പന്തളം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്തളം വലിയകോയിക്കല്ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അവരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിനുള്ള അസൗകര്യം.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തുന്നത് വലിയ ടൂറിസ്റ്റു ബസ്സുകളില്‍ സംഘമായിട്ടാണ്. ദിവസവും ഇത്തരം നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഇവിടെ പാര്‍ക്കിംഗിനായി ആകെയുള്ളത് ക്ഷേത്രത്തിനു തെക്കു ഭാഗത്ത് ദേവസ്വം ബോര്‍ഡ് വിലയ്ക്കു വാങ്ങിയ 80 സെന്റ്സ്ഥലം മാത്രം. ഇവിടെ കഷ്ടിച്ച് പത്തു വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ കഴിയുമെങ്കിലും ഇവിടേക്ക് വലിയ വാഹനങ്ങള്‍ക്കു കടന്നു വരുന്നതിനുള്ള സൗകര്യമില്ല.
മിനി ബസ്സുകളടക്കമുള്ള ചെറിയ വാഹനങ്ങള്‍ക്കു മാത്രം കടന്നു വരുവാനുള്ള റോഡു മാത്രമാണുള്ളത്. അതിനാല്‍ വലിയ വാഹനങ്ങള്‍ എംസി റോഡിന്റെ ഇരു വശങ്ങളിലായാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് എംസി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് നിത്യസംഭവമാണ്.
പാര്‍ക്കിംഗ് സ്ഥലത്തേക്കു പോകുന്നതിനും വരുന്നതിനും ഒരു ഇടുങ്ങിയ വഴി മാത്രമാണ് നിലവിലുള്ളത്. ഇവിടെ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. ഇതിനു പരിഹാരമായി ഇത്തവണ ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വണ്‍വേ സംവിധാനം ഒരുക്കാനുള്ള പണികള്‍ നടത്തുന്നുണ്ട്. പാര്‍ക്കിംഗിനായി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന സ്ഥലം താഴ്ന്ന പ്രദേശമായതിനാല്‍ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുമ്പോള്‍ ഗ്രൗണ്ടില്‍ വെള്ളം കയറി ഗ്രൗണ്ട് മുങ്ങുന്നതും പതിവാണ്. ആ സമയത്ത് ഇവിടെ പാര്‍ക്കിംഗ് അസാദ്ധ്യവുമാണ്.
രണ്ടു വര്‍ഷം മുമ്പു വരെ പന്തളം വലിയ പാലത്തിനപ്പുറമുള്ള ഏക്കറുകളോളം വിസ്തൃതമായ സ്വകാര്യ വസ്തുവില്‍ പാര്‍ക്കിംഗിന് സൗജന്യമായി സൗകര്യമൊരുക്കിയിരുന്നു.
എന്നാലവിടെ സ്ഥലുടമ സ്വന്തം ബിസിനസ്സ് ആരംഭിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അതും ഇല്ലാതായി. അഞ്ചു വര്‍ഷം മുമ്പ് ക്ഷേത്രത്തിനു സമീപം വാങ്ങിയ 80 സെന്റ് സ്ഥലത്ത് താഴത്തെ രണ്ടു നില പാര്‍ക്കിംഗിനും മുകള്‍ നിലകളില്‍ വിശ്രമ കേന്ദ്രം, ശൗചാലയങ്ങള്‍ എന്നിവയുള്‍പ്പെടുന്ന കോംപ്ലക്സ് പണിയുന്നതിനു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനായി 5 കോടി രൂപയുടെ ടെണ്ടര്‍ നല്‍കുകയും തറക്കല്ലിടീല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ വൈകിയതു കാരണം പണി തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: