മുംബൈ: എന്തിരന്‍ 2.0 എന്ന രജനീകാന്ത്-അക്ഷയ്കുമാര്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഞായറാഴ്ച മുംബൈയില്‍ നടക്കും. ഏറ്റവും ചെലവേറിയ ശാസ്ത്ര-ഫിക്ഷന്‍ ത്രില്ലറാണിത്. ചിത്രത്തിനായി 350 കോടി മുടക്കിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുപയോഗിച്ചിട്ടുളളത്.
പ്രൗഢമായ സദസിന് മുന്നില്‍ അത്യാഡംബരത്തോടെയാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. തമിഴ് സിനിമ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് എങ്ങനെയെത്തി എന്ന് വ്യക്തമാക്കുന്നതായിരിക്കും ഈ മെഗാ ഈവന്റെന്ന് അണിയറക്കാര്‍ പറയുന്നു.
കോളിവുഡിലെയും ബോളിവുഡിലെയും താരങ്ങള്‍ ഏറ്റുമുട്ടുന്ന ഈ ശങ്കര്‍ ചിത്രം ഒരാഗോള ചിത്രമായിരിക്കും. 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം എടുത്തിട്ടുളളത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി തമിഴ്‌നാട്ടിലെ തിയേറ്ററുകളിലെമ്പാടും ത്രീഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അക്ഷയ്കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അമി ജാക്‌സണ്‍ മാത്രമാണ് ഏക നടി. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചടങ്ങില്‍ രജനീകാന്ത്, അക്ഷയ്കുമാര്‍, എസ്.ശങ്കര്‍, റഹ്മാന്‍ തുടങ്ങിയവരെല്ലാം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക