തൃശൂര്‍: എടമുട്ടം പയച്ചോട് ബന്ധുവായ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കരയാമുട്ടം സ്വദേശി തുപ്രാടന്‍ വീട്ടില്‍ സുന്ദരന്‍ എന്ന് വിളിക്കുന്ന രാജിത്തിനെയാണ് വലപ്പാട് സി.ഐ സി.ആര്.സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24നാണ് രാജിത്തിന്റെ അച്ഛന്റെ അനിയന് തുപ്രാടന്‍ ശശി, ഭാര്യ ചന്ദ്രിക, ശശിയുടെ സുഹൃത്ത് ഊണുങ്ങല്‍ ബിജു എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രിക പിറ്റേദിവസം മരിച്ചു. സംഭവ ദിവസം രാജിത്തിന്റെ അച്ഛനും അമ്മാവനും തമ്മില്‍ വഴക്ക് നടന്നിരുന്നു. അമ്മാവന് ശശിയുടെ വീട്ടില്‍ ഉണ്ടാകുമെന്ന് കരുതിയെത്തിയ രാജിത്തിനെ, പുറത്ത് കിടന്നിരുന്ന ബിജു തടഞ്ഞതിനെ തുടര്‍ന്ന് രാജിത്ത് ബിജുവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ശബ്ദം കേട്ട് വാതില്‍ തുറന്ന ശശിയെയും ഭാര്യ ചന്ദ്രികയെയും രാജിത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. രാജിത്തിനെ അന്നുതന്നെ പോലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രാജിത്തിന് രോഗമില്ലായെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി, പ്രതിയുടെ വീട്ടിലെ വിറക് പുരയില്‍ നിന്നും പോലീസ് കണ്ടെടുത്തു. വലപ്പാട് എസ്.ഐ മഹേഷ്, സീനിയര്‍ സി.പി.ഒ പി.കെ.റഫീക്ക്, ജലീല്‍, സി.പി.ഒ മണികണ്ഠന് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: