കൊല്ലങ്കോട്: തുലാവര്‍ഷത്തിലെ മഴയില്ലായ്മ കാര്‍ഷിക മേഖലയെ പ്രതിസന്ധിയാക്കുന്നു. ചോതി ഞാറ്റുവേലയുടെ ആദ്യ ഏഴു ദിവസമോ അവസാന ഏഴു ദിവസമോ ആണ് ശക്തമായ മഴ ലഭിക്കാനുള്ളത്. തുലാവര്‍ഷത്തില്‍ കിഴക്കന്‍ മഴ ലഭിച്ചാല്‍ മാത്രമേ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിച്ച ജലസംഭരണികള്‍ ജലസമ്പുഷ്ടമാകൂ. എന്നാല്‍ ഇത്തവണ മഴക്കുറവുമൂലം രണ്ടാവിളവിറക്കിയ നെല്‍ കര്‍ഷകര്‍ ആശങ്കയിലായി.
നടീല്‍ കഴിഞ്ഞ പാടങ്ങളിലും രാസവള പ്രയോഗം നടത്തിയ നെല്‍പ്പാടങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ചിലയിടങ്ങളില്‍ കുഴല്‍ കിണറില്‍ നിന്നും വെള്ളം ഉപയോഗിച്ച് കാര്‍ഷിക വൃത്തിക്കായി നെല്പാടം ഒരുക്കിയെങ്കിലും ഭൂഗര്‍ഭ ജലവിതാന കുറഞ്ഞത് കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. നവംബര്‍ പാതിയായതോടെ പകല്‍ കനത്ത ചൂടും സന്ധ്യയാകുന്നതോടെ മഞ്ഞുവീഴ്ചയും തുടങ്ങിയത് മഴ പിന്‍വാങ്ങിയതിന്റെ ലക്ഷണമാണെന്ന് കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭിക്കാതെ കൃഷി നിലം ഉഴാത്ത കര്‍ഷകര്‍ ശൈത്യകാല വിളയായ മുതിര, ഉഴുന്ന് എന്നിവ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്.
കാലവര്‍ഷം ചതിച്ചതോടെ തുലാമഴയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന കര്‍ഷകര്‍ക്ക് മഴ കിട്ടാതായത് കനത്ത തിരിച്ചടിയായി. കളപറി കഴിയേണ്ട സമയത്താണിപ്പോള്‍ കര്‍ഷകര്‍ നിലമൊരുക്കുന്ന തിരക്കിലായിരിക്കുന്നത്. മിക്ക കര്‍ഷകരും വെള്ളമില്ലാത്ത സ്ഥിതിയില്‍ കൃഷിയിറക്കല്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ കുഴല്‍ ക്കിണര്‍, കൊക്കര്‍ണി, കുളം എന്നിവയില്‍ വെള്ളമുള്ള കര്‍ഷകരാണിപ്പോള്‍ ചെറിയ തോതിലെങ്കിലും കൃഷി നിലമൊരുക്കലും വിത്തിറക്കലുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: