ബദിയഡുക്ക: എന്മകജെ പഞ്ചായത്തില്‍ ബിജെപി ഭരണ സമിതിയെ താഴെ ഇറക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് രൂപാവാണി ആര്. ഭട്ടിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോറം തികയ്ക്കാന്‍ കഴിയാത്തതിനാല്‍ പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടക്കാനിരിക്കേയാണ് പതിനേഴംഗ ഭരണ സമിതിയിലെ ബിജെപിയുടെ ഏഴംഗങ്ങളും സിപിഎമ്മിന്റെ രണ്ടംഗങ്ങളും യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത്. ഇതോടെ ക്വാറം തികയാത്തതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് റിട്ടേണിംഗ് ഓഫീസര്‍ റദ്ദ് ചെയ്തത്.
യുഡിഎഫിന് ഏഴംഗങ്ങളാണുള്ളത്. വൈകിയെത്തിയത് മൂലം മുസ്ലിം ലീഗ് അംഗം അബൂബക്കര്‍ സിദ്ദിഖ് ഹാജിയെ അകത്ത് കയറ്റിയില്ല. സിപിഎം അംഗങ്ങള്‍ വിട്ടു നിന്നെങ്കിലും എല്‍ഡിഎഫ്. ഘടകകക്ഷിയായ സിപിഐയുടെ ഒരംഗവും യോഗത്തിനെത്തി. അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് മൂലം രൂപാവാണി തന്നെ പ്രസിഡണ്ടായി തുടരും. വൈസ് പ്രസിഡണ്ടിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസ പ്രമേയത്തിന്മേല് ഇന്ന് ചര്‍ച്ച നടക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും ഏഴംഗങ്ങള്‍ വീതം ഒപ്പത്തിനൊപ്പമായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.
ഒരാഴ്ച മുമ്പാണ് അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്. അംഗങ്ങള്‍ നോട്ടീസ് നല്‍കിയത്. ഇതോടെ മൂന്നംഗ എല്‍ഡിഎഫിന്റെ നിലപാട് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ആരെയും പിന്തുണക്കില്ലെന്ന മുന്‍ നിലപാടില്‍ സിപിഎം. ഉറച്ചു നിന്നതോടെ അവിശ്വാസ പ്രമേയം വിജയിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. സിപിഎം അംഗങ്ങള്‍ വിട്ടു നില്ക്കാന് തീരുമാനിച്ചത് ബിജെപിക്ക് ആശ്വാസമാവുകയും അവരും യോഗത്തില്‍ ഹാജരാകാതെ വിട്ടുനിന്നാണ് അവിശ്വാസ നീക്കം പരാജയപ്പെടുത്തിയത്.അവിശ്വാസനീക്കം പരാജയപ്പെട്ടതോടെ ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണമൂലമാണ് അവിശ്വാസനീക്കം പരാജയപ്പെട്ടതെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: