കാക്കക്കൂട്ടില്‍ കല്ല് വീണാലുള്ള കലപിലാരവം നമുക്കറിയാം.അവിടെയൊരു ചെമ്പു ബിരിയാണി വന്നു വീണാലോ? അതും ദം പോലും പൊട്ടിക്കാത്ത ചെമ്പ് ബിരിയാണി. ഏറെക്കാലമായി തങ്ങളുടെ ജഠരാഗ്നിയെ ശമിപ്പിക്കാന്‍ യാതൊന്നും ലഭിക്കാത്ത വിവാദോപജീവികളുടെ മുന്നിലേക്കാകുമ്പോള് പറയേണ്ട. അതേയവസ്ഥയാണ് മാതൃഭൂമി വാരിക 2016 ആഗസ്റ്റ് 21 ലക്കത്തില്‍ പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയ്ക്ക് സംഭവിച്ചിരിക്കുന്നത്.
അത്യുത്തരകേരളത്തിലാണ് കഥ നടക്കുന്നത്.അവിടെയൊരു സമ്പന്ന ഭവനത്തിലെ വിവാഹ മാമാങ്കം. അതിന്റെ അവശിഷ്ടമായി വന്ന ഭക്ഷണം വെട്ടിമൂടാന്‍ ആ വീട്ടിലെ വിശ്വസ്തന് ഒരു പണിക്കാരനേത്തേടിയിറങ്ങുന്നു. ഒടുവില്‍ ചില്ലറ വിലപേശലിനു ശേഷം ഒരു ബീഹാറിയുമായി കരാര്‍ ഉറപ്പിക്കുന്നു. ഈ തൊഴിലാളി തന്റെ നാട്ടിലെ നരകജീവിതത്തിന്റെയും കൂലിക്കുറവിന്റെയും ശ്ലഥചിത്രം കാര്യസ്ഥനോട് പറയുന്നുണ്ട്. അതൊക്കെ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. ഖനനം നിര്‍ത്തി കമ്പനി ഉപേക്ഷിച്ച സ്ഥലങ്ങളിലെ രണ്ടാം തരം കല്‍ക്കരി ശേഖരിച്ചായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. ആ കള്ളക്കടത്തു കല്‍ക്കരിക്ക് ലോഡൊന്നിന് 150 രൂപ കിട്ടും.
പോലീസുകാരുടെ രംഗദാരിയും ഗുണ്ടാപ്പിരിവും സൈക്കിളിന്റെ അറ്റകുറ്റചിലവും കഴിഞ്ഞാല്‍ 10 രൂപയാണ് നീക്കിയിരുപ്പ്. അവിടെവെച്ചു കണ്ടുമുട്ടിയ ഒരു പെണ്ണിനെ അയാള്‍ ജീവിത സഖിയാക്കി, അവള് ഗര്‍ഭിണിയുമായി. നാട്ടിലെ കടയില്‍ കണ്ട ബസ്മതി അരി അവളുടെ വ്യാക്കൂണ് മോഹമാകുന്നു. 50 ഗ്രാം അരി തൂക്കി വാങ്ങാനേ അവര്‍ക്കു കഴിയുന്നുള്ളൂ. ഒടുവില്‍ ജനിക്കുന്ന കുഞ്ഞിനവര് ബസ്മതിയെന്നു പേരിടുന്നു. ഭക്ഷണാവശിഷ്ടവും ദം പോലും പൊട്ടിക്കാത്ത ഒരു ചെമ്പു ബിരിയാണിയും ആ തൊഴിലാളി കുഴിച്ചുമൂടുന്നു. അതിനയാള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നത് ആ വീട്ടിലെ ഇളമുറക്കാരനാണ്.
കുഴിയിലേക്ക് ബസ്മതി ബിരിയാണി ചവിട്ടിത്താഴ്ത്തുമ്പോള്‍ അയാള്‍ക്ക് മകളെ ഓര്‍മ്മ വരുന്നു. ബീഹാര്‍ വിഭജിക്കപ്പെട്ടപ്പോള്‍ തന്റെ ഗ്രാമം ലാല്‍ മാത്തിയ ഝാര്‍ഖണ്ഡിലേക്കു പോയി എന്നയാള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ആ ചെറുപ്പക്കാരനാണ്. ജോലിക്കിടെയില്‍ സമ്പന്നകുമാരന്‍ ബീഹാറിക്കെത്ര മക്കളുണ്ടെന്നു ചോദിക്കുന്നു.അവളുടെ പേരെന്താ? വിവാഹം കഴിഞ്ഞോ? പഠിക്കയാണോ ? എന്നൊക്കെയുള്ള ഉപചോദ്യങ്ങളുമുണ്ട്. ഇതിനൊക്കെയായി ബീഹാറിയുടെ മറുപടി മരിച്ചുവെന്നാണ്. എങ്ങനെയെന്ന ചോദ്യത്തിന് വിശന്നിട്ട് എന്ന് മറുപടി. ഇതാണ് കഥയുടെ രൂപരേഖ.
വിശന്ന് പൊരിഞ്ഞവസാനം മണ്ണു വാരിത്തിന്ന് ഉറങ്ങേണ്ടി വരുന്ന ഒരു മകളുടെ അച്ഛന്റെ ശ്വാസനിശ്വാസങ്ങള്‍, കുഴിമന്തി ബിരിയാണി വെട്ടിമൂടുന്ന ധാരാളിത്തത്തിന്റെ നിറുകയില്‍ പതിപ്പിക്കുന്ന ആഘാതമാണിത്. വിശപ്പ് എന്ന സ്ഥായിയായ വികാരത്തിന്റെ തീക്ഷ്ണാവിഷ്കാരം. അതിനപ്പുറം അനുവാചകനോ നിരൂപകനോ വൈരാഗ്യം തോന്നേണ്ട യാതൊന്നും ഈ കഥയിലില്ല. മറിച്ച് രൂപഭദ്രത ഒരളവുകോലെങ്കില് തികച്ചും രൂപഭദ്രമായ രചനയുമാണിത്. ഇനിയാണ് ട്വിസ്റ്റ്. ബീഹാറി തൊഴിലാളിയുടെ പേര് ഗോപാല്‍ യാദവ്. അയാളുടെ ഭാര്യയുടെ പേര് മാതംഗി. തൊഴിലിന്റെ ഇടനിലക്കാരന്, പൊയിനാച്ചി ടൗണിലെ രാമചന്ദ്രന് പെരുമ്പള. മറുവശത്ത് മംഗലം നടന്ന വീട്ടിലെ കാരണവര്‍ കലന്തന് ഹാജി. പണ്ട് തളങ്കരയില്‍ നിന്ന് ദുബായ് വരെ ഉരുവോടിച്ചു പോയ, ഇപ്പോള്‍ പണക്കാരനായ, നാലു ഭാര്യമാരുള്ള, നാല്പതു ഭാര്യമാരെ പോറ്റാന്‍ കഴിവുള്ള, കലന്തന്‍ഹാജി.അയാളുടെ വിശ്വസ്തന് ഹസ്സൈനാര്ച്ച. കലന്തന്റെ മൂന്നാം ഭാര്യ ഫാത്തിമയില്‍ ഉണ്ടായ താഹയുടെ മകന്, അത്തറിന്റെ കുപ്പി മുന്നില്‍ വന്നു പൊട്ടിയ പോലെയുള്ള സിനാന്. മാത്രമോ കലന്തന് ഹാജിക്ക് ആമിനയിലുണ്ടായ മകള്‍ റൂഖിയയുടെ മകന് റിസ്വാന്, അങ്ങ് അമേരിക്കയിലെ കാര്‍ഡിയാക് സര്‍ജനാണ്, അവന്റെ് നിക്കാഹിന്റെ തക്കാരത്തിന്റെയവശിഷ്ടമാണീ ബിരിയാണി.
ഈ കഥവായിച്ച റൂബിന് ഡിക്രൂസ് കഥയില്‍ പ്രതിനിധാനത്തിന്റെ പ്രശ്നം ആരോപിക്കുന്നു. പ്രതിനായകസ്ഥാനത്തല്ലാതെ നായകേതരമായി മാത്രം മുസ്ലിം കഥാപാത്രങ്ങള്‍ വരുന്ന രചന മുസ്ലിം വിരുദ്ധമാണെന്നും മുസ്ലിംകളെക്കുറിച്ച് മലയാള പൊതുബോധത്തില്‍ നിലനില്‍ക്കുന്ന ഏഴു മുന്വിധികളിലാറും പുനഃസ്ഥാപിക്കാന്‍ സന്തോഷ് തന്റെ കഥയിലൂടെ ശ്രമിക്കുന്നുവെന്നും ആരോപിക്കുന്നു. തുടര്‍ന്ന് അനുവാചക സാഹിത്യ ലോകം രണ്ടായിപ്പിരിഞ്ഞു യുദ്ധം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഒരല്പം ചരിത്രം
ഒരു സര്‍ഗസൃഷ്ടിയുടെ രാഷ്ട്രീയവും പക്ഷവുമന്വേഷിക്കുന്നത് നടാടെയല്ല. എല്ലാത്തരം സെമിറ്റിക് സമഗ്രാധിപത്യ സിദ്ധാന്തങ്ങള്‍ക്കും സാഹിത്യകാരന്മാരും അവരുടെ ഭാവനയും രചനകളും തങ്ങളുടെ വരുതിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടായിട്ടുണ്ട്. ആധുനിക കാലത്ത് ആദ്യമായി ഒരു സാഹിത്യകാരനോട് നീ ഞങ്ങളുടെ കൂടെ നില്‍ക്കണമെന്ന തിട്ടൂരമിറക്കിയത് കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്. 1934 ല്‍ പാരിസില്‍ നടന്ന ലോകപുരോഗമന സാഹിത്യ സമ്മേളനത്തില്‍ റഷ്യയുടെ പ്രതിനിധിയായി പങ്കെടുത്ത മാക്സിം ഗോര്ക്കിയാണാദ്യം ‘സാഹിത്യകാരന്മാരെ നിങ്ങള്‍ ആരുടെ ചേരിയില്‍?’ എന്ന ചോദ്യം ചോദിച്ചത്. യൂറോപ്പില്‍ രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടുയര്‍ന്നപ്പോള്‍ ഫാസിസത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനമായതു വാഴ്ത്തപ്പെട്ടു.
ഗോര്‍ക്കിയുടെ ചോദ്യത്തിന്റെ പ്രതിധ്വനി ചക്രവാളത്തില്‍ നിലയ്ക്കും മുന്‍പേ റഷ്യന്‍ ഏകാധിപതി സ്റ്റാലിനും ജര്‍മ്മന്‍ നേതാവ് ഹിറ്റ്ലറും തമ്മില്‍ സഖ്യമുണ്ടാക്കിയെന്നത് കറുത്ത ഹാസ്യം. ഇന്ത്യയില്‍ നിന്ന് രണ്ടു യുവരക്തങ്ങള്‍, മുല്‍ക്ക് രാജ് ആനന്ദും സജ്ജാദ് സഹീറും പാരിസ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതിന്റെസ ഫലമായി 1936 ല്‍ കവി പ്രേംചന്ദിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ പുരോഗമന സാഹിത്യ സംഘടനയുണ്ടാക്കി. അവിടെയുണ്ടായ നിശ്ചയങ്ങളില്‍ ഏറ്റവും പ്രധാനം എഴുത്തുകാരുടെ വിഷയം എന്തായിരിക്കണം എന്നതായിരുന്നു.
വിശപ്പ്, ദാരിദ്ര്യം, പിന്നോക്കനില , അസ്വാതന്ത്ര്യം (ക്രമം ശ്രദ്ധിക്കണം) എന്നിവയെ മുന്‍ഗണനാ ക്രമത്തില്‍ അടിസ്ഥാന വിഷയങ്ങളായി തീരുമാനിച്ച്, ആ അടിസ്ഥാന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയാണ് ഓരോ എഴുത്തുകാരനും ആദ്യം ചെയ്യേണ്ടതെന്നുള്ള പ്രമേയം അവിടെ പാസ്സായി. ലഖ്നൗ സമ്മേളനത്തില്‍ പങ്കെടുത്ത കെ. ദാമോദരന്‍ ആ സംഘടനയുടെ ഒരു ഫ്രാഞ്ചൈസി കേരളത്തിലുമെത്തിച്ചു. പക്ഷെ ഇവിടെയതിന്റെ പേര് ജീവത്സാഹിത്യസംഘം എന്നായിരുന്നു.
സംഘടനയുടെ ചരടുകള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ കൈയില്‍, ഇഎംഎസിന്റെ കൈയിലായിരുന്നു. അങ്ങിനെ പാര്‍ട്ടിക്കുവേണ്ടി പേനയുന്തുന്ന ഒരു പ്രത്യേകവര്‍ഗം, സാഹിത്യകാരന്മാര് എന്ന ലേബലില്‍ മലയാളത്തില്‍ ഉണ്ടായി. എടുത്ത് പറയേണ്ട പേരുകള്‍ ഡി.എം. പൊറ്റെക്കാട്ട് , ചെറുകാട്, എം.എസ്. ദേവദാസ് എന്നിവരുടേതാണ്. അവരുടെ വൃത്തത്തിനുപുറത്തുള്ള ഏതാണ്ടെല്ലാ സാഹിത്യകാരന്മാരെയും ഇഎംഎസിന്റെ സൈദ്ധാന്തിക നേതൃത്വത്തില്‍ ഈ സംഘം വളഞ്ഞിട്ടാക്രമിച്ചു. കാലക്രമത്തില്‍ റഷ്യയിലെന്നും ശുക്ലപക്ഷവും പൗര്ണ്ണമിയുമാണെന്നും, ഇന്ത്യയിലെന്നും കൃഷ്ണപക്ഷവും അമാവാസിയുമാണെന്നുമെഴുതുന്നതായി പുരോഗമനസാഹിത്യം.
ഈ ഗണത്തില്‍പ്പെടുന്ന എല്ലാ അഭ്യാസങ്ങളും മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഫാഷിസത്തിനെതിരെ ഐക്യമുന്നണി എന്ന അവിയല്‍ സിദ്ധാന്തത്തില്‍ നിന്ന് രൂപം പ്രാപിച്ചവയാണ്. പിന്നീട് ഇന്നേവരെ കല കലക്കുവേണ്ടിയോ അതോ ജീവിതത്തിനുവേണ്ടിയോ എന്ന ചോദ്യത്തിന്റെ മറവില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ എന്ത് മുദ്രയുമടിക്കാനുള്ള സ്വാതന്ത്ര്യവും കമ്യൂണിസ്റ്റു പാര്‍ട്ടി കവര്‍ന്നെടുത്തു.
സെമിറ്റിക്ക് മതസ്തര്‍ പക്ഷം തിരയാന്‍ തുടങ്ങുന്നു
ഇങ്ങനെ സാഹിത്യത്തിന്റെ രാഷ്ട്രീയമായ ഗുണവും മണവും നോക്കുന്ന പ്രക്രിയയെ മറ്റൊരു സമഗ്രാധിപത്യ സെമിറ്റിക് പ്രത്യയശാസ്ത്രം താന്താങ്ങളുടെ ആവശ്യത്തിനുപയോഗിക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് രചനകളെ ഇസ്ലാമികമെന്നും ഇസ്ലാം വിരുദ്ധമെന്നും മുദ്ര കുത്തുന്നതിലൂടെ കാണുന്നത്. അതായത് ബിരിയാണിയിലെ പണക്കാരനായ കാരണവര്‍ക്ക് കലന്തന് ഹാജി എന്ന് പേര് നല്‍കുന്നതിലൂടെ കഥയ്ക്ക് ഇസ്ലാമിക വിരുദ്ധ പരിപ്രേക്ഷ്യം നല്കുന്നു എന്നലറുന്നതിന്റെ മൂലസിദ്ധാന്തം കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സാഹിത്യകാരന്റെ പക്ഷം തിരയലില്നിന്നാണെന്നു വ്യക്തം. ഇസ്ലാമിക നാമധാരികള്‍ ഹീന കഥാപാത്രങ്ങളായി വരുന്നുവെന്ന ആരോപണത്തിനുമൊരു ചരിത്രമുണ്ട്.
ആ ചിന്ത തുടങ്ങുന്നത് തന്നെ ബഷീറില്‍ നിന്നാണ്. ‘ബഷീര്‍ സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍’ എന്ന ഉപന്യാസത്തില്‍ എന്‍.എസ്. മാധവന് പറയുന്നത് കേള്‍ക്കൂ.
‘ഫിഫ്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട് വിട്ടു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പോയതിന്റെ ഒരു കാരണമായി ബഷീര്‍ ‘അമ്മ’ എന്ന കഥയില്‍ പറയുന്നതിപ്രകാരമാണ്. എന്റെ നാട്ടില്‍ നിന്ന് എന്റെ ജാതിക്കാരധികം (സ്വാതന്ത്ര്യ സമരത്തില്‍) ചേര്‍ന്നിട്ടില്ല. ആ കുറവ് എനിക്ക് പരിഹരിക്കണം.’
സാഹിത്യത്തില്‍ കാലുകുത്തുന്നതിനും അദ്ദേഹത്തിന് ഇസ്ലാമൊരു കാരണമായിരുന്നു. വൈക്കത്തെ അഷ്ടമിക്കുവരുന്ന പുസ്തകക്കച്ചവടക്കാര്‍ വില്‍ക്കുന്ന പുസ്തകങ്ങളിലെ ഹീന കഥാ പാത്രങ്ങളെല്ലാം മുസ്ലിംകള്’, ബഷീര്‍ ‘ഓര്‍മ്മയുടെ അറ’കളിലെഴുതി: മുസ്ലിംകളെ മാത്രം ഹീന കഥാപാത്രങ്ങളാക്കുന്നത് എന്തുകൊണ്ട്? മുസ്ലിം സമുദായത്തില്‍ എന്തുകൊണ്ടാരും എഴുത്തുകാരായിത്തീരുന്നില്ല? എന്തുകൊണ്ട് മുസ്ലിം പുരുഷന്മാരും സ്ത്രീകളും നോവല്‍ എഴുതുന്നില്ല? (പുറം മറുപുറം പേജ് :59).
സമീപകാലത്ത് ഏറ്റവും കടുത്ത ആക്രമണം നടന്നത് എന്‍.എസ്. മാധവനെതിരെയാണ്. അദ്ദേഹത്തിന്റെ ‘ഹിഗ്വിറ്റ’ എന്ന കഥയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ജബ്ബാര്‍ എന്നായതു കൊണ്ട് അവിടെ പ്രതിനിധാനം ഉണ്ടെന്നും കഥ മുസ്ലിം വിരുദ്ധമെന്നും തീര്‍പ്പു വന്നു. ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഡോ. എം.ടി. അന്‍സാരിയാണ് ആ ഹീനകൃത്യത്തിന് തുടക്കമിട്ടത്. ‘മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍’ എന്ന പുസ്തകത്തില്‍, കുമാരനാശാന് (ദുരവസ്ഥ), വള്ളത്തോള്‍ (നായര്‍ സ്ത്രീയും മുഹമ്മദീയനും, ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി), ഒ. ചന്തുമേനോന്‍ (ഇന്ദുലേഖ), ഉറൂബ് (സുന്ദരികളും സുന്ദരന്മാരും), തകഴി (ചെമ്മീന്‍) എന്നീ സാഹിത്യകാരന്മാരെയും രചനകളെയും ഇസ്ലാമിക വിരുദ്ധം എന്ന ബൈനറിയില്‍ വെച്ചുരച്ചു നോക്കി വിധിപറയുന്നുണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖയിലെ അവസാന പാദത്തിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന ഷേര്‍ അലിഖാന് എന്ന വ്യാജ നാമാവിനെ കണ്ടുപിടിക്കണമെങ്കില്പോരാ ആ സന്ദര്‍ഭത്തിനു ഇസ്ലാം വിരുദ്ധത ആരോപിക്കണമെങ്കില്‍ സാധാരണ സൂക്ഷ്മദര്ശിനിയല്ല ഹബിള്‍ ടെലിസ്കോപ്പ് തന്നെ വേണ്ടി വരും.
ചെമ്മീനിലെ പരീക്കുട്ടിക്കെതിരെ അന്‍സാരി പ്രയോഗിക്കുന്നതുമിതിനേക്കാള് ഘനമുള്ള കുയുക്തിയും കുതര്ക്കവുമാണ്. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന ലക്ഷണമൊത്ത കൃതിയെയും അന്‍സാരി കീറി മുറിക്കുന്നുണ്ട്. മാപ്പിള ലഹള എന്ന ഹിന്ദു വിരുദ്ധ കലാപത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ പകര്‍ത്തപെട്ട കൃതിയാണിത്.ലഹളയുടെ മൂര്‍ദ്ധന്യത്തില്‍ ഗോവിന്ദന്‍നായര്‍ എന്നൊരാള്‍ തന്റെ ബന്ധുവായ കുഞ്ഞിക്കുട്ടിയോടൊപ്പം ഒരു വീട്ടില്‍ ലഹളക്കിടെ കുടുങ്ങിപ്പോയി. 11-ാം ദിവസം ലഹളയൊടുങ്ങിയോ എന്നറിയാനായി പുറത്തിറങ്ങിയ ഗോവിന്ദനെ ഒരു സംഘം മാപ്പിളമാര്‍ ബലം പ്രയോഗിച്ച് മാര്‍ക്കം കൂട്ടി. ആ അക്രമി സംഘത്തിന്റെ കൊലക്കും കൊള്ളിവെപ്പിനും അകമ്പടി സേവിപ്പിക്കുന്നു.
11 ദിവസത്തെ സഹവാസം കൊണ്ടും അതിനിടയിലുണ്ടായ സഹശയനംകൊണ്ടും തല്പ്രാണനാഥയായി തീര്‍ന്ന കുഞ്ഞിക്കുട്ടിയിലേക്കുള്ള മടങ്ങിപ്പോക്ക് സുലൈമാനായ ഗോവിന്ദന് നായര്‍ക്കു സാധ്യമല്ല. അയാള്‍ ലഹളയൊടുങ്ങവേ വേറൊരു ദേശത്തു പുതിയ ഭാര്യ ഖദീജയോടൊപ്പം ജീവിതം നയിക്കുന്നു. പുതുതായി ആ നാട്ടിലെത്തുന്ന യുവാവ് വിശ്വനാഥന് തന്റെ മകനാണെന്നറിഞ്ഞ സുലൈമാന്‍ അത് ഭാര്യയെ അറിയിക്കുന്നു. അപ്പോള്‍ ആ കുട്ടിയെ ഇതേവരെ തിരിഞ്ഞു നോക്കാതിരുന്നത് കടുപ്പമായിപ്പോയി എന്ന് ഭാര്യ ഖദീജ സുലൈമാനെ കുറ്റപ്പെടുത്തുന്നു. അതിനുള്ള മറുപടി അയാള്‍ക്കുണ്ട്
”ഞാന്‍ കടുപ്പം ചെയ്തുവല്ലേ? ലോകത്തെ മുഴുവന്‍ തെറിപ്പിക്കുന്ന ഒരു പുച്ഛച്ചിരി ചിരിച്ചു കൊണ്ട് ആയാല്‍ തുടര്‍ന്നു. ഞാനാരോടും ഒന്നും ചെയ്തില്ല ഖദീജ. ഞാനൊരു ഉറുമ്പിനെ പോലും ദ്രോഹിച്ചിട്ടില്ല. എന്റെ ഇഷ്ടപ്രകാരം ഞാന്‍ ഇങ്ങനെ ആയതല്ല. എന്നെ ആക്കിയതാണ്. ഇന്നതില്‍ എനിക്കു വ്യസനമില്ല, എല്ലാമൊന്നു തന്നെ. എന്റെ തല പണയം കെട്ടിയിരുന്നു. ആരുമാരുമില്ലാതിരിക്കുന്ന ഒരു സ്ത്രീയെ കൂട്ടി വരാമെന്നു പറഞ്ഞിട്ട് പോലുമെന്നെ വിശ്വസിച്ചില്ല. ഞാനൊറ്റുകാരനാവുമത്രെ! ഞാന്‍ കാട്ടാളന്മാരുടെ കൂട്ടത്തിലായിരുന്നു. അന്നെല്ലാവര്‍ക്കും ഭ്രാന്തായിരുന്നു ഭ്രാന്ത്! ചിലരെല്ലാം കൂടി ചിലരെയെല്ലാം കൊന്നു. ദ്രോഹിച്ചു. എന്നെയും ദ്രോഹിച്ചു. എന്റെ വേദനയും ആശങ്കയും അറിയിച്ചതിന് എന്നെക്കൊണ്ടു ശവം ചുമപ്പിച്ചിട്ടുണ്ട്. എല്ലാവരും കൂടി എന്നെ പിടിച്ചു വേറെ ഒരാളാക്കി. ഭ്രാന്തന്മാരോടെന്തു പറയാന്‍? അവിടം കൊണ്ടവസാനിച്ചോ? ഇതൊക്കെ സഹിച്ചു വിചാരണ ആരംഭിച്ചപ്പോള്‍ ഞാനായി ദ്രോഹി.നോക്ക് ഖദീജാ. എന്റെയീ കൈയിന്റെ ചട്ട മറിച്ചിട്ടു കെട്ടിയിട്ടുണ്ട്. തോക്കിന്റെ ചട്ട കൊണ്ട് നൂറുകണക്കിന് ഇടി ഞാന്‍ കൊണ്ടിട്ടുണ്ട്. എന്തിന്?വെറുതെ…!ഒന്നും ചെയ്യാത്തതിന്. ഇടിച്ചിടിച്ചു ബോധം കെട്ടുവീഴുമ്പോള് വെള്ളം തന്നു ബോധം വരുത്തി വീണ്ടുമിടിക്കും. ഒരു ദിവസമല്ല പല ദിവസം. എല്ലാം കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ഞാന്‍ ഞാനല്ലാതായിരിക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു. എനിക്ക് വല്ല മാറ്റവും വന്നിരുന്നോ? ഒന്നും തോന്നിയില്ല. എനിക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. കേള്‍ക്ക് ഖദീജാ എന്റെ ആണി വേര് അടര്‍ന്നു കഴിഞ്ഞിരുന്നു!
ഇത് വായിച്ചിട്ടു സിറിയയിലോ ഇറാഖിലോ ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യില്‍നിന്ന് രക്ഷപെട്ട ഏതെങ്കിലുമൊരു ഹതഭാഗ്യന്റെ ആത്മഭാഷണമാണെന്നേ ആര്‍ക്കും തോന്നൂ. അന്‍സാരിയെ സംബന്ധിച്ച് ആ രംഗം സമുദായത്തിനെതിരെയുള്ള ബോധപൂര്‍വ്വമായ ആക്രമണമാണ്. കലാപം പശ്ചാത്തലമായി തിരഞ്ഞെടുത്തത് പോലും ഉറൂബ് ചെയ്ത കൊടിയ കുറ്റകൃത്യമാണെന്ന് അന്‍സാരി പറഞ്ഞുവെക്കുന്നു. ഈ ഹൃദയഭേദകമായ രംഗം ആത്മാര്‍ത്ഥമോ ആകസ്മികമോ അല്ലെന്നും മുസ്ലിം സമുദായത്തിനെതിരെ മുന്‍ധാരണകളെ നിര്‍മിക്കുന്നതാണെന്നും അയാള്‍ പറയുന്നു.
‘ബഷീര്‍ സാഹിത്യത്തിലെ ഇരുണ്ട ഗര്‍ത്തങ്ങള്‍’ എന്ന നിരീക്ഷണത്തില്‍ നാമെല്ലാമറിയുന്ന ബഷീറിന്റെ ജീവചരിത്രത്തിലെ ചില വിടവുകള്‍ ചൂണ്ടിക്കാണിച്ച മാധവനെയവര് പിന്നെയും സംഘടിതമായി ആക്രമിച്ചു. ‘മുമ്പേ നടന്നുപോയവരെ ദുരാരോപണങ്ങളിലൂടെ മറിച്ചിട്ട് തനിക്കൊരിടവും ഐഡന്റിറ്റിയും കണ്ടെത്താനുള്ള കുതന്ത്രമാണ് മാധവന്റെതെന്നു ‘ബഷീറും മാധവനും പിന്നെ ഞാനും’ എന്ന ലേഖനത്തില്‍ വിസി ഹാരിസ് ആരോപിച്ചു. ലേഖനം പ്രസിദ്ധീകരിച്ച് ഒരുപാട് നാള് കഴിഞ്ഞ ശേഷം ഇരുപതോളംപേര്‍ തുടരന് ലേഖനങ്ങളുമായി മാധവ നിഗ്രത്തിനിറങ്ങിയ ആ ദശാസന്ധിയെ യാദൃച്ഛികമായി കാണാന്‍ പറ്റില്ല, തനിക്കെതിരെ അപകീര്‍ത്തി പടര്‍ത്താന്‍ നടത്തിയ പ്രസ്തുത ശ്രമം സംഘടിതമാണെന്നും അതിലൊരു ഗുഢാലോചന ഉണ്ടന്നും ആയതില്‍ അന്വേഷണവും പഠനവും വേണമെന്നും മാധവന് തന്നെ ആവശ്യപെട്ടിട്ടുള്ളതാണ്.
വെളിച്ചപ്പാടിന്റെ ഭാര്യ
കേരള യുക്തിവാദികളുടെയിടയിലെ തര്‍ക്കശാസ്ത്ര വിശാരദന് ഡോ.സി. രവിചന്ദ്രന്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ വിഷയമാണിത്. ഏതു വെളിച്ചപ്പാട്? വെളിച്ചപ്പാടിന്റെ ഭാര്യക്കെന്താണ് പ്രസക്തി? മലയാളത്തിലെ ഏറ്റവും പ്രശസ്തനായ വെളിച്ചപ്പാട് നിര്‍മ്മാല്യം എന്ന സിനിമയിലാണ്. പി.ജെ. ആന്റണി അഭിനയിച്ച, ഒടുവില്‍ ദേവീ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുന്ന വെളിച്ചപ്പാട്. എന്തിനാണാ വെളിച്ചപ്പാട് ദേവിക്കുമിനീരഭിഷേകം നടത്തുന്നത്.? ക്ഷേത്രോപജീവിതം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന വെളിച്ചപ്പാടിന് പലചരക്കു കടയിലെ പറ്റുതീര്‍ക്കാന്‍ കഴിയുന്നില്ല. മുസ്ലിം നാമധാരിയായ കടക്കാരന് വെളിച്ചപ്പാടിന്റെ ഭാര്യയെ പണത്തിനായി പലതവണ ശല്യം ചെയ്യുന്നു. ഇതൊക്കെ ഭാര്യ വെളിച്ചപ്പാടിനോട് പറയുന്നുണ്ട് .
പലചരക്കുകടക്കാരനുമായുള്ള സംഭോഗാനന്തരം മുടി വാരിക്കെട്ടി വരുന്ന ഭാര്യയെയാണ് ഒരു ദിവസം വീട്ടിലെത്തുന്ന അയാള്‍ കാണുന്നത്. ദൈവം, മതം,വിശ്വാസം, പുരോഹിതന് എന്നൊക്കെയുള്ള പരികല്പനകളെ സാമൂഹിക യാഥാര്ഥ്യങ്ങളിലേക്കിത്രയാഴത്തില് സന്നിവേശിപ്പിക്കുന്ന മറ്റൊരു രംഗം മലയാളത്തിലില്ല. അതിനുശേഷമാണ് താന്‍ നിത്യപൂജ നടത്തുന്ന താരകരൂപിണിയുടെ മുഖ കമലത്തിലേക്ക് വെളിച്ചപ്പാടിനാട്ടേണ്ടി വരുന്നത്. ഹൃദയമുള്ളവര്‍ക്കത് നുറുങ്ങിപ്പോകുന്ന വേദന പകരുന്ന ഈ കഥ ജി.പി. രാമചന്ദ്രനെന്ന സാഹിത്യ കമ്മിസാറിന് തികഞ്ഞ മുസ്ലിം വിരുദ്ധ പൊതുബോധത്തിന്റെ പുനഃസ്ഥാപനമായിട്ടാണ് തോന്നിയത്. ഇവിടുത്തെ ജാരന് പലചരക്കു കടക്കാരന് മുസ്ലീമായതാണ് പ്രശ്നം.
കെഇഎന്‍ എഡിറ്റു ചെയ്ത (സെലക്റ്റ് ചെയ്ത) ലവ് സിന്ദാബാദ് ; ലവ് ജിഹാദ് മൂര്‍ദ്ദാബാദ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാമചന്ദ്രന്റെ) ‘വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ’ എന്നുള്ള ലേഖനത്തിലാണ് ഈ സാമൂഹിക ഭീകരാക്രമണം നടത്തിയിരിക്കുന്നത്.പള്ളി വാളും കാല്‍ച്ചിലമ്പും ചെമ്പട്ടുമണിഞ്ഞു ഭഗവതീ സേവ ചെയ്ത വെളിച്ചപ്പാടിന്റെ ദൈന്യ ജീവിതമല്ല രാമചന്ദ്രനെ ദുഃഖിപ്പിക്കുന്നത്, അതിലെ പലചരക്കു കടക്കാരന്റെപേര് മുസ്ലിമായതാണ്. നിര്മാല്യത്തിന്റെയനുവാചകര് ആ പേര് ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകില്ല.
മലയാള കവികളില്‍ ഇത്തരം ആക്രമണത്തിന് ഏറ്റവുമധികം ഇരയാകേണ്ടി വന്നത് വള്ളത്തോളാണ്. ജി പി രാമചന്ദ്രനെ കൂടാതെ 2011 സപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ പ്രബോധനം വാരികയുടെ താളുകളില്‍ വള്ളത്തോള്‍ കവിതയിലെ നല്ല മുസ്ലിമിനെയും ചീത്ത മുസ്ലിമിനെയും കണ്ടു പിടിക്കാന്‍വേണ്ടി സമദ് കുന്നപ്പള്ളി എന്നൊരാളുടെ ലേഖന യജ്ഞം തന്നെയുണ്ടായിരുന്നു. ‘നായര്‍ സ്ത്രീയും മുഹമ്മദീയനും, ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി, കാട്ടെലിയുടെ കത്ത്’ എന്നിവയാണ് തെളിവായി സമര്‍പ്പിക്കപ്പെട്ടത്
അന്യ മതദ്വേഷമുണ്ടോ മഹമ്മദ
മന്നോര്‍മണികള്‍ക്കു പണ്ട് പണ്ടേ
ആഹുമയൂണ്ചക്രവര്ത്തിവിശേഷിച്ചു
മാഹിതാത്മാവതി സൗമ്യ നിഷ്ഠന്
അള്ളാവിനൊപ്പമാക്കല്ല്യന് പ്രജകളി
ലെല്ലാംപുലര്ത്തുന്നു സ്വസ്വധര്‍മ്മം
എന്നീ ഹുമയൂണിനെക്കുറിച്ചുള്ള വരികള്‍ കാണാതെ ഇവരൊക്കെ ഉസ്മാന്റെ ചുറ്റും വലത്ത് വെക്കുന്നത് കവിതയാകുന്ന കണ്ണാടിയില്‍ സ്വന്തം മുഖം കാണുന്നത് കൊണ്ടായിരിക്കും. അതെ സമയം പുരോഗമന സാഹിത്യ സംഘക്കാര്‍ക്ക് ഇപ്പോഴും വള്ളത്തോള്‍ കവിതയിലെ ദേശീയതയാണ് വില്ലന്‍.
ധനാഢ്യരെ ധര്‍മ വഴിക്കു നിങ്ങള്‍
കാണിക്കവെക്കും നറുമുത്തിനേക്കാള്
കൂലിപ്പണിക്കാരിവര്‍ തന് വിയര്‍പ്പു
നീര്‍ത്തുള്ളിയാണീശ്വരനേറെയിഷ്ടം..!
എന്നെഴുതിയ, അങ്ങനെ അധ്വാനത്തെക്കുറിച്ചു പലതുമെഴുതിയ വള്ളത്തോളിന്റെ ആ വരികളെ അവര്‍ കണ്ടില്ല എന്ന് നടിച്ചു.
ബിരിയാണി വെന്ത അടുപ്പ്
ഇത്തരത്തിലുള്ള സാമൂഹിക സാഹിത്യ മൗലികവാദങ്ങളുടെ കൂത്തരങ്ങിലേക്കാണ് ഏച്ചിക്കാനം തന്റെ ബിരിയാണി കുടഞ്ഞിടുന്നത്. വയസുകൊണ്ട് വജ്ര ജൂബിലിയിലെത്തുന്ന മലയാള നാടിന്റെ ഭക്ഷണ സംസ്കാരത്തിനു നേരെയുള്ള ബോംബാക്രമണമാണ് ബിരിയാണി. വിശപ്പിനെ വിഷയമാക്കുക ഭാരതത്തിലും കേരളത്തിലും ആദ്യമല്ല. മഹാഭാരതത്തില്‍ ദ്രോണര്‍ക്കും കൃപിക്കുമുണ്ടാകുന്ന പുത്രന് അശ്വത്ഥാമാവിന് ക്ഷീരപാനമൊരു വിദൂര സ്വപ്നമാണ്. ഒടുവിലയല്പക്കത്തെ വികൃതിപ്പിള്ളേര്‍ അരിമാവ് കലക്കിയ വെള്ളം പാലാണെന്നു വ്യാജം പറഞ്ഞു ദ്രൗണിയെ കുടിപ്പിക്കുന്നുണ്ട്. അതിനു ശേഷം ഞാനും പാലുകുടിച്ചുവെന്നു പറഞ്ഞു തുള്ളിച്ചാടി വരുന്ന ഉണ്ണിയെ നോക്കി തന്റെ നികടസ്ഥര് പരിഹസിക്കുമ്പോളതിന്റെ വ്യസനത്തിലാണ് ദ്രുപദനെ തേടി ദ്രോണര് യാത്രയാകുന്നത്.
ഡിഎഇ സ്കെയിലും അലവന്‍സും ഒക്കെ വരുന്നതിനു മുന്‍പേയുള്ള അധ്യാപകരുടെ പട്ടിണിയുടെ കഥ പറയുന്ന പൊതിച്ചോര്‍ എന്ന കഥ കാരൂര്‍ നീലകണ്ഠപ്പിള്ള രചിച്ചതാണ്.അദ്ദേഹത്തിന്റെ കഥകളില്‍ വിശപ്പിന്റെ ഗന്ധമുണ്ട്. ചിദംബരസ്മരണയില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാട്, തിരുവോണത്തിനിരന്നുണ്ണുന്ന രംഗം സ്വജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തു വെച്ചിട്ടുണ്ട്. രാസാഗ്നിയുടെ രസക്കേടിനെയും, പിത്തരസത്തിന്റെ ചിത്തഭ്രമത്തെയും ഏതാണ്ടത്ര തന്നെ അനുഭവവേദ്യമാക്കുന്നുണ്ട് ഏച്ചിക്കാനവും.
പ്രവാസമാണ് ബിരിയാണി സംക്രമിപ്പിക്കുന്ന രണ്ടാമത്തെ വികാരം. കൊല്ലക്കുടിയില്‍ സൂചിവില്ക്കുന്നത് പോലെയാണ് മലയാളിയോട് പ്രവാസത്തെക്കുറിച്ചു പറയുന്നതെന്നാണ് പലരുടെയും ജാമ്യം. മലയായും ബര്‍മ്മയും സിംഗപ്പൂരും പിന്നെ ജംബു ദ്വീപിലെയനേകനഗരങ്ങളും കടന്നു ഒടുവില്‍ യൂറോപ്പിലേക്ക് കാലൂന്നിക്കഴിഞ്ഞ മലയാളിയെ പ്രവാസത്തെക്കുറിച്ചു പേടിപ്പിക്കേണ്ടയെന്നത്! പൊതുവെ പറഞ്ഞു വരുന്ന ഹിപ്പോക്രസിയാണ്. പ്രവാസിയുടെ വേദനകള്‍ പങ്കുവെക്കുന്ന വൈലോപ്പള്ളിയുടെ ‘ആസാംപണിക്കാര്‍’ എന്ന കവിതയും കൈരളിക്കു സ്വന്തമായുണ്ട്.
കൊട്ടും കുറിയും പഠിച്ച് കല്ക്കട്ടക്ക് തീവണ്ടി കയറുന്ന അമ്പിമാരില് നിന്നേറെ മാറി മലയാളിയുടെ പ്രവാസത്തിനിന്ന് ഒരു വിനോദയാത്രയുടെ കെട്ടുംമട്ടുമാണ്. രുചിയില്‍ ആമലകീഫല സമാനമായ ഗൃഹാതുരത്വമെന്ന വികാരമല്ലാതെ ‘പലായനം’ എന്ന ദുരന്ത ഭൂമിക നാം അനുഭവിച്ചിട്ടേയില്ല. ബിരിയാണിക്കാകട്ടെ പലായനത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധമാണ്. കഥയിലെ അദൃശ്യ കഥാപാത്രം കലന്തന് ഹാജി പക്ഷെ ഇന്നത്തെ മലയാളി പ്രവാസിയുടെ പ്രതിനിധിയല്ല.
അറബിപ്പൊന്ന് തേടി ഉരുവിലും മച്ചുവയിലും പത്തേമാരിയിലും ഖോര്ഫക്കാന് കുന്നിന് ചരിവില്‍ വന്നിറങ്ങിയ വേറൊരു മലയാളിയുണ്ട്. നാട്ടിലേക്കു കത്തയക്കാന്‍ പോലും കഴിയാതെ, പ്രിയതമയുടെ ശബ്ദം കേള്‍ക്കാതെ, കുട്ടികളുടെ വളര്‍ച്ചയറിയാതെ, ശീതീകരണിയുടെ സഹായമില്ലാതെ, കൊടുംവേനലിലെ ഉച്ചവിശ്രമമില്ലാതെ, മണല്ക്കാറ്റിനോടേറ്റു മുട്ടി മധ്യപൗരസ്ത്യദേശത്തെ പണിതുയര്‍ത്തിയ ഒരു മലയാളി. ആ മലയാളിക്കു പലായനമെന്ന വാക്കിന്റെ അര്ത്ഥമറിയാമായിരുന്നു. അന്‍സാരി മുതല്‍ റൂബിന് വരെയുള്ളവര്‍ പറയുന്ന ആ ഗാഥയില്‍ ഈ കലന്തന് ഹാജി ആ മലയാളിയെയാണ് പ്രതിനിധീകരിക്കുന്നത്, അല്ലാതെ മുസ്ലിമിനെയല്ല.
തര്ക്കകത്തിന്റെ പരിണാമത്തില്‍ 2016 ഒക്ടോബര്‍ 8 ലക്കം മാതൃഭൂമിയില്‍ തന്റെ മുന്‍വാദങ്ങളെ അടിവരയിട്ടുകൊണ്ട് ‘ബിരിയാണി വായനയുടെ അതിര് വരമ്പുകള്‍’ എന്നൊരു പൂരപ്രബന്ധം റൂബിന് ഡിക്രൂസിന്റേതായി വന്നിട്ടുണ്ട്. സാഹിത്യ കേരളത്തിന്റെ സാമാന്യ ബുദ്ധിയെ കൊഞ്ഞനം കുത്തുന്ന ആ ലേഖനത്തില്‍ മുസ്ലീംകളെക്കുറിച്ച് നമ്മുടെ പൊതുബോധത്തില്‍ നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും പുനസ്ഥാപിക്കാന്‍ ബിരിയാണിയിലൂടെ ഏച്ചിക്കാനം ശ്രമിക്കുന്നു എന്നാണ് പഞ്ച് ഡയലോഗ്. റൂബിന് പറയുന്ന മുന്‍വിധികള്‍ എന്തൊക്കെയാണ് എന്നു നോക്കാം.
ആവര് ബഹുഭാര്യാത്വം ഉള്ളവരാണ് .
അവരൊക്കെ ദരിദ്രരായിരുന്നു, ഇപ്പോള്‍ ഗള്‍ഫില്‍ പോയി പണക്കാരായി മാറി
സംസ്കാരമില്ലാത്തവരാണത്രേ അവര്‍
പുതുപ്പണക്കാരായ ഇവര്‍ അല്പ്പത്തരവും അഹങ്കാരവും കാണിക്കുന്നു.
പണക്കൊഴുപ്പില്‍ വളര്‍ന്നവരാണ് പുതുതലമുറ.
ഗള്‍ഫ് പണം കൊണ്ടവര്‍ ഭൂമി വാങ്ങിക്കൂട്ടുന്നു.
അവര്‍ സംക്രമികളാണ് (ഏറ്റവും പ്രധാനപ്പെട്ട ഈ മുന്‍വിധി കഥയില്‍ പ്രയോഗിച്ചിട്ടില്ലയെന്ന് പറയുന്നുണ്ട് )
ഇങ്ങനെയൊക്കെയാണ് മുസ്ലിം സമുദായത്തെക്കുറിച്ച് കേരളത്തിന്റെ പൊതുബോധത്തിന്റെ മുന്‍വിധിയെന്ന് റൂബിന് പറഞ്ഞുറപ്പിക്കുന്നു. അതിനു ബലമേകാന്‍ വിശപ്പിന്റെ വേദനയുടെ കഥയിലെ ചില വാക്കുകള്‍ ഉയോഗിച്ചിരിക്കുന്നു. ഏതുപേരിട്ടുവിളിക്കുന്ന വായനയിലും ബിരിയാണിയില്‍ നിന്ന് അനുവാചകര്ക്കിതൊന്നും അനുഭവിക്കാനാവില്ല.
അങ്ങിനെയാരോപിക്കാനാണെങ്കില് വൈക്കം മുഹമ്മദ് ബഷീറില്‍ പോലും പ്രതിനിധാനത്തിന്റെ സമസ്യകള്‍ ആരോപിക്കേണ്ടി വരും. അദ്ദേഹത്തിന്റെ പ്രണയഗാഥ ‘ബാല്യകാലസഖി’യിലെ വില്ലന്‍, സാക്ഷാല്‍ മജീദിന്റെയച്ഛനെ ചതിച്ച് സ്വത്തെല്ലാം കൈവശപ്പെടുത്തുന്നയാള്‍ ക്രിസ്ത്യാനിയാണ്. ‘അവറാന്’ എന്നാണ് പേര്. ‘വിധേയന്’ എന്ന സിനിമയുടെ മൂലകഥ സക്കറിയയുടെ ഭാസ്കര പട്ടേലരും എന്റെ ജീവിതവുമാണ്.
അതിലെ ജന്മി ഭാസ്കര പട്ടേലരാണ്. കേശവദേവിന്റെ ത്യാഗിയായ ദ്രോഹിയെന്ന നോവലില്‍ അയല്‍വാസികള്‍ക്കെതിരെ താന്‍ കൊടുത്ത കേസുകളെല്ലാം പരാജയപ്പെട്ട് ഒടുവിലവരെ ദ്രോഹിക്കാന്‍ അവസാന ആയുധമായി അവരുടെ മുറ്റത്തെ മരക്കൊമ്പില്‍ തൂങ്ങിമരിക്കാന്‍ പുറപ്പെടുന്ന കേന്ദ്രകഥാപാത്രമുണ്ട്. അയാളുടെ പേര് കൃഷ്ണക്കുറുപ്പ് എന്നാണ്. ആനവാരിയും പൊന്‍കുരിശും രാമന് നായരും തോമയുമാണ് അല്ലാതെ റഷീദും താഹിറുമല്ല. ഇങ്ങിനെ ചുഴിഞ്ഞു ചിന്തിച്ചാല്‍ ലിസ്റ്റിനിയും നീളും. ഇന്നേവരെ മേല്‍പ്പടി സമുദായങ്ങള്‍ ആരും തന്നെ ആരോപണമുന്നയിച്ചിട്ടില്ല.
എന്തുകൊണ്ടാണിത്തരം വര്‍ഗീയ വ്യാഖ്യാനങ്ങള്‍?
ഇതൊക്കെ വെറുതെ നിഷ്കളങ്കമായി സംഭവിക്കുന്നതാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. വേട്ടക്കാരന് ഇര എന്നീ ദ്വന്ദ്വപരികല്പനയുടെ പ്രസരണം തന്നെയാണിവിടെയും. ഇതിനിടെ ‘ബിരിയാണിക്കൊരു പുതിയ റെസിപ്പി’ എന്ന പേരില്‍ മാതൃഭൂമിയില്‍ സന്തോഷ് ഏച്ചിക്കാനമെഴുതിയ സത്യവാങ്മൂലം പ്രസക്തമാകുന്നു.
‘എന്റെ ചുറ്റുപാടുകളില്‍ കണ്ടും കേട്ടും നിരീക്ഷിച്ചും മനസ്സിലാക്കിയ കാര്യങ്ങളാണ് പിന്നീട് രചനകളുടെ വിഷയങ്ങളായി മാറിയിട്ടുള്ളത്, അതിലൊന്ന് മാത്രമാണ് ബിരിയാണി. മുസ്ലിം സമുദായ പശ്ചാത്തലത്തില്‍ എഴുതിയപ്പോള്‍ കുമാരപിള്ള കലന്തന് ഹാജിയായി, ഇതേ കഥ കോട്ടയത്താണ് നടന്നതെങ്കില്‍ അസൈനാര്‍ അപ്പച്ചനോ ആന്റണി ചേട്ടനോ ആയേനെ’.
ഇതിനെ മുഖവിലക്കെടുക്കാന്‍ വിമര്‍ശക സൃഗാലന്മാര്‍ തയ്യാറാവുന്നില്ല. കലന്തന് ഹാജിക്ക് പകരം കുമാരപിള്ളയോ ആന്റണിചേട്ടനോ ആയാല്‍ അവരുടെ പ്രതിഷേധം ഇല്ലാതെയാകും. ഹിന്ദു ജന്മിക്കെതിരെ കൊടിപിടിക്കാം, യുദ്ധം ചെയ്യാം. എന്നാല്‍ അതേ പ്രതിഷേധം മുസ്ലിം ജന്മിക്കെതിരെയാകുമ്പോള് മതമെന്ന കാന്‍വാസും പിന്നാലേ സാധാരണക്കാരന് മനസ്സിലാകാത്ത വാചകമേളയും കടന്നു വരുന്നു.
തെക്കന്‍ തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍-മുസ്ലിം കലാപമുണ്ടാകുമ്പോള്‍ അവിടുത്തെ പണക്കാര് തിരുനല്‍വേലിയിലും നാഗര്‍കോവിലിലും ഒരേ ഹോട്ടലില്‍ സുരക്ഷിതമായി പാര്‍ക്കുന്നത് കൂനന്‍ തോപ്പ് എന്ന നോവലില്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ ഭംഗിയായി വരച്ചു കാണിക്കുന്നുണ്ട്.
കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും സാഹിത്യത്തെയും ചരിത്രത്തെയും സമീപിക്കുന്നതിലെ പരസ്പര പൂരകത്വം കൂടിപ്പറയാതെ പോകാന്‍ വയ്യ. കടുത്ത പച്ചച്ചായം പൂശിയ ചുവരിന്നു വെള്ളയടിക്കുന്ന പ്രക്രിയയുടെ ക്വട്ടേഷന്‍ ഇടതുപക്ഷം ഏറ്റെടുത്തിട്ടു നാളേറെയായി
. ടിപ്പു സുല്‍ത്താനെയും മാപ്പിള കലാപത്തെയുമാണ് ഇരുകൂട്ടരും ഒരേപോലെ പ്രമോട്ട് ചെയ്യുന്നത്. കലാപശേഷം സ്ഥാപിക്കപ്പെട്ട ഖിലാഫത്തില്‍ വരമ്പത്ത് കൂലി സമ്പ്രദായം ആലി മുസലിയാര്‍ നടപ്പിലാക്കി എന്ന് പറയപ്പെടുന്നു. മഗ്രിബിന് മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണം എന്നായിരുന്നുവത്രെ ഡിക്രി. അതിനെ ഇടതുപക്ഷം കാണുന്നത് തൊഴിലാളി വര്‍ഗ സൗഹാര്‍ദ്ദമായിട്ടാണ്. ടിപ്പുവിന്റെ നടപടികളും പുരോഗമനപരമെന്നു ഇടതര്‍ വാഴ്ത്തുന്നു, എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ക്കു ടിപ്പു, ദീനി നിഷ്ഠയുള്ള ഒരു മുസല്‍മാനാണ്.
ഈ പറഞ്ഞ രണ്ടു കാര്യങ്ങളിലേയും ഇസ്ലാമിക് കണ്ടന്റ് ആണ് അവരെ അതിനോടടുപ്പിക്കുന്നത്. അതായത് മാര്‍ക്സിസ്റ്റുകള്‍ വെള്ളയടിക്കുന്ന ചുവരിലെ കടും പച്ചച്ചായം കാണേണ്ടവര്‍ കാണുന്നുണ്ട്. മാര്‍ക്സിസ്റ്റുകളാവട്ടെ അവരുടെ അണികളോട് (ബഹുഭൂരിപക്ഷവും ഹിന്ദുക്കള്‍ ) ഇത്തരം ജിഹാദുകള്‍ പുരോഗമനപരമെന്നും അതില്‍ വര്‍ഗീയതയുടെ ലവലേശമില്ലെന്നും പറഞ്ഞു ഫലിപ്പിക്കുന്നു. ഇതിലൂടെ ഇസ്ലാമിസത്തിന് ഒളിച്ചു കടക്കാനുള്ള ഒരു സുരക്ഷാ ഇടനാഴി മാര്‍ക്സിസ്റ്റുകള്‍ ഒരുക്കുന്നുണ്ട്. അതിന്റെ വകഭേദമാണ് അറബിക്കഥയിലെ ഒറ്റക്കണ്ണുള്ള ഒട്ടകം ഒരു വശത്തെ പച്ചപ്പ് മാത്രം കടിച്ചു നീങ്ങിയ പോലെയുള്ള ഈ വ്യാഖ്യാനങ്ങള്‍.
ഒരനുവാചകന് തന്റെ മുന്നിലെത്തുന്ന രചനയെ ഏതുരീതിയിലും ആസ്വദിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാം. അതിന്റെ മറവില്‍ തങ്ങളുടെ രാഷ്ട്രീയം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. അവരുടെ അപപാരായണങ്ങള്ക്ക് എഴുത്തുകാരനോ കൃതിയോ ഉത്തരവാദിയാകുന്നില്ല. കൃത്യമായി പറഞ്ഞാല്‍ എന്താണോ പറഞ്ഞത് അതിനു മാത്രമാണ് സൃഷ്ടിയും സ്രഷ്ടാവും ഉത്തരവാദികള്‍. അല്ലാതെ ഇത്തരക്കാര്‍ എന്തു മനസ്സിലാക്കി എന്നതിലല്ല.
അടിക്കുറിപ്പ്
ഈ വിവാദങ്ങളുടെയെല്ലാമിടയില് ഒരു രാഷ്ട്രീയ നീക്കം നടന്നിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് തന്റെ മന്ത്രാലയത്തിന്റെ കീഴില്‍ കലാ സാഹിത്യ വിഭാഗങ്ങള്‍ക്കായി സച്ചിദാനന്ദന് അധ്യക്ഷനായി രൂപീകരിച്ച സമിതിയില്‍ ഒരംഗമായി റൂബിന് ഡിക്രൂസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം വായനയുടെ അപ്പോസ്തലനായ, മാധ്യമം വാരികയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘മലയാള സാഹിത്യ പൊതുമണ്ഡലത്തിലെ നിരന്തര സാന്നിധ്യമായ ഒരു അസാന്നിധ്യമായ’ എം.ടി. അന്‍സാരി തന്റെ പുസ്തകമായ മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍ എന്ന കൃതിയിലെ ‘മലയാള സാഹിത്യത്തില്‍ മലബാര്‍ എന്ന പ്രരൂപം’ എന്ന പ്രസക്ത ലേഖനത്തെ അവതരിപ്പിക്കാന്‍ വേണ്ടി ചേര്‍ത്തിരിക്കുന്നത് സല്മാന് റുഷ്ദിയുടെ സാത്താന്റെ വചനങ്ങളിലെ വാചകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: