പാലക്കാട്: ആയിരങ്ങളുടെ മനസ്സില്‍ ഭക്തിയും അനുഭൂതിയും പകര്‍ന്ന് കല്പാത്തിയില് ദേവരഥസംഗമം. ശ്രീവിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഇന്നലെ സായാഹ്നത്തില്‍ നടന്ന ദേവരഥ സംഗമത്തില്‍ സാക്ഷികളാകാന്‍ നാടിന്റെ നാനാഭഗത്തുനിന്നും ആബാലവൃദ്ധം ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
ഭക്തിയുടെ പുണ്യം നിറഞ്ഞ അഗ്രഹാരവീഥികളിലൂടെ പതിനായിരങ്ങള്‍ക്ക് അനുഗ്രഹവര്‍ഷവുമായി കൈലാസപതിയും കുടുംബവും കഴിഞ്ഞ രണ്ടുദിനങ്ങളിലായി നടത്തിയ രഥഘോഷയാത്ര തേരുമുട്ടിയില്‍ ഒരുമിച്ചു കൂടി. വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും, വളളിദൈവാനസമേത സുബ്രഹ്മണ്യസ്വാമിയും ലക്ഷ്മി നാരായണപെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ് പശ്ചിമാംബരം ചെഞ്ചായം പൂശിയ പശ്ഛാത്തലത്തില്‍ കുണ്ടമ്പലത്തിനു മുന്നില്‍ സംഗമിച്ചത്.
രഥങ്ങളെ തൊട്ടുതൊഴനും തേരുവലിക്കാനും ദേവസംഗമ ധന്യമുഹൂര്‍ത്തത്തില്‍ ഭാഗഭാക്കാകാനുമായിരുന്നു കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ തിരക്ക്. പതിനായിരക്കണക്കിന് ഭക്തര്‍ക്കൊപ്പം പ്രദക്ഷിണ വഴികളിലെ വിഘ്നങ്ങള്‍ അകറ്റാന്‍ വിഘ്നേശ്വരനായ ഗണപതിയുടെ തേരും തുടര്‍ന്ന് വള്ളി- ദൈവയാന സമേതനായ സുബ്രഹ്മണ്യസ്വാമിയുടെ തേരും വലിച്ച് പതിനായിരങ്ങള്‍ ഭക്തിയുടെ സായൂജ്യമടഞ്ഞു.
പുതിയകല്‍പ്പാത്തി മന്തക്കര ഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മിപെരുമാള് ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങളും ഇന്നലെ സന്ധ്യയോടെ അഗ്രഹാരവീഥികളെ പുളകംകൊള്ളിച്ച് കുണ്ടമ്പലത്തിനു സമീപമുള്ള തേര് മുട്ടിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി സംഗമിച്ചപ്പോള്‍ ഒരു വര്‍ഷം കാത്തിരുന്ന ദര്‍ശനപുണ്യത്തിന്റെ നിര്‍വൃതിയിലായിരുന്നു ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: