നാല് വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തില്‍ മരിച്ച യുവാവറിയുന്നില്ലല്ലോ, ദിനവുമുള്ള പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന ഒരാള്‍ ഇങ്ങ് തിരുവനന്തപുരത്ത് ജീവിച്ചിരിക്കുന്നത്. മരണത്തിലേക്കുള്ള നാളുകള്‍ എഴുതപ്പെട്ട കാലത്തുനിന്ന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരുവനന്തപുരത്തുകാരനായ യുവാവിനെ കൈപിടിച്ചു നടത്തിയത് സേലത്ത് മരിച്ച ആ മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവുമാണ്. സേലത്ത് മരിച്ച യുവാവിന്റെ കരള്‍ ഇന്ന് തുടിക്കുന്നത് തിരുവനന്തപുരത്തുകാരനായ സുനില്‍ സി.കുര്യന്റെ ഉള്ളില്‍…..
എണ്‍പതുകളുടെ അവസാനകാലം മുതല്‍ തലസ്ഥാന നഗരത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് സുനില്‍ സി.കുര്യന്. നഗരത്തിലെ പ്രധാനകലാലയമായ യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തയാള്‍. എല്ലാ രാഷ്ട്രീയാക്രമങ്ങളുടെയും കേന്ദ്ര ബിന്ദുവായിരുന്ന യൂണിവേഴ്സിറ്റി കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കു പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കാതെ സുനില്‍ സി.കുര്യന് എസ്എഫ്ഐയെ നയിച്ചു. ചോരത്തിളപ്പുള്ള കാലത്തിന്റെ ഓര്‍മ്മകളാണ് സുനിലിന് ഇന്നതെല്ലാം. കാലമിത്ര കഴിഞ്ഞിട്ടും തിളയ്ക്കുന്ന ചോര തന്നെയാണ് ഞരമ്പുകളില്‍ പ്രവഹിക്കുന്നത്. ഇടതു പക്ഷത്തോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടു എന്നു മാത്രം. പൊതു രംഗത്തു സജീവമായി തന്നെ നില്ക്കുന്നു.
സജീവ ഇടതുപ്രവര്‍ത്തകനായിരുന്ന കാലത്ത് ദൈവത്തെ മറന്നും നിരാകരിച്ചു നടന്നിട്ടുണ്ട്. പക്ഷേ, പിന്നീട് തിരിച്ചറിഞ്ഞു, ഈശ്വരന്റെ സാന്നിധ്യം. അതുണ്ടാകുമ്പോഴും അംഗീകരിക്കുമ്പോഴും മാത്രമാണ് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് സുനില്‍ പറയുന്നു.
”ഈശ്വരന് എന്റെ ഒപ്പം ഉള്ളതിനാലാണ് സേലത്ത് വാഹനാപകടത്തില്‍ മരിച്ച, ഞാനറിയാത്ത, കണ്ടിട്ടില്ലാത്ത ഒരാളുടെ കരള്‍, എന്റെ ഉള്ളില്‍ ജീവന് നിലനിര്‍ത്തി തുടിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് കരള്‍ ദാനം ചെയ്യാന്‍ തോന്നിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ, സുനില്‍ സി.കുര്യന് എന്ന വ്യക്തി ഇന്നിപ്പോള്‍ ഇങ്ങനെ സംസാരിക്കില്ലായിരുന്നു. എത്രയോ പേര്‍ക്ക് ലഭിക്കാതെ പോകുന്ന ഭാഗ്യവും ഈശ്വര കാരുണ്യവുമാണത്. യോജിക്കുന്ന അവയവം കിട്ടാതെ വന്നതിനാല്‍ ജീവിതത്തിനു വിരാമം ഇടേണ്ടിവന്നവര്‍ നിരവധി…..”
നാലു വര്‍ഷം മുമ്പൊരു ഉച്ചനേരത്ത് സുനിലിന്റെ കയ്യില്‍ കത്തികൊണ്ട് ഒരു മുറിവുണ്ടായി. ചെറിയ മുറിവ്. ആദ്യം അതവഗണിച്ചു. പുതിയ രക്തമൊഴുക്ക് കൂടി. നിലയ്ക്കാത്ത രക്തപ്രവാഹമായി. തുന്നലിട്ടിട്ടും രക്തമൊഴുക്ക് നിലച്ചില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് കരളിനെ ബാധിച്ച മഹാരോഗം തിരിച്ചറിയുന്നത്.
കരള്‍ രോഗമുണ്ടാകുമെന്ന മുന്നറിയിപ്പ് ജീവിതത്തില്‍ മുമ്പും സുനിലിന് നല്‍കിയിട്ടുണ്ട് പലരും. ശരിയായ പരിശോധനകള്‍ നടത്തണമെന്ന ഉപദേശവും. സുനിലിന്റെ അമ്മയും അമ്മയുടെ സഹോദരങ്ങളും മരിച്ചത് കരള്‍ രോഗത്താലായിരുന്നു. ലിവര്‍ സിറോസിസ്. ഇടയ്ക്ക് ചില പരിശോധനകള്‍നടത്തിയെങ്കിലും കാര്യമായ തുടര്‍ പരിശോധനകളുണ്ടായില്ല. സുനിലിന്റെ കരളും സിറോസിസിന് അടിപ്പെട്ടു. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ രോഗം.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സുനിലിന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം പ്രവചിച്ചു. ഒന്‍പതു മാസം. അതിനപ്പുറം പോകില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കാം. സന്തോഷത്തോടെ ബാക്കിയുള്ള കാലം ജീവിക്കൂ…..തകര്‍ന്ന മനസ്സുമായാണ് അന്ന് ആശുപത്രി വിട്ടത്. കേരളത്തില്‍ പൂര്‍ണ്ണമായും അവയവം മാറ്റി വയ്ക്കുന്ന ചികിത്സാരീതി അത്ര പ്രചാരമായിരുന്നില്ല. എങ്കിലും കരള്‍ മാറ്റിവയ്ക്കലിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ചെറിയ പ്രതീക്ഷ. ജീവിതത്തിലേക്ക് തിരികെ വരണമെന്ന ആശ. ഈശ്വരനെ നിന്ദിച്ചു നടന്ന കാലത്തെ പഴിച്ച് സുനില്‍ അന്ന് ഈശ്വരനില്‍ എല്ലാം അര്‍പ്പിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത് അങ്ങനെയാണ്. പരിശോധനകള്‍ക്കൊടുവില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ കരള്‍ പൂര്‍ണ്ണമായും മാറ്റിവയ്ക്കണമെന്ന് വിധിച്ചു. അന്ന് 130 കിലോ തൂക്കമുണ്ടായിരുന്ന സുനിലിന്റെ ശരീരത്തിന് യോജിച്ച കരള്‍ കിട്ടുക എന്നതു തന്നെയായിരുന്നു പ്രധാനം. മസ്തിഷ്ക മരണം സംഭവിച്ച ആളുടെ കരള്‍ വേണം. ചെന്നൈയിലെ പരിശോധനകള്‍ക്ക് ശേഷം അതിനായുള്ള കാത്തിരിപ്പായി.
”രോഗമുണ്ടെന്ന അവസ്ഥയേക്കാള്‍ ഭീകരം അതായിരുന്നു. കരളിനു വേണ്ടിയുള്ള കാത്തിരിപ്പ്. എനിക്കു വേണ്ടി ഒരാള്‍ മരിക്കണം. അങ്ങനെ ആഗ്രഹിച്ചില്ലെങ്കിലും മനസ്സിലെവിടെയോ ഒരു വെളിച്ചം. എനിക്കുവേണ്ടി ഒരാള്‍ മരിക്കുമെന്ന്…” സുനില്‍ പറയുന്നു.
കരള്‍ കാത്തിരുന്ന് ദിവസങ്ങള്‍ കടന്നു പോയി. ഒടുവില്‍ ആ വിളി വന്നു. ചെന്നൈയില്‍ നിന്ന്. കരള്‍ ശരിയായിട്ടുണ്ട്. സേലത്ത് വാഹനാപകടത്തില്‍ ഒരാള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. കരള്‍ നല്കാന് വീട്ടുകാര്‍ തയ്യാറായിട്ടുണ്ട്. യോജിക്കുമെന്നാണ് പ്രതീക്ഷ. ഉടന്‍ ചെന്നൈയിലെത്തി. കരള്‍ മാറ്റി വച്ചു. കുറേ ദിവസം ആശുപത്രി വാസം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായിരുന്നു അതെന്ന് സുനില്‍.പറയുന്നു.
”നമ്മളൊക്കെ എത്ര നിസ്സാരരാണെന്ന് തിരിച്ചറിഞ്ഞു. നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കുമായി എന്തെല്ലാം ചെയ്യുന്നു. ഉയരത്തിലെത്താന്‍ ആരെയൊക്കെ ചവിട്ടിത്താഴ്ത്തുന്നു…..ആശുപത്രിക്കിടക്കയില്‍ മനസ്സിലേക്ക് ഇരമ്പിവന്ന എത്രയോ നല്ലതും ചീത്തയുമായ കാര്യങ്ങള്‍… ദൈവത്തിന്റെ സാന്നിധ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു. സേലത്ത് മരിച്ച ആ മനുഷ്യനിലൂടെ…. അദ്ദേഹത്തിന്റെ വീട്ടുകാരിലൂടെ…. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരിലൂടെ…. ധൈര്യവും പരിചരണവും നല്കിയ സുഹൃത്തുക്കളിലൂടെ, വീട്ടുകാരിലൂടെ… എല്ലാത്തിലുമുപരി എനിക്ക് ശക്തിയായി ഒപ്പം നിന്ന എന്റെ ഭാര്യയിലൂടെ…..”
വയറ്റിലെ ശസ്ത്രക്രിയയുടെ വലിയ പാടുകള്‍ കാണിക്കുമ്പോള്‍ സുനിലിന്റെ കണ്ഠമിടറി. എല്ലാം കേട്ട് അടുത്തു നിന്ന ഭാര്യയും നര്‍ത്തകിയുമായ നീനാപ്രസാദിന്റെയും കണ്ണുകള്‍ ഈറനായി. ഒന്‍പതു മാസം മാത്രം ആയുസ്സ് വിധിച്ച ജീവിതത്തെ തിരികെ പിടിച്ചതിലുള്ള സംതൃപ്തിയായിരുന്നു നീനയുടെ മുഖത്ത്.
ശസ്ത്രക്രിയക്കു ശേഷവും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. തുടര്‍ ചികിത്സയെന്ന വേദനനിറഞ്ഞ കാലത്തിലൂടെയാണ് കുറെ ദിവസങ്ങള്‍ കടന്നു പോയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തടികുറച്ചു. അതിന് സഹായിച്ചത് കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ വാര്യര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഭക്ഷണ ക്രമമാണ്. മനസ്സും ശരീരവും അതിനനുസരിച്ച് ക്രമീകരിച്ചു. ശുദ്ധ സസ്യാഹാരിയായി.
”ഇപ്പോള്‍ മനസ്സിന് വളരെ സന്തോഷമുണ്ട്. മനസ്സ് ചിന്തിക്കുന്നതും അതിനനുസരിച്ചാണ്. ഇതുവരെ ചെയ്തതെല്ലാം തിരിച്ചറിയുന്നു. നല്ലതിലേക്ക് മാത്രമുള്ള ചുവടുവയ്പ്പാണിപ്പോള്‍…കാരണം ഇപ്പോഴത്തെ എന്റെ ജീവിതം എന്റെതു മാത്രമല്ല. സേലത്തു മരിച്ച ഞാനറിയാത്ത കാരുണ്യവാനായ ആ മനുഷ്യന്റേതുകൂടിയാണ്. ദിവസവും എന്റെ കുടുംബം അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. എനിക്കുവേണ്ടിയാണ് അദ്ദേഹം മരിച്ചത്. ധാരാളം ആളുള്‍, പണമുള്ളവരും ഇല്ലാത്തവരും അവയവം മാറ്റി വയ്ക്കാനായി ആശുപത്രികളില്‍ കാത്തിരിക്കുന്നുണ്ട്. ജീവിതം തിരികെപിടിക്കാനുള്ള വെമ്പലാണവര്‍ക്കെല്ലാം. അവയവ ദാനത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അവയവം ദാനം ചെയ്യുന്നതിനപ്പുറം ഈശ്വരീയമായ മറ്റൊന്നുമില്ല…” സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: