കോട്ടയം: ഭര്‍ത്താവിന്റെ ക്രൂരതയില്‍ മര്‍ദ്ദനമേറ്റ് നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം അനക്കാനാവാത്ത 33 വയസ്സുള്ള സഹോദരിയെ കൈകളിലെടുത്ത് സഹോദരന്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെത്തി. രണ്ട് കുട്ടികളുടെ മാതാവായ യുവതിയുടെ പരാതി വിശദമായി പരിശോധിച്ച കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി ചങ്ങനാശ്ശേരി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. യുവതിയുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും കമ്മീഷന്‍ തീരുമാനിച്ചു.
കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാരി മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി എറണാകുളം സോണല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാലായ്‌ക്ക് സമീപമുള്ള സ്വാശ്രയ കോളേജ് അധികൃതര്‍ അദ്ധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി കമ്മീഷന്‍ പരിഗണനക്കെടുത്തെങ്കിലും തങ്ങള്‍ക്ക് പരാതിയില്ലെന്ന് അദ്ധ്യാപികമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ നടപടിയെടുത്തില്ല.
കമ്മീഷനില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും പുരുഷന്‍മാര്‍ തമ്മിലുളള സ്വത്ത്/അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലും സ്ത്രീകളെ ഉള്‍പ്പെടുത്തി തീര്‍പ്പിനായി വനിതാ കമ്മീഷനില്‍ എത്തുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു.
പരാതികളുടെമേല്‍ അന്വേഷണം നടത്തുന്നതിനുളള സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസ്യത കുറഞ്ഞിട്ടുളളതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മാനസിക ആരോഗ്യവും പൗരബോധവും കുറഞ്ഞു വരുന്നതിന്റെ സൂചനയാണ് പലകേസുകളിലും വ്യക്തമാകുന്നത്. മനസ്സു തുറന്ന് സംസാരിക്കാനും പ്രശ്‌നങ്ങള്‍ പങ്ക് വയ്‌ക്കാനുമുളള സാഹചര്യം ഇല്ലാത്തതാണ് പല കുടുംബപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. സ്ത്രീകളും പുരുഷന്‍മാരും വയോജനങ്ങളും കുട്ടികളും ഓരേ പോലെ നേരിടുന്ന പ്രശ്‌നമാണിതെന്ന് കമ്മീഷന്‍ വിലയിരുത്തി.
60 കേസുകളാണ് മെഗാ അദലത്തില്‍ പരിഗണിച്ചത്. ഇതില്‍ 35 കേസുകള്‍ തീര്‍പ്പാക്കി. 15 കേസുകള്‍ പോലീസിന്റെയും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെയും അന്വേഷണ റിപ്പോര്‍ട്ടിനായി അയച്ചു. 10 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
















