പന്തളം: വീടു വയ്ക്കാന്‍ പണം അനുവദിക്കാമെന്നു പറഞ്ഞ് ഉണ്ടായിരുന്ന വീടു പൊളിപ്പിച്ച് വീടനുവദിക്കാതെ ഷെഡിലേക്കു മാറ്റിയ കുടുംബത്തിന് ജനപങ്കാളിത്തത്തോടെ വീടുവച്ചു നല്‍കിയത് സമൂഹത്തിന് മാതൃകയായി. സിപിഎമ്മിന്റെയും അവരുടെ നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെയും ചതിയില്‍പ്പെട്ട പന്തളം തെക്കേക്കര തട്ടയില്‍ പാറക്കര ഗീതാഭവനത്തില്‍ സരസ്വതിയമ്മയുടെ കുടുംബത്തിനാണ് നാട്ടുകാരുടെ കാരുണ്യം വീടായി മാറിയത്. ഈ വീടിന്റെ താക്കോല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഞായറാഴ്ച സരസ്വതിയമ്മയ്ക്ക് കൈമാറി.
മേല്‍ക്കൂരയ്ക്കും ഭിത്തിക്കും അല്പം കേടുപാടുകളുണ്ടായിരുന്നെങ്കിലും 65 വസ്സു കഴിഞ്ഞ സരസ്വതിയമ്മയും, മകള്‍ ബിന്ദുവും ഭര്‍ത്താവും 14ഉം 10ഉം വയസ്സുള്ള രണ്ടു മക്കളും താമസിച്ചിരുന്നത് ആകെയുള്ള അഞ്ചുസെന്റ് സ്ഥലത്തുണ്ടായിരുന്ന സാമാന്യം കെട്ടുറപ്പുള്ള വീട്ടിലായിരുന്നു. ജനകീയാസൂത്രണ പദ്ധതിപ്രകാരം വീടനുവദിക്കാമെന്ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി.പി. വിദ്യാധരപ്പണിക്കരും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും വാഗ്ദാനം നല്‍കിയതോടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് വിശ്വസിച്ചു. വീടിനാവശ്യമുള്ള രേഖകളും കരാര്‍ ഒപ്പുവെയ്ക്കാനുള്ള മുദ്രപ്പത്രവുംകൂടി 2013ല്‍ അധികാരികള്‍ വാങ്ങിപ്പിച്ചപ്പോള് താമസിച്ചിരുന്ന വീട് പൊളിച്ചു മാറ്റുകയും പണം കടം വാങ്ങി ചെറിയ വീടിനുള്ള തറകെട്ടുകയും ചെയതു.
എന്നാല്‍ പാര്‍ട്ടിയുടെ താല്പര്യപ്രകാരം വീടിന്റെ ലിസ്റ്റില്‍ വിധവയും രോഗിയുമായ സരസ്വതിയമ്മയുടെ പേര് ഏറ്റവും താഴെ ഉള്‍പ്പെടുത്തി. അതോടെ, പ്ലാസ്റ്റിക് ഷീറ്റും ചാക്കും വലിച്ചുകെട്ടിയുണ്ടാക്കിയ കുടിലിലായി സരസ്വതിയമ്മയും അഞ്ചംഗ കുടുംബവും കിടക്കുന്നതും ആഹാരം വെയ്ക്കുന്നതും എല്ലാം. ഇതിനിടെ സരസ്വതിയമ്മയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. സുതാര്യ കേരളത്തിലും ജില്ലാ കളക്ടര്‍ക്കും എംഎല്‍എയ്ക്കും അപേക്ഷ നല്കി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
ഇതോടെയാണ് തട്ടയില്‍ ഗ്രാമത്തിന്റെ വികസനത്തിനും ഉന്നമനത്തിനുംവേണ്ടി അന്നാട്ടിലെ സ്വയം സേവകരും പരിവാര്‍ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നു രൂപവത്ക്കരിച്ച ഗ്രാമസേവാസമിതി സരസ്വതിയമ്മയുടെ കുടുംബത്തെ സഹായിക്കുവാന്‍ 4 മാസം മുമ്പ് മുന്നിട്ടിറങ്ങിയത്.
എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളും, പ്രവാസിയായ അജിത്, തൊഴിലുറപ്പു തൊഴിലാളികളും കോണ്ട്രാക്ടര്മാരും പൊതുജനങ്ങളും സമിതിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ജാതിയും മതവും രാഷ്ട്രീയവും എല്ലാം മറന്ന് ജനങ്ങള്‍ ഉണര്‍ന്നു പരിശ്രമിച്ചപ്പോള്‍ നാലുമാസംകൊണ്ട് സരസ്വതിയമ്മയുടെ അഞ്ചുസെന്റില്‍ ചെറിയ വീടുയര്‍ന്നു. ഗ്രാമസേവാസമിതി ചെയര്മാന് എം. അശോകന്, കണ്‍വീനര്‍ സി.കെ. ശങ്കരപ്പിള്ള, ജോ. കണ്‍വീനര്‍ ശ്യാം തട്ടയില്‍, ഗോപകുമാര്‍ പാര്‍ത്ഥസാരഥി, ബിജെപി, യുവമോര്‍ച്ച നേതാക്കളായ അനീഷ് രാജ്, അനൂപ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.കെ. സുരേഷ്, അംഗങ്ങളായ ലീലാദേവി, രാജമ്മ, രവീന്ദ്രന് പിള്ള, രാധാമണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുവെച്ചു നല്കല്, വിദ്യാഭ്യാസ -ചികിത്സാ സഹായങ്ങള്‍, പട്ടികജാതി/വര്‍ഗ്ഗ കുടുംബങ്ങളുടെ ഉന്നമനത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, വിഷരഹിത പച്ചക്കറി ഉത്പ്പാദനം, ഭാരത സംസ്കാരവും ആചാരങ്ങളും പ്രചരിപ്പിക്കല്‍ തുടങ്ങി ഒട്ടേറെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് ഗ്രാമസേവാസമിതി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: