പാലക്കാട്: ജില്ലയില്‍ കുടിവെള്ളക്ഷാമം നേരിടുമ്പോഴും കുടിവെള്ള സ്ത്രോസുകളായ കൊക്കര്‍ണികളും കിണറുകളും ശുചിയാക്കുന്നതിന് അധികൃതര്‍ മടിക്കുന്നു.
ലക്ഷങ്ങള്‍ മുടക്കി കുളങ്ങളും,കിണറുകളും മറ്റും നന്നാക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അവയൊന്നും കൃത്യമായി നടപ്പിലാക്കുന്നില്ലെന്നതിന്റെ തെളിവാണ് വിക്ടോറിയ കോളേജിനു സമീപം പറക്കുന്നം വിദ്യുത് നഗറിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൊക്കര്‍ണി. 60 അടി താഴ്ച്ചയും 15 അടി വ്യാസവുമുള്ള ഭീമന് കൊക്കര്‍ണിയില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമുണ്ട്. എന്നാല്‍ കൊക്കര്‍ണി ശുചീകരിച്ച കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഗ്നിശമനസേനക്കാവശ്യമായ വെള്ളം ഇവിടെ നിന്നും നിറക്കുവാന്‍ കോളനി അസോസിയേഷന് ആവശ്യപ്പെട്ടെങ്കിലും വാഹനം നിറത്തുന്നതിനുള്ള അസൗകര്യം മൂലം പിന്മാറി.
വിദ്യുത് നഗര്‍ -ശാസ്താപുരി ഹൗസിംഗ് കോളനികളിലുമായി ഏകദേശം ഇരുന്നൂറോളം വീടുകളുണ്ട്.എന്നാല്‍ നഗരസഭയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ പോവുന്നതിനാല്‍ 24 മണിക്കൂറും മലമ്പുഴ വെള്ളം ലഭിക്കുന്നതുകൊണ്ട് കിണറിലെ വെള്ളം എടുക്കാന്‍ താല്പര്യമില്ല. ഏകദേശം അഞ്ചടിയോളം ഉയരമുള്ള കൊക്കര്‍ണിയുടെ സംരക്ഷണഭിത്തികള്‍ കാലപ്പഴക്കത്താല്‍ വിണ്ടുകീറി അപകടാവസ്ഥയിലായിരുന്നു. നഗരസഭ കിണര്‍ നന്നാക്കുന്നതിനായി പ്രത്യേകം ഫണ്ട് പാസാക്കിയിരുന്നു.
കോളനി അസോസിയേഷന് മുന്‍കൈയെടുത്ത് കിണര്‍ വൃത്തിയാക്കി ജലം ശുദ്ധീകരണം നടത്തി സംരക്ഷണ ഭിത്തി പ്ലാസ്റ്ററിംഗ് നടത്തി മുകളില്‍ കമ്പിവലയിട്ട് മൂടി സംരക്ഷിച്ചിട്ടുണ്ട്. കൊക്കര്‍ണിയുടെ സമീപത്തെ കുഴല്‍ക്കിണറില്‍ ആവശ്യത്തിന് വെള്ളമുള്ളതായി കോളനിക്കാര്‍ പറയുന്നു.
ഉപയോഗശൂന്യമായ കൊക്കര്‍ണിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമായ തീരുമാനമെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളേയും മറ്റും ആശ്രയിക്കുന്ന സമയത്താണ് നിറയെ വെള്ളമുള്ള കൊക്കര്‍ണി ഉപയോഗശൂന്യമായിരിക്കുന്നത്.
അണിക്കോട്ടെ പൊതുകിണര്‍
ചിറ്റൂര്‍: നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന അണിക്കോട്ടെ പൊതുകിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ഏത് വേനലിലും വറ്റാത്ത കിണറാണിത്. കിണറിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. നഗരസഭയിലെ മറ്റ് കിണറുകള്‍ അടുത്തിടെ വൃത്തിയാക്കിയപ്പോഴും അണിക്കോട്ടെ കിണര്‍ നന്നാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
നഗരസഭയുടെ പഴയ കോംപ്ലക്സിലെ വ്യാപാരികള്‍, സമീപത്തെ ഹോട്ടലുകള്‍, ലോഡ്ജ് തുടങ്ങിയവര്‍ ഈ കിണറിലെ വെള്ളം ഉപയോഗിച്ചിരുന്നു. കോംപ്ലക്സ് പൊളിച്ചതോടെ കിണര്‍ ആര്‍ക്കും വേണ്ടാതായി. ഇപ്പോള്‍ കാട്ടുചെടികള്വളര്ന്ന് കിണര്‍ കാണാന്‍ പറ്റാതായി. കിണറിനുമുകളില്‍ സ്ഥാപിച്ച വലയിലാണ് മാലിന്യം കൊണ്ടിടുന്നത്. ഇപ്പോള്‍ 24 മണിക്കൂറും ജലവിതരണം നടത്തുന്ന ജല അതോറിറ്റി വേനലില്‍ വിതരണത്തില്‍ മാറ്റംവരുത്തും. അണിക്കോട്ടെ കിണര്‍ സംരക്ഷിച്ചാല്‍ പ്രദേശത്ത് വേനലിലെ ജലക്ഷാമം പരിഹരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: