ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയില്‍ വൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവര്‍ത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
പരശുരാമന് സ്ഥാപിച്ച കേരളത്തിലെ 108 ശിവാലയങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം. സാധാരണ ശ്രീകോവിലിന്റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന്. ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. ‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ’ എന്ന വരികള്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തില്‍ ആറടിയോളം വലുപ്പമുള്ള കിഴക്കോട്ടു ദര്‍ശനമായ മഹാലിംഗമാണ് മറ്റൊരു പ്രത്യേകത .
വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളില് കൊത്തിവച്ചിരിക്കുന്നത് രാമായണം കഥയാണ്. ഈക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. 12 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണിവിടുത്തേത്. വ്യാഘ്രപാദമുനിക്ക് ഭഗവാന് ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് വിശ്വസിക്കുന്നു. രാത്രി മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കും. സമീപക്ഷേത്രങ്ങളില്‍നിന്നും ഇവിടേയ്ക്ക് ഈസമയം എഴുന്നള്ളത്തുകളും ഉണ്ട്.
ഒടുവില്‍ എല്ലാ മൂര്‍ത്തികളും ചേര്‍ന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍വച്ചാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള ഋഷഭവാഹന എഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്.
ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാന്‍ മകനായ സുബ്രഹ്മണ്യന് പുറപ്പെടുമ്പോള്‍ പുത്രവിജയത്തിന് വേണ്ടി ശിവന് അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ഈ ദിവസം ലക്ഷത്തോളം പേര് ഭഗവാന്റെ പ്രസാദം കഴിയ്ക്കും. എന്നാല്‍ അന്ന് ശിവന് മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കും എന്നാണ് ഐതീഹ്യം. കിഴക്കേ ആനപന്തലില് മകനെ കാത്തിരിക്കുന്ന ഭഗവാന്, വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘോഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേല്ക്കും.
കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് ‘കൂടി പൂജ’ എന്നാണ് അറിയപ്പെടുന്നത്.അഷ്ടമിയോടനുബന്ധിച്ചുള്ള ദര്‍ശനം ബുധനാഴ്ച പുലര്‍ച്ചെ നാലര മുതല്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു പത്നീസമേതനായി ഭഗവാന് മഹേശ്വരന് ന് ദര്‍ശനം നല്കി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം. പ്രശസ്തമായത്.ആദ്യം പുറപ്പെടാശാന്തിയായിരുന്നു ഇവിടെ. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. ഇവിടെ രാവിലെ ദക്ഷിണാമൂര്‍ത്തിയായും, ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന് എന്നിങ്ങനെയാണ് ഭാവങ്ങള്‍.
കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍. കരിങ്കല്‍ പാകിയ മുറ്റത്ത് 365 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍. 64 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. എഡി 300ല്‍ ജീവിച്ചിരുന്ന പെരുന്തച്ചനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. അദ്ദേഹം നിര്‍മ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം.
മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയില്‍ വര്‍ത്തുളാകൃതിയിലും ആണ്. ഈക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് ഘട്ടിയം ചൊല്ലല്‍. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളില്‍ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യില്‍ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങള്‍ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലല്‍ ചടങ്ങ്. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് ‘പ്രാതല്‍’ ആണ്.
പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരംകുടംധാര, ക്ഷീരധാര, ആലുവിളക്ക് എന്നിവയാണ്. വൈക്കത്തഷ്ടമി കൂടാതെ കുംഭമാസത്തിലെ മാശി അഷ്ടമിയും ക്ഷേത്രത്തില്‍ പ്രധാനമാണ്. ശിവരാത്രി ചിറപ്പും ആഘോഷിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: