പരപ്പനങ്ങാടി: നഗരസഭയിലെ പ്രധാന കാര്‍ഷിക മേഖലയായ ഉള്ളണം-കോട്ടത്തറ പ്രദേശങ്ങളില്‍ കൃഷി കരിഞ്ഞുണങ്ങുന്നു. ജലസേചന വകുപ്പിന്റെ കുണ്ടന്‍കടവ് പമ്പ് ഹൗസിലെ 75 എച്ച്പി മോട്ടോര്‍ തകരാറിലായതാണ് കര്‍ഷകര്‍ക്ക് ദുരിതമായത് പമ്പ് ഹൗസിലെ നിലവിലുള്ള ചെറിയ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുന്നുണ്ടെങ്കിലും കനാല്‍ വഴി വെള്ളം കോട്ടത്തറ, മുങ്ങാത്തം തറ, മുണ്ടിലപ്പാടം മേഖലകളിലേക്ക് എത്തുന്നില്ല. വിണ്ടുകീറി തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ശരിയായ മഴ ലഭിച്ചിരുന്നുവെങ്കില്‍ നിലമൊരുക്കി പുഞ്ചകൃഷി തുടങ്ങേണ്ട ഈ സമത്ത് ജലദൗര്‍ലഭ്യം കാരണം കര്‍ഷകരില്‍ പലരും നെല്‍കൃഷി ഉപേക്ഷിച്ച മട്ടാണ്. നെല്‍കൃഷി ചെയ്യാനാകാതെ വയലില്‍ വാഴയും പച്ചക്കറിയും കൃഷിയിറക്കിയവരില്‍ മിക്കവരും ജലസേചന വകുപ്പിന്റെ ഉള്ളണം-കുണ്ടന്‍കടവ് പമ്പ് ഹൗസിനെയാണ് ആശ്രയിക്കുന്നത്. വലിയ വരള്‍ച്ച കാത്തിരിക്കുന്ന ഇവിടത്തെ കാര്‍ഷിക മേഖലക്ക് പമ്പ് സെറ്റിന്റെ പണിമുടക്കം ഇരുട്ടടിയാവുകയാണ്. വലിയ മോട്ടോറിന്റെ തകരാര്‍ പരിഹരിക്കാന്‍ സത്വര നടപടി വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: