കേരളത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ വ്യവഹാരങ്ങളെ ആഴമേറിയ പഠനങ്ങള്‍കൊണ്ട് സ്വാധീനിച്ച വ്യക്തിയാണ് ഡോ. എം.പി.പരമേശ്വരന്. ചിന്തകളുടേയും ആശയങ്ങളുടേയും ലോകത്താണ് മിക്കപ്പോഴും ഈ ധിഷണാശാലിയായ ശാസ്ത്രജ്ഞന്. രാഷ്ട്രീയമായി തികഞ്ഞ ഇടതുപക്ഷ അനുകൂല മനോഭാവം പുലര്‍ത്തുമ്പോഴും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ചതുരക്കള്ളികള്ക്ക് പുറത്താണ് പരമേശ്വരന്റെ സ്ഥാനം. ശരിയെന്ന് തോന്നുന്നവ ഉറക്കെ വിളിച്ചുപറയാനുള്ള ബൗദ്ധികമായ തന്റേടമാണ് പരമേശ്വരനെ വ്യത്യസ്തനാക്കുന്നത്. കേരളം നേരിടുന്ന ആഴമേറിയ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പരമേശ്വരന് തുറന്നിടുന്ന വഴികള്‍ക്ക് ബൗദ്ധിക ജാഗ്രതയുടെ കരുത്തുണ്ട്, ആത്മാര്‍ത്ഥതയുടെ പ്രകാശമുണ്ട്. വിയോജിപ്പുള്ളവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ പരമേശ്വരനെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരിക്കല്‍ക്കൂടി ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലെത്തിയ വേളയില്‍ പരമേശ്വരന്റെ തുറന്നുപറച്ചില്‍ ഇതാ.
കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
ഇടതുപക്ഷമുന്നണി അധികാരത്തിലെത്തിയെന്നത് ശരിയാണ്. പക്ഷെ സിപിഎമ്മിന്റെ വികസന കാഴ്ചപ്പാട് പൂര്‍ണമായും ഇടതുപക്ഷമാണെന്ന് പറയാനാകില്ല. കൃഷി,മൃഗസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്കുന്ന വികസന സങ്കല്പ്പത്തിന് പകരം വ്യവസായവല്ക്കരണത്തില്ക്കൂടിത്തന്നെ വികസനം സൃഷ്ടിക്കാമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. ഇത് മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമല്ല. കൃഷിയെക്കുറിച്ചും മറ്റും പറയുന്ന കാര്യങ്ങളില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ല. അത് വെറും മുദ്രാവാക്യങ്ങളുടെ തലത്തില്‍ മാത്രം നില്ക്കുന്നു. ആക്ഷനില്ല. പറയുന്നുണ്ട് ധാരാളം എന്നുമാത്രം. അതേസമയം ആക്ഷനുണ്ടാകുന്നതെല്ലാം വ്യവസായ വികസനം എന്ന ലക്ഷ്യത്തോടെയാണ്. ഇത് യഥാര്‍ത്ഥ ഇടതുപക്ഷമല്ല.
ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് പറ്റിയ അബദ്ധം തന്നെയാണിത്. വ്യവസായവല്‍ക്കരണമാണ് പുരോഗതി എന്ന് തെറ്റായി ചിന്തിച്ചു. സോവിയറ്റ് യൂണിയനിലും ഇതേ തെറ്റാണ് സംഭവിച്ചത്. സോവിയറ്റ് അധികാരം+വൈദ്യുതീകരണം= വികസനം എന്നായിരുന്നു ലെനിന്റെ വരെ കാഴ്ചപ്പാട്. തൊഴിലാളികള്‍ എന്നുപറയുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വ്യാവസായിക തൊഴിലാളികള്‍ മാത്രമാണ്. ഏകപക്ഷീയമായി വിപ്ലവം നടപ്പാക്കുന്നത് വ്യാവസായിക തൊഴിലാളികളുടെ ശക്തികൊണ്ടാണെന്ന് അവര്‍ കരുതുന്നു.
വ്യവസായവല്‍ക്കരണം മാത്രമാണ് പുരോഗതിയെന്നും. വിപ്ലവത്തില്‍ കര്‍ഷകര്‍ക്ക് ചെറിയ റോളാണ് വഹിക്കാനുള്ളതെന്ന് ലെനിന്വരെ കരുതിയിരുന്നു. ഇത് മാര്‍ക്സിനെ ശരിയായി മനസ്സിലാക്കാത്തതുകൊണ്ട് സംഭവിച്ച അബദ്ധമാണ്. വ്യവസായവല്‍ക്കരണത്തിന് പകരം കാര്‍ഷിക വിപ്ലവമാണ് ആദ്യമുണ്ടാകേണ്ടത്. കൃഷിഭൂമി കര്ഷകന് നല്‍കുക എന്നതല്ല. കൃഷിഭൂമിയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വന്‍തോതില്‍ കാര്‍ഷികോത്പാദനം നടത്തുക എന്നതാണ് മാര്‍ക്സ് ലക്ഷ്യമിട്ടത്.
കൃഷിഭൂമി കര്ഷകന് എന്ന മുദ്രാവാക്യം തന്നെ മാര്‍ക്സിസത്തിന് വിരുദ്ധമാണ്. അത് സ്വകാര്യസ്വത്തിനെ പ്രോത്സാഹിപ്പിക്കുന്നു. പിന്നീട് സ്റ്റേറ്റിന്റെ ഉടമസ്ഥതയില്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ തയ്യാറല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഭൂമിയും രാസവളവും കൊടുത്തിട്ട് കാര്യമില്ല. കൃഷിയെ സര്‍ക്കാര്‍ സംരക്ഷിക്കണം. ജൈവമാലിന്യം മണ്ണിലേക്ക് തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാക്കണം. കാര്‍ഷികമേഖലയില്‍ സ്റ്റേറ്റ് ഉടമസ്ഥതയില്‍ വലിയ പരിവര്‍ത്തനമാണ് ആദ്യമുണ്ടാകേണ്ടത്. കേരളത്തില്‍ പുതിയ സര്‍ക്കാരിന് ഈ ദിശയില്‍ ഒരു ചിന്തപോലുമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യസ്തതയും പുലര്‍ത്തുന്നില്ല എന്ന് പറയേണ്ടി വരുന്നത്.
അതിവേഗ റെയില്‍പ്പാത, അതിനഗരവല്ക്കരണം, അതിവേഗ റോഡുകള്‍ തുടങ്ങിയ വികസന സങ്കല്‍പ്പങ്ങളെല്ലാം തന്നെ വികൃതമായ ധാരണകളാണ്. നഗരങ്ങളിലെ ജനങ്ങളെ ഗ്രാമങ്ങളിലേക്ക് മാറ്റണമെന്നാണ് മാര്‍ക്സ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും മാര്‍ക്സ് ഇത് പലയിടത്തും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതിന് കടകവിരുദ്ധമായ സമീപനമാണ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റേത്.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനെ വിലയിരുത്തുമ്പോള്‍?
പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. ഏകാധിപതിയാകാനുള്ള പ്രവണതയുള്ളയാളാണ് പിണറായി വിജയന്. എന്നാല്‍ ഈ പ്രവണതയെ ഒരുപരിധിവരെ മറച്ചുവെക്കുന്നതില് പിണറായിയും പാര്‍ട്ടിയും വിജയിച്ചിട്ടുണ്ട്. ഭരണത്തിന്റെ കാര്യത്തില്‍ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ കാഴ്ചപ്പാടാണ് പിണറായി വിജയനുമുള്ളത്. വന്‍തോതിലുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കുക, വ്യവസായവല്‍ക്കരണത്തിന്റെ ആക്കവും തോതും വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് അത്. ഇത് വലിയൊരുവിഭാഗം ജനതയെ അവഗണിക്കുന്ന കാഴ്ചപ്പാടാണ്. ബംഗാളില്‍ സംഭവിച്ചത് അതാണ്.
വ്യവസായം വളര്‍ത്താന്‍ ശ്രമിച്ചതോടെ കൃഷി മോശമായി. വ്യവസായ മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപം വന്നതോടെ അസമത്വം വര്‍ദ്ധിച്ചു. കര്‍ഷകര്‍ കൂടുതല്‍ ദരിദ്രരായി. ഇത് സമൂഹത്തില്‍ അസന്തുലിതാവസ്ഥയും അസംതൃപ്തിയും വളര്‍ത്തി. മാലിന്യനിര്‍മാര്‍ജനം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു. മാലിന്യത്തെ വെറും ആരോഗ്യ-സൗന്ദര്യ പ്രശ്നം മാത്രമായി കണക്കാക്കുന്നതുകൊണ്ടാണിത്. മാലിന്യം വലിയ സമ്പത്താണ്. അത് കൃഷിക്ക് വളമായി ഉപയോഗിക്കാന്‍ കഴിയണം. അത് സാധിച്ചില്ല. കാര്‍ഷികമേഖല ദുര്‍ബലമായതും ഇതിന് കാരണമാണ്.
വ്യവസായ വികസനത്തിനായി കര്‍ഷകരെ തള്ളിപ്പറയുകയും കൃഷിഭൂമികള്‍പോലും ഏറ്റെടുക്കുകയും ചെയ്തത് വലിയ അതൃപ്തിക്കിടയാക്കി. ഇതെല്ലാം ബംഗാളില്‍ സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ബംഗാള്‍ മാതൃകയില്‍ പൂര്‍ണമായും പോകാന്‍ കേരളത്തിലെ സിപിഎമ്മിനാകില്ല. ഇവിടത്തെ ജനസാമാന്യം കുറച്ചുകൂടി ബോധവാന്മാരാണ്, സംഘടിതരും ശക്തരുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്. മന്‍മോഹന്‍സിങ്ങിന്റെ പരിപാടികളാണ് ബംഗാളില്‍ ബുദ്ധദേവ് നടപ്പാക്കിയത്. അതിന് ബുദ്ധദേവിന്റേയും സിപിഎമ്മിന്റേയും ആവശ്യമില്ല. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ്സും മതി.
പിണറായിയുടെ സാമ്പത്തിക നയവും ഉപദേഷ്ടാവും?
സാമ്പത്തിക നയത്തില്‍ വ്യത്യസ്തമായി ഒന്നും കാണാനില്ല. നവലിബറല്‍ നയങ്ങള്‍ തന്നെയാണ് ഈ സര്‍ക്കാരും ഇപ്പോള്‍ പിന്തുടരുന്നത്. സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള കേരളത്തിലെ കാഴ്ചപ്പാട് തന്നെ വികലമാണ്. ഉദാഹരണത്തിന് ഇവിടെ ഇരുപത് ലക്ഷം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇത് നിഷ്ക്രിയ ആസ്തിയാണ്. ഒരുലക്ഷം കിലോവാട്ട് ഊര്‍ജ്ജവും ഭക്ഷണസാമഗ്രികളുമാണ് ഇതിനായി പാഴാക്കിയിട്ടുള്ളത്.
പ്രതിവര്‍ഷം ഇത് സൃഷ്ടിക്കുന്ന നഷ്ടം വേറെയും. സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും വികസനത്തിന്റെ പേരില്‍ ചെയ്യുന്ന പലതും അനാവശ്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം വരണം. ശാസ്ത്രത്തെ പ്രയോഗിക്കാനുള്ള കഴിവും ധൈര്യവും കേരളത്തില്‍ വേണ്ടത്ര വളര്‍ന്നിട്ടില്ല. സാമ്പത്തിക രംഗത്ത് വ്യവസായവല്‍ക്കരണവും നവലിബറലിസവുമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത് എന്നതിന്റെ തെളിവാണ് ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ ഉപദേശകയാക്കിയിട്ടുള്ളത്. ഫലത്തില്‍ ഇത് മന്ത്രിസഭയെത്തന്നെ ദുര്‍ബലപ്പെടുത്തും. ധനകാര്യമന്ത്രിയെ മറികടന്ന് സാമ്പത്തിക ഉപദേഷ്ടാവിനെ മുഖ്യമന്ത്രി ആശ്രയിക്കുന്നത് മന്ത്രിസഭയുടെ പവര്‍ ഇക്വേഷനില്‍ (ശാക്തികസന്തുലനം) മാറ്റംവരുത്തും. കൂട്ടുത്തരവാദിത്തം (കളക്ടീവ് റസ്പോണ്‍സിബിളിറ്റി) മാത്രമല്ല വൈകാരിക ഐക്യവും (ഇമോഷണലി കളക്ടീവ്) ജനാധിപത്യ മന്ത്രിസഭയുടെ അനിവാര്യമായ ഘടകമാണ്.
ധനമന്ത്രിയുടെ വൈകാരികനിലയെ അവമതിക്കുന്ന തീരുമാനമാണ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെത്തന്നെ സാരമായി ബാധിക്കും.
പിണറായിയും വിഎസ്സും പിന്നെ തോമസ് ഐസക്കും?
തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായിയോ വിഎസ്സോ അല്ല മുഖ്യമന്ത്രിയാകേണ്ടത് തോമസ് ഐസക് ആണെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായിയേക്കാള്‍ നല്ല മുഖ്യമന്ത്രിയായിരിക്കും തോമസ് ഐസക്. അതില്‍ സംശയമില്ല. ഇക്കാര്യം വിശദീകരിക്കുകയാണ് പിന്നീട് വന്ന അഭിമുഖത്തില്‍ ചെയ്തത്. പിണറായിയേയോ വിഎസ്സിനേയോ ഇകഴ്ത്തിക്കാണിക്കുക എന്ന ഒരുദ്ദേശ്യവും ഇതിനു പിന്നിലില്ല.
വിഎസ്സിന് വിവരമില്ല എന്നുപറഞ്ഞെന്നായിരുന്നു വിവാദം. വിവരമില്ല എന്നതുകൊണ്ട് ഉദ്ദേശിച്ചത് വേണ്ടത്ര വിദ്യാഭ്യാസം (അക്കാദമിക് നോളജ്) എന്നാണ്. പിണറായിക്ക് ജനാധിപത്യബോധം (ഡെമോക്രാറ്റിക് സെന്‍സ്) കുറവാണ്. ഇത് രണ്ടുമുള്ളത് തോമസ് ഐസക്കിനാണ്. പക്ഷെ ജനങ്ങള്‍ അതാഗ്രഹിക്കുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടത് ജനങ്ങളുടെ പക്ഷത്തുനിന്നാണ്. പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. വിഎസ്സിനെ മുഖ്യമന്ത്രിയാക്കിയത് പാര്‍ട്ടിയല്ല. ജനങ്ങളാണ്. പിണറായിയോ തോമസ് ഐസക്കോ എന്ന കാര്യത്തിലും തീരുമാനം ജനങ്ങളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. മറ്റൊന്ന് ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണമാണ് ലഭിക്കുക. കേരളജനതക്ക് ഇത്രയൊക്കെയേ അര്‍ഹതയുള്ളു. ഇവിടെ 90 ശതമാനം ജനങ്ങളും ഇതേക്കുറിച്ചൊന്നും ചിന്തിക്കുന്നവരല്ല. സാമൂഹ്യബോധം ഏറ്റവും കുറഞ്ഞ മധ്യവര്‍ഗമാണ് കേരളത്തില്‍ ഭൂരിപക്ഷം.
അധികാരവികേന്ദ്രീകരണവും ജനകീയ ആസൂത്രണവും വിവാദങ്ങളും?
അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ആശയംതന്നെ സ്വയംപര്യാപ്ത ഗ്രാമീണ റിപ്പബ്ലിക്കുകള്‍ എന്നതാണ്. അധികാരത്തെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരിലേക്ക് എത്തിക്കുന്ന കാഴ്ചപ്പാടാണിത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അധികാരം ലഭിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇടതുപക്ഷം പോലും ഇതിനെ പുച്ഛിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. പഞ്ചായത്ത്രാജ് നടപ്പായതോടെ ചില ചെറിയ മാറ്റങ്ങളുണ്ടായി. പക്ഷെ ജനകീയാസൂത്രണം വേണ്ടത്ര മുന്നോട്ടുപോയില്ല. ഇന്നത് പൂര്‍ണമായും നിലച്ച അവസ്ഥയിലായി.
പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തുനിന്നുതന്നെയാണ് ഏറ്റവും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ എം.എന്‍.വിജയന് മാഷുള്പ്പടെയുള്ളവര് സ്വീകരിച്ച നിലപാട് വിഢിത്തമായിപ്പോയി. ജനകീയാസൂത്രണത്തിന് പിന്നില്‍ സിഐഎ ബന്ധമുണ്ടെന്നും സ്റ്റേറ്റിനെ ദുര്‍ബലപ്പെടുത്തുമെന്നും ഒക്കെയുള്ള വാദങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. സ്റ്റേറ്റിനെ ദുര്‍ബലപ്പെടുത്തുകയും അധികാരം ജനങ്ങള്‍ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് മാര്‍ക്സിസ്റ്റ് സങ്കല്‍പ്പം. ഇതിനെ വിമര്‍ശിച്ചതോടെ എം.എന്‍.വിജയന് മാര്‍ക്സിസ്റ്റല്ല എന്ന് സ്വയം തെളിയിക്കുകയായിരുന്നു. സ്റ്റേറ്റിനെ ശക്തിപ്പെടുത്തണമെന്ന സങ്കല്പം ഫാഷിസത്തിന്റേതാണ്.
ജനകീയാസൂത്രണത്തെ വിമര്‍ശിച്ചവര്‍ മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളെ നിരാകരിക്കുകയും അധികാരകേന്ദ്രീകരണം എന്ന ഫാഷിസ്റ്റ് ആശയത്തെ അംഗീകരിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. പക്ഷെ ഇത്തരം വിമര്‍ശനങ്ങള്‍ അധികാര വികേന്ദ്രീകരണത്തെയും ജനകീയ ആസൂത്രണത്തെയും ദുര്‍ബലപ്പെടുത്തി. വിമര്‍ശനങ്ങളെ മറികടന്ന് മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തി ഒരു സര്‍ക്കാരിനും ഉണ്ടായിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ജപ്പാന് ഉള്‍പ്പടെയുളള വികസിത രാജ്യങ്ങളില്‍ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ അതിന് പിന്നില്‍ കാണാച്ചരടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. വികസന പദ്ധതികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മദ്ധ്യസ്ഥതയിലാണ് വിദേശരാജ്യങ്ങള്‍ പണം നല്‍കുന്നത്. ഇത് നേരത്തെയും നിലവിലുണ്ടായിരുന്നു.
വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നുംതന്നെ അധികാരം വിട്ടുകൊടുക്കാന്‍ തല്പരരായിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി ചെലവഴിച്ചിരുന്ന പണം പഞ്ചായത്തുകള്‍ക്ക് കൈമാറിയതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. ഇന്ത്യയില്‍ ശരാശരി ഒരു പഞ്ചായത്തിന് പ്രതിവര്‍ഷം മുന്നൂറുകോടിരൂപയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷിയുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ കോടിയാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്. ബാക്കി നികുതി ഇടപാടുകള്‍ ഉള്‍പ്പടെയെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ത്തന്നെയാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം പൂര്‍ണ അര്‍ത്ഥത്തില്‍ ഇവിടെ നടപ്പായിട്ടില്ല.
പിണറായി വിജയന് നരേന്ദ്രമോദിയെ അനുകരിക്കുമ്പോള്‍ ?
സാമ്പത്തിക നയത്തിന്റേയും നിലപാടുകളുടേയും കാര്യത്തില്‍ പിണറായിയും മോദിയും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്. നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ഇരുസര്‍ക്കാരുകളുടേയും. എന്നാല്‍ പിണറായിക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയെപ്പോലെ വ്യാപകമായി ചിന്തിക്കാനോ ആസൂത്രണം ചെയ്യാനോ കഴിയില്ല. അതുകൊണ്ടുതന്നെ താരതമ്യത്തില്‍ അര്‍ത്ഥമില്ല. പിണറായിയുടെ കാര്യത്തില്‍ മോദിയേക്കാള്‍ വലിയ ഗുരു സ്റ്റാലിനാണ്. സ്റ്റാലിനിസ്റ്റ് പ്രയോഗമൊന്നും വേണ്ടെങ്കിലും മാതൃക സ്റ്റാലിനാണ്. വിഎസ്സിന് ഇനി കേരള രാഷ്ട്രീയത്തില്‍ കാര്യമായ റോള്‍ ഇല്ല. സ്വന്തമായി ഒരു കാഴ്ചപ്പാട് ഇല്ലാത്ത നേതാവാണ് വിഎസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഒട്ടേറെ ഉപദേശകരാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. ഇപ്പോള്‍ ഇങ്ങനെ ഉപദേശിക്കാന്‍ സംഘങ്ങളില്ല. പ്രായാധിക്യവും വിഎസ്സിനെ തളര്‍ത്തുന്നുണ്ട്.
കല-സംസ്കാരം-പൈതൃകം/ ഇടത് വീക്ഷണം?
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സോവിയറ്റ് യൂണിയന്. 62 മുതല്‍ 65 വരെ മോസ്കോയില്‍ ഉണ്ടായിരുന്ന കാലത്ത് വിശ്വസിച്ചിരുന്നത് ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് എന്നായിരുന്നു. ജനങ്ങള്‍ക്ക് ഒരു ഉത്കണ്ഠയുമില്ല. പരിപൂര്‍ണ സംതൃപ്തര്‍. സാമ്പത്തിക വികാസത്തോടൊപ്പം സാംസ്കാരിക വികാസവും സോവിയറ്റ് യൂണിയനെ സ്വര്ഗമാക്കിമാറ്റി. കമ്മ്യൂണിസത്തിന്റെ ഏറ്റവും ശക്തമായ നാളുകളില്‍പ്പോലും സോവിയറ്റ് യൂണിയന് പാരമ്പര്യത്തേയും പൈതൃകത്തേയും നിഷേധിച്ചിട്ടില്ല.
മോസ്കോയിലുണ്ടായിരുന്ന സമയത്ത് സിനിമ എപ്പോള്‍ വേണമെങ്കിലും ടിക്കറ്റെടുത്ത് കാണാം. എന്നാല്‍ റഷ്യന്‍ ബാലെ കാണണമെങ്കില്‍ രണ്ടാഴ്ചമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. പാരമ്പര്യ കലകളോടും സംസ്കാരത്തോടുമുള്ള അവരുടെ മമത അത്രക്കുണ്ടായിരുന്നു. പൈതൃകത്തെ നിഷേധിക്കുന്നത് വിഢിത്തമാണ്. അച്ഛന്റെ സ്വത്ത് വേണ്ടെന്ന് പറയുന്നതുപോലെയാണിത്. ഭൂമിയിലാകെയുള്ള മനുഷ്യരുടെ പൊതുവായ പൈതൃകമാണ് സംസ്കാരം എന്നത്. മോശമായത് കണ്ടാല്‍ തിരുത്തണം. അതുമാത്രമാണാവശ്യം. പൈതൃകത്തേയും പാരമ്പര്യത്തേയും നിരാകരിക്കേണ്ട കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: