കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി താലൂക്ക് തലത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജല അതോറിറ്റി, ജലവിഭവവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകള്‍തോറും നടത്തും. എല്ലാ വാര്‍ഡിലും ശുദ്ധജല കിയോസ്ക്കുകള്‍ സ്ഥാപിക്കും. ഇത് വാര്‍ഡില്‍ എവിടെ സ്ഥാപിക്കണമെന്ന് പഞ്ചായത്ത്-നഗരസഭകള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച് 12നകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.പരമ്പരാഗത സ്ഥിരം ജലസ്രോതസുകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ക്ക് വരള്‍ച്ച പ്രതികരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കും. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കും. കൂടുതല്‍ ജലസംരംക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കും. വരള്‍ച്ചയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും.വാഹനങ്ങള്‍ കഴുകാനും മറ്റും കുടിവെള്ളം ഉപയോഗിക്കരുത്.വെള്ളം പുനരുപയോഗം ചെയ്യുന്നത് ശീലമാക്കി വളര്‍ത്തണം. ദിനം പ്രതിയുള്ള മഴയുടെ അളവ്, ജലലഭ്യത, താപനില എന്നിവ നിരീക്ഷിക്കും.
വാര്‍ഡുകളില്‍ സ്ഥാപിക്കുന്ന ശുദ്ധജല കിയോസ്കുകള്‍ ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്നും ജില്ല കളക്ടറുടെ മേല്‍നോട്ടത്തില്‍ കുടിവെള്ളമെത്തിക്കും. കിയോസ്കുകള്‍ ഒരു വാര്‍ഡില്‍ ആവശ്യമില്ലെങ്കില്‍ മറ്റൊരു വാര്‍ഡിലേക്ക് മാറ്റാവുന്നതാണ്. ഒരു പ്രദേശത്ത് ജല ലഭ്യത ഇല്ലാതാകുകയും അത്തരം പ്രദേശത്ത് ശുദ്ധജല കിയോസ്കുകള്‍ ഇല്ലാത്ത സാഹചര്യത്തിലും അത്യാവശ്യമാണെങ്കില്‍ മാത്രമേ ടാങ്കര്‍ മുഖാന്തരം ജലവിതരണം നടത്താന്‍ പാടുള്ളൂ. ജലനിയമം പാലിക്കുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം, ജല അതോറിറ്റി, എന്നീ വകുപ്പുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് പരിശോധന ടീമിനെ നിയമിക്കും. സ്ഥിരം ജലസ്രോതസുകള്‍ മലിനമാക്കുന്നത് തടയാനായി പോലീസ് കാവലും പ്രാദേശിക ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടെയും മേല്‍ നോട്ടം ഉണ്ടായിരിക്കും. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളായ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും കനാല്‍ വൃത്തിയാക്കുന്നതിനും കുളങ്ങള്‍ വൃത്തിയാക്കുന്നതിനും വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ടില്‍ നിന്നും നടത്തേണ്ടതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണികള്‍ അടിയന്തിരമായി ഒരു മാസത്തിനുള്ളില്‍ അതാതു വകുപ്പുകള്‍ തന്നെ പണം ചെലവഴിച്ച് പ്രവര്‍ത്തന ക്ഷമമാക്കണം. ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറക്കേണ്ടതുണ്ട്. മൃഗസംരംക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും വരള്‍ച്ചാ പ്രദേശങ്ങളെ മനസിലാക്കുകയും വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ ജലവിതരണത്തിനുളള സജീകരണങ്ങള്‍ നടത്തുകയും വേണം. വനം വന്യജീവി വകുപ്പ് വന്യജീവികള്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ വകുപ്പുകളിലും സ്പെഷ്യല്‍ അസംബ്ലി വിളിച്ചുചേര്‍ത്ത് കുട്ടികളെ വരള്‍ച്ചയെക്കുറിച്ചും സൂര്യാഘാതം, താപാഘാതം എന്നിവയെക്കുറിച്ച് ബോധവത്കരിക്കണം. യോഗത്തില്‍ എ.ഡി.എം കെ.അംബുജാക്ഷന്, സബ് കളക്ടര്‍ മൃണ്‍മയിജോഷി, ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്മോഹന്‍, ഫൈനാന്‍സ് ഓഫീസര്‍ പി വി നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: