സംഘത്തിന്റെയും പരിവാര്‍ സംഘടനകളുടെയും കേരളത്തിലെ മുന്നേറ്റം ശരിക്കും അഗ്നിപഥത്തിലൂടെയാണ്. 1942 മലയാളനാട്ടില് സംഘപ്രവര്‍ത്തനത്തിന്റെ കാല്‍വെപ്പ് ആരംഭിച്ചതു മുതല്‍ അതാണ് സത്യാവസ്ഥ. കോഴിക്കോട് ദത്തോപന്ത് ഠേംഗഡി ഏതാനും യുവജനങ്ങളെയും, മുതിര്‍ന്നവരെയും സമ്പര്‍ക്കം ചെയ്ത് ഒരു ശാഖ രൂപീകരിച്ച് മുന്നേറ്റം തുടങ്ങിയ കാലത്തുതന്നെ അക്ഷരാര്‍ത്ഥത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമഗ്ര ഹിന്ദു സമുദായത്തിന്റെയും പരിഛേദം അതില്‍ ആകര്‍ഷിക്കപ്പെട്ടു. ശാഖ പരിപാടികള്‍ ദൃഷ്ടിയില് പെടുമ്പോള്‍ ആശാന് പറഞ്ഞതുപോലെ ”ആരാകിലെന്ത് മിഴിയുള്ളവര്‍ കണ്ടുനിന്നു”. അത് ഏറ്റവും അരിശം കൊള്ളിച്ചത് കമ്യൂണിസ്റ്റുകാരെ ആയിരുന്നു.
പല കമ്യൂണിസ്റ്റ് (അന്നത്തെ)ബുദ്ധിജീവികളുമായി ഠേംഗഡിജി അന്ന് ആശയസംവാദം നടത്തി. അവരില്‍ ചിലര്‍ അന്ത്യകാലം വരെ അദ്ദേഹവുമായി ആ സൗഹൃദവും ആത്മീയതയും നിലനിര്‍ത്തുകയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ ആചാര്യനായി കരുതപ്പെട്ടിരുന്ന കെ.ദാമോദരന്‍ അവരില്പ്പെടുന്നു. അദ്ദേഹത്തിന്റെ ‘ഇന്ത്യയുടെ ആത്മാവ്’ എന്ന പുസ്തകത്തിന്റെ വിപുലീകൃത രൂപമായ ഇന്ത്യന്‍ തോട്ട് എന്ന ഗ്രന്ഥത്തില്‍ ആ ബന്ധത്തിന്റെ നിഴല്‍ നിറഞ്ഞുനിന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സംഘശാഖകള്‍ വളര്‍ന്നുവരുന്നതും ചിന്താശീലരായ യുവതലമുറക്കാര്‍ അതില്‍ ആകൃഷ്ടമാകുന്നതും സഖാക്കള്‍ക്ക് രുചിച്ചില്ല. അവരുടെ യോഗങ്ങളില്‍
ഈപ്പരിപ്പി നാട്ടില്‍
വേവുകില്ല മോനേ
ആര്‍എസ്എസുകാരാ ഓഹോ
ആര്‍എസ്എസുകാരാ
എന്ന പാട്ടുപാടാനും ഒരുങ്ങിയത്. തിരുവനന്തപുരത്താകട്ടെ 1941 ല്‍ പൂജനീയ ഗുരുജി പങ്കെടുത്ത സംഘപരിപാടിക്കുമേല് വിഫലമായ ആക്രമണം തന്നെ നടത്തുകയും ചെയ്തു. ഇന്നും കേരളവ്യാപകമായി ആക്രമണങ്ങള്‍ അവര്‍ അഴിച്ചുവിടുകയാണല്ലൊ.
സംഘശാഖകളുടെ ആരംഭം ഒരു വിഭാഗം മുസ്ലിങ്ങളും അസഹ്യമായിത്തന്നെയാണ് വീക്ഷിച്ചത്. പല സ്ഥലങ്ങളിലും തങ്ങളില്‍ ചില വിഭാഗക്കാരുടെ തോന്ന്യാസങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള തന്റേടം ദശാബ്ദങ്ങളോടും ദുര്‍ബലരും ഭയഭീതരുമായിക്കഴിഞ്ഞ ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായത് ശാഖകളില്‍നിന്ന് ലഭിച്ച ആത്മവിശ്വാസം മൂലമായിരുന്നുവെന്ന് അക്കൂട്ടര്‍ വിശ്വസിച്ചു.
കോഴിക്കോട് നഗരത്തിന്റെയും ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെയുള്ള കടല്‍ത്തീരങ്ങളിലും താമസിക്കുന്ന ഹിന്ദുക്കള്‍ മിക്കവാറും പിന്നാക്ക സമുദായങ്ങളില്‍ പെട്ട സാധുക്കള്‍-സ്വയംസേവകരായതിനുശേഷം ചായക്കടകളില്‍ ഇരിക്കാന്‍ ചകിരിപ്പൊളിക്ക് പകരം ബഞ്ചും, ചിരട്ടയ്ക്ക് പകരം ഗ്ലാസില്‍ മധുരമിട്ട ചായയും ആവശ്യപ്പെടാനുള്ള തന്റേടം നേടി. അതിഷ്ടപ്പെടാത്ത മുസ്ലിം കടക്കാര് അവരെ നോട്ടപ്പുള്ളികളുമാക്കി.
അത്തരം അവശഹിന്ദുക്കള്ക്ക് ധൈര്യം നല്കി, നെടുനാള്‍ വരെ മുന്നില്‍നിന്ന് നയിച്ച താനൂര്‍, ചിറയ്ക്കലെ എം.ജയചന്ദ്രന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ചുവെന്ന വിവരം അറിഞ്ഞപ്പോള്‍ ഒരുപാട് ഓര്‍മകള്‍ മനസ്സിലൂടെ കടന്നുപോയി. 1966 മുതല്‍ ജയചന്ദ്രനുമായി അടുപ്പമുണ്ട്. അദ്ദേഹം സംഘശിക്ഷാവര്‍ഗിന് വന്നപ്പോള്‍ ശിക്ഷകനാകാന് സാധിച്ചു. ഒരു വര്‍ഷം മുന്‍പ് താനൂര്‍ കടപ്പുറത്ത് നടന്ന പോലീസ് വെടിവെപ്പില്‍ ഉണ്ട തുളച്ചുകയറിയ പാടുകള്‍ കാലിലുണ്ടായിരുന്നു.
ചിറയ്ക്കല്‍ പടിഞ്ഞാറു കടല്‍ത്തീരത്ത് 4000 വരുന്ന മുസ്ലിം വീടുകളുടെയിടയില്‍ 125 പേരോളമുള്ള ഹിന്ദു സമൂഹം മൂന്നോ നാലോ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു. ബേപ്പൂരിന് തെക്ക് ചാലിയം മുതല്‍ പൊന്നാനിക്ക് തെക്ക് പാലപ്പെട്ടി വരെയുള്ള 65 കി.മി വരുന്ന കടല്‍ത്തീരത്ത് ഹിന്ദുക്കളായി ആകെയുള്ളത് താനൂര്‍ കോര്‍മന്‍ കടപ്പുറത്തെ ഈ നാലു കുടുംബങ്ങളാണ് ടിപ്പു പടയോട്ടവുമായി എത്തിയപ്പോള്‍ ഈ കടപ്പുറങ്ങളിലെ മൂപ്പന്മാരെ വിളിച്ചുവരുത്തുകയും അവിടത്തെ ഹിന്ദു മുക്കുവര്‍ മുഴുവന്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഫര്മാന് നല്‍കുകയും ചെയ്തു. താനൂരിലെ കോര്‍മന്‍ മാത്രം അതിന് വഴങ്ങാതെ തന്റെ കടപ്പുറത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തി.
മതംമാറിയവര്‍ പുയിസ്ലാന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നും അങ്ങനെ തന്നെ. മനുഷ്യജാതി മൂന്നു വിധം ഇസ്ലാമ്, കാഫിര്‍, പുയിസ്ലാന് എന്ന വിശ്വാസത്തെ സഞ്ജയന് പരാമര്‍ശിക്കുന്നുണ്ട്. 65 കി.മീ. തുടര്‍ച്ചയായി ഒരു അമുസ്ലിമിനെപ്പോലും കണ്ടുമുട്ടാതെ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥലം ഇന്ത്യയില്‍ മറ്റെവിടെയും ഉണ്ടാവില്ല. 1965 ല്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത പ്രതിസന്ധിമൂലം നിയമസഭ തന്നെ രൂപീകരിക്കപ്പെട്ടില്ല. താനൂരില്‍ ലീഗു സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. അവിടെ ജനസംഘം മത്സരിച്ചുമില്ല. തലേക്കൊല്ലത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ചിറയ്ക്കല്‍ വാര്‍ഡില്‍ 2000 വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിഞ്ഞു. അവിടത്തെ സ്വയംസേവകരും ജയചന്ദ്രനുമായിരുന്നു ആ വിജയത്തിന്റെ ശില്പികള്.
കടപ്പുറത്തെ ഏതാനും ഹിന്ദുകുടുംബങ്ങള്‍ സംഘത്തോട് ആഭിമുഖ്യം കാട്ടിയതിനെതിരെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ഒരുപോലെ (ഇന്നത്തേതുപോലെ) മുസ്ലിങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. വെള്ളിയാഴ്ച കടലില്‍ പോകുന്നതിനെച്ചൊല്ലി അവര്‍ തര്‍ക്കവും കലഹവുമുണ്ടാക്കി. 1964 ആഗസ്റ്റില്‍ ഒന്നൊഴികെ മുഴുവന്‍ ഹിന്ദു കുടുംബങ്ങളും അവിടെനിന്ന് ആട്ടിയോടിക്കപ്പെട്ടു. കോഴിക്കോട്ടും ബേപ്പൂരിലുമുള്ള ബന്ധുവീടുകളില്‍ അഭയം പ്രാപിച്ച അവര്‍ക്ക് ഇന്നും തങ്ങളുടെ കടപ്പുറത്ത് പോയി സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ന് ഓടിപ്പോകാതിരുന്ന ഒരു കോണ്‍ഗ്രസുകാരന്റെ വീടും പിന്നീട് അവര്‍ക്ക് താമസിക്കാന്‍ കഴിയാതെയായി.
1965 ലെ തെരഞ്ഞെടുപ്പ ഫലം അലസിയെങ്കിലും, വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി അഹമ്മദ്കുട്ടി വിജയാഹ്ലാദയാത്ര നടത്തി. പതിവുപോലെ മലപ്പുറം കത്തികളും വാളുകളും ബാക്കി പിടിച്ചുകൊണ്ട് അയ്യായിരത്തോളം പുയിസ്ലാന്മാര്‍ ആക്രോശപൂര്‍വ്വം നടത്തിയ പടപ്പുറപ്പാട്, ഒരൊറ്റ മുസ്ലിം വീടുമില്ലാത്ത ചിറയ്ക്കല്‍ ഭാഗത്തേയ്ക്കും വന്നു. ജയചന്ദ്രന്റെ നേതൃത്വത്തില്‍ സ്വയംസേവകര്‍ അതിനെ ചെറുത്തു. വന്‍ പോലീസ് അകമ്പടിയും അവര്‍ക്ക് ലഭിച്ചു. രാത്രി ഒമ്പത് മണിയോടെ പോലീസ് വെടിവെച്ചു. സുബ്രഹ്മണ്യന് എന്ന സ്വയംസേവകന് അവിടെത്തന്നെ മരിച്ചുവീണു. ജയചന്ദ്രന്റെ തുടയിലൂടെ തുളച്ചുകയറിയ വെടിയുണ്ട മറുവശം കടന്നുപോയി. സമയോചിതമായ പോലീസ് ഇടപെടലുണ്ടാകാത്തതാണ് അനിഷ്ട സംഭവത്തിന് കാരണമെന്നായിരുന്നു അത് സംബന്ധിച്ചുണ്ടായ കേസിന്റെ വിധിയില്‍ ന്യായാധിപന്റെ നിരീക്ഷണം.
ജയചന്ദ്രനെ ഞാന്‍ പരിചയപ്പെട്ടത് സംഘ ശിബിരത്തിലാണെന്ന് സൂചിപ്പിച്ചുവല്ലോ. 1967 ല്‍ ജനസംഘ ചുമതലയേറ്റെടുത്തപ്പോള്‍ തിരൂര്‍ താലൂക്കിലെ സംഘങ്ങളെല്ലാം പരിചയപ്പെടുത്താന്‍ കെ. രാമന്‍പിള്ളയാണ് കൂടെവന്നത്. അവിടുത്തെ ജനസംഘം സമിതിയുടെ യോഗവും, പിന്നീട് പൊതുയോഗവുമുണ്ടായി. ആദ്യമായി ഒരു പൊതുപ്രസംഗം നടത്താന്‍ എനിക്ക് അവസരമുണ്ടായത് അവിടെയായിരുന്നു. പ്രധാന പ്രസംഗം രാമന് പിള്ളയുടേതുതന്നെ. രാത്രിയില്‍ ജയചന്ദ്രന്റെ വീട്ടില്‍ താമസിച്ചു. ചാണകം മെഴുകിയ തറയുള്ള ഓലപ്പുര. അവിടത്തെ വൃത്തിയും വെടിപ്പും അസൂയാവഹം. ഇന്നത്തെ സിറാമിക് ടൈല്‍ തറയേക്കാള്‍ മിനുസമായിട്ടാണ് അത് സൂക്ഷിച്ചിരുന്നത്.
പിന്നീട് തിരൂര്‍, താനൂര്‍ മുതലായ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയതും മറ്റാരുമായിരുന്നില്ല. യുവാക്കളെ ആകര്ഷിക്കുവാനുള്ള പ്രത്യേക കഴിവ് ജയചന്ദ്രനുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലം വരെ ഞങ്ങളുടെ അടുപ്പവും പരിചയവും തുടര്‍ന്നു.
പിന്നീട് ജന്മഭൂമിയുടെ ചുമതലയേറ്റെടുത്ത ശേഷം ജയചന്ദ്രനുമായുള്ള ബന്ധം കുറഞ്ഞു. ആദ്യകാലത്ത് ഓഹരിയേല്പ്പിക്കുന്നതിനും മറ്റും അദ്ദേഹം ഒരുമിച്ചു വന്നിരുന്നു. ഏറെക്കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായിവന്ന അസ്വാരസ്യങ്ങളും സമവാക്യപ്പിഴവുകളും അദ്ദേഹത്തെ കുറേനാള്‍ മറ്റുപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലാന്‍ ഇടവരുത്തിയെന്നറിയാന് കഴിഞ്ഞു. അതിനിടയില്‍ ആന്തരിക അവയവങ്ങള്‍ സംബന്ധിച്ച അസുഖവും പിടിപെട്ടു.
രണ്ടുവര്‍ഷം മുമ്പ് ഒരു ദിവസം ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കാണാന്‍ തീവ്രമായ ആഗ്രഹം അറിയിക്കുകയും ചെയ്തു. അങ്ങനെ ഒരു കോഴിക്കോട് യാത്ര കഴിഞ്ഞുമടങ്ങവെ കുടുംബസഹിതം താനൂര്‍ മുക്കോലയ്ക്കടുത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.ശയ്യാവംലംബിയായ അവസ്ഥയില്‍ ആ കൂടിക്കാഴ്ച അത്യന്തം ഹൃദയസ്പൃക്കായി. ആത്മാര്‍ത്ഥ സുഹൃത്തുക്കളെ നിലനിര്‍ത്താനുള്ള കഴിവ് അവിടേയും കണ്ടു.
ബിജെപി കോഴിക്കോട് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്മൃതി സന്ധ്യയില്‍ ജയചന്ദ്രനും എത്തിയിരുന്നെന്നറിഞ്ഞു. അവിടെ താനൂരും ചിറയ്ക്കലും മുക്കോലയ്ക്കലുമുള്ള ഒട്ടേറെ പഴയ സഹപ്രവര്‍ത്തകരുമായി സംവദിക്കാന്‍ കഴിഞ്ഞു. ജയചന്ദ്രന് എത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞറിഞ്ഞുവെങ്കിലും അവിടുത്തെ പരിതസ്ഥിതിയില്‍ നേരില്‍ കാണാനായില്ല. കരള്‍മാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന സ്ഥിതിയിലാണ് മുമ്പ് കണ്ടത്. പക്ഷെ, അത് പലകാരണങ്ങള്‍ക്കൊണ്ടും നടന്നില്ലെന്നറിഞ്ഞു.
ജയചന്ദ്രന്റെ മരണവാര്‍ത്ത പഴയ അനേകം സഹപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചു. അഗ്നിപരീക്ഷയെ അതിജീവിച്ച ചെറുപ്പകാലമായിരുന്നു ജയചന്ദ്രന്റേത്. ആ ഓര്‍മ്മ എന്നും ആവേശകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: