കണ്ണിനും കരളിനും ഹൃദയത്തിനും സ്നേഹബന്ധങ്ങള്ക്കിടയിലുള്ള സ്ഥാനം ചെറുതല്ല. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവരോട് ഒന്ന് ചോദിച്ചു നോക്കു, നീ എന്റെ കണ്ണല്ലെ, കരളല്ലെ, യു ആര് മൈ ഹാര്‍ട്ട് എന്നൊക്കെ പറഞ്ഞിട്ടില്ലേന്ന്. സ്നേഹവും സൗഹൃദവും പ്രണയവുമൊക്കെ അടയാളപ്പെടുത്തുന്നത് മനസ്സുകൊണ്ടാണെങ്കിലും അതിന്റെ തീവ്രത വ്യക്തമാക്കണമെങ്കില്‍ എന്തുകൊണ്ടാണ് ശരീര ഭാഗങ്ങളെ കൂട്ടുപിടിക്കുന്നത്? ഉത്തരം ലളിതം, സ്വജീവിതം സുന്ദരമാവണമെങ്കില്‍ ഈ അവയവങ്ങളൊക്കെ കൃത്യമായി അവയുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ ശേഷിയുള്ളതാവണം. അത്ര പ്രാധാന്യം ഇവയ്ക്കുണ്ട്. അതേ പ്രാധാന്യമാണ് പരസ്പരം സ്നേഹിക്കുന്നവര്ക്കിടയിലുമുള്ളത്.
ഈ അവയവങ്ങളിലേതെങ്കിലും ഒന്ന് പാതിവഴിയില്‍ പണി മുടക്കിയാല്‍ എന്താകും സ്ഥിതി. മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമാകും. നാല് വര്‍ഷം മുമ്പാണ് കളമശേരിക്കാരന്‍ സാജു ജോയ്സണിന്റെ ജീവിതത്തിലും ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായത്. കരളാണ് ശരീരത്തിനുള്ളിലിരുന്ന് അന്ന് കലഹിച്ചത്. കരളിലെ ലോബിന്റെ വളര്‍ച്ചയായിരുന്നു പ്രശ്നം. ഇടയ്ക്കിടെ വരുന്ന പനിയും തളര്‍ച്ചയുമാണ് കൂടുതല്‍ ചികിത്സക്ക് സാജുവിനെ പ്രേരിപ്പിച്ചത്. പരിശോധനയില്‍ പ്രശ്നം കണ്ടെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ഡോ. ശ്രീനിവാസനെ കണ്ടു. കരള്‍ മാറ്റി വയ്ക്കണം. പക്ഷെ ഒരുവര്‍ഷം കഴിഞ്ഞുമതിയെന്ന് നിര്‍ദ്ദേശിച്ചു. എറണാകുളത്തായതിനാല്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. സുധീന്ദ്രന്‍ നല്ല ഡോക്ടറാണെന്നും പറഞ്ഞു. കേരളത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിച്ച സമയമായിരുന്നു അന്ന്. അതുപ്രകാരമാണ് അമൃതയിലെ ഗാസ്ട്രോജളിസ്റ്റായ ഡോ. ഇസ്മയില്‍ സിയാദിനെ കാണുന്നത്. കരള്‍ മാറ്റിവയ്ക്കുക എന്നതാണ് പ്രശ്നത്തിന് പരിഹാരമെന്നും ട്രാന്‍സ്പ്ലാന്റ് സര്‍ജനായ ഡോ.സുധീന്ദ്രന്റെ പേരും അദ്ദേഹം നിര്‍ദ്ദേശിച്ചതോടെ കൂടുതല്‍ റിസ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
കരള്‍ നല്കാന് ഭാര്യ ഷഗി തയ്യാറായിരുന്നു. ശസ്ത്രക്രിയക്ക് എത്ര തുകവേണ്ടിവരുമെന്നൊക്കെ അന്വേഷിച്ചറിഞ്ഞ ശേഷമാണ് മറ്റ് കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നത്. ഇതറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അനിയന് മജു കരള്‍ നല്കാന് മുന്നോട്ടുവന്നു. ആരോടും പറയാതെ തന്നെ, അവയവം ദാനം ചെയ്യുന്നയാള്ക്കുവേണ്ട പരിശോധനകള്‍ മജു പൂര്‍ത്തിയാക്കി. 43-ാം വയസ്സിലാണ് സാജു കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. അതിനുശേഷം ആറ് മാസത്തോളം വീട്ടില്‍ തന്നെ പരിപൂര്‍ണ വിശ്രമം. ആശുപത്രിയില്‍ മൂന്നാഴ്ചയോളം കിടന്നു. ഡോക്ടര്‍മാരുടെ പിന്തുണയാണ് മനക്കരുത്തേകിയത്. ശസ്ത്രക്രിയക്ക് ശേഷം അണുബാധയുണ്ടാവാതെ നോക്കുകയാണ് പ്രധാനമെന്ന് സാജു പറയുന്നു. ശരീരത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത് ഇടയാക്കും. ഈ അവസ്ഥയില്ലാതെ നോക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. വീട്ടിലെത്തിയപ്പോഴും അണുബാധയുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കരള്‍ മാറ്റിവച്ചശേഷം ജീവിതശൈലി അപ്പാടെ മാറി. അതിന് മുമ്പ് തോന്നുംപടിയായിരുന്നു ഭക്ഷണവും മറ്റും. വല്ലപ്പോഴും മദ്യപിക്കും.
ഇപ്പോള്‍ ജീവിതത്തിന് ചിട്ടവന്നതായി സാജു സമ്മതിക്കുന്നു. നാലരയ്ക്കുമുന്നേ എഴുന്നേല്ക്കുന്ന ശീലം വന്നു. രാവിലെ തൊട്ടടുത്തുള്ള പത്താം പിയൂസ് പള്ളിയില്‍ പോകുന്നത് പതിവാക്കി. വ്യായാമം മുടക്കം വരാതെയുണ്ട്. ആഹാരകാര്യത്തിലുമുണ്ട് നിഷ്കര്‍ഷ. മാംസാഹാരം കഴിക്കുന്നത് നന്നേ കുറവാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഹോട്ടല്‍ ഭക്ഷണം ഇതൊക്കെ ഒഴിവാക്കി. ഭക്ഷണം തയ്യാറാക്കുമ്പോള്‍ എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തിയതായി ഭാര്യ ഷഗിയും പറയുന്നു.
ചില സന്ദര്‍ഭങ്ങളില്‍ കരള്‍ മാറ്റിവച്ച വ്യക്തിയാണെന്ന കാര്യം പോലും മറന്നുപോകുന്നതായി സാജു. സഹോദരനുമായി ചേര്‍ന്ന് മരത്തിന്റെ ബിസിനസാണ്. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മുടങ്ങാതെ ചെക്കപ്പ് നടത്താറുണ്ട്. ശസ്ത്രക്രിയക്കുശേഷം എട്ടോളം മരുന്നുകളുണ്ടായിരുന്നു കഴിക്കാന്‍. എന്നാലിപ്പോള്‍ ഒരെണ്ണമേയുള്ളു. അത് ജീവിതകാലം മുഴുവന്‍ കഴിക്കണം. കരള്‍ ദാതാവായ മജുവിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ശസ്ത്രക്രിയക്കുശേഷം ഒരാഴ്ചയേ മജുവിന് വിശ്രമം വേണ്ടിവന്നുള്ളു.
പൊതു പ്രവര്‍ത്തന രംഗത്തും സജീവമാണ് സാജു ജോയ്സണ്‍. രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ കേരള ഘടകം ട്രഷററും ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. അവയവദാനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും മുന്നിലുണ്ട്.
അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ടെങ്കിലും സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില്‍ പിന്നിലാണെന്ന് സാജു അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് മാതൃകയാണ്. അവയവമാറ്റം വേണ്ടി വരുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ 18 ലക്ഷത്തോളം രൂപവരെ തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി നല്കുന്നു. അവയവമാറ്റം വേണ്ടിവരുന്ന സാധാരണക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്നാണ് സാജുവിന്റെ അഭിപ്രായം. സന്മനസ്സുള്ളവരുടെ സഹായത്താല്‍ ശസ്ത്രക്രിയക്കാവശ്യമായ പണം സ്വരൂപിക്കാന്‍ സാധിച്ചാല്‍ തന്നെ അതിനുശേഷം വരുന്ന ചിലവുകള്‍ താങ്ങാന്‍ അവര്‍ക്കാവില്ല. സര്‍ക്കാരിന്റെ സഹായം അവിടെയാണ് ആവശ്യം. അവയവമാറ്റം നടത്തിയാലുടന്‍ തന്നെ എല്ലാം നേരെയായി എന്നാണ് വിശ്വാസം. പക്ഷെ തുടര്‍ന്നും മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം പരിശോധനകളും മരുന്നും ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടും.
കാരുണ്യ പദ്ധതിയില്‍പ്പെടുത്തി ഇങ്ങനെയുള്ളവര്‍ക്കെങ്കിലും മരുന്ന് സൗജന്യമായി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സാജുവിന്റെ അഭിപ്രായം. കേരളത്തില്‍ ആയിരത്തോളം പേരെ അവയവമാറ്റത്തിന് വിധേയരായിട്ടുണ്ടാവൂ. ഇവര്‍ക്ക് സഹായം നല്‍കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സാജു പറയുന്നു.
കളമശേരി ചായിക്കോടത്ത് സി.സി. ജോര്‍ജ്ജിന്റേയും എല്‍സിയുടേയും മൂന്ന് മക്കളില്‍ മൂത്തയാളാണ് സാജു ജോയ്സണ്‍. കെവിനും അനേനയുമാണ് മക്കള്‍. ഇരുവരും കളമശേരി രാജഗിരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: