പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഇന്ന് തിരിതെളിയും. 11 സബ്ജില്ലകളില്‍ നിന്നായി 1,593 താരങ്ങളും നൂറോളം ഒഫീഷ്യലുകളും മുന്നു ദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ പങ്കെടുക്കും.
93 ഇനങ്ങളിലാണ് മല്‍സരം. ഇന്ന് രാവിലെ എട്ടിന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. അനിത പതാക ഉയര്‍ത്തും. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ സല്യൂട്ട് സ്വീകരിക്കും. 10ന് മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും.
വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന് കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും. ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി കെ.ജി. സതീറാണി മുഖ്യസന്ദേശം നല്‍കും. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ മൂന്നു മുതല്‍ മലപ്പുറം തേഞ്ഞിപ്പാലത്തു നടക്കുന്ന 60ാമത് സംസ്ഥാന കായിക മേളയിലും പങ്കെടുക്കാം. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയയെ കാത്തിരിക്കുന്നത് 101 പവന് സ്വര്‍ണക്കപ്പാണ്. 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കുള്ള സമ്മാനത്തുകയും ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള തീരുമാനവും വിജയികള്‍ക്കുള്ള സ്വര്‍ണപതക്കത്തിന്റെ തൂക്കവും ഇരട്ടിയാക്കുന്നതും സ്കൂള്‍ കായിക മേളയുടെ പ്രവര്‍ത്തനത്തിന് ഉണര്‍വേകിയിട്ടുണ്ട്. സംസ്ഥാനതല നിലവാരമുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ കാലങ്ങളിലെ പിഴവുകള്‍ തീര്‍ത്ത് കൃത്യമായ മുന്നൊരുക്കങ്ങളുമായിട്ടാണ് മേളയ്ക്ക് തിരിതെളിയുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂര്‍ണ്ണാ ദേവി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഡിഡിഇ എസ്.സുജാത, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഏബ്രഹാം കെ.ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
11ന് വൈകീട്ട് 4.30ന് സമാപന സമ്മേളനം വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ. ജേക്കബ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ രജനി പ്രദീപ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ സ്കൂളുകള്‍ തങ്ങള്‍ക്ക് ലഭിച്ച ട്രോഫികള്‍ സ്വീകരണ കമ്മറ്റി ഓഫീസില്‍ എത്തിക്കണമെന്ന് കണ്‍വീനര്‍ ബി.പ്രമോദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: