ദല്‍ഹിയിലെങ്ങും കരിപുരണ്ടനാളുകളാണ് കടന്നുപോയത്. അന്തരീക്ഷത്തില്‍ നിറഞ്ഞ കടുത്ത പുകമഞ്ഞില്‍ നഗരവാസികള്‍ വിഷമിച്ച നാളുകള്‍. കഴിഞ്ഞ 17 വര്‍ഷം സംഭവിച്ചതില്‍ വച്ചേറ്റവും രൂക്ഷമായ പുകമഞ്ഞായിരുന്നു ദല്‍ഹിയെ ഗ്രസിച്ചത്. മഞ്ഞിന്റെ കാഠിന്യം മൂലം വിദ്യാലയങ്ങള്‍ അടച്ചിട്ടു. വാഹനങ്ങള്‍ ഓട്ടം കുറച്ചു. ആശുപത്രികളില്‍ രോഗികളുടെ തിരക്ക് വര്‍ധിച്ചു. തങ്ങളുടെ നഗരത്തിന് എന്തു സംഭവിച്ചു എന്ന ശങ്കയിലായിരുന്നു ദല്‍ഹി നിവാസികള്‍.
ദല്‍ഹിയിലെ പുകമഞ്ഞിന്റെ രൂക്ഷതയേറുമ്പോള് ഓര്‍മവരുന്നത് 64 വര്‍ഷം മുമ്പ് മറ്റൊരുരാജ്യത്തിന്റെ തലസ്ഥാനത്ത് അസുര താണ്ഡവം നടത്തിയ പുകമഞ്ഞിന്റെ കഥയാണ്. ചരിത്രത്തില്‍ ‘ലണ്ടണിലെ കൊടുംമഞ്ഞ്’ എന്ന പേരില്‍ സ്ഥാനം പിടിച്ച അത് സംഭവിച്ചത് 1952 ല്‍. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ അഞ്ച് വെള്ളി മുതല്‍ ഒമ്പത് ചൊവ്വാഴ്ച വരെ. അഞ്ചുനാള്‍ നീണ്ട വിഷമഞ്ഞില് അന്ന് ലണ്ടന്‍ നഗരം ഞെളിപിരികൊണ്ടു. എങ്ങും കറുത്ത മഞ്ഞ് മാത്രം. സൂര്യനെ കണികാണാന്‍ പോലുമില്ല. മരവിപ്പിക്കുന്ന തണുപ്പായിരുന്നു എവിടെയും. കാറ്റുപോലുമില്ല. തണുപ്പകറ്റാന്‍ വീടായ വീടുതോറും കല്‍ക്കരി തുടര്‍ച്ചയായി കത്തിച്ചുതുടങ്ങിയതോടെ മഞ്ഞ് കൂടുതല്‍ വിനാശകാരിയായി. താപനിലയങ്ങള്‍ പുറംതള്ളിയ കാര്‍ബണ്‍ അതിനാക്കം കൂട്ടി.
അഞ്ചുനാള്‍ നീണ്ടുനിന്ന ലണ്ടണിലെ പുകമഞ്ഞില്‍ ഔദ്യോഗിക കണക്കനുസരിച്ച് മരിച്ചവര്‍ 4000. ശ്വാസകോശ രോഗികളായവര്‍ ഒരു ലക്ഷം. ബ്രിട്ടണിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകളനുസരിച്ച് ലണ്ടണില്‍ ഓരോ ദിവസവും പുറത്തുവിട്ട പുകകണങ്ങള്‍-1000 ടണ്‍; കാര്‍ബണ്‍ ഡൈ ഓക്സൈഡ്-2000 ടണ്‍; ഹൈഡ്രോക്ലോറിഡ് ആസിഡ്-140 ടണ്‍; അഞ്ചാം നാള് തെംസ് നദിയോരത്തുനിന്നാരംഭിച്ച ശക്തമായ കാറ്റില്‍ മഞ്ഞലിഞ്ഞില്ലാതായപ്പോഴേക്കും ലണ്ടന്‍ ശ്വാസകോശ രോഗികളുടെ നഗരമായി മാറിയിരുന്നു.
ഭാഗ്യം; ദല്‍ഹിയില്‍ അപ്രകാരമൊന്നും സംഭവിച്ചില്ല. പക്ഷെ നഗരത്തിലെ അന്തരീക്ഷത്തില്‍ ഒളിച്ചിരിക്കുന്ന ആപത്തുകളെക്കുറിച്ച് നാട്ടുകാര്‍ ഏറെ ബോധവാന്മാരായി.
രോഗമില്ലാത്തവര്‍ രോഗികളായി. കുട്ടികളില്‍ ശ്വാസകോശരോഗങ്ങള്‍ വര്‍ധിച്ചു. കുറേനാള്‍ കെട്ടിട നിര്‍മാണം മുടങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. എല്ലാവരും പഴിക്കുന്നത് കൊടും തണുപ്പിനെയാണ്. കരിയിലക്കാറ്റുപോലും വിശാത്ത കാലാവസ്ഥയെയാണ്. ചിലര്‍ ദീപാവലിയില്‍ പൊട്ടിച്ച വൃത്തികെട്ട ചൈനീസ് പടക്കങ്ങളെ കുറ്റപ്പെടുത്തുന്നു. സമീപ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിളവെടുപ്പിന് ശേഷം വൈക്കോലും ചണ്ടികളും കൂട്ടിയിട്ട് കത്തിച്ചതാണ് കുഴപ്പമെന്ന് വിധിക്കുന്നവരും ഏറെ.
പക്ഷെ, നാട്ടിലെ വായുമലിനീകരിക്കപ്പെടുന്നതില് തങ്ങളോരോരുത്തരും കുറ്റക്കാരാണെന്ന് സമ്മതിക്കാന്‍ മാത്രം ആരും തയ്യാറല്ല. സ്വന്തം താല്പര്യത്തിന് ഡീസല്‍ ജനറേറ്ററുകള്‍ 24 മണിക്കൂറും ഉപയോഗിക്കാനും മൂന്നും നാലും വാഹനങ്ങള്‍ കൊണ്ട് വിഷവാതകങ്ങള്‍ നിറയ്ക്കാനും നിര്‍മാണ പരിപാടികളിലൂടെ മാരകമായ പൊടിപടലങ്ങളുയര്ത്താനും ആര്‍ക്കുമൊരു മടിയുമില്ല. മലിനീകരണ നിയന്ത്രണം സര്‍ക്കാരിന്റെ മാത്രം ജോലിയാണെന്ന് വിശ്വസിച്ചിരിക്കുവാനാണവര്ക്കിഷ്ടം.
ദേശീയ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദല്‍ഹിയിലെ വായുമലിനീകരണം അഞ്ചിരട്ടി കൂടുതലാണെന്നാണ് പ്രശസ്ത ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കണക്കുകളനുസരിച്ച് പറയുന്നത്. നൈട്രജന്റെ ഓക്സൈഡുകളുടെ കാര്യത്തിലും കാര്‍ബണ്‍ മോണോക്സൈഡ്, ഓസോണ്‍, ബെന്‍സീന്‍ തുടങ്ങിയ വിഷവാതകങ്ങളുടെ അളവിലും വന്‍ പുരോഗതിയാണത്രെ ദല്‍ഹിയിലെ അന്തരീക്ഷത്തിന്. തുടര്‍ന്ന് ആസ്മ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവ അനുദിനം ഏറിവരുന്നതായും ആരോഗ്യകണക്കുകള്.
എല്ലാ തണുപ്പുകാലത്തും പുകമഞ്ഞും പകര്‍ച്ചവ്യാധികളുമൊക്കെ ദല്‍ഹിയില്‍ അരങ്ങേറാറുണ്ട്. അതിന് ആക്കം കൂട്ടുന്നത് ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലെ ലക്ഷോപലക്ഷം ഹെക്ടര്‍ പാടശേഖരങ്ങളില്‍ നിന്നുയരുന്ന കടുത്ത പുകയാണെന്നതും നേര്. കര്‍ഷകര്‍ക്ക് കൃഷി ചെയ്യണമെങ്കില്‍ വൈക്കോലും ചണ്ടിയും മാറ്റി കൃഷിയിടം വെടിപ്പാക്കണം. അതിനാണവര്‍ തീയിടുന്നത്. നല്ല വളമായി ചാരവും കിട്ടും. പരമ്പരാഗതമായി ചെയ്തുവരുന്ന ഈ ഏര്‍പ്പാട് നിര്‍ത്തുകയെന്നത് ക്ഷിപ്രസാധ്യമല്ല. അത്തരം ചണ്ടികള്‍ സംസ്കരിക്കാന്‍ കുഴപ്പമില്ലാത്ത ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തി നടപ്പില്‍ വരുത്താനുള്ള ശ്രമമാണുണ്ടാവേണ്ടത്. അതിന് ഗവേഷകര്‍ മുന്നോട്ടുവരണം. ഒപ്പം സന്നദ്ധ സംഘടനകളും.
ഉപദേശിക്കാന്‍ എളുപ്പമാണെന്നു പറയാറുണ്ട്. കേരളീയര്‍ ഇക്കാര്യത്തില്‍ ആശാന്മാരുമാണ്. അതുകൊണ്ട് ഒരുകാര്യം മറക്കാതിരിക്കുക. വായുവില്‍ തങ്ങി നില്ക്കുന്ന അപകട കണികകളുടെ വര്‍ധനയിലും സള്‍ഫര്‍-നൈട്രജന്‍ ഓക്സൈഡുകളുടെ വര്‍ധനയില്‍ കേരളവും ഒട്ടും മോശമല്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓരോവര്‍ഷവും പുറത്തുവിടുന്ന കണക്കുകള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപകടത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
രാസവസ്തു നിര്‍മ്മാണത്തിന്റെ കേന്ദ്രമായ കളമശ്ശേരിയും ടയര്‍ നിര്‍മാണ ഫാക്ടറിയുടെ ആസ്ഥാനമായ വടവാതൂരും വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന തമ്പാന്നൂരും കൊല്ലത്തെ വ്യാവസായിക മേഖലയുമൊക്കെ അന്തരീക്ഷത്തിലെ വാതക കണികകളുടെ വര്‍ധനയില്‍ അപായസൂചനകളാണ് നല്‍കുന്നത്. അതിനെതിരെ നാം ബോധവാന്മാരാകണം. മലിനീകരണത്തിന് അവസരമൊരുക്കാതെ സ്വയം മാതൃകയാവണം; ഒപ്പം മലിനീകരണം നടത്തുന്ന നരാധമന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ എന്നും ഇരുട്ടുകൊണ്ട് ഓട്ടയടച്ചുകൊണ്ടിരിക്കാനാവും നമുക്ക് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: