പാലക്കാട്: ആനപ്പേടിയില്‍ കണ്ണടയ്ക്കാന്‍ പോലും കഴിയാതെ ആയിരങ്ങളുടെ ജീവിതം. മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ജീവല്‍ബീതിയോടെ കഴിയുന്നത്. കൃഷിയുടെ നാശം ഒരുവശത്ത് കണ്ണീരിനിടയാക്കുമ്പോള്‍, ആനയുടെ കാല്ക്കീഴില് ഞെരിഞ്ഞ് ജീവനൊടുങ്ങുമോ എന്ന ഭയവും അവരെ പിടികൂടുന്നു.
മണ്ണാര്‍ക്കാട് താലൂക്കില്‍, അട്ടപ്പാടി, കല്ലടിക്കോട് മലയോരം, തിരുവിഴാംകുന്ന് എന്നിവിടങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം. മലമ്പുഴ, കെട്ടേക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിലും ആനകള്‍ രാപ്പകലില്ലാതെ വന്നിറങ്ങുന്നു. അട്ടപ്പാടിചുരത്തിന്റെ താഴ്വര കഴിഞ്ഞ കുറേമാസമായി കാട്ടാനപ്പേടിയിലാണ്. തത്തേങ്ങലത്ത് കാട്ടനകളെ തുരത്താന്‍ വയനാട്ടില്‍നിന്ന് പരിശീലനംലഭിച്ച നാലംഗസംഘവും റബ്ബര്‍ ബുള്ളറ്റുമായി മൂന്ന് പോലീസുകാരുമുള്‍പ്പെടെ മുപ്പതോളം ജീവനക്കാരെത്തുകയുണ്ടായി. ആനക്കൂട്ടത്തെ തുരത്തുന്നതിനിടെ നിലമ്പൂര്‍ ദ്രുതകര്‍മസേനയില്‍ നിന്നെത്തിയ സംഘത്തിലെ സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ നിലമ്പൂര്‍ വടക്കത്ത് വീട്ടില്‍ വി. രാജേഷിന്റെ കൈയൊടിഞ്ഞു. തത്തേങ്ങലത്ത് കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ വയനാട് ആര്.ആര്.ടി.യിലെ കണ്ണനും പരിക്കേറ്റു. ആനമൂളിയില്‍ ജൂലായ് ഏഴിന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആനമൂളി തലച്ചിറ ശോഭന കൊല്ലപ്പെട്ടിരുന്നു.ഏറ്റവുമൊടുവില്‍ തെങ്കര മേലാമുറിയില്‍ കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ വീണ് മേലാമുറിയിലെ കാഞ്ഞിരപ്പാറയില്‍ ബിജുവിന്റെ കാലൊടിഞ്ഞു.കഴിഞ്ഞദിവസം തത്തേങ്ങലം കരിമന്‍കുന്നില്‍ എച്ചന്മാരെ കൃഷ്ണന്റെ വീടിനോടുചേര്‍ന്ന കാവല്‍പ്പുര കാട്ടാനക്കൂട്ടം തകര്‍ത്തു.
ഈവര്‍ഷം ആന കൊലപ്പെടുത്തിയ മൂന്നുപേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 10 ലക്ഷമായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 67ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രദേശത്ത് 138 ലക്ഷം രൂപയുടെ വിളനാശം സംഭവിച്ചതായാണ് കണക്കുകള്‍. ഈ വര്‍ഷമിത് 18 ലക്ഷവും കഴിഞ്ഞവര്‍ഷമിത് 21.5 ലക്ഷവുമാണ്. 26 പേര്‍ക്കാണ് പരിക്കുപറ്റിയിട്ടുള്ളത്. 56 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു.
വര്‍ഷമായി കാട്ടാനശല്യംമൂലം പൊറുതിമുട്ടുകയാണ് മലമ്പുഴ, കഞ്ചിക്കോട്, കൊട്ടേക്കാട്, വേനോലി മേഖലകളിലെ കര്‍ഷകര്‍. കഞ്ചിക്കോട് പയറ്റുകാട്, വലിയേരി, മലമ്പുഴ പന്നിമട, ആറങ്ങോട്ടുകുളമ്പ്, കൊട്ടേക്കാട്, പടലിക്കാട്, വേനോലി, അരുമുടി മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളുടെ വരവോടെ ഈവര്‍ഷംമാത്രം 250 ഏക്കറിലധികം കൃഷി നശിച്ചു. കൊട്ടേക്കാട് മേഖലയിലെ 25 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
ആനകള്‍ വിട്ടൊഴിയാതെ നില്ക്കുന്ന മലമ്പുഴയിലെ കൃഷിയിടങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ദിനംപ്രതി 10 ടണ്‍ പച്ചക്കറിയെങ്കിലും മലമ്പുഴയില്‍നിന്ന് കയറ്റിപ്പോകുന്നുണ്ട്. ഇവിടെയും കാട്ടാനശല്യംമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. മൂന്നുവര്‍ഷങ്ങളിലായി ഏകദേശം 100 ഏക്കറോളം കൃഷിഭൂമിയില്‍നിന്ന് കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞു. തരിശുകിടന്ന കൃഷിഭൂമികള്‍ പാട്ടത്തിനെടുത്ത് നിരവധി യുവ കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കുന്നുണ്ട്. 10ഉം 15ഉം വര്‍ഷങ്ങളായി തരിശുകിടന്ന കൃഷിഭൂമികളാണ് പലതും. എന്നാല്‍, കൃഷി പാടേ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വനംവകുപ്പ് വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജവേലികളും പലേടത്തും തകര്‍ന്നുകിടക്കയാണ്. ആനകള്‍ ജനവാസമേഖലകള്‍ വിട്ടൊഴിയാതെ വന്നതോടെ വനാതിര്‍ത്തികളിലുള്ള സൗരോര്‍ജവേലികള്‍ മാറ്റിസ്ഥാപിക്കയാണ് ഇപ്പോള്‍ വനംവകുപ്പ്.
വാളയാര്‍മുതല്‍ കഞ്ചിക്കോടുവരെ 49 കിലോമീറ്ററാണ് ഇപ്പോള്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്നത്. എന്നാല്‍ ഇതും അപര്യാപ്തമാകുമെന്നാണ് വിലയിരുത്തല്‍. കഞ്ചിക്കോട് മേഖലയില്‍ റെയില്‍വേ ട്രാക്കില്‍ ആനകള്‍ അപകടത്തില്‍പ്പെടുന്നതും വര്‍ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: