പത്തനംതിട്ട: തിരുവാഭരണപ്പാതയിലെ കൈയേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിപ്പിക്കാതെയും കൈയേറ്റമെന്ന് കണ്ടെത്തി റവന്യൂവകുപ്പ് അടയാളപ്പെടുത്തിയ സ്ഥലം ഒഴിവാക്കി അതിരുകല്ലിടാനുള്ള ശ്രമത്തിനെതിരേയും ബിജെപിയും വിവിധ ഹൈന്ദവ സംഘടനാപ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തി.
തിരുവാഭരണപ്പാതയില് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അതിരുകല്ലിടുന്ന ചടങ്ങിന്റെ ഉദ്ഘാടനവേദിയിലും കല്ലിടുന്നിടത്തുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്. വടശ്ശേരിക്കര ചെറുകാവ് ശ്രീദേവി ക്ഷേത്ര അങ്കണത്തിലും തിരുവാഭരണപ്പാതയുടെ അതിരുകല്ലിടുന്ന ചടങ്ങ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാകളക്ടര്‍ ആര്.ഗിരിജ അദ്ധ്യക്ഷതവഹിച്ചു. ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ബിജെപി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി കുറുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വടശ്ശേരിക്കര ടൗണില്‍ തിരുവാഭരണപ്പാത മുഖത്ത് തിരുവാഭരണപ്പാത എന്ന ബോര്‍ഡ് സ്ഥാപിച്ചു. തുടര്‍ന്ന് താഴേക്ക് കല്ലിടാനായി ഇറങ്ങിയപ്പോഴും റവന്യൂവകുപ്പ് അതിരിട്ട് അടയാളപ്പെടുത്തിയ സ്ഥലം ഒഴിവാക്കി കല്ലിടാന്‍ കുഴികള്‍ എടുത്തത് പ്രതിഷേധക്കാര്‍ ദേവസ്വം ബോര്‍ഡ് മെമ്പറിന്റേയും ജില്ലാ കളക്ടറുടേയും ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് തര്‍ക്കമുള്ള ഇടങ്ങളില്‍ കല്ലിടുന്നതും ബോര്‍ഡ് സ്ഥാപിക്കുന്നതും ഉപേക്ഷിച്ച് കളക്ടറും ദേവസ്വം ബോര്‍ഡ് അംഗവും പേങ്ങാട്ട് പാലം കടന്ന് തര്‍ക്കമില്ലാത്ത ഇടങ്ങളില്‍ അതിരുകല്ലിടുന്നതിനായി സമ്മതിച്ചു.
തുടര്‍ന്ന് ഇരുവരും അതിരുകല്ല് സ്ഥാപിക്കുകയും ചെയ്തു. ഇതിന് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെത്തി മറ്റൊരു അതിരുകല്ലുകൂടി സ്ഥാപിച്ചു. തിരുവാഭരണപ്പാതയിലെ കൈയേറ്റം പൂര്‍ണ്ണമായി ഒഴിപ്പിക്കാത്തതില്‍ നാട്ടുകാര്‍ക്കും ഭക്തര്‍ക്കുമുള്ള പ്രതിഷേധം പ്രകടിപ്പിക്കുകമാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി.കുറുപ്പ് പറഞ്ഞു. പ്രതിഷേധം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയ ശേഷം അതിരുകല്ലിടുന്ന ചടങ്ങുകളില്‍ എല്ലാവരും സഹകരിച്ചു. ജി.രജീഷ്, രവി കുന്നയ്ക്കാട്, തമ്പി ഇടക്കുളം, രഘു ഇടക്കുളം, മോഹനന് ഇടക്കുളം, രാജശേഖരന്‍നായര്‍, പി.ജി.ജ്യോതിഷ്, പി.ജി.ഹരികുമാര്‍, ശശിധരന്‍നായര്‍ പുതുശ്ശേരിമല എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
അതിരുകല്ലിടീല് ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗം അജി തറയില്‍, തിരുവാഭരണപ്പാത സംരക്ഷണ സമിതി പ്രസിഡന്റ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, മാലേത്ത് സരളാദേവി, പ്രസാദ് കുഴിക്കാലാ, രാജഗോപാല്‍, പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി സെക്രട്ടറി നാരായണ ശര്‍മ്മ, ദേവസ്വം ചീഫ് എന്‍ജീനിയര്‍ ജി.മുരളീകൃഷ്ണന്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: