ്യാത്ത കുട്ടി എന്ന പരിഗണന നല്കി അകറ്റിനിര്‍ത്താനല്ല അവളുടെ മാതാപിതാക്കള്‍ ശ്രമിച്ചത്. പകരം അവളെ ധൈര്യവതിയാക്കി. ദൃഢനിശ്ചയത്തോടെ മുന്നേറാന്‍ പ്രാപ്തയാക്കി. ഇപ്പോള്‍ 19 വയസ്സുണ്ട് ദാമിനിക്ക്. കൈകള്‍ ഇല്ല എന്നത് അവളെ സംബന്ധിച്ച് കുറവേയല്ല. എഴുതുന്നതും മുടി ചീകുന്നതും എന്തിനേറെ ഭക്ഷണം പാകം ചെയ്യുന്നതിനുമെല്ലാം കാല്‍വിരലുകള്‍ മതി.
ഒരു മണിക്കൂറിനുള്ളില്‍ 38 ചിത്രങ്ങള്‍ കാല്‍വിരലുകള്‍ കൊണ്ട് വരച്ച് ലോക റെക്കോഡും നേടി ദാമിനി സെന്‍. വരയാണ് തന്റെ വിനോദമെന്ന് ദാമിനി പറയുന്നു.ഒരാള്‍ കൈ ഉപയോഗിച്ച് വരയ്ക്കുന്നതുപോലെ തന്നെ തനിക്ക് കാല്‍വിരലുകള്‍ ഉപയോഗിച്ച് വരക്കാന്‍ സാധിക്കുമെന്നും ഈ പെണ്‍കുട്ടി ആത്മവിശ്വാസത്തോടെ പറയുന്നു. ശാരീരിക വൈകല്യങ്ങളുണ്ടെങ്കില് അതേക്കുറിച്ച് ചിന്തിച്ച് സമയം കളയരുതെന്നാണ് ദാമിനിക്ക് പറയാനുള്ളത്. മറ്റുള്ളവരെപ്പോലെ തന്നെ തുല്യരാണെന്ന് ചിന്തിച്ചാല്‍ വിജയിക്കാനാവും. നിങ്ങള്‍ മാറേണ്ടതില്ല. മറ്റുള്ളവരുടെ കാഴ്ചപാടുകളിലാണ് മാറ്റം വരേണ്ടതെന്നും ദാമിനി അഭിപ്രായപ്പെടുന്നു.
ചിത്രരചനയില്‍ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് ദാമിനി. പത്താം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങിയാണ് പാസായത്. കാല്‍വിരലുകള്‍ക്കിടയില്‍ പേന ചെര്ത്തുവച്ച്, മറ്റാരുടേയും സഹായമില്ലാതെയാണ് അവള് പരീക്ഷ എഴുതിയത്. വിഭവങ്ങള്‍ തയ്യാറാക്കാനും വസ്ത്രം ധരിക്കാനും അമ്മയുടെ പോലും സഹായം ആവശ്യമില്ല ദാമിനിക്ക്. ഇതിനെല്ലാം ഈ റായ്പൂര്‍ സ്വദേശിനിയെ പ്രാപ്തയാക്കിയത് അവളുടെ അമ്മയാണ്, മാധുരി സെന്‍. വൈകല്യത്തില്‍ തളര്‍ന്നുപോകാതെ മകളെ തന്നോട് ചേര്‍ത്തുനിര്‍ത്തി. ആത്മവിശ്വാസം പകര്‍ന്നു. മികച്ച വിദ്യാഭ്യാസം നല്കി. മറ്റാരേയും ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യണം എന്നതുമാത്രമായിരുന്നു അമ്മയുടെ ആവശ്യം-ദാമിനി പറയുന്നു.
മകള്‍ക്ക് വേണ്ടി ആദ്യം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് അമ്മയാണ്. കാല്‍വിരലുകള്‍ കൊണ്ട് എങ്ങനെയെഴുതണം എന്ന് സ്വയം പഠിച്ച ശേഷം ദാമിനിയെ പഠിപ്പിക്കും. മകളെ എന്ത് പഠിപ്പിക്കണം എന്നാണോ ആഗ്രഹിക്കുന്നത് അത് ആദ്യം മാധുരി പഠിച്ചെടുക്കും. എന്നിട്ട് അത് എങ്ങനെ ചെയ്യണമെന്ന് മകള്‍ക്ക് കാണിച്ചുകൊടുക്കും. സ്കെച്ച് പേനയുപയോഗിച്ച് ദാമിനി വരയ്ക്കുന്നത് കണ്ടപ്പോള്‍ ചിത്രരചനയിലാണ് മകള്‍ക്ക് താല്പര്യം എന്നുകണ്ട് പ്രോത്സാഹിപ്പിക്കുകയായിരുന്നു. വീട്ടിലിരുന്ന് വരയ്ക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കി. വിനോദത്തിന് തുടങ്ങിയ വര അവളില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറി. ഇപ്പോള്‍ ബിഎസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ട് ചിത്ര രചന പരിശീലനം ഒഴിവുദിവസമാണ്.
അച്ഛനും അമ്മയും സഹോദരിയും സഹോദരനുമടങ്ങുന്ന കുടുംബം എല്ലാവിധ പ്രോത്സാഹനവും നല്കി ഒപ്പമുണ്ട്. കുട്ടികള്‍ ഈശ്വരന്റെ വരദാനമാണ്. അവരുടെ കഴിവിന്റേയും കുറവുകളുടേയും അടിസ്ഥാനത്തില്‍ അവരെ വിവേചനത്തോടെ കാണരുത്. കുട്ടികള്‍ കളിമണ്ണ് പോലെയാണ്. മാതാപിതാക്കളാണ് അവയ്ക്ക് രൂപം നല്‍കുന്നതെന്നും ദാമിനി പറയുന്നു. തന്റെ തീരുമാനത്തിന് ഒപ്പം നില്ക്കുന്ന മാതാപിതാക്കളാണ് തനിക്ക് ലഭിച്ച ഭാഗ്യമെന്ന് ദാമിനി.
സ്കൂളിലും സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന തന്നെ ദാമിനിക്കും കിട്ടി. സുഖമായി എഴുതുന്നതിന് പ്രത്യേകമായൊരു ഇരിപ്പടം നല്കി എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സാധാരണപോലെ തന്നെ.
പഠനത്തിലും ചിത്രരചനയിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന ദാമിനിയുടെ ലക്ഷ്യം ഐഎഎസ് നേടുകയെന്നതാണ്. അംഗവൈകല്യം ബാധിച്ച കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന സ്വപ്നമാണ് ദാമിനിക്കുള്ളത്. ദൈവം മനോഹരമായ ജീവിതമാണ് നല്‍കിയത്. അതുകൊണ്ട് ചിലതെങ്കിലും ചെയ്യണമെന്നാണ് ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: