നീലേശ്വരം: ക്ഷേത്ര കാര്യങ്ങളുടെ കൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കി നീലേശ്വരം തളിയില്‍ സേവാസമിതി രജതജൂബിലി നിറവിലും സേവന, സഹായ മേഖലകളില്‍ സജീവം. പരേതരായ ഒതേനന് ഗുരുസ്വാമി, ഗോപാല ഗുരുസ്വാമി എന്നിവരുടെ പ്രേരണയില്‍ 1991 ലാണു ഒന്‍പതു പേരുടെ നേതൃത്വത്തില്‍ സേവാസമിതി തുടങ്ങിയത്. ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനും അന്നദാനത്തിനും മറ്റും ഉപയോഗിക്കാനുള്ള സാമ്പത്തിക സമാഹരണമായിരുന്നു ലക്ഷ്യം. സ്വരൂപിച്ച തുകയില്‍ നിന്നു നിശ്ചിത ശതമാനം ക്ഷേത്ര പരിധിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയും ഇതിനൊപ്പം തുടങ്ങി. 2007 ല്‍ ക്ഷേത്രഗോപുരം, 2009 ല്‍ ദ്രവ്യാവര്‍ത്തി കലശാഭിഷേകം, 2015 ലെ ക്ഷേത്ര വിളക്കുമാട സാമ്പത്തിക സമാഹരണം എന്നിവയിലും നിര്‍ണായക പങ്കുവഹിക്കാന്‍ സേവാസമിതിക്കു സാധിച്ചു. 2009 ഓടെ തന്നെ ക്ഷേത്രപരിധിയിലെ നിര്‍ധന ഭക്തര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, ചികിത്സാ സഹായം എന്നിവ നല്‍കിക്കൊണ്ട് സമിതി പ്രവര്‍ത്തന രംഗത്തു സജീവമായി. ഇതിനകം 300 ല്‍ ഏറെ പേര്‍ക്കു സഹായം കൈമാറി.
ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സമാഹരണ പദ്ധതികളിലേക്കു ഭക്തര്‍ നല്കുന്ന സംഭാവനകളില്‍ നിന്നാണു ഇതിനു തുക കണ്ടെത്തുന്നത്.മഹാവിഷ്ണുവിനു ഗോപുരവും കെസികെ രാജ ജംക്ഷനില്‍ കമാനവും നിര്‍മിക്കാനുള്ള ധനശേഖരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ നാലു പേര്‍ക്കായി ഇരുപതിനായിരത്തോളം രൂപ നല്കി. ബാലന് പുതുക്കൈ, പി. സ്മൃതി, കെ. ലത, അരുണ എന്നിവര്‍ക്കു തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചികിത്സാ, വിദ്യാഭ്യാസ സഹായം നല്കി.ഗോപുര, കമാന നിര്‍മാണത്തിനായി ക്ഷേത്രം തുടങ്ങുന്ന പ്രത്യേക സാമ്പത്തിക സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം മൂന്നു പേരുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു കൊണ്ടു നടത്താനാനാണു തീരുമാനം. 16 നു വൈകിട്ടു അഞ്ചിനു ക്ഷേത്ര സമീപമാണു ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: