മട്ടാഞ്ചേരി: കടലും കായലുകളുമായി ചുറ്റപ്പെട്ട കൊച്ചിയിലുണ്ടാകുന്ന ജല അപകടങ്ങള്‍ക്കുശേഷം അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇരുട്ടില്‍ തപ്പുന്നു. മൂന്നു പതിറ്റാണ്ടുകളിലായി ജലയാന അപകടങ്ങളില്‍ ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ അപര്യാപ്തത തുടരുകയാണ്. കടല്‍ തീരത്തും കായലുകളിലുമായി ഉണ്ടായിട്ടുള്ള അപകടങ്ങളില്‍ 25 വര്‍ഷത്തിനകം മുന്നൂറിലേറെ പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കായലില്‍ നടന്നിട്ടുള്ള അപകടങ്ങളില്‍ മരണങ്ങള്‍ സംഭവിച്ചത് ഏറെയും രക്ഷാദൗത്യത്തിലെ അപാകതകള്‍കൊണ്ടാണ്.
കൊച്ചി വേമ്പനാട് കായല്‍ സംഗമ സ്ഥലത്തെ ഡഫ്‌റിന്‍ പോയ്ന്റില്‍ നടന്ന ബോട്ടപകടത്തില്‍ നാവിക സേനാംഗവും കുടുംബവും മരിച്ചത് അതിന് ഒരു ഉദാഹരണമാണ്. കൂടാതെ പെരുമ്പടപ്പ് കായലില്‍ ബോട്ട് മുങ്ങി 19 പേരും കുമ്പളങ്ങി കായലില്‍ വള്ളം മറിഞ്ഞ് നാലും കൊച്ചി കടപ്പുറത്ത് നാലു കുട്ടികളും ഫോര്‍ട്ടുകൊച്ചി അഴിമുഖ ബോട്ടപകടത്തില്‍ 14 പേരും ഒടുവില്‍ കുമ്പളം കായലില്‍ ആറ് പേരും മരിച്ചു. 2015ല്‍ വേമ്പനാട്ട് കായലില്‍ കുട്ടിയുമായി ചാടിയ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് മുങ്ങി താഴ്ന്ന നാവിക സേനാംഗത്തെ ഇന്നും കണ്ടെത്താനായില്ല.
യാത്ര ബോട്ടുകളും ഹൗസ് ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും ചെറുവള്ളങ്ങളുമടക്കം നൂറുക്കണക്കിന് ജലയാനങ്ങളാണ് കൊച്ചിയിലെ ജലാശയങ്ങളിലുള്ളത്. വലിയ കപ്പലുകളുടെ സര്‍വ്വീസുകള്‍ക്കിടയിലൂടെയുള്ള ബോട്ട് യാത്ര പലപ്പോഴും ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ബോട്ടുകളില്‍ ജീവന്‍രക്ഷ സംവിധാനങ്ങളായി വായുബോയകളുണ്ടെങ്കിലും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ അപര്യാപ്തത അപകടങ്ങളില്‍ മരണസംഖ്യകള്‍ വര്‍ദ്ധിക്കാനിടയാക്കുന്നു. ജലയാന അപകടങ്ങളുണ്ടാകുമ്പോള്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെത്തുമെങ്കിലും ഇവരുടെ സേവനം പലപ്പോഴും പാഴാകുകയാണ് ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കോസ്റ്റല്‍ പോലീസ് , അഗ്‌നിശമന വിഭാഗം, ഫിഷറീസ് വിഭാഗങ്ങളെ കോര്‍ത്തിണക്കി അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവത്തനത്തിന് പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രാത്രി കാല രക്ഷാപ്രവര്‍ത്തനങ്ങളടക്കമുള്ള ആധുനികരക്ഷാപ്രവര്‍ത്തന സംവിധാനമൊരുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കൊച്ചിയില്‍ നടപ്പിലാക്കുന്ന മെട്രോ റെയില്‍ കണക്റ്റിവിറ്റി ബോട്ട് സര്‍വ്വീസുകള്‍ കൂടി എത്തുന്നതോടെ കൊച്ചി ജലാശയ യാത്രയുടെ അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ കാര്യക്ഷമാക്കാനും ഏത് ഘട്ടത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ദൗത്യസേന രൂപീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
















