അന്തിക്കാട്: കിഴുപ്പിള്ളിക്കര-കരാഞ്ചിറ റോഡിന്റെ ഇരുവശവും മാലിന്യം നിറഞ്ഞിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. കിഴുപ്പിള്ളിക്കര-കരാഞ്ചിറ റോഡിന്റെ ഇരുവശവും പുല്ല് നിറഞ്ഞ് കാടുപിടിച്ച് റോഡ് പകുതിയോളം കവര്‍ന്നെടുത്ത നിലയിലാണ്. രാത്രികാലങ്ങളില്‍ വെളിച്ചം കുറവായ ഈ ഭാഗത്ത് മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണ്. വളര്ന്നുനില്ക്കുന്ന പുല്ലുകള്‍ക്കിടയില്‍ കൊണ്ടിടുന്ന മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം സഹിക്കാനാവാത്ത സ്ഥിതിയാണ്. മൂക്ക് പൊത്താതെ ഇതുവഴി കടന്നുപോകാനാവില്ല. പുല്ലുകള്‍ പടര്‍ന്ന് റോഡിന്റെ പകുതിയോളം കയ്യടക്കിയതിനാല്‍ കാല്‍നടയാത്രക്കാരും, വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ടിലാണ്. വാഹനങ്ങള്‍ വരുമ്പോള്‍ ഈ ഭാഗത്തെത്തുന്ന യാത്രക്കാര്‍ക്ക് ഒഴിഞ്ഞു നില്ക്കാനിടമില്ലാത്തതിനാല് അപകടസാദ്ധ്യതയും ഏറെയാണ്. ദുഃസ്ഥിതിക്ക് പരിഹാരം കാണാന്‍ ചാഴൂര്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ കാടുപിടിച്ചുകിടക്കുന്ന ഈ പ്രദേശം പൂര്‍ണമായും വൃത്തിയാക്കി മാലിന്യനിക്ഷേപനിരോധന ബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഉമ്മര്‍ പഴുവിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്കി. പഴുവിലെ ഓട്ടോതൊഴിലാളികളും മുമ്പ് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: