അഞ്ഞൂറിലേറെ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഡോ.എസ്. സുധീന്ദ്രന്റെ വാക്കുകള്‍ കരള്‍മാറ്റം സങ്കീര്‍ണമായ പ്രക്രിയയാണ്. കേടുപാടുപറ്റിയ കരള്‍ പൂര്‍ണമായും മാറ്റേണ്ടിവരും. ഇത് സങ്കീര്‍ണമായ ശസ്ത്രക്രിയയാണ്. അതേഭാഗത്തുതന്നെയാണ് പുതിയ കരള്‍ വയ്ക്കുന്നത്. ജീവനുള്ളവരില്‍ നിന്നും മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നുമാണ് കരള്‍ സ്വീകരിക്കുന്നത്. ജീവനുള്ളവരില്‍ നിന്ന് കരളിന്റെ പകുതി മുറിച്ച് മാറ്റുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കരള്‍ ദാതാവിനും സ്വീകര്‍ത്താവിനും കരള്‍മാറ്റത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നാണെങ്കില്‍ ഈ പ്രക്രിയ കുറച്ച് ലളിതമാണ്.
ജീവന് രക്ഷിക്കാന്‍ മറ്റുമാര്ഗ്ഗങ്ങള് ഇല്ലാതെവരുമ്പോഴാണ് കരള്‍മാറ്റം അനിവാര്യമായിവുക. അടുത്ത ബന്ധുക്കളാവും കരള്‍ നല്കാന് സന്നദ്ധരായി മുന്നോട്ടുവരുന്നതില്‍ ഭൂരിഭാഗവും. കരള്‍മാറ്റം വിജയകരമായി പൂര്‍ത്തിയായാല്‍, അത് ശരീരം നിരസിക്കാതിരിക്കാനുള്ള മരുന്ന് കുറച്ചുപയോഗിച്ചാല്‍ മതി. ശരീരം മറ്റൊരു കരള്‍ സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കരള്‍മാറ്റം കഴിഞ്ഞ ഒരാള്‍ക്ക് സാധാരണ ജീവിതം തന്നെ തുടര്‍ന്നും നയിക്കാം. പക്ഷെ, ജീവിതകാലം മുഴുവന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിക്കേണ്ടി വരും.
പ്രധാനമായും ക്രോണിക് ലിവര്‍ സിറോസിസാണ് കരളിനെ ബാധിക്കുക. ആരോഗ്യമുള്ള കരളിനും പെട്ടന്ന് ഡാമേജ് സംഭവിക്കാം. അണുബാധ, ചില മരുന്നുകളുടെ ഉപയോഗം ഇതൊക്കെ കരളിനെ ബാധിക്കാം.
മദ്യപാനം ഒരു കാരണമാണെങ്കിലും അത് മാത്രമാണെന്ന് പറയാന്‍ സാധിക്കില്ല. ജീവിതശൈലിയും കാരണമാണ്. നമ്മുടെ ഭക്ഷണക്രമം വളരെ മോശമാണ്. പൊറോട്ട, ബേക്കറി സാധനങ്ങള്‍, മധുരപലഹാരങ്ങള്‍ ഇതൊക്കെ കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. പ്രമേഹം, അമിതവണ്ണം, മദ്യപാനം ഇത് മൂന്നുംകൂടി വരുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്.
ജന്മനാലുള്ള പ്രശ്നംകൊണ്ട് ചില കുട്ടികളിലും കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാറുണ്ട്. കുട്ടികളില്‍ കരള്‍മാറ്റം വേണ്ടിവരുമ്പോഴാണ് ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണം. ഇരുപത്തഞ്ചോളം കുട്ടികളില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്.
കരള്‍മാറ്റത്തിന് വിധേയരായവര്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. സാധാരണ ഒരു വ്യക്തി അയാള്‍ക്ക് ആവശ്യമായ അളവില്‍ കൂടുതല്‍ ഭക്ഷണമാണ് കഴിക്കുന്നത്. പക്ഷെ ഇതാരും മനസ്സിലാക്കുന്നില്ല. വിശപ്പും ആവശ്യമുള്ള ഭക്ഷണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. കഴിക്കാതെ ആര്‍ക്കും വണ്ണം വയ്ക്കില്ല. ഇത് അമിത വണ്ണത്തിന് കാരണമാവും. വ്യായാമം ഇല്ലാത്തതും പ്രശ്നമാണ്. മദ്യപാനം മാത്രമാണ് കാരണമെന്നത് തെറ്റിദ്ധാരണയാണ്. പുരുഷന്മാര്ക്കാണ് കരള്‍ രോഗത്തിന് സാധ്യത കൂടുതല്‍. സ്ത്രീകള്‍ക്കാണ് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍.
ശരീരത്തിലുള്ള കൊഴുപ്പിന്റെ അളവും ഇവരില്‍ കുറവാണ്. കൊഴുപ്പ് കൂടുതലാണെങ്കില്‍ അത് കരളിന്റെ പ്രവര്‍ത്തനം പ്രതികൂലമാക്കും. കരള്‍ മാറ്റത്തിന് വിധേയരായവരില്‍ ഭൂരിഭാഗവും തുടര്‍ന്നും ഫോളോഅപ് ചെയ്യുന്നുണ്ട്. അവയവമാറ്റത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളുമുണ്ട്. മസ്തിഷ്ക മരണം എന്നത് പ്രത്യേകമായ ഒരവസ്ഥയാണ്. അത് അറിഞ്ഞുകൊണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. പ്രധാനമായും അപകടത്തില്പ്പെടുന്നവരിലാണ് മസ്തിഷ്കമരണം കൂടുതല്‍ സംഭവിക്കുക.
അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും മാധ്യമങ്ങളും മുന്നോട്ട് വന്നതോടെയാണ് ജനങ്ങള്‍ അതിന് സന്നദ്ധമായത്. ഇപ്പോള്‍ അവയവദാനത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. എന്നാല്‍ പരസ്പര ധാരണയോടെ, നിയമപരമല്ലാതെ, കാശുവാങ്ങി അവയവ കച്ചവടം നടക്കുന്നുണ്ട്. അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അമേരിക്കയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയില്‍ അഞ്ച് ശതമാനം മാത്രമാണ് ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരള്‍ സ്വീകരിക്കുന്നത്. കൂടുതലും മസ്തിഷ്ക മരണം സംഭവിച്ചവരുടേതാണ്. ഭാരതത്തില്‍ നേരെ മറിച്ചാണ്. കരള്‍ ദാതാവും സ്വീകര്‍ത്താവും പിന്തുടരേണ്ട ജീവിതശൈലിയില്‍ മാറ്റമില്ല. ഏകദേശം രണ്ട് മാസം കൊണ്ട് കരള്‍ വളര്‍ന്ന് പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്യും.
(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചീഫ് സര്‍ജനും കണ്‍സള്‍ട്ടന്റുമാണ് ഡോ.എസ്. സുധീന്ദ്രന്‍. നോവലിസ്റ്റ് കെ.സുരേന്ദ്രന്റെ മകനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: