ബദിയഡുക്ക: ചെര്‍ക്കള കല്ലടുക്ക റോഡിന് അനധികൃതമായി പണം ചിലവഴിക്കാനുള്ള നീക്കത്തെക്കുറിച്ചു വിജിലന്‍സ് വിവരശേഖരണമാരംഭിച്ചു. വിജിലന്‍സ് അധികൃതര്‍ ഇന്നലെ ബദിയഡുക്ക പൊതുമരാമത്ത് ഓഫീസിലെത്തുകയും ഏറ്റവും ഒടുവില്‍ ഈ റോഡിന് വേണ്ടി ചിലവാക്കിയ പണം, നീക്കിവെച്ച പണം എന്നീ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 30 കോടി രൂപ നീക്കിവച്ചതിനുശേഷം ഈ റോഡിന് പ്രത്യേകമായി പണം ചിലവഴിച്ചതിന്റെ വിവരങ്ങള്‍, രേഖകളുടെ പകര്‍പ്പ്, ഓര്‍ഡര്‍ നമ്പര്‍, ടെണ്ടര്‍ വിവരങ്ങള്‍ എന്നിവ സംഘം ശേഖരിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ ചെര്‍ക്കള-കല്ലടുക്ക റോഡിന് മെക്കാഡം ടാര്‍ ചെയ്യുന്നതിനു 30 കോടി രൂപ സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചിരുന്നു. ഇതിനുള്ള ഭരണാനുമതി ഇന്നലെ ലഭിച്ചുവെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. 30 കോടി രൂപയുടെ പണി ആരംഭിക്കാനിരിക്കേ ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെ ഒരു കോടി രൂപ ചെലവില്‍ തിരക്കിട്ടു ടാര്‍ ചെയ്യുന്നതിന് മരാമത്ത് അധികൃതര്‍ ടെണ്ടര്‍ നല്‍കിയതാണ് വിവാദമായത്. ഇതു സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ നല്ക്ക മുതല്‍ അഡുക്കസ്ഥല വരെ ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ 25 ലക്ഷം രൂപയും ചിലവഴിച്ചതായി അധികൃതര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരും കോണ്ട്രാക്ടര്മാരും തമ്മിലുള്ള ഒത്ത്കളിയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: